വിസി നിയമനങ്ങളിൽ ഒത്തുതീർപ്പ്; സിപിഎം സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിക്ക് വിമർശനം; മറ്റു വഴികളില്ലെന്ന് മറുപടി
- Published by:Rajesh V
- news18-malayalam
Last Updated:
മറ്റു വഴികൾ ഇല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പ്രശ്നം നീട്ടിക്കൊണ്ടുപോകാൻ ആകില്ല. പ്രശ്നപരിഹാരം വൈകുന്നത് ഗുണം ചെയ്യില്ലെന്നും പിണറായി സെക്രട്ടേറിയറ്റിൽ പറഞ്ഞു
തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ് ചാൻസലര്‍ നിയമനങ്ങളിൽ ഗവർണർക്ക് വഴങ്ങിയതിൽ മുഖ്യമന്ത്രിക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. ഞായറാഴ്ചയാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തി ധാരണയിലെത്തിയത്. തിങ്കളാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യം അറിയിച്ചപ്പോഴാണ് വിമര്‍ശനം ഉയര്‍ന്നത്.
സെക്രട്ടേറിയറ്റ് യോഗത്തിൽ വൈകി എത്തിയ മുഖ്യമന്ത്രി ഗവർണറുമായുള്ള ഒത്തുതീർപ്പ് നീക്കം ഏതാനും വാക്കുകളിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ അതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന ചോദ്യം ചിലർ ഉന്നയിച്ചു. പിഎം ശ്രീ പദ്ധതിയിലുണ്ടായതിനു സമാനമായ വിമർശനം ഇക്കാര്യത്തിലുമുണ്ടാകുമെന്ന് സംസാരിച്ചവർ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയിൽ കേസ് നിലനിൽക്കെ ഗവർണർക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുന്നതു പാർട്ടി ഇതുവരെ എടുത്തു പോന്ന നിലപാടുകൾക്ക് ചേരുന്നതാകില്ലെന്നും ചിലർ പറഞ്ഞു.
എന്നാൽ, മറ്റു വഴികൾ ഇല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പ്രശ്നം നീട്ടിക്കൊണ്ടുപോകാൻ ആകില്ല. പ്രശ്നപരിഹാരം വൈകുന്നത് ഗുണം ചെയ്യില്ലെന്നും പിണറായി സെക്രട്ടേറിയറ്റിൽ പറഞ്ഞു. മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ കൂടുതൽ ചർച്ച ഉണ്ടായില്ല.
advertisement
മന്ത്രിമാരും ഗവർണറുമായി നടത്തിയ ചർച്ചയിൽ, പേരുകളിലേക്ക് വന്നപ്പോൾ സർക്കാരുമായി ഏറ്റുമുട്ടിനിൽക്കുന്ന ഡോ. സിസാ തോമസിനെ നിയമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സജി ഗോപിനാഥിന്റെ പേര് മന്ത്രിമാർ നിർദേശിച്ചു. എന്നാൽ, അവിടെ നടന്ന ക്രമക്കേടുകളിൽ ഓഡിറ്റ് നടക്കുന്നത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ പേര് അംഗീകരിക്കാൻ ഗവർണറും തയ്യാറായില്ല.
ഇതിനുശേഷമാണ് മുഖ്യമന്ത്രി ലോക്ഭവനിലെത്തി ഗവർണറെ കണ്ടത്. സജി ഗോപിനാഥിന് നിയമനം നൽകാൻ സിസയുടെ പേരിൽ വഴങ്ങാനുള്ള സന്നദ്ധത മുഖ്യമന്ത്രി അറിയിച്ചു. അങ്ങനെയാണ് ഗവർണറുമായുള്ള ഒത്തുതീർപ്പുണ്ടായത്. രണ്ടുവർഷത്തിലേറെയായി സിപിഎമ്മും സർക്കാരും സിസയ്ക്കെതിരേ കർക്കശ നിലപാടിലായിരുന്നു.
advertisement
Summary: The Chief Minister faced criticism in the CPM state secretariat for conceding to the Governor on the appointment of Vice Chancellors in universities. The Chief Minister met the Governor on Sunday and reached an understanding. When this was informed at the secretariat meeting held on Monday, criticism arose.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 18, 2025 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിസി നിയമനങ്ങളിൽ ഒത്തുതീർപ്പ്; സിപിഎം സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിക്ക് വിമർശനം; മറ്റു വഴികളില്ലെന്ന് മറുപടി










