നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Book Review| മുഹമ്മദ് ഇഖ്ബാലിന്റെ മതനിലപാടുകളെ പിച്ചി ചീന്തിയ നെഹ്‌റു; ചൈനാ നയത്തിൽ നെഹ്‌റുവിനെ വഴി തെറ്റിച്ച കെ എം പണിക്കർ!!!

  Book Review| മുഹമ്മദ് ഇഖ്ബാലിന്റെ മതനിലപാടുകളെ പിച്ചി ചീന്തിയ നെഹ്‌റു; ചൈനാ നയത്തിൽ നെഹ്‌റുവിനെ വഴി തെറ്റിച്ച കെ എം പണിക്കർ!!!

  മഹാമേരുവായി ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ നിൽക്കുന്ന നെഹ്‌റു ഇസ്ലാമിനെക്കുറിച്ചും കമ്യൂണിസത്തെക്കുറിച്ചുമൊക്കെ പുലർത്തിയ ശരിക്കുള്ള നിലപാട് എന്തായിരുന്നു? നെഹ്‌റുവിന്റെ വാക്കുകളിലൂടെ തന്നെ അത് അവതരിപ്പിക്കുകയാണ് 'നെഹ്‌റു: ദ ഡിബേറ്റ്‌സ് ദാറ്റ് ഡിഫൈൻഡ് ഇന്ത്യ' എന്ന പുതിയ പുസ്തകം

  • Share this:
  ഇതുവരെ വായിച്ച ജീവചരിത്രങ്ങളിൽ നിന്നും രാഷ്ട്രീയ വിശകലനങ്ങളിൽ നിന്നുമെല്ലാം വ്യത്യസ്തമാണ്  നെഹ്‌റു: ദ ഡിബേറ്റ്‌സ് ദാറ്റ് ഡിഫൈൻഡ് ഇന്ത്യ. 'സിക്സ്റ്റീൻ സ്റ്റോമി ഡെയ്‌സി'ലൂടെ ശ്രദ്ധേയനായ ത്രിപുർദമൻ സിങ്ങും പാകിസ്താനിൽ ജനിച്ച് ഇപ്പോൾ ജർമനിയിൽ താമസിക്കുന്ന രാഷ്ട്രീയ ഗവേഷകൻ അദീൽ ഹുസൈനും ചേർന്നെഴുതിയ ഈ പുസ്തകം പല രാഷ്ട്രീയ ധാരണകളെയും ചില നുണകളെയും മൂടുപടങ്ങളഴിച്ചു മുന്നിൽ നിർത്തുകയാണ്. 'സാരേ ജഹാൻ സേ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ..' എന്ന ഗാനം എഴുതിയ മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ച് നെഹ്‌റുവിനുള്ള അഭിപ്രായം എന്താണ്? 'സൂഫി ആദ്ധ്യാത്മികതയിൽ നിന്ന് സോഷ്യലിസത്തിലേക്കു' വന്നയാൾ എന്ന് അനുശോചനക്കുറിപ്പിൽ എഴുതിയ വാചകമാണ് ഇപ്പോഴെല്ലാവരും എടുത്തു പറയുന്നത്. ഇഖ്ബാലിന്റെ നിലപാടുകൾ പുരോഗമനപരമാണ് എന്ന് നെഹ്‌റു വിശ്വസിച്ചിരുന്നു എന്നുവരെ ഇപ്പോൾ വ്യാഖ്യാനിക്കുന്നവരുമുണ്ട്. എന്നാൽ ഇഖ്ബാലും നെഹ്‌റുവുമായുള്ള നിരവധി സംഭാഷണങ്ങളും കത്തുകളും പ്രസംഗങ്ങളും എല്ലാം പുറത്തുകൊണ്ടുവരുന്നത് തീർത്തും വ്യത്യസ്തമായ ഒരു വീക്ഷണമാണ്.

  അനുശോചനക്കുറിപ്പിൽ നെഹ്‌റു നൽകിയ ഔദാര്യമാകണം ആ 'സോഷ്യലിസത്തിലേക്കുള്ള വരവ്'. നവീകരണ വാദികളായ അഹമ്മദീയരെ ഇസ്ലാമിൽ നിന്നു പുറത്താക്കാൻ തുടർച്ചയായി ബ്രിട്ടീഷ് സർക്കാരിന് കത്തെഴുതിയ ആളാണ് മുഹമ്മദ് ഇഖ്ബാൽ. അന്നത് നടക്കാതെ പോയത് നെഹ്‌റുവിന്റെ നിരന്തരമായ ഇടപെടൽ കൊണ്ടായിരുന്നു. എന്നാൽ രാഷ്ട്ര വിഭജനത്തിനു ശേഷം പിന്നീട് സിയാ ഉൾ ഹഖിന്റെ ഭരണകാലം ആയതോടെ അഹമ്മദീയർ മുസ്ലിംകൾ അല്ല എന്ന ഭരണഘടനാ ഭേദഗതി പാകിസ്താൻ അംഗീകരിച്ചു. അപ്പോൾ നടപ്പായത് മുഹമ്മദ് ഇഖ്ബാലിന്റെ നിലപാടുകൂടിയാണ്. ഇഖ്ബാലിനെ വിമർശിക്കാൻ നെഹ്‌റു ഉപയോഗിക്കുന്നത് ശ്രദ്ധേയമായ ഒരു ഉദാഹരണമാണ്. 'നെറ്റിയിൽ കുറിയിട്ട ബ്രാഹ്മണരും താടിവച്ച മൗലവിമാരും ഒന്നിച്ചത് ഒരു കാര്യത്തിലാണ്. 14 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം നിരോധിക്കുന്ന ശരദാ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ. അവർ തോളോടു തോൾചേർന്നു നിന്നു.'

  അഹമ്മദീയർ ഇസ്ലാമിനേയും ഇന്ത്യയേയും നശിപ്പിക്കും എന്നായിരുന്നു ഇഖ്ബാൽ നിരന്തരമായി വാദിച്ചുകൊണ്ടിരുന്നത്. അതിനുള്ള മറുപടിയായുള്ള നെഹ്‌റുവിന്റെ ഈ വാചകങ്ങൾ ശ്രദ്ധിക്കുക: 'ഇസ്ലാമിലെ  മുഹമ്മദ് ഇഖ്ബാലിന്റെ നയങ്ങൾ ആന്റി കമ്മ്യൂണിസവും ആന്റി സോഷ്യലിസവും ആണ്. ഇസ്ലാമിലെ എല്ലാത്തരും പരിഷ്‌കാരങ്ങളും ഉപേക്ഷിക്കണം എന്ന മുഹമ്മദ് ഇഖ്ബാലിന്റെ വാചകം സനാതന ഹിന്ദുക്കളുടെ നയങ്ങൾക്കു തുല്യവുമാണ്.' ഇഖ്ബാൽ  കമ്യൂണിസ്റ്റ് വിരുദ്ധൻ മാത്രമല്ല സോഷ്യലിസ്റ്റ് വിരുദ്ധൻ കൂടിയാണ് എന്ന് നെഹ്‌റു പറഞ്ഞിരുന്ന വാക്കുകളാണ് അത്. മാത്രമല്ല സനാതന ഹിന്ദുക്കളേയും യാഥാസ്ഥിതിക മുസ്ലിംകളേയും ഒരേ കണ്ണോടെ കാണുകയുമാണ് ആദ്യത്തെ പ്രധാനമന്ത്രി. ഒരനുശോചനക്കുറിപ്പിലോ സ്വീകരണ സമ്മേളനത്തിലോ പറയുന്ന ഒരു വാചകം കേട്ട് അതാണ് നിലപാട് എന്നു തീരുമാനിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇവിടെ തെളിഞ്ഞുവരുന്നത്. മുഹമ്മദ് ഇഖ്ബാലിന്റെ കാര്യത്തിൽ മാത്രമല്ല, നെഹ്‌റുവിനെക്കുറിച്ച് ഇപ്പോൾ നടക്കുന്ന പല ചർച്ചകളും അദ്ദേഹം ഇസ്ലാമിക രാഷ്ട്രത്തെ പൂർണമായും പിന്തുണച്ചു എന്ന നിലയിലാണ്. വിദേശ നയത്തിൽ പാകിസ്താനെ പിന്തുണച്ച  ഏതാനും ഉദാഹരണങ്ങൾകൊണ്ട് നെഹ്‌റുവിനെ പാക് പക്ഷപാദിയും ഇസ്ലാം പക്ഷപാദിയും ആക്കാൻ കഴിയുമോ?

  'കത്തോലിക്കരും മുസ്‌ലിംകളും സമം'

  നെഹ്‌റുവിന് മുസ്ലിം മതനേതൃത്വത്തോടും ഇസ്ലാം പൗരോഹിത്യത്തോടും ഉള്ള നിലപാട് വ്യക്തമായി പുറത്തുവരുന്ന രേഖകൾ എമ്പാടുമുണ്ട് പുസ്തകത്തിൽ്: ' മുസ്ലിംകൾക്കും റോമൻ കത്തോലിക്കർക്കും ഒരു വ്യത്യാസം മാത്രമേയുള്ളു. കത്തോലിക്കർക്ക് മാർപാപ്പയുണ്ട്. മുസ്ലിംകൾക്ക് അങ്ങനെ ഒരു മാർപ്പാപ്പ ഇല്ല. എന്നാൽ മറ്റു മതസ്ഥരോടുള്ള അസഹിഷ്ണുതയിൽ കത്തോലിക്കരും മുസ്ലിംകളും തമ്മിൽ ഒരു വ്യത്യാസവുമില്ല. സ്വന്തം മതത്തിലെ പരിഷ്‌കരണ വാദികളെ വേട്ടയാടുന്ന കാര്യത്തിലും രണ്ടുകൂട്ടർക്കും ഒറ്റനയമാണ്.'മുസ്ലിംകളും റോമൻ കത്തോലിക്കരും അപരമതസ്ഥരെ വേട്ടയാടുന്നതിൽ ഒട്ടും പിന്നിലല്ലെന്ന് ആവർത്തിച്ചു പറയുന്ന നിരവധി സന്ദർഭങ്ങളുണ്ട് പുസ്തകത്തിൽ. അതിൽ ഒന്നിൽ ഇങ്ങനെയും പറയുന്നു: 'ഇംഗ്‌ളണ്ടിൽ ജനങ്ങൾ കൂടുതൽ കൂടുതൽ തീവ്ര കത്തോലിക്കാ വിശ്വാസികൾ ആകുന്നതാണ് രാജ്യത്തിന്  നല്ലത് എന്നു കർദിനാൾ ജോൺ ഹെൻട്രി ന്യൂമാൻ പറഞ്ഞു. അതു തന്നെ ആയിരിക്കും ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിംകളും കരുതുന്നതും. തീവ്രമായി മാമൂലുകളിൽ വിശ്വസിക്കുന്നവർ കൂടുതൽ ഉണ്ടാകുമ്പോഴാണ് മതങ്ങൾക്ക് ഭരണകൂടങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നത്.

  'അങ്ങനെ എങ്കിൽ മതത്തിൽ രാഷ്ട്രീയത്തിന് ഇടപെടാമോ?'

  ഇന്ത്യയിൽ മതബന്ധമില്ലാത്ത ഒരു കാര്യവുമില്ല. മതത്തിന്റെ കാര്യത്തിൽ രാഷ്ട്രം ഇടപെടരുത് എന്ന് പറഞ്ഞാൽ യാഥാസ്ഥിതികർ അവരുടെ നയങ്ങളുമായി മുന്നോട്ടു പോകും എന്നാണ് അർത്ഥം.'മതത്തിൽ രാഷ്ട്രീയം ഇടപെടണം എന്നു തന്നെ ശക്തമായി വാദിച്ചയാളാണ് നെഹ്‌റു. പക്ഷേ, ഇന്നത്തെ വിലയിരുത്തലുകളിലെല്ലാം മതവും രാഷ്ട്രീയവും പരസ്പരം കാറ്റുകയറാത്ത കണ്ടെയ്‌നറുകളായി തുടരണം എന്നു വാദിച്ച നെഹ്‌റുവാണ് കടന്നുവരുന്നത്. അതിൽ നിന്നു വ്യത്യസ്തമായി രാഷ്ട്രീയ നേതൃത്വം മതത്തിൽ ഇടപെട്ടില്ലെങ്കിൽ യാഥാസ്ഥിതികർ കൂടുതൽ ഉണ്ടാകും എന്നു വാദിച്ച നെഹ്‌റുവിന്റെ പ്രതിച്ഛായയാണ് ഈ പുസ്തകം തരുന്നത്. ജം ഇയത്തുൽ ഉലമ സർക്കാരിനെ ഉപദേശിക്കട്ടെ എന്നാണോ മുഹമ്മദ് ഇഖ്ബാൽ ഉദ്ദേശിക്കുന്നത് എന്ന കടത്തി വരെ ചോദിക്കുന്നുണ്ട് നെഹ്‌റു. റോമൻ സഭ യൂറോപ്പിലെ രാജകുമാരന്മാരെ ഉപദേശിക്കുന്നതുപോലെ ഉലമയാണോ ഇനി സർക്കാരിനെ ഉപദേശിക്കേണ്ടത് എന്നാണ് ചോദ്യം. എല്ലാ മതങ്ങളിലേയും യാഥാസ്ഥിതികത്വത്തോടുള്ള എതിർപ്പിൽ അടിയുറച്ച് നിന്ന നെഹ്‌റുവിന് പിന്നീട് നിരവധി വീഴ്ചകളും ഉണ്ടാകുന്നുണ്ട്.

  രാജിവച്ച അംബേദ്കറും ജോൺ മത്തായിയും

  ആദ്യ നെഹ്‌റു സർക്കാരിൽ നാലു പ്രധാന രാജികളാണ് ഉണ്ടായത്. കെ സി നിയോഗി, ശ്യാമ പ്രസാദ് മുഖർജി, ജോൺ മത്തായി, ബി ആർ അംബേദ്കർ എന്നിവർ. ഈ നാലുപേലും നെഹ്‌റുവിന്റെ വിദേശ നയത്തിൽ ശക്തമായ എതിർപ്പ് അറിയിച്ചവരാണ്. ചൈനയോടും പാകിസ്താനോടും നെഹ്‌റുവിനുള്ള നിലപാടുകളിൽ അതൃപ്തി മാത്രമല്ല ഉത്കണ്ഠയും വേദനയും ഉണ്ടെന്ന് ബി ആർ അംബേദ്കർ തുറന്ന് എഴുതി. നിയമമന്ത്രി സ്ഥാനം അംബേദ്കർ രാജിവയ്ക്കുന്നത് ഈ വാചകങ്ങളോടെയാണ്. പാകിസ്താന്റെ ലിയാഖത്ത് അലിഖാനുമായി നെഹ്‌റു നടത്തിയ ചർച്ചകളെ തുറന്നെതിർത്തു വ്യവസായ മന്ത്രി ശ്യാമപ്രസാദ് മുഖർജി.

  നെഹ്‌റു എന്തുകൊണ്ട് വലിയ ചൈനാ സ്‌നേഹിയായി എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ പുസ്തകം തരുന്നത് സർദാർ കെ എം പണിക്കർ എന്ന പേരിലൂടെയാണ്. മാവോയുടെ കടുത്ത ആരാധകനായിരുന്ന പണിക്കർ ആ ശൈലിയാണ് ശരി എന്ന് നെഹ്‌റുവിന് നിരന്തരം കത്തെഴുതി. നെഹ്‌റുവും പതിയെ മാവോയുടെ കടുത്ത ആരാധകനായി. ആ ആരാധനയാണ് ഇന്ത്യക്കുണ്ടായ ഏറ്റവും വലിയ നയതന്ത്ര പാളിച്ചയ്ക്കു കാരണം. ഒട്ടും ഒരുക്കമില്ലാതെ ചൈനയ്‌ക്കെതിരേ യുദ്ധം ചെയ്തു തോറ്റതല്ല ആ പ്രധാനവീഴ്ച. അതിനു മുൻപ് ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരാംഗത്വം വേണ്ടെന്നു വച്ച നിലപാടാണ് ഏറ്റവും വലിയ മണ്ടത്തരം എന്നു വാദിക്കുന്നവരെ സഹായിക്കുന്ന രേഖകളാണ് പുസ്തകത്തിൽ. ചൈനയെ മാറ്റി ഇന്ത്യയെ ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗൺസിലിൽ ഉൾപ്പെടുത്തണം എന്ന് ട്രൂമാൻ വാദിച്ചപ്പോൾ 'ചൈനയുടെ നഷ്ടം ഇന്ത്യക്കുള്ള നേട്ടമാകേണ്ടതില്ല' എന്നു പ്രസംഗിച്ച നെഹ്‌റു കാണിച്ചത് മണ്ടത്തരമാണെന്നു പറയുകയാണ് പുസ്തകം. കമ്യൂണിസ്റ്റ് ബ്ലോക്കിൽ നിന്ന് ഒരു നേട്ടവും ഉണ്ടായില്ല, അമേരിക്ക ശത്രു ആവുകയും ചെയ്തു. ഇതാണ് ആ തീരുമാനം കൊണ്ട് ഇന്ത്യക്കു സംഭവിച്ചത്. പിന്നീടുണ്ടായ യുദ്ധ തോൽവിയോടെ നെഹ്‌റു മാനസികമായും ശാരീരകമായും തകരുകയും ചെയ്തു.

  നെഹ്‌റുവിനെ മാത്രം ഇഷ്ടപ്പെട്ട നെഹ്‌റു

  1954ൽ റിച്ചാർഡ് നിക്‌സൺ ആണ് അമേരിക്കയുടെ വൈസ് പ്രസിഡന്റ്. അന്ന് നിക്‌സൺ നെഹ്‌റുവിനെക്കുറിച്ചു പറഞ്ഞ ഒരു വാചകം കടന്നുവരുന്നുണ്ട് ഈ പുസ്തകത്തിൽ: 'നെഹ്‌റുവിന് അമേരിക്കയെ ഇഷ്ടമല്ല, ബ്രിട്ടനെ ഇഷ്ടമല്ല, കമ്യൂണിസ്റ്റ് ചൈനയേയോ റഷ്യയേയോ ഇഷ്ടമല്ല. നെഹ്‌റുവിന് നെഹ്‌റുവിനെ മാത്രമാണ് ഇഷ്ടം.'കൊറിയൻ യുദ്ധകാലത്ത് മദ്ധ്യസ്ഥ ചർച്ചയ്ക്കു പോയി നെഹ്‌റു. അന്ന് നെഹ്‌റു വാദിച്ചത് ചൈനയ്ക്കു വേണ്ടിയായിരുന്നു. ചൈനക്കു വേണ്ടി നടത്തിയ നിരവധി വാദങ്ങൾ ഈ പുസ്തകത്തിൽ കടന്നുവരുന്നുമുണ്ട്. അങ്ങനെയെങ്കിൽ നെഹ്‌റുവിന് ഉണ്ടായിരുന്നു എന്നു പറയുന്ന ചേരിചേരാ നയം പൊള്ളയല്ലേ? അമേരിക്കൻ വിരുദ്ധ ചേരിയിലല്ലേ നെഹ്‌റു നിലയുറപ്പിച്ചത്? നെഹ്‌റു ശ്രദ്ധേയവും പുരോമന പരവുമായ നിരവധി നിലപാടുകൾ എടുത്തിട്ടുണ്ട്. അതുകൊണ്ട് അതുമാത്രം വിളിച്ചുപറഞ്ഞു കൊണ്ടേ ഇരിക്കുന്നതിൽ അർത്ഥമില്ല. നെഹ്‌റുവിന് ആനമണ്ടത്തരം എന്നു വിളിക്കാവുന്ന തരത്തിലുള്ള അബദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അബദ്ധങ്ങളാണ് നെഹ്‌റു എന്നു പറയുന്നതിലും കാര്യമില്ല. ഏതൊരു മനുഷ്യനേയും പോലെ തീരുമാനങ്ങളിൽ ശരിയും തെറ്റും ഉണ്ടായിട്ടുള്ള ഒരാൾ. അങ്ങനെ നെഹ്‌റുവിനെ കാണാൻ പ്രേരിപ്പിക്കുന്നതാണ് ദ ഡിബേറ്റ്‌സ് ദാറ്റ് ഡിഫൈൻഡ് ഇന്ത്യ.

  എല്ലാ പാളിച്ചകൾക്കും മേൽ ഇന്ത്യയിലെ ഭരണസംവിധാനങ്ങളിൽ മാനവികതയുടെ ഒരു തണുപ്പ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിനു അടിത്തറയിട്ടതും നെഹ്‌റു തന്നെ.  പതിറ്റാണ്ടുകൾക്കിപ്പുറമിരുന്ന് ആരുടെയെങ്കിലും പ്രതിച്ഛായ ഒന്നോ രണ്ടോ വാചകങ്ങൾ എടുത്ത് തീരുമാനിക്കുന്നവർക്കുള്ള കൈപ്പുസ്തകം കൂടിയാണ് ഇത്.

  Also Read- പാണ്ഡവരും 'വെജിറ്റേറിയൻ' അക്ഷയപാത്രവും ധൃതരാഷ്ട്രരുടെ സ്ഥലം മാറ്റവും; മഹാഭാരതത്തിന്റെ അപരിചിതമായ വായന
  Published by:Rajesh V
  First published: