ന്യൂയോര്‍ക്ക്: പോണ്‍ വീഡിയോകളോടുള്ള അമിതമായ ആസക്തി ദാമ്പത്യജീവിതത്തില്‍ വില്ലനാകുന്നതായി റിപ്പോര്‍ട്ട്. ഇത്തരം വീഡിയോകള്‍ പതിവായി കണ്ട് കൊണ്ട് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരുണ്ടെന്നും വിദഗ്ധർ പറയുന്നു.
പോൺ വീഡിയോകള്‍ കാണുന്നവർക്ക് തങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാമെന്ന് അമേരിക്കന്‍ ന്യൂറോസയന്റിസ്റ്റ് ആയ ഡോക്ടര്‍ ആന്‍ഡ്രൂ ഡി ഹ്യൂബര്‍മാന്‍ പറയുന്നു. നമ്മുടെ ശരീരത്തിലെ ഡോപമിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇത്തരം വീഡിയോകള്‍ക്ക് കഴിയുന്നു. പോണ്‍ വീഡിയോകള്‍ നല്ലതാണോ ചീത്തയാണോ എന്നതല്ല കാര്യം. അവയെ നിയന്ത്രിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
2019ല്‍ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 6 ശതമാനത്തോളം പേരാണ് പോണോഗ്രാഫിയ്ക്ക് അടിമപ്പെട്ടവര്‍. ഈ പശ്ചാത്തലത്തില്‍ എന്താണ് പോണോഗ്രാഫി, എന്താണ് അതിന്റെ ഫലം എന്നതിനെപ്പറ്റി കൂടുതലറിയാം.
എന്താണ് പോണോഗ്രാഫി? ലൈംഗികത പ്രമേയമാക്കിയുള്ള ബുക്കുകള്‍, വീഡിയോകള്‍, സിനിമകള്‍ എന്നി എന്നിവയാണ് പോണോഗ്രാഫിയില്‍ ഉള്‍പ്പെടുന്നത്. മനുഷ്യനിലെ ലൈംഗിക വിചാരത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇത്തരം പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നത്.
പോണോഗ്രാഫിയുടെ ലഭ്യത ഇന്റര്‍നെറ്റിന്റെ കടന്നുവരവോടെ പോണോഗ്രാഫിക് കണ്ടന്റുകള്‍ വേഗത്തില്‍ തന്നെ ലഭിക്കാന്‍ തുടങ്ങി. അതിന്റെ വിതരണം കൂടുതല്‍ സുഗമമായി. അവയുപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്താണ് പോണ്‍ അഡിക്ഷന്‍? മണിക്കൂറുകളോളം പോണ്‍ വീഡിയോസ് കാണുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇത് വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും ഒരുപോലെയാണ് ബാധിക്കും. ജോലിയില്‍ ശ്രദ്ധയില്ലാതാകുക, ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെ വരിക എന്നിവയാണ് ഇത്തരക്കാരുടെ പ്രധാന ലക്ഷണങ്ങള്‍. അതുകൂടാതെ തലവേദന, ഉറക്കമില്ലായ്മ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും ഇവര്‍ക്കുണ്ടാകും.
പോണ്‍ വീഡിയോസ് എപ്പോഴാണ് വില്ലനായി മാറുന്നത്? ദാമ്പത്യജീവിതത്തിലേക്ക് കടക്കുന്ന അവസരത്തിലാണ് പോണോഗ്രഫി ഒരു വില്ലനായി മാറുന്നത്. പോൺ വീഡിയോകൾ പതിവായി കാണുന്നവർക്ക് തങ്ങളുടെ സ്വാഭാവിക ലൈംഗിക ജീവിതത്തില്‍ നിന്ന് സന്തോഷമുണ്ടാകില്ല. അതുപോലെ പങ്കാളിയിലും നിരവധി മാനസിക പ്രശ്‌നങ്ങള്‍ ഇതുകാരണം ഉണ്ടാകാമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. തലച്ചോറിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെയും ഇവ ബാധിക്കും.
ലൈംഗിക ബന്ധം എന്നത് പരസ്പര സമ്മതത്തോടെ രണ്ട് വ്യക്തികള്‍ തമ്മില്‍ നടത്തുന്ന ആത്മാവിഷ്‌കാരമാണ്. പോണോഗ്രാഫിയ്ക്ക് അടിമപ്പെടുന്നവര്‍ക്ക് ഈ ബന്ധത്തെ വേണ്ടരീതിയില്‍ ആസ്വദിക്കാന്‍ കഴിയില്ല. വളരെ യാന്ത്രികമായ ഒരു ബന്ധമായി മാത്രമേ അവര്‍ക്ക് തങ്ങളുടെ ലൈംഗിക ബന്ധത്തെ കാണാനാകൂ.
ഉത്കണ്ഠ, വിഷാദം, ആത്മഹത്യ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും പോണ്‍ അഡിക്ഷന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അശ്ലീല വീഡിയോയ്ക്ക് അടിമപ്പെട്ടവരുടെ തലച്ചോറിന്റെ സ്വഭാവിക പ്രവര്‍ത്തനം തന്നെ താളം തെറ്റും. ഇത് ഡോപമിന്റെയും മറ്റ് ഹോര്‍മോണുകളുടെയും അളവ് വര്‍ധിപ്പിക്കുന്നു. പോണ്‍ വീഡിയോ കാണുന്നയാള്‍ക്ക് അമിതമായ സന്തോഷം ലഭിക്കുമെങ്കിലും പതിയെ പതിയെ അത് അയാളുടെ മാനസികാരോഗ്യത്തെയാണ് ഇല്ലാതാക്കുന്നത്. കുടുംബമായും, സുഹൃത്തുക്കളുമായുള്ള ബന്ധത്തില്‍ ഇവ വിള്ളല്‍ വരുത്തും. എപ്പോഴും ഒറ്റയ്ക്കിരിക്കാന്‍ ഇത്തരക്കാര്‍ ആഗ്രഹിക്കും. ഇതെല്ലാം വിഷാദരോഗത്തിലേക്ക് വ്യക്തികളെ നയിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lifestyle, Pornography