HOME /NEWS /Life / Sinusitis| സൈനസൈറ്റിസിന് ശാശ്വത പരിഹാരം എന്ത്?

Sinusitis| സൈനസൈറ്റിസിന് ശാശ്വത പരിഹാരം എന്ത്?

സൈനസ് പ്രശ്‌നങ്ങൾ ശാശ്വതമായി ഭേദമാക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചികിത്സകൾ സ്വീകരിക്കാം എന്ന് നോക്കാം

സൈനസ് പ്രശ്‌നങ്ങൾ ശാശ്വതമായി ഭേദമാക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചികിത്സകൾ സ്വീകരിക്കാം എന്ന് നോക്കാം

സൈനസ് പ്രശ്‌നങ്ങൾ ശാശ്വതമായി ഭേദമാക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചികിത്സകൾ സ്വീകരിക്കാം എന്ന് നോക്കാം

 • Share this:

  സൈനസ് അറകളിലുണ്ടാകുന്ന അണുബാധയാണ് സൈനസൈറ്റിസായി മാറുന്നത്. കണ്ണിനു താഴെ, കണ്ണിനു മുകളിൽ, മൂക്കിന്റെ വശങ്ങളിൽ, മൂക്കിനു പിറകിൽ തലച്ചോറിനു തൊട്ടു താഴെയായി, കണ്ണിനും മൂക്കിനും ഇടയ്ക്ക് ഇങ്ങനെയാണു സൈനസുകളുടെ സ്ഥാനം. വിട്ടുമാറാത്ത സൈനസൈറ്റിസ്, സൈനസ് തലവേദന എന്നിവ നിങ്ങളുടെ ദൈനംദിന ജീവിതത്തിലും ആരോഗ്യത്തിലും വലിയ വെല്ലുവിളി തന്നെയാണ്. ഇത്തരം വേദന വരുമ്പോൾ നിങ്ങളുടെ പതിവ് ദിനചര്യകളെ വരെ തെറ്റിക്കും. അത് നിങ്ങളെ അസ്വസ്ഥരും നിരാശരുമാക്കും. സൈനസ് പ്രശ്‌നങ്ങൾ ശാശ്വതമായി ഭേദമാക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചികിത്സകൾ സ്വീകരിക്കാം എന്ന് നോക്കാം.

  വിട്ടുമാറാത്ത സൈനസ് അണുബാധയ്ക്കുള്ള ചികിത്സകൾ

  ഇൻട്രാനേസൽ കോർട്ടികോസ്റ്റീറോയിഡുകൾ

  ഇൻട്രാനാസൽ കോർട്ടികോസ്റ്റീറോയിഡുകൾ മൂക്കിന്റെ ഭാഗങ്ങളിലെ വീക്കം കുറയ്ക്കുന്നു. ഫ്‌ലൂട്ടികാസോൺ (ഫ്‌ലോണേസ്), മോമെറ്റാസോൺ (നേസോനെക്‌സ്) എന്നിവ അതിന് ഉദാഹരണങ്ങളാണ്. അവ നീർവീക്കം കുറയ്ക്കുന്നു. അതിനാൽ മൂക്കിൽ നിന്ന് മ്യൂക്കസ് കൂടുതൽ എളുപ്പത്തിൽ പുറത്തുവരുകയും ശ്വസനം സുഗമമാക്കുകയും ചെയ്യും.

  ഓറൽ കോർട്ടികോസ്റ്റീറോയിഡുകൾ

  ഇൻട്രാനാസൽ സ്റ്റിറോയിഡുകൾ പോലെ പ്രവർത്തിക്കുന്ന ഗുളികകളാണ് ഓറൽ കോർട്ടികോസ്റ്റീറോയിഡുകൾ. ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കാത്ത വിട്ടുമാറാത്ത അണുബാധകൾക്ക് ഡോക്ടർമാർ സാധാരണയായി വളരെ കുറച്ച് കാലത്തേക്ക് മാത്രം ഓറൽ കോർട്ടികോസ്റ്റീറോയിഡുകൾ നിർദ്ദേശിക്കാറുണ്ട്. ഓറൽ സ്റ്റിറോയിഡുകൾക്ക് മൂക്കിലൊഴിക്കുന്ന മരുന്നുകളേക്കാൾ കൂടുതൽ പാർശ്വഫലങ്ങൾ ഉള്ളതാണ്

  ഡീകോംഗെസ്റ്റന്റുകൾ

  ഈ മരുന്നുകൾ സൈനസുകൾ തടയുന്നതിനും മൂക്കടപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. നേസൽ സ്‌പ്രേകളായും മരുന്നുകളായും ആണ് ഇവ വിൽക്കുന്നത്. നേസൽ അഫ്രിൻ അല്ലെങ്കിൽ സുഡാഫെഡ് എന്നിവ ഈ മരുന്നുകൾക്ക് ഉദാഹരണങ്ങളാണ്. എന്നിരുന്നാലും, നിങ്ങൾ കുറച്ച് ദിവസത്തിൽ കൂടുതൽ നേസൽ ഡീകോംഗെസ്റ്റന്റ് സ്‌പ്രേകൾ ഉപയോഗിക്കരുത്. അവ വളരെക്കാലം ഉപയോഗിക്കുകയാണെങ്കിൽ അവയ്ക്ക് വിപരീത ഫലമുണ്ടാകും.

  ഉപ്പുവെള്ളം ഉപയോഗിക്കുക

  ഉപ്പ് വെള്ളം മൂക്കിലേക്ക് സ്‌പ്രേ ചെയ്യുമ്പോൾ കഫത്തെ കുറയ്ക്കുകയും മൂക്ക് വൃത്തിയാക്കുകയും ബാക്ടീരിയയുടെ വളർച്ചയെ തടയുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ ജലദോഷത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത്തരത്തിൽ ഇടക്കിടക്ക് ചെയ്താൽ വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ എത്ര വലിയ ജലദോഷമാണെങ്കിലും അതിനെ ഇല്ലാതാക്കാൻ സാധിക്കും. മിക്ക ഫാർമസികളിലും നിങ്ങൾക്ക് സലൈൻ നോസ് സ്‌പ്രേകൾ വാങ്ങാം.

  ഇത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതുമാണ്. അൽപം വലിപ്പമുള്ള ഒരു സിറിഞ്ച്, ഒരു കപ്പ് ശുദ്ധമായ തിളപ്പിച്ച വെള്ളം, അര ടീസ്പൂൺ ഉപ്പ്, അര ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഇവ നല്ലതു പോലെ മിക്‌സ് ചെയ്താൽ ഈ മിശ്രിതം നിങ്ങൾക്ക് മൂന്ന് ദിവസമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

  ഈ മിശ്രിതം സിറിഞ്ചിൽ അല്ലെങ്കിൽ ഒരു സ്‌പ്രേ ബോട്ടിലിൽ നല്ലതു പോലെ നിറച്ച ശേഷം തലയുടെ പിൻഭാഗത്തേക്ക് എത്തുന്ന തരത്തിൽ വേണം ഇത് മൂക്കിന് താഴെ പിടിക്കേണ്ടത്. അതിന് ശേഷം ഈ മിശ്രിതം സിറിഞ്ച് കൊണ്ട് മൂക്കിലേക്ക് തെറിപ്പിക്കുക. ഇത് അടുത്ത മൂക്കിലൂടേയോ അല്ലെങ്കിൽ വായിലൂടെയോ പുറത്തേക്ക് വരേണ്ടതാണ്. എങ്കിൽ മാത്രമേ കഫത്തെ പൂർണമായും പുറത്തേക്ക് കൊണ്ടു വരികയുള്ളൂ.

  ആന്റിബയോട്ടിക്കുകൾ

  നിങ്ങളുടെ മൂക്കിനുള്ളിൽ നിന്ന് കോശങ്ങൾ ലഭിക്കുന്നതിന് ഡോക്ടർമാർ ഒരു പ്രത്യേക പരിശോധന നടത്തും. നിങ്ങളുടെ നാസൽ ഭാഗങ്ങളിലെ രോഗകാരികളെ നിർണ്ണയിക്കാൻ ഡോക്ടർ ഈ സാമ്പിൾ ഒരു ലബോറട്ടറിയിലേക്ക് അയയ്ക്കും. ഈ ഫലം പരിശോധിച്ച് ലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സിക്കുന്നതിനായി അവർ ശരിയായ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കും.

  ഇമ്മ്യൂണോതെറാപ്പി

  വിട്ടുമാറാത്ത സൈനസൈറ്റിസ് ഉള്ള ചില ആളുകൾക്ക് രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അവസ്ഥയാണിത്. IgA കുറവ്, C4 കുറവ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. അണുബാധയ്ക്കും വീക്കത്തിനും എതിരെ പ്രതിരോധിക്കാൻ ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കുന്നതിന് ഇൻട്രാവണസ് ഇമ്യൂണോഗ്ലോബുലിൻസ് പോലുള്ള ഇമ്മ്യൂണോതെറാപ്പി ചികിത്സകൾ നിർദ്ദേശിക്കുന്നത് ചികിത്സയിൽ ഉൾപ്പെട്ടേക്കാം. അമേരിക്കൻ ഫാമിലി ഫിസിഷ്യൻ ജേണലിലെ ഒരു ലേഖനം അനുസരിച്ച്, മിക്ക ഡോക്ടർമാരും ക്രോണിക് സൈനസൈറ്റിസ് ഒരു ഇൻഫ്‌ലമേറ്ററി കണ്ടീഷൻ ആണെന്ന് കരുതുന്നു. അതുകൊണ്ടാണ് അവർക്ക് പലപ്പോഴും കോർട്ടികോസ്റ്റീറോയിഡുകൾ പോലുള്ള മരുന്നുകൾ നിർദ്ദേശിക്കുന്നത്.

  വിട്ടുമാറാത്ത അണുബാധയ്ക്കുള്ള ശസ്ത്രക്രിയ

  മെഡിക്കൽ തെറാപ്പികൾ കൊണ്ട് സൈനസൈറ്റിസ് മാറിയില്ലെങ്കിൽ ഡോക്ടർമാർ സാധാരണയായി ശസ്ത്രക്രിയ ശുപാർശ ചെയ്യും. ശ്വസനവും മൂക്കിനുള്ളിലെ നീരൊഴുക്കും എളുപ്പമാക്കുന്നതിന് ശസ്ത്രക്രിയകൾ വഴി സൈനസ് അറകളുടെ വലുപ്പം കൂട്ടാൻ കഴിയും. മുൻകാലങ്ങളിൽ സൈനസ് ശസ്ത്രക്രിയയ്ക്ക് എല്ലുകളും ടിഷ്യുകളും നീക്കം ചെയ്യേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല.

  ബലൂൺ സൈനപ്ലാസ്റ്റി

  2004 മുതൽ അമേരിക്കയിൽ ഡോക്ടർമാർ ആരംഭിച്ച ശസ്ത്രക്രിയാ രീതിയാണ് ബലൂൺ സൈനപ്ലാസ്റ്റി. ശസ്ത്രക്രിയാ വിദഗ്ധൻ സൈനസ് ഭാഗങ്ങളിൽ ബലൂൺ ടിപ്പുള്ള ഒരു ചെറിയ നേർത്ത കുഴൽ ബന്ധിപ്പിക്കും. തുടർന്ന് കുഴൽ ശരിയായ സ്ഥലത്താണെന്ന് അവർ ഉറപ്പാക്കുകയും ബലൂണിനെ പതുക്കെ വീർപ്പിക്കുകയും ചെയ്യുന്നു. ബലൂൺ വീർക്കുന്നതനുസരിച്ച് സൈനസ് പാതയും വലുതാകുന്നു. ഇത് പൂർത്തിയായി കഴിഞ്ഞാൽ, ഡോക്ടർമാർ നേർത്ത കുഴൽ സൈനസ് ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്യും.

  വിട്ടുമാറാത്ത സൈനസൈറ്റിസ് ഉള്ള എല്ലാ ആളുകൾക്കും ഈ ചികിത്സ അനുയോജ്യമാകണമെന്നില്ല. മുഴകളോ പോളിപ്‌സുകളോ നിങ്ങളുടെ സൈനസ് പാസേജുകളെ തടയുന്നുണ്ടെങ്കിലും ഈ രീതി ഫലപ്രദമാകില്ല.

  ഫങ്ഷണൽ എൻഡോസ്‌കോപ്പിക് സൈനസ് സർജറി (FESS)

  വിട്ടുമാറാത്ത സൈനസൈറ്റിസ് ചികിത്സിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്ന മറ്റൊരു ചികിത്സാ രീതിയാണ് ഫംഗ്ഷണൽ എൻഡോസ്‌കോപ്പിക് സൈനസ് സർജറി അല്ലെങ്കിൽ എഫ്ഇഎസ്എസ്. ശസ്ത്രക്രിയാ വിദഗ്ധൻ നിങ്ങളുടെ മൂക്കിന്റെ ഉൾഭാഗം കാണുന്നതിനായി അറ്റത്ത് പ്രകാശമുള്ള ക്യാമറയുള്ള ഒരു പ്രത്യേക ഉപകരണം ഉപയോഗിക്കും. നിങ്ങളുടെ സൈനസുകൾ വലുതാക്കുന്നതിന് അധികമായുള്ള കോശങ്ങൾ, നാസൽ പോളിപ്‌സ് അല്ലെങ്കിൽ നാസൽ സിസ്റ്റുകൾ എന്നിവ നീക്കം ചെയ്യാൻ അവർ ചെറിയ ഉപകരണങ്ങൾ ഉപയോഗിക്കും. അനസ്‌ത്യേഷ്യ നൽകിയാണ് ഇഎൻടി സർജൻ ശസ്ത്രക്രിയ നടത്തുക. ഇതിനായി ജനറൽ അനസ്‌തേഷ്യ അല്ലെങ്കിൽ കോൺഷ്യസ് സെഡേഷൻ നൽകിയേക്കാം.  

  വിട്ടുമാറാത്ത സൈനസ് അണുബാധയ്ക്കുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ

  • കുറച്ച് ദിവസത്തേക്ക് വെയിലും പൊടിയും ഏൽക്കാതെ നോക്കുക
  • പച്ചമഞ്ഞളും തുളസി ഇലയും ഉപയോഗിച്ച് ആവി പിടിക്കുക
  • ചൂട് വെള്ളമോ ചൂട് ചിക്കൻ സൂപ്പോ ഇടയ്ക്കിടെ കുടിക്കുക
  • ഉറങ്ങുമ്പോൾ തല ഉയർത്തിവെച്ച് കിടക്കുക
  • മുഖത്ത് വേദനയുള്ള ഭാഗങ്ങളിൽ ചൂടുപിടിക്കുക
  • ആപ്പിൾ സിഡെർ വിനെഗർ നിങ്ങൾക്ക് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. സൈനസൈറ്റിസ് ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു. ആപ്പിൾ സിഡെർ വിനെഗർ നിങ്ങളുടെ സൈനസ് മർദ്ദം ഒഴിവാക്കുകയും വേദന കുറയ്ക്കുകയും ചെയ്യുന്നു.
  • സൈനസ് പ്രഷർ ഒഴിവാക്കാൻ ചില അവശ്യ എണ്ണകൾ ഉപയോഗിക്കാൻ അമേരിക്കൻ സൈനസ് ഇൻസ്റ്റിറ്റ്യൂട്ട് ശുപാർശ ചെയ്യുന്നു. മൂക്കൊലിപ്പ് തടയുന്നതിനായി മെന്തോൾ ഉപയോഗിക്കാം.
  • ചെറുചൂടുള്ള വെള്ളത്തിൽ തേനും അര നാരങ്ങയുടെ നീരും പിഴിഞ്ഞ് ചേർത്ത് കുടിക്കുക. ഇതും മ്യൂക്കസ് നീക്കം ചെയ്യാൻ സഹായിക്കുന്നു
  • സാധാരണ ജലദോഷത്തിനും സൈനസൈറ്റിസുമൊക്കെ ആവി കൊള്ളുന്നത് നല്ലതാണ്. എന്നാൽ ആസ്മ, അലർജി രോഗികൾ ആവി കൊള്ളരുത്. മറ്റുള്ളവർ സാധാരണ ജലദോഷം ഉള്ളപ്പോൾ ശുദ്ധമായ വെള്ളം തിളപ്പിച്ച് ആവിയേൽക്കുന്നതു നല്ലതാണ്. വേണമെങ്കിൽ ഏതാനും തുള്ളി ടിൻജർ ബെൻസോയ്ഡ് ആവിപിടിക്കുന്ന വെള്ളത്തിൽ കലർത്താം.
  • ധാരാളം വെള്ളം കുടിക്കുന്നതും ശരീരം ജലാംശത്തോടെ നിലനിർത്തുന്നതും നിർജ്ജലീകരണത്തിൽ നിന്ന് രക്ഷിക്കും. ജലം നിങ്ങളുടെ മ്യൂക്കസ് നേർത്തതാക്കുകയും മൂക്കൊലിപ്പ് തടയുകയും ചെയ്യുന്നു.

  First published:

  Tags: Health news, Sinusitis