ഏവർക്കും കൗതുകം നിറച്ച് ഇന്ത്യൻ സൈന്യത്തിൻ്റെ ആയുധ പ്രദർശനം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
സർക്കാർ, ഇതര വിഭാഗങ്ങളുടെ പ്രദർശന സ്റ്റാളുകളിൽ ഏറ്റവും തിരക്കേറിയതും കൂടുതൽ ആളുകളെ ആകർഷിച്ചതും പാങ്ങോട് മിലിട്ടറി സ്റ്റേഷൻ്റെ ആയുധ പ്രദർശനം തന്നെയായിരുന്നു.
ഇന്ത്യൻ സൈന്യമെന്നത് നമ്മുടെ അഭിമാനമാണ്. സൈന്യത്തെ അടുത്തറിയാനുള്ള അവസരം പലപ്പോഴും സാധാരണക്കാർക്ക് ലഭിക്കാറില്ല. സൈനികരുടെ ആയുധങ്ങളും മുൻപ് പല യുദ്ധങ്ങളിലും നാം ഉപയോഗിച്ച പോർ വിമാനങ്ങളും ഒക്കെ കാണണമെങ്കിൽ യുദ്ധ മ്യൂസിയങ്ങളിലും സൈനിക മ്യൂസിയങ്ങളിലും പോകണം. എന്നാൽ തിരുവനന്തപുരത്തുകാർക്ക് ഇതെല്ലാം അടുത്തു കാണാനൊരു അപൂർവ്വ അവസരം ഇത്തവണ ലഭിച്ചു.
തിരുവനന്തപുരം കനകക്കുന്നിൽ നടന്ന ഓണാഘോഷത്തിൻ്റെ ഭാഗമായാണ് പാങ്ങോട് മിലിറ്ററി ക്യാമ്പ് ഇത്തവണ വളരെ കൗതുകകരവും എല്ലാവരും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു പ്രദർശനം ഒരുക്കിയത്. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ്റെ ആയുധ പ്രദർശനമാണ് കാണികൾ ഏറ്റെടുത്തത്. സർക്കാർ, ഇതര വിഭാഗങ്ങളുടെ പ്രദർശന സ്റ്റാളുകളിൽ ഏറ്റവും തിരക്കേറിയതും കൂടുതൽ ആളുകളെ ആകർഷിച്ചതും പാങ്ങോട് മിലിട്ടറി സ്റ്റേഷൻ്റെ ആയുധ പ്രദർശനം തന്നെയായിരുന്നു. ശത്രുക്കളെ ദൂരെ നിന്നു തന്നെ നിരീക്ഷിക്കാൻ കഴിയുന്ന തരം അത്യാധുനിക ഉപകരണങ്ങൾ, നിസാരം എന്നു കരുതി നമുക്ക് എടുത്തുയർത്താൻ പോലും ആകാത്ത അത്രയും ഭാരം ഉള്ള കൂറ്റൻ റൈഫിളുകൾ, മുൻപത്തെ യുദ്ധങ്ങളിൽ താരമായിരുന്ന ഇറക്കുമതി ചെയ്യപ്പെട്ട ആയുധങ്ങൾ എന്നിങ്ങനെ പ്രദർശനത്തിന് അനുവദനീയമായ ആയുധങ്ങളെല്ലാം ഒരുക്കിയിരുന്നു.
advertisement
ഇന്ത്യൻ സൈന്യത്തെ പ്രത്യേകിച്ച് മിലിറ്ററിയെ അടുത്തറിയുന്നതിനുള്ള അവസരമാണ് കുട്ടികൾക്ക് പോലും ഈയൊരു പ്രദർശനത്തിലൂടെ ലഭിച്ചത്. ഓരോ സംശയങ്ങൾക്കും മറുപടി നൽകുവാൻ സൈനികർ സദാ സന്നദ്ധരായിരുന്നു. ഒരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു പ്രദർശനം ആത്മാഭിമാനം തുളുമ്പുന്ന നിമിഷം കൂടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 11, 2025 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഏവർക്കും കൗതുകം നിറച്ച് ഇന്ത്യൻ സൈന്യത്തിൻ്റെ ആയുധ പ്രദർശനം