• HOME
  • »
  • NEWS
  • »
  • life
  • »
  • വാക്സിൻ നയത്തില്‍ മാറ്റം വേണം; സംസ്ഥാന സർക്കാർ രൂപീകരിച്ച  സമിതി ആരോഗ്യമന്ത്രിക്ക് നിർദേശങ്ങൾ സമർപ്പിച്ചു

വാക്സിൻ നയത്തില്‍ മാറ്റം വേണം; സംസ്ഥാന സർക്കാർ രൂപീകരിച്ച  സമിതി ആരോഗ്യമന്ത്രിക്ക് നിർദേശങ്ങൾ സമർപ്പിച്ചു

ഡോ. ബി ഇക്ബാൽ അധ്യക്ഷനായ ഏഴംഗ സമിതിയാണ് റിപ്പോർട്ട് കൈമാറിയത്

  • Share this:
തിരുവനന്തപുരം: സംസ്ഥാന സർക്കാർ രൂപീകരിച്ച വാക്സിൻ നയരൂപീകരനസമിതി തയാറാക്കിയ നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജിന് കൈമാറി. ഡോ. ബി ഇക്ബാൽ അധ്യക്ഷനായ ഏഴംഗ സമിതിയാണ് റിപ്പോർട്ട് കൈമാറിയത്.

ഡോ ആർ അരവിന്ദ് (ഇൻഫക്ഷ്യസ് ഡിസീസ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ഡോ പ്രതാപചന്ദ്രൻ സി സർവലയൻസ് ഓഫീസർ ലോകാരോഗ്യ സംഘടന,  ഡോ ചാന്ദ്നി ആർ, മെഡിസിൻ പ്രൊഫസർ, മെഡിക്കൽ കോളേജ് കോഴിക്കോട്, ഡോ പ്രീത പി പി, സംസ്ഥാന ഇമ്മ്യൂണൈസേഷൻ ഉപദേശക സമിതി അംഗം, ഡോ സജിത് കുമാർ, എമിരറ്റസ് പ്രൊഫസർ, ഇൻഫക്ഷ്യസ് ഡിസീസസ്, മെഡിക്കൽ കോളേജ് കോട്ടയം, ഡോ ജയരാമൻ ടി പി പീഡിയാട്രിഷ്യൻ, ഗവർമെൻ്റ് വിമൻ ആൻ്റ് ചിൽഡ്രൻ ആശുപത്രി പാലക്കാട് എന്നിവരാണ് സമിതി അംഗങ്ങൾ.

സംസ്ഥാന വാക്സിൻ നയരൂപീകരണ സമിതി സമർപ്പിച്ച പ്രധാന നിർദ്ദേശങ്ങൾ:

ഹ്രസകാല, മധ്യകാല, ദീർഘകാലാടിസ്ഥാനത്തിൽ ഒന്നരവർഷം, മൂന്നുവർഷം, അഞ്ചുവർഷം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി നടപ്പാക്കേണ്ട നിർദ്ദശങ്ങളാണ് സമിതി തയ്യാറാക്കിയിട്ടുള്ളത്.

ഹ്രസ്വകാലത്തിനുള്ളിൽ (ഒന്നര വർഷത്തിനകം) നടപ്പിലാക്കേണ്ടവ

1. മുണ്ടിനീര് (Mumps) രാജ്യത്ത് ഇപ്പോഴും കാണപ്പെടുന്നത് കൊണ്ട് സാർവ്വത്രിക ഇമ്മ്യൂണൈസേഷൻ പ്രോഗാമിൽ എം ആർ വാക്സിന് (MR : Measles, Rubella] . പകരം, എം എം ആർ വാക്സിൻ (MMR: Measles. Mumps, Rubella] ഉൾപ്പെടുത്തുക

2. വില്ലൻചുമ വീണ്ടും വരാനുള്ള സാധ്യതകണക്കിലെടുത്ത് പത്ത് വയസ്സിൽ നൽകുന്ന ടിഡി വാക്സിൻ (Td: tetanus, diphtheria vaccine), ടിഡാപ് വാക്സിൻ (Tdap: tetanus, diphtheria, pertussis) ആക്കുക

3. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ പോളിയോ നിലനിൽക്കുന്നതിനാൽ മൂന്ന് ഇനം പോളിയോവൈറസുകളെയും പ്രതിരോധിക്കുന്ന പോളിയോ വാക്സിൻ ഇഞ്ചക്ഷൻ (IPV Injection: Inactivated poliovirus vaccine) 18 ആം മാസത്തിൽ നൽകുക

4. എച്ച് 1 എൻ 1 ഫ്ലൂ ബാധമൂലമുള്ള രോഗതുരതയും മരണസാധ്യതയും കുറക്കുന്നതിനായി ഗർഭിണികൾക്ക് ഇൻഫ്ലുവെൻസ വാക്സിൻ (quadrivalent influenza vaccine) നൽകുക

5. നവജാതശിശുക്കൾക്ക് വില്ലൻചുമ, ഡിഫ്തീരിയ ഇവ തടയുന്നതിനായി, ഗർഭിണികൾക്ക് നൽകീരുന്ന ടി ടി (TT: Tetanus Toxoid) ടിഡാപ്പാക്കുക (Tdap: tetanus, diphtheria, pertussis).

6. ഡിഫ്തീരിയ, മീസിൽസ്, മുണ്ടിനീര്, റുബല്ല എന്നീ രോഗങ്ങൾ കൗമാരപ്രായത്തിലും യൗവനത്തിലും വരുന്നത് തടയാൻ പത്താം ക്ളാസ്സിലോ കോളേജ് പ്രവേശനസമയത്തോ നേരത്തെ വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവർക്ക് ടിഡി എം എം ആർ വാക്സിൻ (Td+MMR) നൽകുക

7. ഇൻഫ്ളുവൻസയും ശ്വാസകോശ അണുബാധയും കൂടുതലായി ബാധിക്കാൻ സാധ്യതയുള്ളത് കൊണ്ട് 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, പ്രതിരോധശേഷികുറഞ്ഞ രോഗമുള്ളവർ, എന്നിവർക്ക് രണ്ട് ഡോസ് ന്യൂമോകോക്കൽ വാക്സിനും വർഷം തോറും ഫ്ലൂ വാക്സിനും (pneumococcal vaccine and annual quadrivalent influenza vaccine) നൽകുക

8. എല്ലാ അതിഥിതൊഴിലാളികൾക്കും വാക്സിനേഷൻ നിലവാരം കണക്കിലെടുത്ത് വാക്സിനേഷൻ കാർഡുകൾ നൽകുക. പ്രായത്തിനനുസരിച്ചുള്ള വാക്സിൻ സ്വീകരിക്കാത്തവർക്ക് അവ നൽകുക.

9. സ്കൂൾ പ്രവേശനസമയത്ത് എല്ലാ കുട്ടികളുടെയും വാക്സിനേഷൻ സ്ഥിതി വിലയിരുത്തുക. ഉചിതമായ വാക്സിനേഷൻ സ്വീകരിക്കാത്ത കുട്ടികൾക്ക് മാതാപിതാക്കളുമായി ആശയവിനിമയം നടത്തി വാക്സിനേഷൻ നൽകുക

10. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാക്കുന്നവർക്ക് നടത്തേണ്ടിവരുന്ന പരിശോധനാചെലവുകളും വാക്സിനേഷൻ ചെലവുകളും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ പെടുത്തുക

11. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഹോട്ടൽ, പാചകതൊഴിലാളികൾക്കും ഹെപ്പറ്റൈറ്റിസ് എ, എൻ്ററിക്ക് ഫീവർ (Hepatitis A, Enteric fever) വാക്സിനേഷൻ നൽകുക. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാവർക്കും വാക്സിനേഷൻ കാർഡ് നിർബന്ധമാക്കുക

12. സ്വകാര്യ ആശൂപത്രികളിലൂടെ നൽകിവരുന്ന വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സംവിധാനം സംഘടിപ്പിക്കുക സ്വകാര്യ ആശൂപത്രികളിൽ നിന്നും വാക്സിനേഷൻ സ്വീകരിക്കുന്നവർക്കായി പ്രത്യേക വാക്സിനേഷൻ സർട്ടിഫിക്കേറ്റ് തയ്യാറാക്കുക.

13. മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്ന എല്ലാവരുടെയും വാക്സിനേഷൻ സ്ഥിതി വിലയിരുത്തേണ്ടതാണ്. ഇവർക്ക് ഹെപ്പറ്റൈറ്റിസ് എ, ടൈഫോഡ്, കോളറ (Hepatitis A, Typhoid and Cholera) വാക്സിനുകൾ നൽകേണ്ടതാണ്. ടെടനസ്, ഡിഫ്തീരിയ, മീസിൽസ്, റുബല്ല, മുണ്ടിനീര് എന്നിവക്കുള്ള വാക്സിനേഷൻ (Td/Tdap, MMR) ഇതിനകം സ്വീകരിക്കാത്തവർക്ക് നൽകേണ്ടതാണ്

14. പേപ്പട്ടി വിഷബാധയേൽക്കാൻ സാധ്യതയുള്ള തൊഴിലിലേർപ്പെട്ടിരിക്കുന്നവർക്കെല്ലാം (മൃഗചികിത്സകർ, പട്ടികളെ വളർത്തുന്നവർ,) പേവിഷ പ്രതിരോധ വാക്സിൻ (Pre-exposure prophylaxis) നൽകേണ്ടതാണ്. പേപ്പട്ടി വിഷബാധ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിൽ കുട്ടികൾക്കും പേവിഷ വാക്സിൻ നൽകേണ്ടതാണ്.

മധ്യകാലത്ത് (മൂന്നുവർഷത്തിനകം) നടപ്പിലാക്കേണ്ടവ

1. ഔഷധ പ്രതിരോധശേഷിയുള്ള ടൈഫോയിഡ് ബാക്ടീരികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട് വരുന്ന സാഹചര്യത്തിൽ ടൈഫോയ്ഡ് വാക്സിൻ (TCV: Typhoid conjugate vaccine) 6-9 മാസത്തിൽ സാർവത്രിക വാക്സിനേഷൻ പ്രോഗാമിൽ പെടുത്തുക

2. വിതരണ സാധ്യതകണക്കിലെടുത്ത് ഹെപറ്റൈറ്റിസ് എ (Hepatitis A vaccine) വാക്സിൻ 12 ആം മാസത്തിൽ നൽകുക

3. കേരളത്തിൽ 16 ആം മാസത്തിൽ ഒരു ഡോസ് മാത്രം നൽകുന്ന ജപ്പാനീസ് എൻ കെഫലൈറ്റിസ് വാക്സിൻ (JE: Japanese Encephalitis) ദേശീയ വാകിനേഷൻ പദ്ധതിയിൽ പെടുത്തിയിട്ടുള്ളത് പോലേ 9-16 മാസങ്ങളിലായി രണ്ട് ഡോസ് നൽകുക.

4. ജപ്പാനീസ് എൻ കെഫലൈറ്റിസ് വാക്സിൻ ഇപ്പോൾ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ മാത്രമാണ് നൽകുന്നത്. രോഗവ്യാപനപഠനം നടത്തി അവശ്യമെങ്കിൽ മറ്റ് ജില്ലകളിലുള്ളവർക്കും വാക്സിൻ നൽകുക

5. വാക്സീനേഷനെ സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ വാക്സിനേഷൻ കാർഡ് എല്ലാവർക്കും നൽകുക

6. മൂന്ന് മാസത്തിൽ കൂടുതൽ കേരളത്തിൽ താമസിക്കാൻ പുറമേനിന്നും എത്തുന്നരുടെ വാക്സിനേഷൻ നില കണക്കാക്കുക. പ്രായത്തിനനുസരിച്ച് വാക്സിനേഷൻ എടുക്കാത്തവർക്ക് ഉചിതമായ വാക്സിനേഷൻ നൽകുക

7. നേരത്തെ സ്വീകരിച്ചിട്ടില്ലെങ്കിൽ എല്ലാ അതിഥിസംസ്ഥാന തൊഴിലാളികൾക്കും ടി ഡാപ്, എം എം ആർ, ടൈഫോയിഡ്, കോളറ വാക്സിനേഷൻ നൽകുക

ദീർഘകാലാടിസ്ഥാനത്തിൽ (അഞ്ചുവർഷത്തിനകം) നടപ്പിലാക്കേണ്ടവ

1. സാർവത്രിക വാക്സിനേഷൻ പ്രോഗ്രാമില വർഷം തോറും വേരിസെല്ല (ചിക്കൻ പോക്സ്) ഇൻഫ്ളുവെൻസ വാക്സിനുകൾ ഉൾപ്പെടുത്തുക

2. ഗർഭാശയകാൻസർ വർധിക്കുന്നതായി കണ്ടാൽ ഹുമൻ പാപ്പിലോമ വൈറ്സ വാസ്കിൻ )HPV vaccine: Human Papilloma Virus] നൽകുന്നത് പരിഗണിക്കുക

3. സംസ്ഥാന വാക്സിൻ നയത്തിൽ അവയവമാറ്റശസ്ത്രക്രിയക്കും (solid organ transplantation) സ്റ്റെം സെൽ (hematopoetic stem cell transplantation) ശസ്ത്രക്രിയക്കും വിധേയരാവുന്നവർക്കുള്ള വാക്സിനുകൾ ഉൾപ്പെടുത്തുക
Published by:Rajesh V
First published: