'പുലിയെ കൊന്നു കറിവെച്ചു; ആനയെ പെട്രോളൊഴിച്ച് തീവെച്ച് കൊന്നു;അച്ഛനെ പട്ടിണിക്കിട്ടു കൊന്നു'
- Published by:Chandrakanth viswanath
- news18-malayalam
Last Updated:
മസിനഗുഡി സംഭവത്തിൽ ഉൾപ്പെടെ നാലും മലയാളി ബന്ധമുള്ള ക്രൂരത
ഒരാഴ്ചയ്ക്കിടെ കേരളത്തിലും തമിഴ്‌നാട്ടിലുമായി പുറത്തു വന്നത് കൊടും ക്രൂരതയുടെ നാലു സംഭവങ്ങൾ. ഇടുക്കി മാങ്കുളത്ത് പുലിയെ കെണിവെച്ചു കുടുക്കി കറി വെച്ചു തിന്നു. തമിഴ്‍നാട് മസിനഗുഡിയിലെ ആനയെ പെട്രോളൊഴിച്ച് തീവെച്ചു. എറണാകുളം കളമശേരിയിലെ പതിനേഴുകാരനെ പട്ടിയെ തല്ലുന്നത് പോലെ കൂട്ടുകാർ മർദിച്ചു. കോട്ടയം മുണ്ടക്കയത്ത് മകനും ഭാര്യയും വയോധികരായ മാതാപിതാക്കളെ പട്ടിണിക്കിട്ട് പിതാവ് മരിച്ച സംഭവവും പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. മസിനഗുഡി സംഭവത്തിൽ ഉൾപ്പെടെ നാലും മലയാളി ബന്ധമുള്ള ക്രൂരത.
മസിനഗുഡിയിൽ രണ്ടാഴ്ചയിലേറെയായി വേദന സഹിക്കാനാവാതെ ചിന്നംവിളിച്ചലയുകയായിരുന്ന ആനയെ വനംവകുപ്പ് പിടികൂടി ചികിത്സയ്ക്കു കൊണ്ടു പോകുന്നതിനിടയിലായിരുന്നു അന്ത്യം. പെട്രോളിൽ മുക്കി കത്തിച്ച തുണിയിൽ പൊള്ളലേറ്റ് ഇടതുചെവി അറ്റുവീണ് ചിന്നംവിളിച്ചോടുന്ന ആനയുടെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നു മാഹനഹള്ളിയിലെ റിസോർട്ട് ഉടമ റെയ്മണ്ട് ഡീൻ (28), സഹായി പ്രശാന്ത് (36) എന്നിവരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി റിക്കുരായൻ ഒളിവിലാണ്. നീലഗിരി കലക്ടറുടെ ഉത്തരവിനെ തുടർന്നു റിസോർട്ട് മസിനഗുഡി പഞ്ചായത്ത് അടച്ചുപൂട്ടി.
advertisement
Also Read- കാട്ടാനയെ ഓടിക്കാൻ ടയർ കത്തിച്ച് എറിഞ്ഞു; ടയർ ചെവിയിൽ കുടുങ്ങി പൊള്ളലേറ്റ കാട്ടാനയ്ക്ക് ദാരുണാന്ത്യം
ഇടതുചെവി അറ്റു രക്തം വാർന്ന നിലയിൽ കണ്ട ആനയെ മസിനഗുഡി - സിങ്കാര റോഡിൽ വനംവകുപ്പ്
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മയക്കു വെടിവച്ചു തളച്ചത്. അറ്റുപോയ ചെവിയുടെ ഭാഗം വഴിയരികിൽ കണ്ടെത്തി. ഈ മാസം മൂന്നിനു രാത്രിയാണ് ആന റിസോർട്ടിനു സമീപമെത്തിയതും തുണി കത്തിച്ചെറിഞ്ഞതും. തൊട്ടടുത്തുള്ള മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ആന ഇറങ്ങി നില്‍ക്കുന്നതു നാട്ടുകാർ കണ്ടിരുന്നു. കടുത്ത വേദനയുണ്ടാകുമ്പോഴാണ് ആന വെള്ളത്തിലിറങ്ങുന്നത്. .കാട്ടാനകളെ തുരത്താൻ തുണിയും മറ്റും കത്തിച്ചു തീ കൂട്ടുന്നത് വനാതിർത്തിഗ്രാമങ്ങളിൽ പതിവാണ്.
advertisement
മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവെച്ചുകൊന്ന് ഭക്ഷിച്ച സംഘം മുമ്പും മൃഗങ്ങളെ വേട്ടയാടിയിരുന്നതായി കണ്ടെത്തി. ഇതേ സംഘം നേരത്തെ മുള്ളൻ പന്നിയെ കൊന്ന് കറിവെച്ചിരുന്നുവെന്നാണ് വനം വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ആറുവയസ്സ് വരുന്ന പുലിക്ക് 50 കിലോ തൂക്കമുണ്ടെന്ന് പറയപ്പെടുന്ന പുള്ളിപ്പുലിയെ കെണിവെച്ചുകൊന്ന് തിന്നതിന് മുനിപാറ സ്വദേശികളായ പി.കെ.വിനോദ്, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സാലിം കുഞ്ഞപ്പൻ, വിൻസെന്റ് എന്നിവരെ മാങ്കുളം വനം റേഞ്ച് ഓഫീസർ ഉദയസൂര്യന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
advertisement
വിനോദിന്റെ കൃഷിയിടത്തിൽ വെച്ച കെണിയിൽ വീണ പുലിയെ കൊന്ന് ഇറച്ചി വീതംവെച്ചു. പിന്നെ കറിവെച്ചു.തോലും പല്ലും നഖവും വില്പനയ്ക്ക് മാറ്റി. വനംവകുപ്പ് വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ തോലും പല്ലും ഇറച്ചിയുടെ ബാക്കിയും കണ്ടെത്തി.
മുണ്ടക്കയത്ത് വയോധികനായ പൊടിയൻ പരിചരണം കിട്ടാതെ മരിച്ച സംഭവത്തിൽ മകൻ റെജി അറസ്റ്റിലായി. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്താണ് മുണ്ടക്കയം പൊലീസിൻ്റെ നടപടി. കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യവും പരിഗണനയിലുണ്ട്. മകന്റെ പരിചരണക്കുറവാണ് പൊടിയന്റെ മരണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. നാളുകളായി പൊടിയൻ ഭക്ഷണം കഴിച്ചിരുന്നില്ലെന്നതിന് വ്യക്തമായ സൂചനകൾ പോസ്റ്റ്മോർട്ടത്തിൽ ലഭിച്ചു.
advertisement
ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരിൽ നിന്നും അയൽക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെജിയുടെ അറസ്റ്റ്. പൊടിയനെയും ഭാര്യ അമ്മിണിയെയും മകൻ പരിചരിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് റെജിയെ കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.
Also See- വയോധികരായ മാതാപിതാക്കളോട് മകന്റെ ക്രൂരത
ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചാണ് എറണാകുളം കളമശേരിയിൽ നാലുസുഹൃത്തുക്കൾ പതിനേഴുകാരനെ അതിക്രൂരമായി മർദിച്ചത് എന്നാണ് വിവരം. 10 മിനിട്ടോളം വരുന്ന ദൃശ്യങ്ങൾ വൈറലായി. പ്രായപൂർത്തിയാകാത്ത നാലുപേർ ഇത്തരത്തിൽ ഒരു വ്യക്തിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സിനിമകളിൽ പോലും കണ്ടിട്ടുണ്ടാവില്ല. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
advertisement
Also Read- മൃഗത്തെ പോലെ ഒരു മണിക്കൂറോളം ക്രൂര മർദനം; കൊച്ചിയിലെ പതിനേഴുകാരന് സുഹൃത്തുക്കളുടെ സ്‌നേഹസമ്മാനം
കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന് മർദനമേറ്റത്. ജയിൽ മുറികളിലും ആഫ്രിക്കൻ നാടുകളിലെ അടിമകളോടും മറ്റും ചെയ്യുന്ന തരത്തിൽ പുറത്തു വന്നിട്ടുള്ള ദൃശ്യങ്ങളിൽ ഉള്ളതിന് സമാനമായ തരത്തിൽ ക്രിമിനലുകളായ സമപ്രായക്കാർ ഇയാളെ ആക്രമിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത്. ഒരു വീടിന്റെ ബാൽക്കണിയിൽ വെച്ചാണ് മർദനം നടക്കുന്നത് എന്നാണ് ദൃശ്യങ്ങളിൽ മനസിലാകുന്നത്.
advertisement
ഇക്കാര്യത്തിൽ നടപടി ഉണ്ടാവില്ല എന്ന ആക്ഷേപവുമായാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 23, 2021 11:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പുലിയെ കൊന്നു കറിവെച്ചു; ആനയെ പെട്രോളൊഴിച്ച് തീവെച്ച് കൊന്നു;അച്ഛനെ പട്ടിണിക്കിട്ടു കൊന്നു'