ബഹിരാകാശ രംഗത്തെ ശ്രദ്ധേയ നഗരമായ തിരുവനന്തപുരത്ത് പുതിയ സ്‌പേസ് പാർക്ക്
Last Updated:
തിരുവനന്തപുരത്തുള്ള ടെക്‌നോസിറ്റി ക്യാമ്പസിൽ സ്ഥാപിക്കപ്പെടുന്ന കെ-സ്‌പേസ് പാർക്ക്, ബഹിരാകാശ രംഗത്തെ വ്യവസായ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നു. അവശ്യമായ വ്യാവസായിക ഉൽപ്പന്നങ്ങളുടെ വിതരണവും സംരഭകത്വവും പ്രോൽസാഹിപ്പിക്കുകയാണ് ലക്ഷ്യം.
ബഹിരാകാശ മേഖലയിലെ അറിവുകൾ അതിൻ്റെ പരിധികളിൽ മാത്രം ചുരുങ്ങാതെ പൊതുസമൂഹത്തിൻ്റെ സമഗ്ര പുരോഗതിക്ക് പ്രയോജനപ്പെടുത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെൻ്ററിൽ നടന്ന കെ-സ്‌പേസ് പാർക്കിൻ്റെ കോമൺ ഫെസിലിറ്റി സെൻ്ററിൻ്റെയും റിസർച്ച് ആൻ്റ് ഡെവലപ്മെൻ്റ് സെൻ്ററിൻ്റെയും ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
2021-ലെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രകടനപത്രികയിൽ നൽകിയ ഒരു പ്രധാന വാഗ്ദാനം യാഥാർഥ്യമാകുന്നതിൻ്റെ ആദ്യചുവടുവെപ്പാണ് ഈ ശിലാസ്ഥാപനം. കോമൺ ഫെസിലിറ്റി സെൻ്ററും റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് സെൻ്ററും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് നിലവിൽ ആരംഭിക്കുന്നത്. കോമൺഫെസിലിറ്റി സെൻ്ററിനും റിസർച്ച് ആൻ്റ് ഡെവലപ്മെൻ്റ് സെൻ്ററിനുമായി 3.5 ഏക്കറിൽ 2 ലക്ഷം ചതുരശ്ര അടിയിൽ 244 കോടിയുടെ കെട്ടിടം നബാർഡിൻ്റെ സഹകരണത്തോടെയാണ് നിർമിക്കുക. 1962-ൽ തുമ്പയിൽ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിച്ചതോടെ തിരുവനന്തപുരം ബഹിരാകാശ രംഗത്തെ ശ്രദ്ധേയ നഗരമായി. വി എസ് എസ് സി, എൽ പി എസ് സി, ഐ ഐ എസ് ടി, ബ്രഹ്‌മോസ് എയർസ്‌പേസ് തുടങ്ങി നിരവധി പ്രശസ്ത ബഹിരാകാശ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. സ്‌പേസ് പ്രതിരോധ മേഖലയിൽ തന്നെ രാജ്യത്തിൻ്റെ പ്രധാന ഇടപെടലുകൾ തിരുവനന്തപുരത്ത് നിന്നും നടക്കുന്നു.
advertisement
തിരുവനന്തപുരത്തുള്ള ടെക്‌നോസിറ്റി ക്യാമ്പസിൽ സ്ഥാപിക്കപ്പെടുന്ന കെ-സ്‌പേസ് പാർക്ക്, ബഹിരാകാശ രംഗത്തെ വ്യവസായ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നു. അവശ്യമായ വ്യാവസായിക ഉൽപ്പന്നങ്ങളുടെ വിതരണവും സംരഭകത്വവും പ്രോൽസാഹിപ്പിക്കുകയാണ് ലക്ഷ്യം. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായുണ്ട്. 1000 കോടി മുതൽമുടക്കിൽ നാല് സയൻസ് പാർക്കുകളാണ് കേരളത്തിൽ ആരംഭിക്കുന്നത്. ഡിജിറ്റൽ സയൻസ് പാർക്ക് ആദ്യഘട്ടം പൂർത്തിയായി. 250 കോടി രൂപയുടെ അഡ്വാൻസ്ഡ് സ്‌പേസ് ഇനീഷ്യേറ്റീവ് തുടങ്ങാനും ലക്ഷ്യമിട്ടിട്ടുണ്ട്.
പുതു സംരഭകർക്കും യുവതലമുറ സ്റ്റാർട്ടപ്പുകൾക്കും ഉപകരിക്കുന്ന തരത്തിലാണ് പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. ഐടിഐ, ഡിപ്ലോമ വിദ്യാർഥികൾക്ക് സംരംഭകത്വത്തിൻ്റെയും തൊഴിൽനൈപുണ്യത്തിൻ്റെയും സാധ്യതകൾ കെ-സ്‌പേസിലൂടെ ലഭിക്കും. നാവിഗേഷൻ, അർബൻ ഡിസൈൻ, മാപ്പിംഗ് തുടങ്ങിയ മേഖലകളിൽ പരമാവധി സാധ്യതകൾ സംസ്ഥാനം ഉപയോഗപ്പെടുത്തും. കെ സ്‌പേസിലൂടെ വിവിധ മേഖലകളിൽ സഹകരിക്കുന്നതിനും പങ്കാളിത്തം വർദ്ധിപ്പിക്കാനും കേരള എയ്‌റോ എക്സ്പോയും നടക്കുകയാണ്. ഇതിൻ്റെ ഭാഗമായി നടക്കുന്ന സെഷനുകളിൽ നിന്നുള്ള നിർദേശങ്ങളിൽ തുടർനടപടകൾ സ്വീകരിക്കും. പദ്ധതിയുടെ വിജയത്തിന് ഐ.എസ്.ആർ.ഒയുടെ സാങ്കേതിക സഹകരണം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
advertisement
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ ടി ഇലക്ട്രോണിക്‌സ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു സ്വാഗതമാശംസിച്ചു. എക്‌സ് പോ ഉദ്ഘാടനം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. ഐ എസ് ആർ ഒ - ഐ ഐ എസ് യു ഡയറക്ടർ ഇ എസ് പത്മകുമാർ, നബാർഡ് ചെയർമാൻ ഷാജി കെ വി, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം ഡി സന്തോഷ് ബാബു, ജനപ്രതിനിധികൾ, ബഹിരാകാശ രംഗത്തെ വിദഗ്ധർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
June 21, 2025 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ബഹിരാകാശ രംഗത്തെ ശ്രദ്ധേയ നഗരമായ തിരുവനന്തപുരത്ത് പുതിയ സ്‌പേസ് പാർക്ക്