ഭാര്യയുടെ തൊഴിലിടത്തില്‍ സൗജന്യ പോലീസ് സുരക്ഷ; ചെലവ് 3 കോടി, ലോക്നാഥ് ബെഹ്റയ്ക്കെതിരെ വീണ്ടും ആരോപണം
- Published by:Arun krishna
- news18-malayalam
Last Updated:
സര്‍ക്കാര്‍ അനുമതി വാങ്ങാതെയുള്ള ഈ സൗജന്യസേവനം 2017 മുതല്‍ ബെഹ്റ വിരമിക്കുന്ന 2020 വരെയുള്ള മൂന്ന് വര്‍ഷം തുടരുകയും ചെയ്തു.
ടെക്നോപാർക്കില്‍ അനുമതിയില്ലാതെ സുരക്ഷയ്ക്ക് പോലീസുകാരെ നിയമിച്ച് സര്‍ക്കാരിന് 3 കോടിയിലെറെ അധിക ചിലവുണ്ടാക്കിയതായി മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ആരോപണം. ബെഹ്റയുടെ ഭാര്യ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന കാലത്താണ് 18 വനിത പോലീസുകാരെ അധികമായി സുരക്ഷയ്ക്ക് നിയോഗിച്ചത്. ഇതിനായി ചെലവാക്കിയ മൂന്ന് കോടിയോളം രൂപ ബെഹ്റയില്‍ നിന്ന് പിടിക്കണമെന്ന വ്യവസായ സുരക്ഷാ സേനയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. മനോരമ ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
സംസ്ഥാന പോലീസ് മേധാവിയായിരിക്കെ പോലീസുകാർക്ക് ക്വാർട്ടേഴ്സ് നിർമിക്കുന്നതിന് അനുവദിച്ച നാലരക്കോടിയോളം രൂപ വകമാറ്റി പോലിസ് മേധാവിക്കും ഉന്നത ഉദ്യോഗസ്ഥർക്കും വില്ലകൾ നിർമിച്ച നടപടിക്കെതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു. സിഎജി റിപ്പോർട്ടിൽ കണ്ടെത്തിയ ഫണ്ട് വകമാറ്റത്തിന് ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു . ഇതിന് പിന്നാലെയാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.
ഭാര്യ ജോലി ചെയ്തിരുന്ന ടെക്നോപാര്‍ക്കില്‍ വനിത പോലീസുകാരെ സൗജന്യ സുരക്ഷയ്ക്ക് നിയോഗിച്ചാണ് മുന്‍ ഡിജിപി ഒന്നേ മുക്കാല്‍ കോടിയുടെ ബാധ്യത സര്‍ക്കാരിനുണ്ടാക്കിയത്. സംസ്ഥാന വ്യവസായ സുരക്ഷ സേനയില്‍ നിന്ന് 22 പോലീസുകാരെയായിരുന്നു ടെക്നോപാര്‍ക്ക് ആവശ്യപ്പെട്ടത്. അവര്‍ക്കൊപ്പം 18 വനിത പോലീസുകാരെക്കൂടി ബെഹ്റ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചെന്നാണ് ആരോപണം. സര്‍ക്കാര്‍ അനുമതി വാങ്ങാതെയുള്ള ഈ സൗജന്യസേവനം 2017 മുതല്‍ ബെഹ്റ വിരമിക്കുന്ന 2020 വരെയുള്ള മൂന്ന് വര്‍ഷം തുടരുകയും ചെയ്തു.
advertisement
തുടര്‍ന്ന് ടെക്നോപാര്‍ക്കുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ആവശ്യപ്പെടാതെ നല്‍കിയ സുരക്ഷയുടെ പണം നല്‍കാനാവില്ലെന്ന് പറഞ്ഞ് അധികൃതര്‍ കൈമലർത്തി. പണം ഈടാക്കേണ്ടത് അനധികൃതമായി വനിത പോലീസുകാരെ നിയമിച്ചവരില്‍ നിന്നാണെന്ന് വ്യവസായ സുരക്ഷ സേനയും സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ ബെഹ്റയില്‍ നിന്ന് പണം ഈടാക്കാനുള്ള നടപടി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചില്ല. ഫണ്ട് വകമാറ്റത്തിന് ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് മുഖ്യമന്ത്രി നേരിട്ടിടപെട്ട് അംഗീകാരം നല്‍കിയതിന് സമാനമായി ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിന് നല്‍കിയ അധിക സുരക്ഷയുടെ ബാധ്യതയും സംസ്ഥാനം ഏറ്റെടുക്കുമോ എന്ന് വരും ദിവസങ്ങളിലറിയാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 07, 2022 11:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാര്യയുടെ തൊഴിലിടത്തില്‍ സൗജന്യ പോലീസ് സുരക്ഷ; ചെലവ് 3 കോടി, ലോക്നാഥ് ബെഹ്റയ്ക്കെതിരെ വീണ്ടും ആരോപണം