ന്യൂഡൽഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ അവകാശമുണ്ടെന്ന രാജകുടുംബത്തിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. നിബന്ധനകളോടെയാണ് സുപ്രീംകോടതി ഇക്കാര്യം അംഗീകരിച്ചത്. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരുവനന്തപുരം ജില്ല ജഡ്ജിയുടെ അധ്യക്ഷതയില്‍ പുതുതായി ഭരണസമിതി രൂപവത്കരിക്കാനും കോടതി അനുമതി നല്കി.
പുതിയ ഭരണസമിതി രൂപീകരിക്കുന്നതുവരെ നിലവിലെ സമിതിക്ക് തുടരാം. ക്ഷേത്രകാര്യങ്ങളിലെ ഭരണപരമായ ചുമതല ഭരണസമിതിക്കാണ്. ഈ ഭരണസമിതിയുടെ ചെയര്‍പേഴ്സണ്‍ തിരുവനന്തപുരം ജില്ല ജഡ്ജി ആയിരിക്കും. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണസമിതിക്ക് തീരുമാനിക്കാം.
ജസ്റ്റിസുമാരായ യു യു ലളിതും ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യു യു ലളിതാണ് വിധി പ്രസ്താവം നടത്തിയത്. വിധി പ്രസ്താവം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. ക്ഷേത്രത്തിലെ എല്ലാ നിലവറകളും തുറന്ന് ആസ്തിയും മൂല്യവും തിട്ടപ്പെടുത്തണം, നിധികള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയമുണ്ടാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന് നായര്‍, കെ. സുരേന്ദ്രമോഹന്‍ എന്നിവരുടെ ബെഞ്ച് സര്‍ക്കാരിന് നല്‍കിയിരുന്നു.
ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ക്ഷേത്രത്തിന്റെ സ്വത്തില്‍ ഒരു അവകാശവും തിരുവിതാംകൂര്‍ രാജകുടുംബം ഉന്നയിക്കുന്നില്ല. എന്നാല്‍ പ്രത്യേകതകളുള്ള ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണ്. അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം കോടതിയില്‍ ആവശ്യപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.