തിരുവനന്തപുരത്തെ ജഡ്ജിക്കുന്ന്, അധികമറിയപ്പെടാത്ത ടൂറിസം സ്പോട്ട്
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിലാണ് ഈ കുന്നുള്ളത്. വിശാലമായ ഈ പ്രദേശത്തിന് ജഡ്ജിക്കുന്ന് എന്ന പേരു കിട്ടിയതിന് പിന്നിലും വലിയൊരു കഥയുണ്ട്.
കേട്ടാൽ അല്പം അതിശയം തോന്നുന്ന ഒരു ടൂറിസം സ്പോട്ട് പരിചയപ്പെടാം. തിരുവനന്തപുരം നഗരത്തിൽ നിന്ന് അധികം ദൂരെയല്ലാതെയാണ് ഈ സ്ഥലം ഉള്ളത്. ജഡ്ജിക്കുന്ന് എന്ന ഈ സ്ഥലം തിരുവനന്തപുരം ജില്ലയിൽ അധികമാർക്കും അറിയപ്പെടാത്ത ഒരു ടൂറിസം സ്പോട്ടാണ്. തിരുവല്ലം - കരുമം റോഡിൽ മധുപാലത്തിന് സമീത്തുനിന്ന് വലത്തേയ്ക്കുള്ള കയറ്റം കയറി ചെന്നെത്തുന്നത് ജഡ്ജിക്കുന്നിലാണ്. ജഡ്ജിക്കുന്നിലെത്തിയാൽ അതിമനോഹരമായ ദൃശ്യഭംഗി നിങ്ങൾക്ക് ആസ്വദിക്കാനാകും. തിരുവനന്തപുരം നഗരത്തിൻ്റെ വിദൂര ദൃശ്യവും കടലും സൂര്യാസ്തമയവും എല്ലാം ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും. യാത്രകൾക്കായി വൈകുന്നേരം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.

ജഡ്ജിക്കുന്നിൻ്റെ മുകളിൽ നിന്നുള്ള കാഴ്ച
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിലാണ് ഈ കുന്നുള്ളത്. വിശാലമായ ഈ പ്രദേശത്തിന് ജഡ്ജിക്കുന്ന് എന്ന പേരു കിട്ടിയതിന് പിന്നിലും വലിയൊരു കഥയുണ്ട്. വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം നഗരത്തിലെ വളരെ പ്രമുഖനായ ഒരു ജഡ്ജി ഇവിടെ സ്ഥലം വാങ്ങി. കുന്നിൻ മുകളിലേക്ക് യാത്ര ചെയ്യുന്നതിനായി അദ്ദേഹം ഒരു ചെറു റോഡും തയ്യാറാക്കി. ഈ റോഡിലൂടെ കുതിരവണ്ടിയിൽ ആയിരുന്നത്രേ ജഡ്ജി യാത്ര ചെയ്തിരുന്നത്. ഇതോടെ ജഡ്ജി താമസിച്ചിരുന്ന കുന്നിന് ജഡ്ജി കുന്ന് എന്ന പേരും വീണു.
advertisement
ജഡ്ജി തൻ്റെ വിശ്രമ ജീവിതത്തിനായി വാങ്ങിയ ഈ സ്ഥലം അദ്ദേഹത്തിൻ്റെ മരണശേഷം പിന്നീട് സ്വകാര്യ വ്യക്തികൾ വാങ്ങുകയായിരുന്നു. ജഡ്ജിയുടെ ശവക്കല്ലറ ഇപ്പോഴും കുന്നിൻ മുകളിലുണ്ട്. സ്ഥലത്തിൻ്റെ പ്രത്യേകതയും പേരും പൊടിപ്പും തൊങ്ങലും വെച്ച കഥകളും ഒക്കെ ചേർത്ത ചിലരിവിടെ പ്രേതബാധയുണ്ടെന്നും പറയുന്നുണ്ട്. അത്തരം കഥകൾ സജീവമാണ്. ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപ് വരെ സാമൂഹിക വിരുദ്ധരുടെ ശല്യവും പ്രദേശത്ത് ഉണ്ടായിരുന്നു. കുടുംബസമേതം ഇങ്ങോട്ട് യാത്ര ചെയ്യുന്നവർ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചുവേണം എത്താൻ. തിരുവനന്തപുരം നഗരത്തിൻ്റെ ആകാശക്കാഴ്ച വളരെ വ്യക്തമായി ഇവിടെ നിന്ന് കാണാനാകും. ബീമാപള്ളിയും തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ടും ഒക്കെ കുന്നിൻ മുകളിൽ നിന്നാൽ കാണാനാകും. ജഡ്ജിക്കുന്നിലെ കാഴ്ചകൾ ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 19, 2024 11:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരത്തെ ജഡ്ജിക്കുന്ന്, അധികമറിയപ്പെടാത്ത ടൂറിസം സ്പോട്ട്