World Mental Health Day | പുതുതലമുറയുടെ മാനസികാരോഗ്യം: ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നമുക്കു തന്നെ ചെയ്യാൻ സാധിക്കുന്ന പല കാര്യങ്ങളുമുണ്ട്, അവയിൽ ചിലതാണ് ചുവടെ
ഇന്ന് (ഒക്ടോബർ 10) ലോക മാനസികാരോഗ്യ ദിനമാണ്. ഇന്ത്യയിലെ പുതുതലമുറയുടെ മാനസികാരോഗ്യം (Mental Health) പലപ്പോഴും ചർച്ചയാകാറുള്ള ഒരു കാര്യമാണ്. സമ്മർദവും ഉത്കണ്ഠയുമൊക്കെ അനുഭവിക്കുന്നവരാണ് ഈ തലമുറയിൽ പലരും. അതിന് കാരണങ്ങളും പലതാകാം. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നമുക്കു തന്നെ ചെയ്യാൻ സാധിക്കുന്ന പല കാര്യങ്ങളുമുണ്ട്. അവയിൽ ചിലതാണ് ചുവടെ.
1. ഇലക്ട്രോണിക് മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും അൽപം അകലം പാലിക്കുക
ബിസിനസ് മീറ്റിംഗുകളിലും മറ്റും പങ്കെടുക്കുമ്പോൾ ഫോൺ പലരും സൈലന്റ് മോഡിൽ വെക്കാറുണ്ട്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചിലവഴിക്കുമ്പോഴും അങ്ങനെ ചെയ്യാവുന്നതാണ്. സോഷ്യൽ മീഡിയയുടെ നിരന്തരമായ ഉപയോഗം വിഷാദം, ഏകാന്തത, അസൂയ, ഉത്കണ്ഠ, ജീവിതത്തോടുള്ള വിരസത തുടങ്ങിയ പല നെഗറ്റീവ് വികാരങ്ങൾക്കും കാരണമാകും. സോഷ്യൽ മീഡയയുടെ അമിത ഉപയോഗം മൂലം, വിശ്രമിക്കാനോ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനോ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനോ പലർക്കും സാധിക്കുന്നില്ല. അതിനാൽ സോഷ്യൽ, ഇലക്ട്രോണിക് മീഡിയകൾ ഉപയോഗിക്കുന്നതിൽ ഒരു ഇടവേള എടുക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതാണ്.
advertisement
2. നിങ്ങളോടു തന്നെ സത്യസന്ധരായിരിക്കുക
സത്യസന്ധത എന്ന സ്വഭാവഗുണം മാനസികാരോഗ്യം മെച്ചപ്പെടുത്തും. മറ്റുള്ളവരെ കബളിപ്പിക്കാൻ എളുപ്പമാണ്, എന്നാൽ നിങ്ങൾ നിങ്ങളോടു തന്നെ സത്യസന്ധത പുലർത്തുകയും നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും മനസിലാക്കുകയും വേണം. സ്വയം വിശ്വസിക്കുന്നത് പോലെ തന്നെ പ്രധാനമാണ്, തന്നോട് തന്നെ സത്യസന്ധത പുലർത്തുന്നതും.
3. സ്ട്രെസ് മാനേജ്‍മെന്റ്
ഫലപ്രദമായ രീതിയിലുള്ള സ്ട്രെസ് മാനേജ്‍മെന്റ് ഒരു പരിധി വരെ സഹായകരമാണ്. ജോലി, ബന്ധങ്ങൾ, വിശ്രമം, എന്നിവക്കെല്ലാം സമയം കണ്ടെത്തണം. സമ്മർദകരമായ അന്തരീക്ഷങ്ങളോട് നമുക്കു പല രീതിയിലും പ്രതികരിക്കാനാകും. ജോലിയും തൊഴിൽ ജീവിതവും തമ്മിലുള്ള ഒരു ബാലൻസ് ഉണ്ടാകേണ്ടതും പ്രധാനമാണ്. പുതിയ കാര്യങ്ങൾ പരീക്ഷിക്കുകയും ഏറ്റവും ഫലപ്രദമായ സ്ട്രെസ്-മാനേജ്മെന്റ് ടെക്നിക്കുകൾ മനസിലാക്കി അവ പരിശീലിക്കുകയും ചെയ്യുക
advertisement
4. സ്വയം തിരിച്ചറിയുക
എല്ലാ ദിവസവും ഒരു സമ്മാനമാണെന്ന് തിരിച്ചറിയുക. നിങ്ങൾ വിലപ്പെട്ടവരാണെന്നും സ്വയം മനസിലാക്കുക. ജീവിതം എത്ര ക്ഷണികമാണെന്നും ഓരോരുത്തരും എത്രമാത്രം കഴിവുകൾ ഉള്ളവരാണെന്നും പലപ്പോഴും പലരും തിരിച്ചറിയാതെ പോകുകയാണ്. നിങ്ങളെ ഏറ്റവും നന്നായി നിങ്ങൾക്കു മാത്രമേ അറിയൂ.
5. സഹായം തേടാൻ മടിക്കരുത്
മാനസികാരോഗ്യത്തിനുള്ള തെറാപ്പികളും ചികിത്സയുമൊക്കെ നൽകുന്ന വിദഗ്ധർ ഇന്ന് നിരവധിയുണ്ട്. ആവശ്യമെങ്കിൽ സഹായം തേടാൻ മടിക്കേണ്ടതില്ല. നിങ്ങളുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും സുഹൃത്തുക്കളുമായും പങ്കുവെയ്ക്കാം. മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള പല തെറ്റായ ചിന്താഗതികളും മാറ്റിയെടുക്കേണ്ടതുണ്ട്. ശരിയായ ചികിത്സ തേടിയാൽ അതിന്റെ മാറ്റം നമ്മുടെ വ്യക്തിജീവിതത്തിലും തൊഴിൽമേഖലയിലുമെല്ലാം പ്രതിഫലിക്കും.
advertisement
6. ഒരു ഇടവേളയെടുക്കുക
തിരക്കുകളിൽ നിന്നകന്ന് ഇടക്കൊക്കെ വിശ്രമിക്കാൻ സമയം കണ്ടെത്തുക. ഇത്തരം ഇടവേളകൾ സന്തോഷം നൽകുന്ന എൻഡോർഫിൻ (endorphin) എന്ന ഹോർമോൺ ഉത്പാദിപ്പിക്കാൻ കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
നന്നായി ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ, സമ്മർദം, തളർച്ച, വിഷാദം, വിരസത എന്നിവ നിങ്ങളുടെ വ്യക്തി ജീവിതത്തെയും തൊഴിൽ ജീവിതത്തെയും ബാധിക്കുന്നുണ്ടെങ്കിൽ സഹായം തേടാൻ മടിക്കേണ്ട. കൗൺസിലിങ്ങിനായി പ്രൊഫഷണൽ സഹായം തന്നെ തേടാം. എംപവർ മൈൻഡിസിന്റെ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ഹെൽപ് ലൈൻ നമ്പറായ 1800-120-820050 ൽ വിളിക്കാവുന്നതാണ്. ഈ നമ്പറിൽ ചാറ്റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2022 1:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
World Mental Health Day | പുതുതലമുറയുടെ മാനസികാരോഗ്യം: ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങൾ