World AIDS Day 2025|കേരളത്തിലെ യുവാക്കൾക്കിടയിൽ HIV കൂടുന്നതിന് കാരണം മയക്കുമരുന്ന് ദുരുപയോഗമെന്ന് സൂചന

Last Updated:

ഒറ്റത്തവണ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതുമൂലം അണുബാധിതരായവരും ഒട്ടേറെയാണ്

News18
News18
തിരുവനന്തപുരം: കേരളത്തിൽ 15 വയസ്സിനും 24 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിൽ എച്ച്.ഐ.വി. ബാധിതരുടെ എണ്ണം വർധിക്കുന്നതായി സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ (SACS) റിപ്പോർട്ട്. 2022-ൽ കേരളത്തിലെ ആകെ അണുബാധിതരിൽ ഒൻപതുശതമാനം യുവാക്കളായിരുന്നത് 2023-ൽ 12 ശതമാനമായും 2024-ൽ 14.2 ശതമാനമായും വർധിച്ചു. 2025 ഏപ്രിൽമുതൽ ഒക്ടോബർവരെ അണുബാധിതരിൽ 15.4 ശതമാനം ഈ പ്രായക്കാരാണ്. യുവജനങ്ങളുടെ അശ്രദ്ധമായ ജീവിതരീതിയിൽ സൊസൈറ്റി ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, മയക്കുമരുന്ന് കുത്തിവെക്കാൻ ഒരേ സിറിഞ്ച് പലരും ഉപയോഗിക്കുന്നത് എന്നിവയാണ് യുവാക്കളെ എച്ച്.ഐ.വി. വാഹകരാക്കുന്നതിൽ പ്രധാന കാരണങ്ങൾ. ഒറ്റത്തവണ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതുമൂലം അണുബാധിതരായവരും ഒട്ടേറെയാണ്.
ശരിയായ മേൽവിലാസമോ ഫോൺ നമ്പറോ ഇല്ലാത്തതിനാൽ എച്ച്.ഐ.വി. ബാധിതരായ അതിഥിത്തൊഴിലാളികളുടെ തുടർചികിത്സ ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അവരുടെ പങ്കാളികളുടെ പരിശോധന, ചികിത്സ എന്നിവയും പ്രായോഗികമാവുന്നില്ലെന്നും സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് നിലവിൽ 23,608 എച്ച്.ഐ.വി. ബാധിതരുണ്ട്. രാജ്യത്ത് ഇത് 25 ലക്ഷമാണ്. 2024-ൽ മാത്രം 6300 പേരെ രാജ്യത്തും 1213 പേരെ സംസ്ഥാനത്തും കണ്ടെത്തി. കേരളത്തിൽ ഒരുമാസം ശരാശരി 100 പേർക്ക് പുതിയതായി അണുബാധ കണ്ടെത്തുന്നുണ്ട്. ഇക്കൊല്ലം ഏപ്രിൽ മുതൽ ഒക്ടോബർവരെ 818 പേർക്ക് അണുബാധ കണ്ടെത്തി.
advertisement
2022 ഏപ്രിൽമുതൽ 2025 വരെയുള്ള കണക്കനുസരിച്ച് അണുബാധിതരായ 4,477 പേരിൽ 62.5 ശതമാനം പേർക്ക് ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 24.6 ശതമാനം പേർക്ക് സ്വവർഗരതിയിലൂടെയാണ് അണുബാധയുണ്ടായത്. 8.1 ശതമാനത്തിന് മയക്കുമരുന്നുപയോഗത്തിലൂടെയും രോഗം ബാധിച്ചു. ഗർഭകാലത്ത് അമ്മമാരിൽ നിന്ന് രോഗം പകർന്നു കിട്ടിയത് 0.9 ശതമാനം ശിശുക്കൾക്കാണ്. 3.7 ശതമാനം പേർക്ക് അണുബാധയുണ്ടായത് എങ്ങനെയെന്നറിയില്ല.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ അണുബാധിതരായവരിൽ 3393 പേർ പുരുഷന്മാരും 1065 പേർ സ്ത്രീകളും 19 പേർ ട്രാൻസ്ജെൻഡറുകളുമാണ്. ഇതിൽ 90 പേർ ഗർഭിണികളായിരുന്നു. എച്ച്.ഐ.വി.യും സിഫിലിസും പകരുന്നത് തടയാൻ സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി കാമ്പയിന് തുടക്കംകുറിച്ചിട്ടുണ്ടെന്ന് പ്രോജക്ട് ഡയറക്ടർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് പറഞ്ഞു. ഗർഭിണികളെ ആദ്യമൂന്നുമാസത്തിനുള്ളിൽത്തന്നെ എച്ച്.ഐ.വി., സിഫിലിസ് പരിശോധനയ്ക്ക് വിധേയരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അതേസമയം, എയ്ഡ്സിനെ കുറിച്ചുള്ള ശരിയായ അവബോധം നൽകുന്നതിനും മെച്ചപ്പെട്ട പരിചരണം സാധ്യമാക്കുന്നതിനുമാണ് എല്ലാ വർഷവും ഡിസംബർ ഒന്നിന് എയ്ഡ്സ് ദിനം ആചരിക്കുന്നത്. 'തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് പ്രതികരണത്തെ പരിവർത്തനം ചെയ്യുക'- എന്നതാണ് ഇത്തവണത്തെ എയ്ഡ്സ് ദിനത്തിന്‍റെ പ്രമേയം. 2030-തോടെ എയ്ഡ്സ് രോഗത്തെ ലോകത്ത് നിന്നും തുടച്ചു നീക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
World AIDS Day 2025|കേരളത്തിലെ യുവാക്കൾക്കിടയിൽ HIV കൂടുന്നതിന് കാരണം മയക്കുമരുന്ന് ദുരുപയോഗമെന്ന് സൂചന
Next Article
advertisement
ഐപിഎല്ലിൽ ഇത്തവണ ആൻഡ്രെ റസ്സൽ ഉണ്ടാകില്ല; വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് താരം
ഐപിഎല്ലിൽ ഇത്തവണ ആൻഡ്രെ റസ്സൽ ഉണ്ടാകില്ല; വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് താരം
  • 37 കാരനായ ആൻഡ്രെ റസ്സൽ ഐപിഎല്ലിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു.

  • റസ്സൽ ഐപിഎല്ലിൽ 140 മത്സരങ്ങളിൽ 2651 റൺസും 123 വിക്കറ്റുകളും നേടി.

  • റസ്സൽ കൊൽക്കത്തയുടെ സപ്പോർട്ട് സ്റ്റാഫിൽ ചേരും.

View All
advertisement