Rajeev Sivashankar Interview| ‘നോവൽ ഫാക്ടറി’ അല്ല; ഒരുപാട് സമയമെടുത്ത് എഴുതിയാൽ മികച്ചതാവുമെന്ന് വിചാരിക്കുന്നില്ല
- Published by:Rajesh V
- news18-malayalam
Last Updated:
കടലാസിൽ ഒരുവരിപോലുമെഴുതാൻ എനിക്കാവില്ല. എഴുതാൻ ഏകാന്തതയോ പ്രകൃതിഭംഗിയോ ഒന്നും വേണമെന്നില്ല. ഒരു ലാപ്ടോപ്പോ നെറ്റ്ബുക്കോ ഉണ്ടങ്കിൽ ഏത് ആൾക്കൂട്ടത്തിനു നടുവിലിരുന്നും എഴുതാൻ കഴിയും എന്ന ഭാഗ്യമുണ്ട്. ഓഫിസിലും വീട്ടിലുമായി ദിവസം പതിനഞ്ചുമണിക്കൂറോളം കംപ്യൂട്ടറിനു മുന്നിലാണെന്നതാണു സത്യം.
ആദ്യപുസ്തകം 2013ൽ. 2022 മാർച്ച് ആകുമ്പോഴേക്കും
18 പുസ്തകങ്ങൾ. പതിനാലും നോവലുകൾ. ഒരു നോവലൈറ്റും രണ്ട് കഥാസമാഹാരങ്ങളും ഒരു സമഗ്രാസ്വാദനവും. വേഗം പുസ്തകം പൂർത്തിയാക്കുമ്പോഴും എഴുതിയതെല്ലാം നിലവാരം പുലർത്തുന്നുവെന്നതാണ് രാജീവ് ശിവശങ്കറിനെ വ്യത്യസ്തനാക്കുന്നത്. ഏറെ സമയം കണ്ടെത്തി പഠിച്ച് എഴുതേണ്ടവയാണ് അദ്ദേഹത്തിന്റെ പുസ്തങ്ങളിൽ ഏറെയും. പത്രപ്രവർത്തനത്തിന്റെ തിരക്കിനിടയിലും ഇത് സാധ്യമായി എന്നതുതന്നെയാണ് എടുത്തുപറയേണ്ടത്. എഴുത്തുകാരൻ രാജീവ് ശിവശങ്കറുമായി നടത്തിയ അഭിമുഖത്തിന്റെ ആദ്യഭാഗം
പലരും വളരെ കഷ്ടപ്പെട്ട് എഴുതുന്നവരാണെന്നതു ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ, താങ്കൾ 18 പുസ്തകം എഴുതി. ഒരെണ്ണം ഒഴികെ എല്ലാം നോവലോ കഥാസമാഹാരങ്ങളോ ആണ്. 9 വർഷം കൊണ്ട് ഇത്രയും പുസ്തകം എഴുതി എന്നതല്ല, എഴുതിയതിനെല്ലാം മികച്ച നിലവാരമുണ്ട് എന്നതാണു പ്രധാനം. വളരെ പ്രസക്തമായ വിഷയങ്ങളാണ് ഈ കൃതികൾ ചർച്ച ചെയ്യുന്നത്. അതേസമയം മിക്ക പുസ്തകങ്ങളും നന്നായി വിറ്റുപോകുന്നുമുണ്ട്. ഒരുതരത്തിൽ പോപ്പുലർ റൈറ്റിങ്ങ് ആണ്. അതേസമയം, അതിലും വലിയ ആഴമുണ്ടുതാനും. ഇതെങ്ങനെ സാധിക്കുന്നു? ഇത്ര ഒഴുക്കോടെ? ഇത്ര വേഗം?
advertisement
‘നോവൽ ഫാക്ടറി’ എന്നു വിളിച്ച് കളിയാക്കുന്നവരുണ്ട്. ഇത്രവേഗം എഴുതിയാൽ വിലയുണ്ടാവില്ല എന്ന് ഉപദേശിക്കുന്നവരുമുണ്ട്. വേഗത്തിൽ എഴുതുന്നതുകൊണ്ട് ഒരു കൃതി ഗുണപരമായി മോശമാവുകയോ ഒരുപാട് സമയമെടുത്ത് എഴുതിയാൽ മികച്ചതാവുകയോ ചെയ്യുമെന്ന് ഞാൻ വിചാരിക്കുന്നില്ല. അതങ്ങനെയല്ലെന്നു ബോധ്യപ്പെടുത്തുന്ന മികച്ച കൃതികളും സിനിമകളുമൊക്കെ നമ്മുടെ മുൻപിൽ ധാരാളമുണ്ട്. പ്രചോദനം എത്രത്തോളം എന്നതാണ് പ്രധാനം. പ്രചോദനവും വിഷയത്തോടുള്ള അടുപ്പവുമാണ് നമ്മളെക്കൊണ്ട് എഴുതിക്കുന്നത്.
പിന്നെ, മുപ്പതോളം വർഷത്തെ പത്രപ്രവർത്തനപരിചയം എഴുത്തിന്റെ വേഗത്തെ നിർണയിക്കുന്ന പ്രധാനപ്പെട്ട ഘടകമാണെന്നു ഞാൻ കരുതുന്നു. ഡെഡ്‌ലൈനിലിരുന്നു ജോലിചെയ്ത് ചുരുങ്ങിയ സമയംകൊണ്ട് മികച്ച റിസൽറ്റ് ഉണ്ടാക്കിയേടുക്കേണ്ടവരാണ് പത്രപ്രവർത്തകർ. കംപ്യൂട്ടറിലാണെഴുതുന്നത് എന്നതും എഴുത്തിന്റെ വേഗം നിർണയിക്കുന്നുണ്ട്. കടലാസിൽ ഒരുവരിപോലുമെഴുതാൻ എനിക്കാവില്ല. എഴുതാൻ ഏകാന്തതയോ പ്രകൃതിഭംഗിയോ ഒന്നും വേണമെന്നില്ല. ഒരു ലാപ്ടോപ്പോ നെറ്റ്ബുക്കോ ഉണ്ടങ്കിൽ ഏത് ആൾക്കൂട്ടത്തിനു നടുവിലിരുന്നും എഴുതാൻ കഴിയും എന്ന ഭാഗ്യമുണ്ട്. ഓഫിസിലും വീട്ടിലുമായി ദിവസം പതിനഞ്ചുമണിക്കൂറോളം കംപ്യൂട്ടറിനു മുന്നിലാണെന്നതാണു സത്യം. അതിന്റേതായ ശാരീരിക പ്രശ്നങ്ങളും ഉണ്ട്.
advertisement
എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നതെന്ന് ചിലപ്പോൾ ഞാനും ആലോചിക്കാറുണ്ട്. പേര്, പ്രശസ്തി, പുരസ്കാരം...അതൊന്നും ഈ പ്രായത്തിൽ എന്റെ എഴുത്തിനെ പ്രോൽസാഹിപ്പിക്കുന്ന കാര്യങ്ങളല്ല, എഴുതുമ്പോൾ ലഭിക്കുന്ന സംതൃപ്തിയും പിന്നെ വായനക്കാർക്കുണ്ടാകുന്ന സന്തോഷവുമാണു പ്രധാനം.
മുപ്പത്തിയൊന്നു വർഷം അടച്ചുവച്ച ഒരു പ്രഷർകുക്കറിന്റെ വാൽവ് തുറന്നപ്പോൾ ഉള്ളിലുണ്ടായിരുന്നത് പുറത്തേക്കൊഴുകുന്നു എന്നു കരുതിയാൽമതി. എഴുതാതെ വയ്യ എന്നൊരവസ്ഥയിലാണ് തുടങ്ങിയത്. തുടരാതെവയ്യ എന്നൊരവസ്ഥയാണ് ഇപ്പോൾ. പുതുതായി എന്തെങ്കിലും പറയാനില്ലാത്ത നിമിഷം തീർച്ചയായും ഞാൻ എഴുത്തുനിർത്തുകതന്നെ ചെയ്യും.
വൈകി എഴുതിത്തുടങ്ങിയതുകൊണ്ടു കൂടിയാണോ ഈ വേഗം? അതോ, എല്ലാക്കാലത്തും ഇങ്ങനെ എഴുതാനാവില്ലെന്ന പേടിയുണ്ടോ?
advertisement
രണ്ടും ഉണ്ടെന്നു തോന്നുന്നു. എഴുതാൻ തോന്നുമ്പോൾ എഴുതുക എന്നതാണു പ്രധാനമെന്ന് തമിഴിലെ എഴുത്തുകാരൻ ജയമോഹനെപ്പോലെയുള്ളവർ പറഞ്ഞിട്ടുണ്ട്. എപ്പോഴും ഈ ഒഴുക്ക് ഉണ്ടാകണമെന്നില്ല. ഒരു കഥയെഴുതുമ്പോൾ സമയം ഒരുമണിയായി, ഇനി ഉറങ്ങിയേക്കാം എന്നു വിചാരിക്കുന്നത് തെറ്റെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിറ്റേന്ന് എഴുതാനിരിക്കുമ്പോൾ ആ മൂഡ്, ആ ഒഴുക്ക് ഒന്നും ഉണ്ടാകണമെന്നില്ല. നിത്യവും എഴുതിക്കൊണ്ടേയിരിക്കുക എന്നതും എഴുത്തിന്റെ പാളത്തിൽ കൃത്യമായി ഓടാൻ സഹായകമാണ്.
എത്ര ആസൂത്രണം ചെയ്ത് എഴുതാനിരുന്നാലും പിടിവിട്ട് പുതിയ പാളങ്ങളിലൂടെ സഞ്ചരിക്കുക എന്നത് ഭാവനയുടെ കുസൃതിയാണ്. നാം ആലോചിക്കാത്ത കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും കടന്നുവരും. അതു കഥയെ അപ്രതീക്ഷിതമായ തിരിവുകളിലേക്ക് കൈപിടിച്ചോടും. നിസ്സഹായരായി കൂടെ ഓടുകയേ നിവൃത്തിയുള്ളൂ.
advertisement
കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നതുകൊണ്ട് സമയം ലാഭിക്കാൻ പറ്റുന്നുണ്ട് എന്നു പറഞ്ഞല്ലോ? എത്ര തവണ എഡിറ്റ് ചെയ്യും?
അത് ഓരോ നോവലിനെ ആശ്രയിച്ചിരിക്കും. മറപൊരുളും കുഞ്ഞാലിത്തിരയുമൊക്കെ പതിനഞ്ചുതവണയെങ്കിലും വായിച്ച് എഡിറ്റ് ചെയ്തവയാണ്. അതേസമയം, കലിപാകം ആറു തവണയേ എഡിറ്റ് ചെയ്യേണ്ടിവന്നുള്ളൂ. എല്ലാ നോവലും അഞ്ചുതവണയെങ്കിലും എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ്. പിന്നീട് അടുപ്പമുള്ള നാലു പേർക്ക് വായിക്കാൻ കൊടുക്കും. അവർ നാലും നാലുതരം വായനക്കാരാണ്. ഗൗരവമുള്ള വായനക്കാരും അല്ലാത്തവരും അതിലുണ്ട്. അഭിപ്രായം എന്തായാലും വെട്ടിത്തുറന്നു പറയുന്നവർ. അവരുടെ അഭിപ്രായം പ്രസക്തമെങ്കിൽ സ്വീകരിക്കും.
advertisement
‘പരണത്തുവയ്ക്കുക’ എന്നൊരു പ്രയോഗമുണ്ട്. പണ്ടുള്ളവർ രചനകൾ പൂർത്തിയായശേഷം ഓലക്കെട്ട് മച്ചിൽ സൂക്ഷിച്ചുവയ്ക്കും. അഞ്ചാറുമാസം കൊണ്ട് ഓല വാടി, അക്ഷരങ്ങൾ കൂടുതൽ തെളിയാൻ മാത്രമല്ല, അത്. മാസങ്ങൾക്കുശേഷം വീണ്ടും വായിക്കാനെടുക്കുമ്പോൾ മറ്റൊരാളുടെ കൃതിപോലെ സ്വതന്ത്രമായി വായിക്കാം. തിരുത്താം. പുതുക്കാം. അങ്ങനെയാണ് അക്കാലത്ത് മികച്ച രചനകൾ ഉണ്ടായത്. ഞാനും ഇതുപോലെ പരണത്തുവയ്ക്കാറുണ്ട്. കുറേക്കഴിഞ്ഞ് വെട്ടിയും തിരുത്തിയും പുതുക്കാറുമുണ്ട്.

വേഗത്തിൽ എഴുതുന്നെങ്കിലും അതിനുപിന്നിൽ വലിയ തയാറെടുപ്പുണ്ടാകുമല്ലോ? എങ്ങനെയാണ് നോവലെഴുത്തിനുള്ള തയാറെടുപ്പ്?
advertisement
പ്രമേയത്തിലുള്ള വൈവിധ്യമാണ് ആദ്യ ഘടകം. പിന്നീട് ക്രാഫ്റ്റിന്റെ സാധ്യത, ഭാഷാ പ്രയോഗത്തിന്റെ സാധ്യത തുടങ്ങിയവയൊക്കെ പരിഗണിക്കും. എന്റെ ഒരു രചനയും വായനക്കാരെ നിരാശരാക്കരുതെന്നു നിർബന്ധമുണ്ട്. നേരംപോകാൻവേണ്ടി മാത്രം വായിക്കുന്നവരെയും ആഴത്തിലറിഞ്ഞു വായിക്കുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്തണമെന്നതാണ് എന്റെ ആഗ്രഹം. ഉദാഹരണത്തിന്, ‘മറപൊരുളി’ൽ ശങ്കരാചാര്യരുടെ ജീവചരിത്രം തേടുന്നയാൾക്ക് അതു വായിക്കാം. ജീവിതവും ആത്മീയതയും മുഖാമുഖം നിന്ന സന്ദിഗ്ധഘട്ടങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവർക്ക് ആവിധത്തിലുള്ള വായന സാധ്യമാണ്. അദ്വൈതത്തിന്റെ മേഖലയിൽ പരിചയമുള്ളവർക്ക് കുറേക്കൂടി ആഴത്തിൽ ആ പുസ്തകത്തെ സമീപിക്കാം. ‘കുഞ്ഞാലിത്തിര’യിലും ‘കലിപാക’ത്തിലും ‘പെണ്ണരശി’ലുമെല്ലാം ഇത്തരത്തിലുള്ള പലതരം വായന സാധ്യമാണ്.
എഴുതുമ്പോൾ പൂർണമായും ഞാൻ അതിൽ മുഴുകും. ആ സമയം മനസ്സിൽ അതേ കാണൂ. കഥാപാത്രങ്ങളും അവരുടെ മനോവിചാരങ്ങളും മാത്രം. ആ സമയത്ത് കഴിയുന്നതും ഡ്രൈവിങ്ങ് ഒക്കെ ഒഴിവാക്കും. പക്ഷേ, നോവൽ തീരുന്നതോടെ ആ വിഷയം മനസ്സിൽനിന്നു വിടും. ‘മറപൊരു’ളൊക്ക ഇറങ്ങി ഒരുവർഷം കഴിഞ്ഞ് എന്നെ ഒരു ചർച്ചയ്ക്കുവിളിച്ചപ്പോൾ എനിക്ക് ആ പുസ്തകത്തിലെ ഒരു കാര്യവും ഓർമയില്ലായിരുന്നു. ഇതേപ്പറ്റി ആനന്ദ് നീലകണ്ഠനോടു പറഞ്ഞപ്പോൾ ഇതു നല്ല ഗുണമാണ് എന്നാണു പറഞ്ഞത്. കാരണം, അടുത്ത നോവൽ സ്വാതന്ത്ര്യത്തോടെ എഴുതാമല്ലോ. ‘മറപൊരുൾ’ എഴുതിത്തീർന്നപ്പോൾ ചില പ്രശ്നമുണ്ടായി. അതിലെ പ്രമേയം പഴയകാലത്തെ ആധ്യാത്മിക പരിസരത്തിലേതായതിനാൽ അതിനുപറ്റുന്ന ഭാഷയും ബിംബവുമൊക്കെ ഉണ്ടാകാൻ മനസ്സിനെ പാകപ്പെടുത്തിയെടുത്തിരുന്നു. നോവൽ തീർന്നിട്ടും പക്ഷേ, അതു വിട്ടുപോയില്ല. പെട്ടുപോയതുപോലെ തോന്നി. പിന്നീട് തോന്നി, ആ സാധ്യത മുതലെടുക്കാമെന്ന്. അങ്ങനെ ‘കലിപാകം’എഴുതി. അതിനുശേഷമാണ് മനസ്സു പാകപ്പെട്ടതും ‘പെണ്ണരശ്’ എഴുതുന്നതും പെണ്ണരശ്ശിലേത് പൂർണമായും പുതിയ ഇമേജുകളും വേറിട്ട ഭാഷയുമാണെന്ന് ചിലർ ചൂണ്ടിക്കാട്ടുമ്പോൾ അതിനൊരു കാരണം ഇതാകാം.
പ്രമേയത്തിന്റെ വൈവിധ്യം പ്രധാന ഘടകമാണെന്നു പറഞ്ഞല്ലോ. വിശദീകരിക്കാമോ?
എന്റെ പ്രസിദ്ധീകരിക്കപ്പെട്ട പതിനെട്ടു പുസ്തകങ്ങളിൽ പതിനാലും നോവലാണ്. ആദ്യത്തെ നോവൽ ‘തമോവേദം’ 2013ലാണ് ഇറങ്ങിയത്. കേരളത്തിൽ വർധിച്ചുവരുന്ന സാത്താൻ പൂജയുടെ പശ്ചാത്തലത്തിലുള്ള ഒരു ഫാന്റസിയായിരുന്നു അത്. തുടർന്നു ‘പ്രാണസഞ്ചാരം’ വന്നു. അടുത്തത് ‘കൽപ്രമാണം’. പാറമടകളുടെ രാഷ്ട്രീയവും അതുകേരളത്തിന്റെ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതവും ചർച്ചചെയ്യുന്ന പ്രവചനസ്വഭാവമുള്ള ഒരു നോവലായിരുന്നു അത്. ഗാഡ്ഗിൽ റിപ്പോർട്ടും കസ്തൂരിരംഗൻ റിപ്പോർട്ടുമൊക്കെ കേരളത്തെ ഉലച്ചുകൊണ്ടിരുന്ന കാലത്ത് എഴുതിയ ആ നോവൽ കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തുന്നിടത്താണ് ഒട്ടും ശുഭപ്രതീക്ഷയില്ലാതെ അവസാനിക്കുന്നത്. ആര് അധികാരത്തിലെത്തിയാലും ഇക്കാര്യത്തിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും അവസാനത്തെ കല്ലുവരെയും ഭൂമിയിൽനിന്നു മാന്തിയെടുക്കുന്നതുവരെ എല്ലാവരും മൗനംഭജിക്കും എന്നും അന്നു നോവലിൽ പറഞ്ഞത് കൃത്യമായി. ഇന്നും കാര്യങ്ങൾ അവിടെത്തന്നെ നിൽക്കുന്നു.
ജനറേഷൻ ഗ്യാപ്പിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ‘പുത്രസൂക്തം’ ആക്ഷേപഹാസ്യനോവലായ ‘കാറൽമാർക്സ്; കൈലാസം വീട്’ എന്നിവയാണ് പിന്നീടെഴുതിയത്. ശങ്കരാചാര്യരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ‘മറപൊരുൾ’, കുഞ്ഞാലിമാരുടെ ജീവിതം പറയുന്നതാണ് ‘കുഞ്ഞാലിത്തിര.’ കലിയുടെ കഥ പറയുന്ന ‘കലിപാകം’,തക്ഷകന്റെയും സർപ്പകുലത്തിന്റെയും കഥപറയുന്ന ‘നാഗഫണം,’ പടയണിയുടെയും നാടൻ മിത്തുകളുടെയും പശ്ചാത്തലത്തിൽ വാർധക്യവും മരണവും ചർച്ച ചെയ്യുന്ന ‘ദിവ്യം,’ നിർഭയകേസ് ചർച്ച ചെയ്യുന്ന ‘പെണ്ണരശ്’, ക്രൈംഫിക്ഷനായ ‘റബേക്ക’, മലയാള സിനിമയുടെ ചരിത്രം കുടുംബജീവിതത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ‘പടം’, കോവിഡ് കാലത്തിന്റെ പ്രതിസന്ധികൾ ഫാന്റസിയോടെ ചർച്ച ചെയ്യുന്ന ‘ജാലം’ തുടങ്ങിയ നോവലുകളാണ് മറ്റുള്ളവ.
കൂടുതൽ സർഗാത്മകമായ വെല്ലുവിളികൾ ഉയർത്തുന്നതിനാലാണ് നോവലിനോടു പ്രത്യേക താൽപര്യം. വ്യത്യസ്തമായ വിഷയങ്ങളും ക്രാഫ്റ്റിലെയും ഭാഷയിലെയും പരീക്ഷണങ്ങളുമൊക്കെ എന്നെ നോവലിനോട് കൂടുതൽ അടുപ്പിക്കുന്ന കാര്യങ്ങളാണ്. വായിച്ചുതുടങ്ങുമ്പോൾ മനസിലേക്ക് ഒട്ടിപ്പിടിക്കുന്നില്ലെങ്കിൽ പത്തുപേജ് വായിച്ചിട്ട് ഒരാൾ നോവൽ മടക്കും. ചെറുകഥയാണെങ്കിൽ ഒന്നുമടുത്താൽ മറ്റൊരു കഥയിലേക്കു കയറാം എന്ന സൗകര്യമുണ്ട്. നോവലിനതില്ല. ബോറടിച്ചാൽ പുസ്തകംതന്നെ ഉപേക്ഷിക്കും. അതുകൊണ്ടുതന്നെ വായിച്ചുതുടങ്ങിയാൽ അവസാനം വരെ പിടിച്ചിരുത്താനൊരു ചൂണ്ട നോവലിൽ ഒളിപ്പിച്ചുവയ്ക്കേണ്ടതുണ്ട്. അദ്വൈതവും ചരിത്രവുമൊക്കെ താൽപര്യമില്ലാത്തവരെക്കൊണ്ട് മുഷിപ്പില്ലാതെ വായിപ്പിക്കാൻ പ്രയാസം. അതിനാണ് ഇടയ്ക്ക് രസകരമായ കഥകളും സംഭവങ്ങളും വിതറുന്നത്.

മറപൊരുളും കുഞ്ഞാലിത്തിരയും കൽപ്രമാണവുമൊക്കെ എഴുതാൻ വിപുലമായ തയാറെടുപ്പ് വേണ്ടിവന്നിരുന്നില്ലേ?
തീർച്ചയായും. ‘മറപൊരുൾ’ എഴുതാൻ അദ്വൈതത്തിന്റെ തലനാരിഴകീറിയുള്ള നൂറിലേറെ ഗ്രന്ഥങ്ങൾ പഠിക്കേണ്ടിവന്നു. സംസ്കൃതം അറിയാവുന്നവരുടെ സഹായം തേടേണ്ടിവന്നു. ‘കുഞ്ഞാലിത്തിര’യ്ക്കുവേണ്ടി മെറ്റീരിയൽ സംഘടിപ്പിക്കാൻ വളരെ കഷ്ടപ്പെട്ടു. കൽപ്രമാണവും ഇതുപോലെ വളരെ റിസർച്ച് ചെയ്തെഴുതിയതാണ്. മഹാഭാരതത്തിലെ കഥാസന്ദർഭങ്ങളെ ആസ്പദമാക്കി നോവലെഴുതുമ്പോഴും വിപുലമായ റിസർച് ആവശ്യമാണ്.
എന്തുകൊണ്ട് മഹാഭാരതത്തെ ആസ്പദമാക്കിയുള്ള കലിപാകം, നാഗഫണം എന്നിവപോലുള്ള രചനകൾ?
മഹാഭാരതത്തിലെ ചില കഥാസന്ദർഭങ്ങളുടെ പുതിയകാലത്തുനിന്നുകൊണ്ടുള്ള പുനരാഖ്യാനമാണ് ആ കൃതികൾ. വർത്തമാനകാലത്തെ പ്രക്ഷുബ്ധമാക്കുന്ന കുറേ വിഷയങ്ങൾ ഈ നോവലുകൾ ചർച്ചചെയ്യുന്നുണ്ട്. ഭരണാധികാരിക്ക് ധർമചിന്ത എവിടെവരെയാകാമെന്ന ചർച്ചയുണ്ട്. അധികാരം സാധാരണക്കാരനെ വേട്ടയാടുന്നതിന്റെ പ്രശ്നങ്ങളുണ്ട്. പരാജിതന്റെ സങ്കടങ്ങളുണ്ട്. പെണ്ണിന്റെ പ്രതികാരവും നിസഹായതയുമുണ്ട്. ചൂതും മദ്യവും പെണ്ണുമൊക്കെ അന്നെന്നപോലെ ഇന്നും അധികാരത്തെ ചുറ്റിപ്പറ്റിനിൽക്കുന്നുമുണ്ടല്ലോ.
(തുടരും.......)
രാജീവ് ശിവശങ്കർ
പത്തനംതിട്ട ജില്ലയിലെ കോന്നി മങ്ങാരം കാരുവള്ളിൽ വീട്ടിൽ ജനനം. മാതൃഭൂമി ചെറുകഥാ മൽസരത്തിൽ പുരസ്‌കാരജേതാവാണ്. പ്രാണസഞ്ചാരം തോപ്പിൽ രവി പുരസ്‌കാരവും. ദൈവമരത്തിലെ ഇല മനോരാജ് സ്മാരക കഥാപുരസ്കാരവും നേടി. ഇപ്പോൾ മലയാള മനോരമ കോട്ടയം യൂണിറ്റിൽ അസിസ്റ്റന്റ് എഡിറ്റർ.
ഭാര്യ പി.എസ്. രാജശ്രീ (അധ്യാപിക). മകൾ: നിള
വിലാസം: കാരുവള്ളിൽ, കോന്നി പിഒ, പത്തനംതിട്ട ജില്ല. പിൻ: 689691
ഇ–മെയിൽ: rajeevsnila@gmail.com
ഫെയ്‌സ്‌ബുക്ക്: rajeevsivashankar
ഫോൺ-94478 01058
കൃതികളും പ്രസിദ്ധീകരിച്ച വർഷവും
നോവലുകൾ
തമോവേദം (2013)
പ്രാണസഞ്ചാരം(2013)
കൽപ്രമാണം (2014)
പുത്രസൂക്‌തം(2015)
കാറൽ മാർക്‌സ്; കൈലാസം വീട് (2016)
മറപൊരുൾ (2016)
കലിപാകം (2017)
പെണ്ണരശ് (2018)
ദിവ്യം (2019)
കുഞ്ഞാലിത്തിര(2019)
നാഗഫണം (2020)
റബേക്ക (2021)
പടം (2022)
ജാലം (2022)
നോവലെറ്റുകൾ
മരണവാരിധി (2020)
കഥാസമാഹാരം
ദൈവമരത്തിലെ ഇല(2015)
ഗൂഢം (2017)
ആസ്വാദനം, പഠനം
മീശ മാഹാത്മ്യം (2021)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 08, 2022 11:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Rajeev Sivashankar Interview| ‘നോവൽ ഫാക്ടറി’ അല്ല; ഒരുപാട് സമയമെടുത്ത് എഴുതിയാൽ മികച്ചതാവുമെന്ന് വിചാരിക്കുന്നില്ല