Bharat Jodo Yatra | രാഹുൽ ഗാന്ധിയുടെ പദയാത്രക്കാലത്തെ ചോദ്യം; അമിതമായി നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
- Published by:Amal Surendran
- news18-malayalam
Last Updated:
52 വയസ്സുകാരനായ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അദ്ദേഹം ദിവസവും ഏകദേശം 25 കിലോമീറ്റർ അല്ലെങ്കിൽ 35,000-ലധികം സ്റ്റെപ്പുകൾ താണ്ടണം.
"ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം" എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസിന്റെ നേതൃത്വത്തിൽ മുൻ എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധി ജാഥ ക്യാപ്റ്റനായി നയിക്കുന്ന പദ യാത്രയായ 'ഭാരത് ജോഡോ യാത്ര' ആരംഭിച്ചിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞു.ഒരു മാസത്തിനുള്ളിൽ 3,570 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കാനാണ് ഭാരത് ജോഡോ യാത്ര ലക്ഷ്യമിടുന്നത്. ഇതുവരെ യാത്ര ഏകദേശം 350 കിലോമീറ്റർ പിന്നിട്ടു.
52 വയസ്സുകാരനായ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അദ്ദേഹം ദിവസവും ഏകദേശം 25 കിലോമീറ്റർ അല്ലെങ്കിൽ 35,000-ലധികം സ്റ്റെപ്പുകൾ താണ്ടണം. കന്യാകുമാരി മുതൽ കാശ്മീർ വരെ അഞ്ച് മാസം നീണ്ടു നിൽക്കുന്നതാണ് ഭാരത് ജോഡോ യാത്ര.
ഇത് ഒരു രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമാണെങ്കിലും രാഹുൽ ഗാന്ധിയുടെ ആരോഗ്യത്തെ അത് എങ്ങനെ ബാധിക്കുമെന്നും ചിന്തിക്കേണ്ടതുണ്ട്. അത്‌ലറ്റുകൾ അല്ലാത്ത രാഹുൽ ഗാന്ധിയെപ്പോലെ ആരോഗ്യമുള്ള ഒരാൾക്ക് ഇങ്ങനെയുള്ള അമിത നടത്തം ഉചിതമാണോ എന്നും പരിശോധിക്കണം. ഭാരത് ജോഡോ യാത്രയിൽ എല്ലാ ആഴ്ചയും ഒരു വിശ്രമദിനമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ട്. പങ്കെടുക്കുന്നവർക്കായി മെഡിക്കൽ ക്യാമ്പുകളും യോഗയും സംഘടിപ്പിക്കുന്നുമുണ്ട്.
advertisement
ട്രെൻഡി സ്മാർട്ട് വാച്ചുകളോ ഫിറ്റ്ബിറ്റ് ഉപകരണങ്ങളോ ഉപയോഗിച്ച് പരമാവധി ചുവടുകൾ റെക്കോർഡ് ചെയ്യുന്ന പുതിയ ട്രൻ്റ് യുവാക്കൾക്കിടയിലും മധ്യവയസ്കർക്കിടയിലും എന്തിന് വയോധികർക്കിടയിൽ പോലും ഉണ്ട്. ഇത് ദൈനംദിന നടത്തവും അമിത നടത്തവും തമ്മിലുള്ള വ്യത്യാസം അവ്യക്തമാക്കുന്നതായി ആരോഗ്യ വിദഗ്ധർ ന്യൂസ് 18നോട് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഈ നടത്തം അമിതമായ ക്ഷീണം, കാലിൽ കുമിളകൾ ഉണ്ടാകൽ, ഷൂ ബെെറ്റ്സ്, ഇടുപ്പ് സന്ധിയ്ക്ക് വേദന എന്നിവയുണ്ടാക്കാനിടയുണ്ട്. ഒപ്പം അനീമിയ, നിർജ്ജലീകരണം, പേശികളുടെ മുറുക്കം തുടങ്ങിയ ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം.
advertisement
നടത്തം ഹൃദയാരോഗ്യത്തിന് നല്ലതാണെങ്കിലും അമിത നടത്തം ഒരു ശരാശരി വ്യക്തിക്ക് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഭാരത് ജോഡോ യാത്രയുടെ പ്രയോജനങ്ങൾ ദീർഘകാലത്തേക്ക് ലഭിച്ചേക്കാം. എന്നാൽ നടത്തത്തിൻ്റെ പാർശ്വഫലങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രകടമായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. അതിനാൽ, ക്ഷീണവും സമ്മർദ്ദവും അനുഭവപ്പെടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അവർ ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു.
" 25 കിലോമീറ്റർ നടക്കുമ്പോൾ തന്നെ കാലിൽ കുമിളകൾ ഉണ്ടാകൽ, ഷൂ ബെെറ്റ്സ്, ഇടുപ്പ് സന്ധി വേദന, ഉപ്പൂറ്റി വേദന എന്നിവ വരാനുള്ള സാധ്യതയുണ്ട്" ഡൽഹി ആസ്ഥാനമായുള്ള ഇന്ത്യൻ സ്‌പൈനൽ ഇഞ്ചുറി സെന്ററിലെ (ഐഎസ്‌ഐസി) ഓർത്തോപീഡിക് വിദഗ്ധനും കാൽ, കണങ്കാൽ, സ്‌പോർട്‌സ് ഇൻജൂറി സ്‌പെഷ്യലിസ്റ്റുമായ ഡോ. അഭിഷേക് ജെയിൻ പറയുന്നു. നടത്തം ഉൾപ്പെടെയുള്ള വ്യായാമങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ തല മുതൽ കാൽ ശരീര പരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഏത് വ്യായാമത്തിന്റെയും ദൈർഘ്യം വളരെ പ്രധാനമാണ് നടത്തം പോലെയുള്ള വ്യായാമങ്ങൾക്കും ശ്രദ്ധ ആവശ്യമാണെന്ന് മറ്റ് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടു.
വ്യായാമത്തിന്റെ ഏറ്റവും എളുപ്പവും സാധാരണവുമായ രൂപമാണ് നടത്തം. ഇത് വളരെ എളുപ്പത്തിൽ ചെയ്യാമെന്ന് മാത്രമല്ല പ്രത്യേകിച്ച് പണച്ചിലവ് ഇല്ലാത്തതുമാണ്. പ്രത്യേക പരിശീലനമോ ഉപകരണങ്ങളോ നടത്തത്തിന് ആവശ്യമില്ല. എന്നാൽ ദിവസവും അഞ്ച് മൈൽ പെട്ടെന്ന് നടക്കുന്നത് സാധാരണ ഒരാളിൽ പരിക്കിന് കാരണമായേക്കാമെന്ന് സീനിയർ കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഡോ രാജീവ് ജയദേവൻ പറയുന്നു.
advertisement
ദിവസവും 3,000 അല്ലെങ്കിൽ 5,000 ചുവടുകൾ നടക്കുന്ന ഒരാൾക്ക് ഒരു ദിവസം 10,000 അല്ലെങ്കിൽ 15,000 ചുവടുകൾ നടക്കുന്നത് ഒരു പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരാൾ നടക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്?
നടക്കുമ്പോൾ പേശി വേദനകളോ പരിക്കുകളോ ഉണ്ടായാൽ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് വേദന പതിവായുണ്ടാകുന്നുണ്ടെങ്കിൽ. നടത്തം പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് വഴി സന്ധികൾക്ക് തേയ്മാനം സംഭവിക്കാറുണ്ടെന്ന് ഐസ്ഐസിയിലെ ജെയിൻ ചൂണ്ടിക്കാട്ടുന്നു.
വ്യായാമത്തിൽ നിന്ന് പേശികൾക്ക് ചെറിയ പൊട്ടലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നാൽ അത് കാലക്രമേണ ശരീരം തന്നെ ഭേദപ്പെടുത്തും. പേശികൾക്ക് ഉണ്ടാവുന്ന ക്ഷതങ്ങൾ സുഖപ്പെടാൻ സമയവും വിശ്രമവും ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.
advertisement
കഠിനമായ വ്യായാമമോ അമിതമായ പരിശീലനമോ മനുഷ്യശരീരത്തിന് താങ്ങാനാകില്ല.
നിങ്ങൾ പതിവായി നടക്കുന്ന ഒരാൾ അല്ലെങ്കിൽ അഥവാ ശരീരത്തിൽ വിറ്റാമിൻ ഡി, ബി 12 എന്നിവ കുറവാണെങ്കിൽ ദീർഘനേരം നടക്കുമ്പോൾ ഇത് തുടയിലെയും കാലിലെയും പേശികളുടെ ക്ഷീണത്തിനും, ഇടുപ്പ് സന്ധി വേദനക്കും കാരണമാകുന്നതായി ജെയിൻ കൂട്ടിച്ചേർത്തു.
“കാൽമുട്ടുകളിൽ ഭാരം വരുന്ന ഏതൊരു വ്യായാമവും കാൽമുട്ടിന് അനുയോജ്യമായ ഒന്നല്ല. നടത്തം നമ്മുടെ കാൽമുട്ടുകൾക്ക് ഒരു വ്യായാമമാണെങ്കിൽ ആളുകൾക്ക് ഓസ്റ്റിയോ ആർത്രൈറ്റിസ് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? ഞാൻ എന്തിനാണ് എല്ലാ ദിവസവും കാൽമുട്ടുകൾ മാറ്റിവെക്കുന്ന ശസ്ത്രക്രിയ ചെയുന്നതെന്ന്?" വാഷിയിലെ ഫോർട്ടിസ് ഹിരാനന്ദിനി ഹോസ്പിറ്റലിലെ സീനിയർ ജോയിന്റ് റീപ്ലേസ്‌മെന്റും നട്ടെല്ല് ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ മനീഷ് സോന്റക്കെ ചോദിക്കുന്നു.
advertisement
അമിതമായി നടക്കരുതെന്ന് തന്റെ രോഗികളോട് എപ്പോഴും പറയാറുണ്ടെന്ന് ഡോ മനീഷ് സോന്റക്കെ പറയുന്നു. കുനിഞ്ഞിരിക്കുമ്പോഴോ നിലത്തിരുന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴോ നമ്മുടെ കാൽമുട്ടിലെ മർദ്ദം നമ്മുടെ ശരീരഭാരത്തിന്റെ ഇരട്ടിയോളം വരും. ഭാരം കൂടുന്നതും ആവർത്തിച്ചുള്ള ഇത്തരം പ്രവർത്തനങ്ങളും സന്ധികളെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈക്ലിംഗ്, ലെഗ് എക്‌സ്‌റ്റൻഷൻ, ഭാരമുള്ള ലെഗ് കേർൾസ് തുടങ്ങിയ വ്യായാമങ്ങൾ കാൽമുട്ടുകൾക്ക് മാത്രമുള്ള പരിശീലനങ്ങളാണ്, കാരണം ഇവ ചെയ്യുമ്പോൾ ശരീരഭാരം സന്ധികളെ ബാധിക്കില്ല.
വ്യായാമം ചെയ്യുന്നത് സ്വന്തം ശരീരത്തിന് അനുസരിച്ചായിരിക്കണം. മറ്റുള്ളവരുടെ വ്യായാമങ്ങളുമായി ഒരിക്കലും താരതമ്യം ചെയ്യരുത് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഓരോ വ്യക്തിയും സ്വന്തം പരിധി കണ്ടെത്തണം. ശരീരത്തിന്റെ അവസ്ഥകളും മെഡിക്കൽ പ്രശ്നങ്ങളും അനുസരിച്ച് മാത്രമേ വ്യായാമം ചെയ്യാവൂ.
ഉദാഹരണത്തിന്, കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ച ഒരാൾ കുറഞ്ഞത് മൂന്ന് മാസമെങ്കിലും കഠിനമായ വ്യായാമങ്ങൾ ചെയ്യരുത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവർ ചെയ്യാൻ കഴിയുന്നതും ചെയ്യാൻ കഴിയാത്തതുമായ കാര്യങ്ങളെക്കുറിച്ച് ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്, ഡോ. ജയദേവൻ പറയുന്നു.
ഓർത്തോപീഡിക് പ്രശ്‌നങ്ങൾ മാത്രമല്ല, അമിതമായ നടത്തം മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. ഡെൽഹിയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ & മെഡിക്കൽ ഡയറക്‌ടർ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ.സുമിത് റേ പറയുന്നതനുസരിച്ച്: "ദീർഘ നേരത്തെ ആയാസകരമായ നടത്തം അല്ലെങ്കിൽ തുടർച്ചയായ ഓട്ടം എന്നിവ നിർജ്ജലീകരണമുണ്ടാക്കുന്നു. ഇത് ശരീരക്ഷീണത്തിന് കാരണമാകും."
അമിതമായ നടത്തം പ്രത്യേകിച്ച് യുവതികളിൽ അനീമിയക്ക് കാരണമാകുമെന്നും ഡോ.സുമിത് റേ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ നടത്തം ശരിയാണോയെന്ന് എങ്ങനെ തീരുമാനിക്കാം?
ഒരു വ്യക്തി നടക്കേണ്ട ദൂരവും സമയവും അവരുടെ ശാരീരിക അവസ്ഥയെ അനുസരിച്ചാണ് നിർണ്ണയിക്കുന്നതെന്ന് ഉദയ്പൂരിലെ പരാസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഓർത്തോപീഡിക്, നട്ടെല്ല് സർജറി ഡോ. ദീപക് അഗർവാൾ പറയുന്നു.
"ഒരിക്കലും നടക്കാത്ത ആളുകൾ പെട്ടെന്ന് 25 കിലോമീറ്ററോ അതിൽ കൂടുതലോ നടക്കാൻ തുടങ്ങിയാൽ അത് പേശി വേദനക്ക് കാരമമാകും. ഒപ്പം കാലുകളുടെ പേശികൾക്ക് അമിത അധ്വാനത്തിൻ്റെ ഫലമായി പ്ലാന്റാർ ഫാസിയൈറ്റിസ് ഉണ്ടാകാം." എന്ന് ഡോ. ദീപക് അഗർവാൾ പറയുന്നു.
നടത്തത്തിന്റെ ദൈർഘ്യം പെട്ടെന്ന് വർദ്ധിക്കുന്നത് സ്ട്രെസ് ഫ്രാക്ചറിന് കാരണമാകും. ഇത് സന്ധികൾക്ക് മൈക്രോ ട്രോമ ഉണ്ടാക്കും. സന്ധിവാതം വളരെ നേരത്തേ വരുന്നതിന് കാരണമാകുമെന്നും ഡോ. ദീപക് അഗർവാൾ പറയുന്നു.
എന്നാൽ ഒരു വ്യക്തി ശാരീരികമായി ഫിറ്റാണെങ്കിൽ അയാൾക്ക് സാധാരണയായി 5 മുതൽ10 കിലോമീറ്റർ വരെ നടക്കാൻ സാധിക്കും. ഇത്തരക്കാർക്ക് ക്രമേണ 25 മുതൽ 30 വരെ കിലോമീറ്റർ നടക്കാൻ കഴിയും. രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ, നടത്തം പോലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഏർപ്പെടാത്തതിനാൽ അത് ബുദ്ധിമുട്ടായിരിക്കും എന്നാണ് ഡോ. ദീപക് അഗർവാൾ പറയുന്നത്.
നടക്കാനുള്ള ഏറ്റവും നല്ല വഴി
ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണ് നടത്തം എന്ന് വിദഗ്ധർ പറയുന്നു.
ദീർഘദൂര നടത്തത്തിൻ്റെ വിജയ രഹസ്യം ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിച്ച് സ്വയം വേഗത ക്രമീകരിക്കുക എന്നതാണെന്ന് ഐഎസ്ഐസിയിൽ നിന്നുള്ള ജെയിൻ പറയുന്നു. അമിത വ്യായാമം അരുതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ശരിയായ നടത്തം എല്ലാ തരത്തിലും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ക്യാൻസറിനും ഡിമെൻഷ്യയ്ക്കും ഉള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം എല്ലുകളുടെ ബലം വർദ്ധിപ്പിക്കുമെന്നും ഡോക്ടർ ജയദേവൻ പറയുന്നു.
ചുരുക്കത്തിൽ, നമ്മൾ പ്രതിദിനം ചെയ്യുന്ന വ്യായാമത്തിന്റെ അളവല്ല, മറിച്ച് ദീർഘകാലാടിസ്ഥാനത്തിൽ എത്ര സ്ഥിരതയോടെ വ്യായാമം ചെയ്യുന്നു എന്നതാണ് പ്രധാനം. ആരോഗ്യം ഒരു ദീർഘകാല നിക്ഷേപമാണ്, ഇതിന് കുറുക്കുവഴികളില്ല ഡോക്ടർ ജയദേവൻ കൂട്ടിച്ചേർത്തു.
സ്വയം അറിഞ്ഞ് നടക്കുക, അമിതമായി നടക്കാതിരിക്കുക, ഡോ. ദീപക് അഗർവാളിൻ്റെ വാക്കുകൾ ഇങ്ങനെയാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 25, 2022 4:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Bharat Jodo Yatra | രാഹുൽ ഗാന്ധിയുടെ പദയാത്രക്കാലത്തെ ചോദ്യം; അമിതമായി നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?