ഒടുവിൽ നിർമല ചേച്ചിയെ കാണാൻ വാവ സുരേഷ് (vava suresh) വണ്ടൂർ എത്തി. ഏത് നിർമല ചേച്ചി എന്നല്ലേ..? പാമ്പുകടിയേറ്റ വാവാ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചു വന്നതിൽ, ആഹ്ലാദം പ്രകടിപ്പിച്ച് അന്നദാനം നടത്തിയ വണ്ടൂർ കുടുംബശ്രീ ഹോട്ടലിലെ കെസി നിർമ്മല ചേച്ചി തന്നെ. തനിക്ക് വേണ്ടി പ്രാർത്ഥിച്ച, താൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ അന്നദാനം നടത്തിയ ആളെ കാണാൻ വാവ സുരേഷിന് എങ്ങനെ വരാതിരിക്കാൻ കഴിയും..രാവിലെ 10 മണിയോടെ എത്തും എന്ന് പറഞ്ഞ ആൾ വണ്ടൂർ എത്തിയപ്പോൾ പക്ഷേ ഉച്ച സമയമായി എന്ന് മാത്രം..പാമ്പ് പിടുത്തക്കാരാൻ ആയ ബൈജു കോട്ടമ്പാടവും വാവയുടെ കൂടെ ഉണ്ടായിരുന്നു.
നിർമല ചേച്ചിയും തൊട്ടടുത്ത കച്ചവടക്കാരും ചേർന്ന് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. അപ്പോഴേക്കും, ആളുകൾ കാണാനും ഫോട്ടോയെടുക്കാനുമായി ഹോട്ടലിലേക്ക് എത്താൻ തുടങ്ങിയിരുന്നു. തുടർന്ന് വാവാ കൂടിയിരുന്നവർക്കൊപ്പം സെൽഫിയെടുത്തു. തുടർന്ന് അദ്ദേഹത്തിനായി സദ്യ വിളമ്പി. നിർമല ചേച്ചി വായിൽ നൽകിയ ചോറുരുള ഉണ്ട്, ചേച്ചിക്ക് ഒപ്പമാണ് വാവാ സുരേഷ് ഊണ് കഴിച്ചത്, തനിക്ക് വേണ്ടി പ്രാർത്ഥിച്ച, തന്നെ ഇത്ര സ്നേഹിക്കുന്ന ആളെ എങ്ങനെ വന്നു കാണാതിരിക്കും ..വാവ സുരേഷ് ചോദിച്ചു.
Also Read- വാവ സുരേഷിന് വേണ്ടി ഒരു കുടുംബശ്രീ അന്നദാനം ; വാവ സുരേഷ് അറിയണം വണ്ടൂരിലെ നിർമല ചേച്ചിയുടെ പ്രാർത്ഥന
" എനിക്ക് ഈ അമ്മയെ കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആണ്. ഇനി എന്ന് ഈ അമ്മയെ കാണാൻ പറ്റും എന്ന് എനിക്കറിയില്ല. കാരണം എൻ്റെ യാത്രകൾ അങ്ങനെ ഉള്ള യാത്രകൾ ആണ്. വലിയ സന്തോഷം..ഇത് ഈ നാടിൻറെ അമ്മയാണ്..ഇവിടെ എല്ലാവരും നൽകിയ സ്നേഹം മറക്കില്ല..എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരുപാട് അമ്മമാരും അച്ഛൻമാരും ഉണ്ടെന്ന് ഞാൻ അറിഞ്ഞത് ഇപ്പോളാണ്..എല്ലാവരെയും പോയി കാണണം എന്ന് ആണ് ആഗ്രഹിക്കുന്നത്..."
പാമ്പ് പിടുത്തം നിർത്തിയോ എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം രാത്രി കൂടി ഒരു പാമ്പിനെ കാട്ടിൽ കൊണ്ട് വിട്ടതേയുള്ളൂ എന്നായിരുന്നു മറുപടി. വലിയ പാമ്പുകളേ പിടിക്കുന്നത് നിർത്തി, ശരീരം ഒന്ന് ശ്രദ്ധിക്കണമെന്ന് വാവക്ക് നിർമല ചേച്ചിയുടെ ഉപദേശം
" വാവ സുരേഷ് ഇങ്ങനെ വരും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല...രാവിലെ മുതൽ കാത്തിരിക്കുക ആണ്..എനിക്ക് ഒന്നേ പറയാൻ ഉള്ളൂ, ഇനി ശരീരം ഒക്കെ ശ്രദ്ധിക്കണം, വലിയ പാമ്പുകളെ ഒക്കെ പിടിക്കുന്നത് കുറയ്ക്കണം..ആരെങ്കിലും സഹായിക്കാൻ ആവശ്യപ്പെട്ടാൽ പോകണ്ട എന്നല്ല, ശരീരം ഒക്കെ ശ്രദ്ധിച്ചു മതി ബാക്കി ഒക്കെ "
കഴിഞ്ഞ ഫെബ്രുവരി 12 നാണ് , വാവാ സുരേഷ് പാമ്പുകടിയേറ്റ് ആശുപത്രി വിട്ടതിൽ ആഹ്ലാദം പ്രകടപിച്ച് കെസി നിർമ്മല കുടുംബശ്രീ ഹോട്ടലിൽ അന്നദാനം നടത്തിയത്. ഇത് വലിയ വാർത്തയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വാവ സുരേഷ് നിർമ്മലയേ ഫോണിൽ വിളിച്ച് പരിചയപ്പെട്ടു വരുമെന്ന് അറിയിക്കുക ആയിരുന്നു. ഒരു മണിക്കൂറോളം സമയം കുടുംബ ശ്രീ ഹോട്ടലിൽ ചെലവഴിച്ചാണ് വാവാ സുരേഷ് മടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.