'ഇറാൻ ഉടൻ കീഴടങ്ങും'; ജി7 നേതാക്കളുമായുള്ള വെർച്വൽ കൂടിക്കാഴ്ചയിൽ അവകാശവാദവുമായി ട്രംപ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
അമേരിക്കൻ സൈനിക നീക്കങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് വാചാലനായ ട്രംപ്, എല്ലാവർക്കും ഭീഷണിയായിരുന്ന ഒരു "കാൻസറിനെ" താൻ ഇല്ലാതാക്കിയെന്ന് സഖ്യകക്ഷികളോട് പറഞ്ഞു
ഇറാൻ കീഴടങ്ങാൻ ഒരുങ്ങുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച നടന്ന ജി7 (G7) നേതാക്കളുടെ വെർച്വൽ യോഗത്തിലായിരുന്നു ട്രംപിന്റെ അവകാശവാദമെന്നാണ് റിപ്പോർട്ട്. യുദ്ധത്തിന്റെ പോക്കിൽ ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അമേരിക്കൻ സൈനിക നീക്കങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് വാചാലനായ ട്രംപ്, എല്ലാവർക്കും ഭീഷണിയായിരുന്ന ഒരു "കാൻസറിനെ" താൻ ഇല്ലാതാക്കിയെന്ന് സഖ്യകക്ഷികളോട് പറഞ്ഞു. അതേസമയം, ഇറാന്റെ നേതൃത്വനിരയിലെ അനിശ്ചിതത്വം അദ്ദേഹം സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. ഔദ്യോഗികമായി ഒരു കീഴടങ്ങൽ പ്രഖ്യാപിക്കാൻ കെല്പുള്ള ഒരു ഭരണാധികാരി പോലും നിലവിൽ ടെഹ്‌റാനിൽ അവശേഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ ചർച്ച നടന്ന് 24 മണിക്കൂറിനുള്ളിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി തന്റെ ആദ്യ പൊതുസന്ദേശം പുറത്തിറക്കി. പോരാട്ടം തുടരുമെന്നും ഇറാന്റെ രക്തസാക്ഷികൾക്കായി പ്രതികാരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേറ്റ് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ, സംഘർഷത്തിൽ പുതിയ മുന്നണികൾ തുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഖമനയി, ആഗോള ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുമെന്ന ഭീഷണി ആവർത്തിക്കുകയും ചെയ്തു.
യുദ്ധം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ സമുദ്രപാതകളിൽ സമ്മർദ്ദം ചെലുത്തി കൂടുതൽ ആധിപത്യം നേടാനാണ് ഇറാൻ ശ്രമിക്കുന്നത്. ഇത് അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ ഉയരാനും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ഭീതിക്കും കാരണമായിട്ടുണ്ട്.
advertisement
യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതങ്ങളിൽ ജി7 രാജ്യങ്ങൾ കടുത്ത ആശങ്ക പങ്കുവച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും പല നേതാക്കളും ട്രംപിനോട് ആവശ്യപ്പെട്ടു. എന്നാൽ അവിടുത്തെ സ്ഥിതിഗതികൾ മെച്ചപ്പെടുകയാണെന്നും വാണിജ്യ കപ്പൽ ഗതാഗതം പുനരാരംഭിക്കണമെന്നും ട്രംപ് നിർദ്ദേശിച്ചു.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തന്റെ ലക്ഷ്യങ്ങളെക്കുറിച്ചോ സമയപരിധിയെക്കുറിച്ചോ ട്രംപ് വ്യക്തമായ മറുപടി നൽകിയില്ല. അതേസമയം, ചർച്ചകളെക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.
ഊർജ്ജ വില വർദ്ധിക്കുന്നതിലൂടെ റഷ്യ നേട്ടമുണ്ടാക്കുന്നതിനെക്കുറിച്ചും നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. റഷ്യ ഈ പ്രതിസന്ധി മുതലെടുക്കുന്നതിനോ ഉപരോധങ്ങളിൽ ഇളവ് നേടുന്നതിനോ അനുവദിക്കരുതെന്ന് ജർമ്മനി, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ ട്രംപിന് മുന്നറിയിപ്പ് നൽകി. എന്നാൽ ഇതിന് പിന്നാലെ, ആഗോള ഊർജ്ജ വിപണി സുസ്ഥിരമാക്കുന്നതിനായി ട്രാൻസിറ്റിലുള്ള റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധത്തിൽ ഒരു മാസത്തെ ഇളവ് യുഎസ് ട്രഷറി പ്രഖ്യാപിച്ചു. ഈ നീക്കം റഷ്യൻ സർക്കാരിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. ഇറാന് നേരെയുള്ള ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ ആദ്യം അനുമതി നൽകാതിരുന്നതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ ട്രംപ് വിമർശിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Mar 13, 2026 3:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇറാൻ ഉടൻ കീഴടങ്ങും'; ജി7 നേതാക്കളുമായുള്ള വെർച്വൽ കൂടിക്കാഴ്ചയിൽ അവകാശവാദവുമായി ട്രംപ്








