വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം: റിസോർട്ട് പൂട്ടാൻ കളക്ടറുടെ ഉത്തരവ്
- Published by:Rajesh V
- news18-malayalam
Last Updated:
സുരക്ഷാവീഴ്ച പരിശോധിക്കുമെന്നും കളക്ടർ അദീല അബ്ദുള്ള
കൽപറ്റ: വയനാട് മേപ്പാടിയിൽ സ്വകാര്യ റിസോർട്ടിന്റെ ടെന്റിൽ താമസിക്കുകയായിരുന്ന യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ റിസോർട്ട് പൂട്ടാൻ ജില്ലാ കളക്ടർ അദീല അബ്ദുള്ള ഉത്തരവിട്ടു. സുരക്ഷാ പ്രശ്നങ്ങൾ ഉള്ള മറ്റ് റിസോർട്ടുകൾക്കെതിരെയും നടപടി ഉണ്ടാകുമെന്ന് കളക്ടർ അറിയിച്ചു. മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ സുരക്ഷാവീഴ്ച പരിശോധിക്കുമെന്നും കളക്ടർ വ്യക്തമാക്കി. അപകടം നടന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നില്ലെന്നും സുരക്ഷാവീഴ്ച ഉണ്ടായെന്നുമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ.
വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ തയാറാക്കിയിരുന്ന ടെന്റുകൾക്ക് സമീപമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. റിസോർട്ടിന്റെ മൂന്നുവശവും കാടാണ്. ടെന്റ് കെട്ടിയുള്ള റിസോര്‍ട്ടിന്‍റെ പ്രവര്‍ത്തനം ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. റെയിൻ ഫോറസ്റ്റ് റിസോർട്ടിന്റെ ടെന്റിൽ താമസിക്കുകയായിരുന്ന കണ്ണൂർ സ്വദേശിനി ഷഹാന സത്താർ (26) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. റിസോർട്ടിലെ ടെന്റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോൾ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
ബന്ധുക്കൾ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടർന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. ചേലേരി കാരയാപ്പിൽ കല്ലറപുരയിൽ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങൾ: ലുഖ്മാൻ, ഹിലാൽ, ഡോ. ദിൽഷാദ് ഷഹാന.
advertisement
നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശമാണിത്. അടുത്ത കാലത്താണ് വിനോദ സഞ്ചാരത്തിന് കൂടുതൽ പേർ ഈ പ്രദേശത്തേക്ക് എത്തി തുടങ്ങിയത്. വനഭൂമിയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇടയ്ക്കിടെ കാട്ടാന ഇറങ്ങാറുണ്ട്. എന്നാൽ കാട്ടാനയുൾപ്പടെയുള്ള വന്യമൃഗങ്ങളുടെ വിഹാര പ്രദേശത്ത് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ടെൻറുകൾ ഒരുക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. പ്രദേശത്തെ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ വനം വകുപ്പ് അടിയന്തരമായി തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
advertisement
സംഭവത്തിൽ സ്വകാര്യ റിസോർട്ടിനെതിരെ വനംവകുപ്പും രംഗത്തെത്തിയിട്ടുണ്ട്. യുവതി താമസിച്ച റിസോർട്ടിന് ലൈസൻസില്ലെന്ന് സംശയിക്കുന്നതായി വനംവകുപ്പ് വ്യക്തമാക്കി. റിസോർട്ടിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും പാലിച്ചിരുന്നില്ല. വനത്തിന് അതിർത്തിയിൽ പത്ത് മീറ്റർ അകലം പോലും ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചത്. വിനോദസഞ്ചാരികൾ താമസിച്ചിരുന്ന ടെന്റിന് ചുറ്റുമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 24, 2021 12:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം: റിസോർട്ട് പൂട്ടാൻ കളക്ടറുടെ ഉത്തരവ്