പാലക്കാട് കെഎസ്ആർടിസി (KSRTC) ബസിടിച്ച് വയോധിക മരിച്ചു. കണ്ണന്നൂർ സ്വദേശിനി ചെല്ലമ്മ (80) ആണ് മരിച്ചത്. കണ്ണന്നൂർ ദേശീയപാതയിൽ രാവിലെ 9.15നാണ് അപകടം ഉണ്ടായത്. അപകട ശേഷം നിർത്താതെ പോയ കെഎസ്ആർടിസി ബസ് നാട്ടുകാർ തടഞ്ഞിട്ടു. കെഎസ്ആർടിസി ബസ് സിഗ്നൽ തെറ്റിച്ചാണ് അപകടമുണ്ടാക്കിയത് എന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
സിഗ്നലിൽ മറ്റ് വാഹനങ്ങൾ പോയശേഷമാണ് സ്റ്റോപ്പിലേക്ക് പോയതെന്ന് ഡ്രൈവർ പറയുന്നു. വണ്ടിയുടെ മുൻവശത്ത് ആരെയും കണ്ടിരുന്നില്ലെന്നും ഡ്രൈവർ ന്യൂസ് 18നോട് പറഞ്ഞു. സീബ്രലൈനിൽ നിൽക്കുകയായിരുന്ന വയോധികയെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. ഡ്രൈവർ പറയുന്നത് കളവാണെന്നും ദൃക്സാക്ഷി പറഞ്ഞു.
നിർത്തിയിട്ട ലോറിയിൽ ഇടിച്ചു; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപെട്ടു
കെഎസ്ആർടിസി സ്വിഫ്റ്റ് (KSRTC SWIFT)ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയിലിൽ ആണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 6.30നാണ് സംഭവം. താമരശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കൈതപ്പൊയിലിൽ വച്ചായിരുന്നു അപകടം. സ്വിഫ്റ്റ് ബസ് നിർത്തിയിട്ട ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. മുന്നിലുള്ള ലോറി ബ്രേക്കിട്ടപ്പോൾ ബസ് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു.
ഡോറിന്റെ ഭാഗത്തും കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്ക് പരുക്കുകളില്ല. കഴിഞ്ഞ ദിവസങ്ങളിലും ഇതേ റൂട്ടിൽ ഓടിയ രണ്ട് ബസുകൾ അപകടത്തിൽ പെട്ടിരുന്നു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയിൽ സ്വകാര്യ ബസുമായി ഉരസിയായിരുന്നു അപകടം. ഇതിൽ ബസിന്റെ ഒരു വശത്തെ പെയിന്റ് പോവുകയും സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ഈ അപകടത്തിലും യാത്രക്കാരിൽ ആർക്കും പരിക്ക് പറ്റിയിരുന്നില്ല.
പള്ളിയിൽ വയോധികൻ മരിച്ച നിലയിൽ; കണ്ടെത്തിയത് പ്രാർത്ഥനയ്ക്ക് എത്തിയ കുട്ടികൾ
കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടി ജുമാ മസ്ജിദില്‍ വയോധികനെ മരിച്ച നിലയില്‍. മഞ്ചേരി പുല്ലാര പേരാപുരം സ്വദേശി അബ്ദുല്ലക്കുട്ടി (65) യെയാണ് പള്ളിയുടെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 9 മണിയോടെ ഒന്നാം നിലയില്‍ കയറിയ കുട്ടികളാണ് വയോധികനെ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടത്.
തുടര്‍ന്ന് മുതിര്‍ന്നവരെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചതായി മനസ്സിലായത്. സാമ്പത്തിക സഹായത്തിനായി ഇയാള്‍ കഴിഞ്ഞ ദിവസം പള്ളിയില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കൊടുവള്ളി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കള്‍ എത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.