വിസ്മയ കേസ് അന്വേഷണത്തിന് സ്റ്റേയില്ല; ഹർജിയിലെ പിഴവുകൾ പരിഹരിക്കാൻ കോടതി നിർദ്ദേശം
Last Updated:
താനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്‌മയ ഒരിക്കൽ കിരണിനോട് ചോദിച്ചതായി അവൾ പറഞ്ഞതായും അമ്മ പറയുന്നു.
കൊല്ലം: വിസ്മയ കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. എഫ് ഐ ആർ റദ്ദാക്കണമെന്ന കിരൺ കുമാറിന്റെ ഹർജി പരിഗണിക്കുന്നത് ജൂലൈ 26ലേക്ക് മാറ്റി. ഹർജിയിലെ പിഴവുകൾ തിരുത്തി വീണ്ടും നൽകാൻ കോടതിയുടെ നിർദ്ദേശം. ബി എസ് ആളൂരാണ് കോടതിയിൽ പ്രതിക്കു വേണ്ടി ഹാജരായത്.
കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്നുമാണ് ഹർജിയിൽ കിരണിന്റെ വാദം. മുൻകാലങ്ങളിലെ പ്രശ്നങ്ങളുടെ പേരിലാണ് തനിക്കു മേൽ കുറ്റം ചുമത്തിയതെന്നാണ് കിരൺകുമാർ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഹർജി തീർപ്പാകും വരെ കേസിന്മേലുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂൺ 21നാണ് വിസ്മയയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർത്താവ് കിരൺകുമാറിന്റെ നിരന്തര പീഡനത്തെ തുടർന്ന് വിസ്മയ മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
advertisement
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടർന്ന് വിസ്മയ മരിച്ച സംഭവം കേരളമാകെ ഏറെ ചർച്ചയായിരുന്നു. ഈ കേസിൽ കിരണിന് വേണ്ടി ജാമ്യാപേക്ഷയുമായി ബി എ ആളൂര്‍ കോടതിയിൽ എത്തിയിരുന്നു. വിസ്മയയുടെ മരണത്തില്‍ കിരണിന് പങ്കില്ലെന്ന കുടുംബത്തിന്‍റെ നിലപാട് തന്നെയാണ് ജാമ്യാപേക്ഷയിലും ഉണ്ടായിരുന്നത്. തെളിവെടുപ്പ് നടക്കുന്നതിനിടയില്‍ കിരണിന് കോവിഡ് പോസിറ്റീവ് ആയതോടെ തെളിവെടുപ്പ് നിലച്ചിരുന്നു.
കിരണിന് ജാമ്യം ലഭിക്കാനായി ആളൂർ എല്ലാ വഴികളും തേടിയെങ്കിലും പബ്ലിക് പ്രോസിക്യൂട്ടർ കാവ്യ എസ്. നായരുടെ വാദങ്ങൾ അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
advertisement
സ്ത്രീധന പീഡനത്തിനെതിരായ പോരാട്ടങ്ങളിലൂടെ നിയമവൃത്തങ്ങളിൽ ശ്രദ്ധേയയാണ് കാവ്യ എസ് നായർ. ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് വിസ്മയ കേസിൽ പ്രതിയുടെ ജാമ്യത്തിനായി കഴിഞ്ഞ ദിവസം ആളൂരും എതിർത്തും കാവ്യയും മുഖാമുഖം വന്നത്.
2020 മെയ് 31ന് ആയിരുന്നു വിസ്മയയും കിരൺകുമാറും തമ്മിലുള്ള വിവാഹം. 100 പവൻ സ്വർണവും ഒരു ഏക്കർ 20 സെന്‍റ് സ്ഥലവും പത്തുലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നൽകിയത്.
advertisement
വിസ്മയയുടെ മരണത്തെ തുടർന്ന് ഒളിവിലായിരുന്ന കിരണ്‍ ശൂരനാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഭർത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് വ്യക്തമാക്കി വിസ്മയ ബന്ധുവിനയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് കിരണിനെ കസ്റ്റഡിയിലെടുത്തത്.
advertisement
വിവാഹനിശ്ചയത്തിന് ശേഷം സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആൺകുട്ടികളോട് സംസാരിക്കുന്നെന്നും പറഞ്ഞ് വിസ്‌മയയെ കിരൺ മർദിച്ചിരുന്നതായും വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. വിസ്‌മയ പഠിക്കുന്ന കോളേജിൽ പലപ്പോഴും കിരൺ കാണാൻ എത്തിയിരുന്നു. അന്ന് മുതൽ പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം അടുത്ത സമയത്തു മാത്രമാണ് മകൾ തന്നോട് പറഞ്ഞത്. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം വിസ്‌മയയെ ഉപദ്രവിച്ചു. തന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവളുടെ വിഷമങ്ങൾ കൂട്ടുകാരികളോടാണ് അടുത്തിടെയായി കൂടുതലായി പറഞ്ഞിരുന്നത്.
താനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്‌മയ ഒരിക്കൽ കിരണിനോട് ചോദിച്ചതായി അവൾ പറഞ്ഞതായും അമ്മ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 09, 2021 4:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിസ്മയ കേസ് അന്വേഷണത്തിന് സ്റ്റേയില്ല; ഹർജിയിലെ പിഴവുകൾ പരിഹരിക്കാൻ കോടതി നിർദ്ദേശം