ന്യൂഡൽഹി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യെ സ്വാതന്ത്ര്യ സമര പോരാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ നിഘണ്ടു കേന്ദ്ര സാംസ്കാരിക മന്ത്രാലയം പിൻവലിച്ചു. 2018ൽ നരേന്ദ്രമോദി പുറത്തിറക്കിയ ഡിക്ഷണറി ഓഫ് മാർട്ടയേഴ്സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് ഉൾപ്പെട്ടിരുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിരുന്നത്. വിവരങ്ങള്‍ പുറത്തുവന്നതോടെ നിഘണ്ടു പുനഃപരിശോധിക്കാന്‍ കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം തീരുമാനിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഈ ഭാഗങ്ങള്‍ അടങ്ങിയ നിഘണ്ടുവിന്റെ അഞ്ചാം വോള്യം പിന്‍വലിക്കുകയും ചെയ്തു.
Also Read- 'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ധീരമായി പോരാടിയ പടനായകൻ': മുഖ്യമന്ത്രി പിണറായി വിജയൻ
ബിജെപിയും ഹിന്ദുഐക്യവേദിയും നേരത്തെ തന്നെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്വാതന്ത്ര്യ സമര പോരാളിയുടെ പരിവേഷം നൽകുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. മലബാർ സമരം ഹിന്ദുവിരുദ്ധമായിരുന്നുവെന്നായിരുന്നു എന്നാണ് ഇവർ പ്രധാനമായും ആരോപണമുയർന്നത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും അടക്കമുള്ളവരെ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും നിഘണ്ഡു തയ്യാറാക്കിയ എഡിറ്റോറിയല്‍ ടീമംഗങ്ങളിൽ ചിലർ ഇവരുടെ പേരുകൾ ഉൾപ്പെടുത്തുകയായിരുന്നുവെന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്.
Also Read- വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, തക്ബീര്‍ മുഴക്കിയ മലയാളത്തിന്റെ ചെഗുവേര: കെ.ഇ.എൻ കുഞ്ഞഹമ്മദ്
ഇതിനെതിരെ വ്യാപക പരാതി കേന്ദ്രസര്‍ക്കാരിനും ഐസിഎച്ച്ആറിനും ലഭിച്ചതോടെയാണ് കേരളത്തിലെ സ്വാതന്ത്ര്യസമര നായകരുടെ പേരുകള്‍ ഉള്‍പ്പെട്ട നിഘണ്ഡു പിന്‍വലിച്ചത്. കേന്ദ്രസാംസ്‌ക്കാരിക മന്ത്രാലയവും ഐസിഎച്ച്ആറും സംയുക്തമായാണ് രാജ്യത്തെ സ്വാതന്ത്ര്യസമര പോരാളികളുടെ പേരുവിവരങ്ങള്‍ അടങ്ങിയ സമ്പൂർണ നിഘണ്ടു പുറത്തിറക്കിയത്. കേരളത്തിലെ പട്ടിക തയ്യാറാക്കിയവരുടെ രാഷ്ട്രീയമാണ് പട്ടികയെപ്പറ്റി വിവാദമുണ്ടാവാന്‍ കാരണമെന്നാണ് വിമർശകർ പറയുന്നത്. . ആന്ധ്ര, തെലങ്കാന, കര്‍ണ്ണാടക, തമിഴ്‌നാട്, കേരള എന്നീ തെക്കേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്വാതന്ത്ര്യസമര പോരാളികളാണ് വോള്യം അഞ്ചില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ വോള്യംപൂര്‍ണ്ണമായും വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്
ഭേദഗതി വരുത്താൻ ഏകപക്ഷീയമായി സാധിക്കില്ലെന്ന് ICHR ഡയറക്ടർ
വെബ് സൈറ്റിൽ നിന്ന് അഞ്ചാം വോള്യം പിൻവലിച്ചതിന് പിന്നാലെ നീക്കം തടഞ്ഞ് ഐസിഎച്ച്ആർ ഡയറക്ടർ അരവിന്ദ് പി ജാംഖേദ്കർ രംഗത്തെത്തി. പ്രധാനമന്ത്രി പ്രകാശനം ചെയ്ത നിഘണ്ടുവിൽ ഭേദഗതി വരുത്താൻ ഏകപക്ഷീയമായി സാധിക്കില്ലെന്ന് അരവിന്ദ് പി ജാംഖേദ്കർ അഭിപ്രായപ്പെട്ടു. വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ഐസിഎച്ച്ആർ ആണ് നിഘണ്ടു പ്രസിദ്ധീകരിച്ചത്. നിഘണ്ടു പിൻവലിക്കാൻ സാധിക്കില്ലെന്ന് അരവിന്ദ് പി ജാംഖേദ്കർ വ്യക്തമാക്കി. അതിന് പ്രത്യേകം നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും നിലവിൽ അത് സാധ്യമല്ലെന്നും അദ്ദേഹം അറിയിച്ചു.
തുടക്കം യുപിഎ കാലത്ത്: ICHR അംഗം ഡോ. സി ഐ ഐസക്ക്
നിഘണ്ടു തയാറാക്കാനുള്ള പദ്ധതി ആരംഭിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണെന്ന് ജന്മഭൂമിയിൽ എഴുതിയ കുറിപ്പിൽ ഐസിഎച്ച്ആർ അംഗം ഡോ. സി ഐ ഐസക്ക് ചൂണ്ടിക്കാട്ടുന്നു. സിപിഎം പിന്തുണയിൽ മൻമോഹൻസിങ് പ്രധാനമന്ത്രിയായിരിക്കെയാണ് പദ്ധതിയുടെ തുടക്കം. ഡിഎൻ ത്രിപാഠിയായിരുന്നു ഐസിഎച്ച്ആർ ചെയർമാൻ. അഞ്ച് വാല്യങ്ങളായി ഗ്രന്ഥം പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. പ്രൊഫ. അമിത് കുമാർ ഗുപ്തയായിരുന്നു ജനറൽ കോ ഓർഡിനേറ്റർ. കേരളത്തിന്റെ ചുമതല കേരള സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസർ. ബി. ശോഭനനെ ഏൽപ്പിച്ചു. ഐസിഎച്ച്ആർ അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇടതു ചരിത്രകാരന്മാർ തമ്പടിച്ചിരുന്ന കാലമായിരുന്നു അതെന്നും ഐസക് പറയുന്നു.
ഇന്ദിരാഗാന്ധി സർക്കാരിന്റെ കാലത്ത് മുസ്ലിം ലീഗിന്റെ സ്വാധീനം വർധിച്ചതോടെയാണ് കേന്ദ്ര- കേരള സർക്കാരുകൾ മലബാർ ലഹളയെ സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ചത്. ഈ സാഹചര്യം നിലനിൽക്കെ മറ്റൊരു നിലപാടെടുക്കാൻ ഐസിഎച്ച്ആറിനെ അനുവദിക്കുമായിരുന്നില്ല. ചരിത്ര വസ്തുതകൾ വളച്ചൊടിക്കുകയും തമസ്കരിക്കുകയും ചെയ്ത് മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമായി ചിത്രീകരിച്ചത് കോൺഗ്രസാണ്. നിഘണ്ടു ഇറങ്ങിയാലും ഇല്ലെങ്കിലും മാപ്പിള ലഹളക്കാർ നിലവിൽ സ്വാതന്ത്ര്യ സമര സേനാനികളാണ്. ആ വസ്തുതയിൽ കവിഞ്ഞ ഒന്നും പുതിയതായി പുറത്തിറങ്ങിയ നിഘണ്ടുവിലുമില്ല. മാറ്റം വരേണ്ടത് ഇന്ദിരാഗാന്ധി സർക്കാരിന്റെ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
സിനിമാ വിവാദം
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ആഷിഖ് അബു രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പൃഥ്വിരാജ് വാരിയംകുന്നൻ ആകുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ ആഷിഖ് അബു ഉൾപ്പെടെയുള്ളവർ വലിയ സൈബർ ആക്രമണമാണ് നേരിട്ടത്. സിനിമയെ എതിർത്തുകൊണ്ട് ബിജെപിയും ഹിന്ദുഐക്യവേദിയും രംഗത്തെത്തിയിരുന്നു. സംവിധായകൻ അലി അക്ബർ ബദൽ സിനിമ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pm modi, Variyankunnan, Variyankunnan film