Book Review| ഒരു ദേശത്തിന്റെ കഥയുടെ അൻപതാണ്ട് അഥവാ 1921ന്റെ നൂറ്റാണ്ട്; നൊസ്റ്റാൾജിയ ഇല്ലാതെ അതിരാണിപ്പാടത്തെ വായിക്കുമ്പോൾ

Last Updated:

എസ് ഹരിഷീന്റെ എന്തിനുംപോന്ന മീശയുടെ നരച്ച അപ്പൂപ്പനാണ് പൊറ്റെക്കാടിന്റെ മീശക്കണാരൻ. ആശാരി നീലാണ്ടനേയും ബസ്രാ കുഞ്ഞപ്പുവുനേയും ഈർച്ചക്കാരൻ കുട്ടായിയേയുമല്ല ഇന്നത്തെ വായനക്കാരൻ കാണുന്നത്; അതു ചോരയാണ്. നിറഞ്ഞു നിൽക്കുന്നത് വെള്ളാരങ്കല്ലിൽ ചോരക്കട്ടകൊണ്ട് ശ്രീധരൻ എഴുതിയ 'ജഗള' എന്ന വാക്കാണ്

SK Pottekkatt
SK Pottekkatt
1971ൽ ഒരു ദേശത്തിന്റെ കഥ പ്രസിദ്ധീകരിക്കുമ്പോൾ എസ് കെ പൊറ്റക്കാടിന് (S K Pottekkatt) വയസ്സ് 48. ലോകം കണ്ട് പക്വതവന്നു കഴിഞ്ഞു. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും ആനന്ദിന്റെ ആൾക്കൂട്ടവും മുകുന്ദന്റെ ഡൽഹിയും അതിന് ഒരാണ്ട് മുൻപ് സംഭവിച്ചു. പക്ഷേ, പറഞ്ഞു പറഞ്ഞ് പേരും പെരുമയും മാത്രമല്ല കൂടുതൽ പുരസ്‌കാരങ്ങളും കിട്ടിയത് പൊറ്റക്കാടിനാണ്. അൻപതാണ്ടിനു ശേഷം എടുത്തുവായിക്കുമ്പോൾ ഖസാക്കിനും ആൾക്കൂട്ടത്തിനും മുകളിൽ നിൽക്കുന്നുണ്ടോ ഒരുദേശത്തിന്റെ കഥ? ബഷീറിന്റെ ഒറ്റപ്പേജുകഥകളെ മറികടക്കാൻ ദേശത്തിന്റെ 568 പേജുകൾക്കു കഴിയുന്നുണ്ടോ?
ഒരു ദേശത്തിന്റെ കഥ പ്രസിദ്ധീകരിക്കുന്ന 1971ൽ പൊറ്റെക്കാട് മുൻ എംപിയാണ്. ജയിച്ച എംപി മാത്രമല്ല തോറ്റ എംപിയുമാണ്. 1957ൽ തോൽക്കുകയും 1962ൽ ജയിക്കുകയും ചെയ്തയാൾ. ഇടതുപക്ഷത്തിന്റെ എംപിയായിരുന്ന ഒരാൾ അതു കഴിഞ്ഞ് ഏതാണ്ട് പത്താണ്ടിനു ശേഷം പ്രസിദ്ധീകരിച്ച പുസ്തകം. 1913ൽ ജനിച്ച പൊറ്റെക്കാടിനും കഥയിലെ നായകൻ ശ്രീധരനും ഒരേ പ്രായമാണ്. ആത്മകഥാപരമായ കഥ എന്നു പറയുന്നതിനാൽ അതു പൊറ്റക്കാട് കണ്ട കാര്യങ്ങളുമാണ്; കഥയല്ല. അങ്ങനെ പൊറ്റക്കാട് എട്ടാം വയസ്സിൽ കണ്ട മാപ്പിള ലഹളയെക്കുറിച്ച് നാൽപ്പത്തിയെട്ടാം വയസ്സിൽ എഴുതുന്നത് രാഷ്ട്രീയ പക്വത വന്ന ശേഷമാണ്.
advertisement
അതിങ്ങനെയാണ്:  'മൈതാനത്തു മുഴുവൻ ചുവന്ന റോസ്സാപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. ശ്രീധരൻപൂ പറിക്കാൻ കൈനീട്ടുന്നു. തൊട്ടപ്പോൾ റോസപ്പൂ അല്ല ചോരക്കട്ടയാണ്. അതു കൈവിരലിൽ ഒട്ടുന്നു. ശ്രീധരൻ ചൊരകൊണ്ട് വെള്ളാരങ്കല്ലിൽ വരയ്ക്കുന്നു. ജഗള.'
പുസ്തകത്തിൽ അതുവരെ ഉണ്ടായിരുന്ന ഭാവുകത്വത്തിൽ നിന്നു പൊടുന്നനെ മാറിയാണ് 1921ലെ ലഹളയിലേക്കു കയറുന്നത്. ഇരുപത്തിരണ്ട് അധ്യായങ്ങളിലായി വീണുകിടക്കുന്നത് ലഹളയുടെ വീരസ്യമല്ല, മനംമടുപ്പിക്കുന്ന ചോരക്കറയാണ്.
'ലഹളക്കാരിൽ ബഹുഭൂരിപക്ഷവും അജ്ഞരും മുഢവിശ്വാസികളും ആയിരുന്നു. ഇസ്ലാമിനേയും പളളികളേയും നശിപ്പിക്കാനുള്ള വെള്ളക്കാരന്റെ പുറപ്പാടാണിതെന്നു നേതാക്കന്മാർ ഈ മൂഢപ്പരിഷകളെ പറഞ്ഞു വിശ്വസിപ്പിച്ചു. അവർ ജിഹാദ് വിളി മുഴക്കി മരണപ്പോരിന് ഇറങ്ങി. കാഫറിങ്ങളെ കൊന്നാൽ സ്വർഗം കിട്ടുമെന്ന് മൊല്ലമാരും അവരെ ധരിപ്പിച്ചു. ലഹളക്കാർ സ്വയം ഒരു ഇസ്ലാം ചാവേർപ്പടയായി മാറി.'
advertisement
'ക്രുര മുഹമ്മദർ ചിന്തിയ ഹൈന്ദവ ചോരയാൽ' എന്നു സാവിത്രി പറയുന്നതായി എഴുതിയ വരിയുടെ പേരിൽ വിചാരണ ചെയ്യപ്പെട്ട കുമാരനാശാൻ ഉള്ള കേരളമാണ്. തെക്കൻ കേരളത്തിൽ താമസിച്ച ആശാൻ വടക്കൻ കേരളം കാണാതെ എഴുതിയ തെറ്റെന്നു വരെ പിന്നീട് ന്യായീകരണങ്ങൾ വന്നു. എന്നാൽ പൊറ്റെക്കാട് റൈറ്റർ ഗോവിന്ദൻ കുട്ടിയുടെ നാവിലൂടെ വരച്ചിടുന്ന ഈ വാചകങ്ങളോ?
advertisement
'ലഹളക്കാരുടെ മൃതദേഹങ്ങൾ ഇസ്ലാം മതവിധി പ്രകാരം മറവുചെയ്യുന്നതിനു പകരം മൂലയിൽ പെറുക്കി കൂട്ടിയിട്ട് പെട്രോൾ ഒഴിച്ചു തീ കൊളുത്തി. മയ്യത്തു ചുട്ടു വെണ്ണീറാക്കി കളഞ്ഞാൽ പിന്നെ കീയാമത്തിൻ നാളിൽ മാപ്പിളമാർ എങ്ങനെ എണീറ്റുവരും.'
ലഹളയിൽ നിന്നു യുദ്ധത്തിലേക്ക്
മാപ്പിളമാർ പടവെട്ടി മരിച്ചു സുവർക്കത്തിൽ പോകാൻ ഒരുങ്ങിയിരിക്കുന്നു. ഈ വാചകം പൂസ്തകത്തിന്റെ ആദ്യഭാഗത്ത് തെറിച്ചുനിൽക്കുന്നുണ്ട്. പൊറ്റക്കാടിലെ രാഷ്ട്രീയക്കാരന്റെ ഇത്തരം പ്രസ്താവനകൾ മാത്രമല്ല അതിരാണിപ്പാടത്തെ കാര്യപ്രാപ്തിയുള്ള കൃഷ്ണൻ മാസ്റ്ററുടെ വാക്കുകളും ഏകപക്ഷീയമായ കൊലയുടെ സൂചനകളാണ് നൽകുന്നത്. ലഹളക്കാർ പെണ്ണുങ്ങളേയും കുട്ടികളേയും കൂടുതൽ ഉപദ്രവിക്കും എന്നു ഭയന്ന് ഇലഞ്ഞിപ്പൊയിലിലെ സുരക്ഷിതത്വത്തിലേക്ക് അയയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ഭർത്താവിനൊപ്പം വെട്ടുകൊണ്ടു മരിക്കാൻ തീരുമാനിക്കുന്ന അമ്മ മകനെ മാത്രം ഇലഞ്ഞിപ്പൊയിലിലേക്ക് വിടുകയാണ്. ഇലഞ്ഞിപ്പൊയിലിൽ മുറ്റത്തുമുഴുവൻ അഭയാർത്ഥികളാണ്. ഒരു മൂലയ്ക്ക് വാഴയിലയിൽ കിടത്തിയിരിക്കുകയാണ് രാരുക്കുട്ടിയെ. മേലാകെ വെട്ടുകൊണ്ട പാടുകൾ.
advertisement
രാരുക്കുട്ടി പറയുന്ന കഥ ഇങ്ങനെയാണ്: 'ഗ്രാമത്തിലേക്ക് ലഹളക്കാർ വന്നു. പട്ടാളത്തിന് ചിലരെ ഒറ്റുകൊടുത്തതിലുള്ള വൈരാഗ്യം തീർക്കാനാണ് എത്തിയത്. ബാങ്കുവിളിച്ചാണ് അവർ വന്നത്. സാധാരണ പതിവുള്ളതുപോലെ കുളിപ്പിച്ചു കേറ്റുകയോ മൂരിയിറച്ചി തീറ്റിക്കുകയോ അല്ല ചെയ്തത്. കണ്ടവരെയെല്ലാം വെട്ടി നുറുക്കി പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. ശവങ്ങൾകൊണ്ടു കണർ നിറഞ്ഞു. രാരുക്കുട്ടിയേയും വെട്ടി കിണറ്റിലിട്ടു. ചത്തില്ല. മഴ പെയ്തുവെള്ളം വീണപ്പോൾ ബോധം വന്നു.'
മുട്ടുകുത്തിയിരുന്നു വേദക്കാരത്തി തള്ള ചുട്ടെടുത്ത വേള്ളേപ്പത്തിന്റേയും പുഴുങ്ങിയ പുട്ടിന്റേയും മണമായിരിക്കും എഴുപതുകളിലെ വായനക്കാരനെ കുലുക്കി ഉണർത്തിയത്. ശ്രീധരന്റെ കയ്യിൽ നിന്ന് അപ്പം റാഞ്ചിപ്പോയ പരുന്തിന്റെ കഥയാകും അന്നൊക്കെ കുട്ടികൾ വായിച്ച് ആർത്തു ചിരിച്ചത്. ഇന്നു വായിക്കാനിരിക്കുമ്പോൾ ആദ്യത്തെ 22 അധ്യായം ഭരണഘടനയുടെ ഏടുകൾ പോലെ ചിലർക്ക് ആധികാരിക രേഖയാകും. മറ്റു ചിലർക്കു കുത്തിനോവിക്കുന്ന മുറിവുകളും. അതുകൊണ്ട് ഇതു ലഹളയുടെ പുസ്തകമാണ്.
advertisement
രണ്ടാം ലോക മഹായുദ്ധത്തിലേക്ക് 1921ന്റെ ഈ നോവും പേറി വേണം ശ്രീധരനൊപ്പം സഞ്ചരിക്കാൻ. എന്തുകൊണ്ട് പുസ്തകത്തിന് ജ്ഞാനപീഠം കിട്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം ലഹളയുടേയും ലോകമഹായുദ്ധത്തിന്റെയും വിവരണാത്മകത എന്നാകും. അതു പറയാൻ ഒരു ചരിത്ര ഗ്രന്ഥം പോരേ? എന്തിനാണ് നോവൽ? അപരിചിതമായ ലഹള-യുദ്ധ അനുഭവങ്ങൾക്കപ്പുറം പുസ്തകം ഇന്നത്തെ വായനക്കാരന് എന്താണ് നൽകുന്നത്?
ഓലവാതിലിൽ മുട്ടി വിളിച്ച്
സാഹിത്യത്തിൽ താരതമ്യത്തിലും വലിയ അബദ്ധമില്ല. പക്ഷേ, ഭാവുകത്വം ഒരു പ്രശ്‌നം തന്നെണ്. ദേശത്തിന്റെ കഥ 2021ലെ വായനക്കാരനോടു പറയുന്നത് എഴുപതുകളിൽ ചർച്ചയായ സംഗതികളൊന്നുമല്ല. അല്ലെങ്കിൽ തന്നെ ട്യൂട്ടോറിയൽ കോളജ് അധ്യാപകനും നോട്ട് ബുക്കിൽ എഴുതിയ കവിതയുമെല്ലാം അനുഭവതലങ്ങളിൽ നിന്നും ഗൃഹാതുരത്വത്തിൽ നിന്നും തന്നെ പൊയ്ക്കഴിഞ്ഞല്ലോ. പിന്നെയല്ലേ, 'ഇല്ല വരില്ലനീ എന്നോല വാതിലിൽ മെല്ലവേ മുട്ടിയെൻ പേർ വിളിച്ചീടുവാൻ' എന്നുള്ള ഓല വാതിലിൽ മുട്ടുമ്പോഴുള്ള കിലുകിലു ശബ്ദം. 'നീഹാരസിക്തമാം പുല്ലണിപ്പരാതയിലൂടെ പതുക്കവേ' വരുന്ന ആ കാവ്യാത്മകതയും മാറിപ്പോയി.
advertisement
അമ്മുക്കുട്ടിയുടെ വീടിരുന്നിടത്ത് പതിനായിരം ഗ്യാലന്റെ പെട്രോൾ ടാങ്ക് ഇരിക്കുന്നതുകണ്ട് ഇന്നത്തെ തലമുറയിൽ ആർക്കും നൊമ്പരം ഉണ്ടാകണമെന്നു നിർബന്ധമില്ല. സ്വന്തം കിടപ്പാടമിരുന്നിടത്തുകൂടി പോകുന്ന നാലും ആറും വരികളുള്ള പാതകളിലൂടെ സഞ്ചരിക്കുന്നവർക്ക് പ്രണയിനിയെക്കുറിച്ചുള്ള അത്തരം നൊമ്പരങ്ങളൊന്നും ഏശാതായി. ചേനക്കോത്ത് കൃഷ്ണൻ ജ്യേഷ്ഠൻ ചേനക്കോത്ത് കേളുകുട്ടി നായരോട് രണ്ടാം കല്യാണത്തിന് അനുമതി ചോദിക്കുന്ന ആ കത്ത് ഇന്നൊരു ട്രോൾ വിഭവം മാത്രവും ആയിരിക്കും. 75 ക ചെലവ് തന്ന് എന്നെ രണ്ടാമതും കെട്ടിക്കണം എന്നു കേട്ടാൽ  ഇന്നത്തെ തലമുറ ഏതൊക്കെ സിനിമാ സ്റ്റില്ലുകളിലൂടെ ഈ വാചകങ്ങളുമായി കടന്നുപോകും.
ഒരു ദേശത്തിന്റെ കഥ അൻപതാണ്ടിനു ശേഷം എന്തിനു വായിക്കണം? ഒന്നുകിൽ ലഹളകളെക്കുറിച്ചും യുദ്ധങ്ങളെക്കുറിച്ചും എഴുതിയത് അറിയാനാകാം. അന്നത്തെ അനുഭവങ്ങളെ സാക്ഷിമൊഴി എന്നതുപോലെ വിലയിരുത്താൻ. പക്ഷേ, അപ്പോഴത് വലിയ രാഷ്ട്രീയ വിവാദമാകും. ഇന്നത്തെ കേരളത്തിൽ മൈലേജു കിട്ടുന്ന 'പുരോഗമനാത്മകത'യല്ല അതു പറയുന്നത്. 1920 മുതൽ 1970 വരെയുള്ള അതിരാണിപ്പാടത്തിന്റെ മാറ്റങ്ങൾ ലോകത്തിന്റെ മാറ്റങ്ങൾ തന്നെയാണ്. ആ ഭാവം ഉൾക്കൊള്ളാനുമാകാം  വായന.
പക്ഷേ, ഒരു ദേശത്തിന്റെ കഥയ്ക്കു കിട്ടിയതുപോലെ ജ്ഞാനപീഠം കിട്ടാത്ത ചില പുസ്തകങ്ങൾ അതേകാലത്തു വന്നു. ഖസാക്കും ആൾക്കൂട്ടവുമൊക്കെ. അവ ഇന്നത്തെ വായനക്കാരനിലും ഉണ്ടാക്കുന്ന അനുരണനങ്ങളുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആ തലത്തിലേക്ക് ഈ പുസ്തകം എത്തുന്നില്ല എന്നതിന്റെ തെളിവുകളാണ് ചർച്ചകളിൽ നിന്നുപോലും ആ പേര് ഇല്ലാതായതിന്റെ കാരണം. പിഎസ് സി പരീക്ഷകൾക്കു മാത്രം വിട്ടുകൊടുത്ത് നിരൂപകരും തീരെ പരാമർശിക്കാതായിരിക്കുന്നു ഒരു ദേശത്തിന്റെ കഥ എന്ന പേര്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Book Review| ഒരു ദേശത്തിന്റെ കഥയുടെ അൻപതാണ്ട് അഥവാ 1921ന്റെ നൂറ്റാണ്ട്; നൊസ്റ്റാൾജിയ ഇല്ലാതെ അതിരാണിപ്പാടത്തെ വായിക്കുമ്പോൾ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement