ഇന്ന് ലോക അല്ഷിമേഴ്സ് ദിനം (World alzheimers day). മറവിരോഗം ഒരു ന്യൂറോളജിക്കല് തകരാറാണ്. അത് സാവധാനത്തില് നമ്മുടെ ഓര്മ്മകളെയും ചിന്താശേഷിയെയും ഇല്ലാതാക്കുന്നു. ഇത് മസ്തിഷ്കത്തെ ചുരുക്കുകയും മസ്തിഷ്ക കോശങ്ങള് ക്രമേണ ഇല്ലാതാകുകയും ചെയ്യും. ഒരു വ്യക്തിയുടെ ചിന്താശേഷി ഇല്ലാതാക്കുകയും സാമൂഹികമായ കഴിവുകളെ ബാധിക്കുകയും ഒരാളെ സ്വതന്ത്രമായി ജീവിക്കാന് കഴിയാത്ത വിധം മാറ്റുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.
അല്ഷിമേഴ്സിന്റെ പ്രാരംഭ ഘട്ടത്തില്, ഒരു വ്യക്തി ചില സംഭാഷണങ്ങളോ സംഭവങ്ങളോ മറന്നു തുടങ്ങും. പിന്നീട് അത് ഓര്മ്മകൾ നഷ്ടപ്പെടലായി മാറും. ഈ രോഗത്തിന് ഒരു പ്രതിവിധി ഇല്ല എന്നതാണ് മറ്റൊരു കാര്യം. എന്നാല്, മരുന്നുകള്ക്ക് മറവി നഷ്ടപ്പെടുന്നത് മന്ദഗതിയിലാക്കാന് സാധിക്കും.
എല്ലാ വര്ഷവും സെപ്റ്റംബര് 21നാണ് ലോക അല്ഷിമേഴ്സ് ദിനം ആചരിക്കുന്നത്. ഈ ദിവസം, ഡിമെന്ഷ്യ, അല്ഷിമേഴ്സ് എന്നിവയുമായി ബന്ധപ്പെട്ട നിരവധി സംഘടനകളും അസോസിയേഷനുകളും രോഗത്തെക്കുറിച്ച് അവബോധം വളര്ത്തുകയും രോഗം ബാധിച്ചവരെ സഹായിക്കുന്നതിനായി ഫണ്ട് ശേഖരണവും മറ്റ് കാമ്പെയ്നുകളും നടത്താറുണ്ട്. അല്ഷിമേഴ്സിന്റെ ലക്ഷണങ്ങളും കാരണങ്ങളും പ്രതിരോധ മാര്ഗ്ഗങ്ങളും എന്തെല്ലാമെന്ന് നോക്കാം.
അല്ഷിമേഴ്സ് ലക്ഷണങ്ങള്
1. അല്ഷിമേഴ്സ് മസ്തിഷ്കത്തിന്റെ പല ഭാഗങ്ങളെയും ആക്രമിക്കുകയും കോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. തല്ഫലമായി ഓര്മ്മ നഷ്ടപ്പെടുന്നു. ഇതു വഴി രോഗം ബാധിച്ച വ്യക്തി കാര്യങ്ങള് മറക്കുകയും പറഞ്ഞ കാര്യം തന്നെ വീണ്ടും ആവര്ത്തിക്കുകയും പരിചിതമായ സ്ഥലങ്ങളിലെ പോലും വഴികള് മറക്കുകയും ആളുകളുടെ പേരുകള് മറക്കുകയും മറ്റും ചെയ്യും.
2. അല്ഷിമേഴ്സ് ചിന്താശേഷിയെ ബാധിക്കുകയും ഇത് ആളുകള്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന് പ്രയാസം ഉണ്ടാക്കുകയും ചെയ്യുന്നു.
3. വിഷാദം, മാനസികാവസ്ഥകളിൽ പെട്ടെന്ന് മാറ്റം വരിക, വിശ്വാസമില്ലായ്മ എന്നീ ലക്ഷണങ്ങളും കാണിക്കും.
കാരണങ്ങള്:
1. രോഗത്തിന് ഒരു പ്രതിവിധി ഇല്ലെങ്കിലും, അല്ഷിമേഴ്സിലേക്ക് നയിച്ചേക്കാവുന്ന നിരവധി കാരണങ്ങളും അപകട ഘടകങ്ങളും മെഡിക്കല് വിദഗ്ധര് വ്യക്തമാക്കുന്നുണ്ട്.
2. പ്രായമാകുന്തോറും അല്ഷിമേഴ്സിന്റെ സാധ്യത കൂടിവരുന്നു
3. പാരമ്പര്യം, കുടുംബ ചരിത്രം, ജനിതക ഘടകങ്ങൾ എന്നിവയും പ്രധാന പങ്ക് വഹിക്കുന്നു
4. ഡൗണ് സിന്ഡ്രോം ബാധിച്ച ആളുകള്ക്ക് അല്ഷിമേഴ്സ് വരാനുള്ള സാധ്യതയുണ്ട്
5. തലയ്ക്കുണ്ടാകുന്ന ഗുരുതരമായ ആഘാതങ്ങളും അല്ഷിമേഴ്സിലേക്ക് നയിക്കും
പ്രതിരോധം
അല്ഷിമേഴ്സ് തടയാവുന്ന ഒരു രോഗമല്ലെങ്കിലും ജീവിതശൈലിയില് മാറ്റങ്ങള് വരുത്തുന്നത് രോഗം വര്ധിപ്പിക്കാനുള്ള സാധ്യത കുറയ്ക്കും. പ്രമേഹം, ഉയര്ന്ന രക്തസമ്മര്ദ്ദം, കൊളസ്ട്രോള് എന്നിവ നിയന്ത്രിക്കാന് പതിവായി വ്യായാമം ചെയ്യണമെന്നും എല്ലാ ദിവസവും സമീകൃത ആഹാരം കഴിക്കണമെന്നും ചികിത്സാ മാര്ഗ്ഗനിര്ദ്ദേശങ്ങള് കര്ശനമായി പാലിക്കണമെന്നും വിദഗ്ധര് നിര്ദ്ദേശിക്കുന്നു. രോഗ ബാധിതന്റെ അവസ്ഥ മോശമാകുന്നതിന് മുമ്പ് അടിയന്തര വൈദ്യസഹായം തേടണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alzheimers, Health news