ദേവസ്വത്തിലേക്ക് ദേവകുമാറോ? ആപത്തുകാലത്ത് സമ്പത്ത് കാക്കാൻ സമ്പത്ത് വരുമോ ?
- Published by:Rajesh V
- news18-malayalam
Last Updated:
ഹരിപ്പാട് മുൻ എംഎൽഎ ടി കെ ദേവകുമാർ, ആറ്റിങ്ങൽ മുൻ എം പി എ സമ്പത്ത് എന്നിവരെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടിനേതൃതലത്തിലുള്ളവരെ പരിഗണിക്കാന്‍ സിപിഎം. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ചുള്ള തീരുമാനമുണ്ടാകും. നിലവിലെ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും നിയമിക്കേണ്ടെന്ന് പാര്‍ട്ടിയില്‍ ധാരണയായിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍നിന്നുള്ള പാര്‍ട്ടി നേതൃതലത്തിലുള്ള ഒരാളെ പ്രസിഡന്റാക്കാനാണ് സാധ്യത.
ഹരിപ്പാട് മുൻ എംഎൽഎ ടി കെ ദേവകുമാർ, ആറ്റിങ്ങൽ മുൻ എം പി എ സമ്പത്ത് എന്നിവരെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും. ബോർഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്.
പ്രസിഡന്റ് അടക്കം മൂന്ന് അംഗങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലുള്ളത്. നായര്‍, ഈഴവ, പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള ഓരോ അംഗങ്ങളാണുണ്ടാകുക. പട്ടികവിഭാഗത്തില്‍നിന്നുള്ള അംഗത്തിന്റെ കാലാവധി കഴിഞ്ഞിട്ടില്ല. നായര്‍ പ്രതിനിധിയെ നിശ്ചയിക്കുന്നത് ഇത്തവണ സിപിഐയായിരിക്കും. വിളപ്പില്‍ രാധാകൃഷ്ണനെയാണ് സിപിഐ നിയോഗിക്കാന്‍ സാധ്യത. പ്രസിഡന്റ് സ്ഥാനത്തേക്ക് ഈഴവ പ്രാതിനിധ്യമാണ്.
advertisement
കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള നേതാക്കളെ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിലുണ്ട്. ആലപ്പുഴ ജില്ലാസെക്രട്ടേറിയറ്റ് അംഗമായ ടി കെ ദേവകുമാറിനെ പരിഗണിക്കാനിടയുണ്ടെന്നും വാര്‍ത്തകളുണ്ട്. ദേവകുമാര്‍ നിലവില്‍ കയര്‍ഫെഡ് ചെയര്‍മാനാണ്. ബോര്‍ഡിലെ കാലാവധി ബാക്കിയുള്ള അംഗവും ആലപ്പുഴയില്‍ നിന്നാണ്. അതിനാല്‍, ദേവകുമാറിനുള്ള സാധ്യത കുറവാണെന്ന അഭിപ്രായവും നേതാക്കള്‍ പങ്കുവെക്കുന്നു. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ നേതാവാണ് പി എസ് പ്രശാന്ത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കാനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. നിലവിലെ ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും ബോര്‍ഡ് അംഗം എ അജികുമാറിന്റെയും കാലാവധി ഈ മാസം 12ന് അവസാനിക്കുകയാണ്. ഈ മാസം 16ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ, നിലവിലെ ബോര്‍ഡിന്റെ കാലാവധി 2026 ജൂണ്‍ വരെ നീട്ടാനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാൽ ഇതിനിടെയാണ് വിവാദം ശക്തമായത്.
advertisement
2019 ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ ഈ വര്‍ഷം വീണ്ടും സ്വര്‍ണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് നിലവിലെ ബോര്‍ഡും സംശയനിഴലിലായത്. ഈ സാഹചര്യത്തില്‍ നിലവിലെ ബോര്‍ഡിനെ തുടരാന്‍ അനുവദിച്ചാല്‍ കോടതിയില്‍ നിന്നടക്കം തിരിച്ചടിയായേക്കുമെന്നും സര്‍ക്കാരിന് ആശങ്കയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 07, 2025 10:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദേവസ്വത്തിലേക്ക് ദേവകുമാറോ? ആപത്തുകാലത്ത് സമ്പത്ത് കാക്കാൻ സമ്പത്ത് വരുമോ ?


