• HOME
 • »
 • NEWS
 • »
 • life
 • »
 • നിത്യപുഷ്പിത ഋതു അഥവാ എം മുകുന്ദൻ എന്ന എൺപതുകാരൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എഴുതുമ്പോൾ

നിത്യപുഷ്പിത ഋതു അഥവാ എം മുകുന്ദൻ എന്ന എൺപതുകാരൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എഴുതുമ്പോൾ

ഓരോ ഇരുപത്തിയെട്ടാം ദിവസവും രാധയുടെ അടിവയർ ടൊമാറ്റോ സോസ് ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണെന്ന് എം മുകുന്ദൻ എഴുതുമ്പോൾ തുറന്നെഴുത്തിന്റെ ആക്ടിവിസമൊന്നും മലയാളത്തിൽ വന്നിട്ടുണ്ടായിരുന്നില്ല.  എൺപതാം വയസ്സിലേക്കുള്ള നടത്തത്തിലും ഓരോ ആറുമാസവും ഓരോ കഥ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മുകുന്ദൻ തുടരുന്നുണ്ടെങ്കിൽ അതിനെയാണ് നിത്യപുഷ്പിതഋതു എന്നു വിളിക്കേണ്ടത്

എം മുകുന്ദൻ

എം മുകുന്ദൻ

 • Share this:
  കാൽകോടി രൂപയുടെ ജെസിബി പുരസ്‌കാരങ്ങൾ ഇതുവരെ നാലെണ്ണം. അതിൽ മൂന്നും മലയാളത്തിൽ എഴുതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പുസ്തകങ്ങൾക്ക്. ബെന്യാമിന്റെ ജാസ്മിൻ ഡെയ്‌സ് (2018), മാധുരി വിജയ്‌യുടെ ദി ഫാർ ഫീൽഡ് (2019), എസ് ഹരീഷിന്റെ ദി മുസ്റ്റാഷ് (2020), ഇപ്പോൾ എം മുകുന്ദന്റെ ദൽഹി ഡെയ്‌സ്, എ സോളിലൊക്വി. ആദ്യ മൂന്നുപേരുടേയും ശരാശരി പ്രായം 43 വയസ്സാണ്. എം മുകുന്ദൻ 79 കഴിഞ്ഞ് എൺപതിലേക്കുള്ള നടത്തത്തിലും. മറ്റു മൂന്നുപേരും പ്രധാനപ്പെട്ടതെല്ലാം എഴുതിയത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. എം മുകുന്ദൻ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തിനു മുൻപു തന്നെ നാൽപതു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞയാൾ.

  നവഭാവുകത്വത്തിന്റെ ഈ തലമുറയിലും എം മുകുന്ദൻ എന്ന എഴുത്തുകാരന്റെ മൂല്യം ലോകത്തെ അറിയിക്കുകയാണ് ഈ പുരസ്‌കാരം. 75 കഴിഞ്ഞപ്പോൾ എഴുതിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയും കുട നന്നാക്കുന്ന ചോയിയും ഒക്കെ നവ സിനിമയായി പുതിയ തലമുറയുടെ മുന്നിലേക്കു വരിക കൂടിയാണ്. എന്തുകൊണ്ട് ഇപ്പോഴും മുകുന്ദൻ?

  ദൽഹിയിൽ നിന്ന് ദൽഹി ഗാഥകളിലേക്ക്

  1969ൽ പ്രസിദ്ധീകരിച്ച ദൽഹിയിൽ നിന്ന് 2011ൽ വന്ന ദൽഹി ഗാഥകളിലേക്ക് എത്തുമ്പോൾ മലയാള സാഹിത്യം തന്നെ എത്ര മറിച്ചിൽ നടത്തി കഴിഞ്ഞിരുന്നു. 1969ൽ ദൽഹി പ്രസിദ്ധീകരിക്കുമ്പോൾ തന്നെയാണ് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും പുസ്തകമായി വരുന്നത്. തൊട്ടടുത്തവർഷം 1970ൽ ആനന്ദിന്റെ ആൾക്കൂട്ടം. മലയാള നോവൽ സാഹിത്യത്തിന്റെ മൂന്നുധാരകളാണ് ഒരേ കാലത്തു പിറന്നത്.

  ദൽഹി പ്രസിദ്ധീകരിച്ചിന്റെ പത്തുവർഷം മുൻപുള്ള കാലത്തു നിന്നാണ് 2011ലെ ദൽഹി ഗാഥകൾ ആരംഭിക്കുന്നത്. 1959 ജൂൺ 13 ശനിയാഴ്ച സഹദേവൻ ആദ്യമായി ദൽഹിയിൽ വരുന്ന ദിവസത്തിൽ നിന്ന്. 1959ലെ മുകുന്ദന് 17 വയസ്സേയുള്ളു. സഹദേവന് 20വയസ്സും.  ദൽഹി ഗാഥകളിലെ ഒന്നാം അധ്യായത്തിലെ ആദ്യപേജിൽ തന്ന ശ്രീധരനുണ്ണി സൈക്കിളെടുത്ത് ഇറങ്ങുമ്പോൾ ആരംഭിക്കുകയാണ് മുകുന്ദന്റെ ഡീറ്റെയ്‌ലിങ്. ദേവിയുടെ  ചേലത്തുമ്പുകൊണ്ട് സൈക്കിളിന്റെ കീറിയ സീറ്റ് തുടച്ച് വൃത്തിയാക്കി കൊടുക്കുമ്പോൾ ദൽഹിയിലേക്ക് കുടിയേറിയ മലയാളിയുടെ കീറിപ്പറിഞ്ഞ ജീവിതം പുറത്തുവരാൻ തുടങ്ങുകയാണ്. താളും തകരയും കൂട്ടി ഉണ്ടിരുന്ന ശ്രീധരനുണ്ണി സബ്ജി വാങ്ങണ്ടേ എന്നാണ് ദേവിയോട് ചോദിക്കുന്നത്. ഇച്ചിരി ക്വാളിഫ്‌ളവറു മേടിച്ചോ, ചെറ്യേത് മതി എന്നാണ് ദേവിയുടെ ഉത്തരം. 2011ൽ ദൽഹി ഗാഥകൾ പുറത്തുവരുമ്പോൾ പോലും കേരളത്തിലെ എത്ര വീടുകളിൽ ക്വാളിഫ്‌ളവർ ഒരു വിഭവമായി വന്നു തുടങ്ങിയിട്ടുണ്ടാകും? സബ്ജി ഒരിക്കലെങ്കിലും കഴിച്ച എത്ര മലയാളികൾ ഉണ്ടാകും? മസാലദോശയ്ക്കും വടയ്ക്കും അപ്പുറം മറ്റൊരു അഡംബര വിഭവവും ഇല്ലെന്നു കരുതുന്ന മലയാളിക്ക് ഇന്നും ഹോട്ടലിൽ നിന്നു രണ്ടു റൊട്ടിക്കൊപ്പം ചില്ലി ഗോബിയോ ഗോബി മഞ്ചൂരിയനോ ഒപ്പം പോരട്ടെ എന്നു ശബ്ദമുയർത്തി പറയാൻ ധൈര്യമായിട്ടില്ല. ശരാശരി മലയാളിയുടെ രുചിബോധം മാത്രമല്ല ചിന്താപദ്ധതിയും എത്താത്ത കാലത്തു നിന്നാണ് എം മുകുന്ദൻ എന്നും കഥകൾ എഴുതിയത്.

  ആദിത്യനും രാധയും നിന്ന നൂറ്റാണ്ട്

  മുകുന്ദൻ ആദിത്യനും രാധയും എഴുതുമ്പോൾ അതിൽ ഒരുപാടു സൂത്രങ്ങൾ പണിതിരുന്നു. 103ാ൦ പേജിൽ നിന്ന് 33ലേക്കു തിരികെ കൊണ്ടുപോകുന്നതുപോലുള്ള പെരുന്തച്ചൻ തന്ത്രങ്ങൾ. രാധയുടെ ബ്രേസിയറിന്റെ നിറവും മാസാമാസം ഉത്പാദിപ്പിക്കുന്ന ടൊമാറ്റോ സോസിന്റെ അളവും മുകുന്ദൻ എഴുതുമ്പോൾ ഇരുപത്തിരണ്ടുകാരൻ എൻ എസ് മാധവൻ ശിശുവിൽ പോലും അഴയിൽ ഉണക്കാൻ ഇട്ടിരുന്ന ഒന്നര ഒളിച്ചു നിന്നു കാണുന്നതേ ഉണ്ടായിരുന്നുള്ളു. ഹരിദ്വാറിൽ മണിമുഴങ്ങുമ്പോൾ പുകഞ്ഞു കത്തിയ ചരസും കറുപ്പുമൊക്കെ നവസിനിമകളിൽ വന്നുതുടങ്ങിയത് 2010നു ശേഷമാണ്.

  ഒ വി വിജയന്റെ രവി ആഗോള മാനസിക സഞ്ചാരത്തിനു ശേഷം അള്ളാപ്പിച്ചാ മൊല്ലാക്കയുടേയും സുലൈമാൻ പോട്ടം ബീഡിയുടേയും നാട്ടിലേക്കാണ് സർപ്പദംശനമേറ്റു മരിക്കാൻ വരുന്നത്. അപ്പോഴൊക്കെ ചരസു നയിച്ച മനസ്സുമായി മുകുന്ദന്റെ ആൾക്കാർ ആവിലായിലും ഹരിദ്വാറിലും കേദാർനാഥിലും അലഞ്ഞു നടക്കുന്നുണ്ടായിരുന്നു. മേതിൽ പിരിയൻ കയറിലൂടെ കയറി ഹിച്ച്‌കോക്കിന്റെ ഇടപെടൽ നടത്തുന്ന കാലംകൂടിയാണ്. ആനന്ദിനെപ്പോലെ തന്നെ മുകുന്ദന്റെയും ഒരു കഥയും കേരളത്തിലെ നാലുകെട്ടുകളിലേക്കു കയറി വന്നില്ല. ഒ വി വിജയൻ പോലും തലമറുകളിലേക്കെത്തുമ്പോൾ തിയഡോറിന്റെ ജാതിവേദനകളിലേക്കും നഷ്ടത്തറവാടിന്റെ മഹിമയിലേക്കുമാണ് സഞ്ചരിക്കുന്നത്. ദൽഹി ഗാഥകളിൽ മുകുന്ദൻ പോകുന്നത് വേറൊരു വലിയ തറവാടിന്റെ നാശം കൂടി കാണിച്ചാണ്. കമ്യൂണിസ്റ്റ് തറവാടിന്റെ.

  മുകുന്ദന്റെ കമ്യൂണിസ്റ്റ് വിമർശനം

  ഇഎംഎസിന്റെ മരണശേഷം കേശവന്റെ വിലാപങ്ങൾ വരുമ്പോൾ ആദ്യം കേരളത്തിലെ കമ്യൂണിസ്റ്റുകാർ ആകാംക്ഷയോടെ കാത്തിരുന്നു. പക്ഷേ, കമ്യൂണിസ്റ്റ് വിമർശനത്തിന്റെ നക്ഷത്രപതാകയേന്തി കുടിലുകളിലൂടെ കേശവൻ രാഷ്ട്രീയം പറഞ്ഞപ്പോൾ അതുൾക്കൊള്ളാനുള്ള വിശാല സാഹിത്യബോധമൊന്നും ഇടതുവായനക്കാരന് ഉണ്ടായില്ല. പാർട്ടി സെക്രട്ടറി കയ്യൊപ്പിട്ടു നൽകാത്ത പുസ്തകമൊന്നും മഹാസാഹിത്യമല്ലെന്ന് കരുതുന്ന വിമർശകരും ആ പുസ്തകത്തെ കയ്യൊഴിഞ്ഞു. ദൽഹി ഗാഥകൾ കേരളത്തിൽ വലിയൊരു ചർച്ചയാകാതെ പോയതിനും അതു തന്നെയാണ് കാരണം.

  മൂന്നാം പേജിൽ തന്നെ ശ്രീധരനുണ്ണിയുടെ മുറിയിൽ രണ്ടു ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒന്ന് എസ് കെ ഡാങ്കേയുടേത്. രണ്ടാമത്തേത് ചൗ എൻ ലായിയുടേതും. 100 പൂക്കൾ കൊണ്ടു ബോർഡർ വരച്ച ചൗ എൻ ലായിയുടെ ചിത്രം ശ്രീധരനുണ്ണി വാങ്ങുന്നത് പറശ്ശിനിക്കടവിൽ നിന്നാണ്. മുത്തപ്പന്റെ പറശ്ശിനിക്കടവിൽ ഏറ്റവും വിറ്റുപോകുന്നത് എകെജി കഴിഞ്ഞാൽ പിന്നെ ചൗ എൻ ലായിയുടെ ചിത്രമാണ്. മരണം വരെ നിരാഹാരം കിടന്നാണെങ്കിലും തൊഴിലാളി സമരം വിജയിപ്പിക്കണമെന്നു ചിന്തിക്കുന്ന ശ്രീധരനുണ്ണിയും മരിച്ചാലും വേണ്ടില്ല നിങ്ങൾ നിരാഹാരം കിടക്കണം എന്ന് ഉപദേശിക്കുന്ന ദേവിയും പോലെ നിഷ്‌കളങ്കരായ ആ പാർട്ടി അണികളെ വച്ച് മുകുന്ദൻ പറയുന്ന കഥയ്ക്ക് ഇന്നത്തെ ദൽഹിയുടേയും നോയിഡയുടേയും മാത്രമല്ല കണ്ണൂരിന്റേയും മണമുണ്ട്. എഴുപതു കഴിഞ്ഞയാൾ അവിടെ നിസംഗതയോടെ സംസാരിക്കുകയല്ല, പക്വതയോടെ വിമർശിക്കുകയാണ്; ഇതല്ല നിങ്ങൾ പോകേണ്ട വഴിയെന്ന്. ആ വിമർശനം കൊണ്ടുമാത്രമാണ് ദൽഹി ഗാഥകൾ കേരളത്തിൽ ചർച്ചയാകാതെ പോയത്. അതു താങ്ങാനുള്ള കെൽപൊന്നും ഇവിടുത്തെ കമ്യൂണിസ്റ്റുകാർക്ക് മാനസികമായി ഉണ്ടായിട്ടില്ല.

  ദൽഹി ഗാഥകളുടെ അവസാനം

  ആയുധധാരികൾ കാവൽ നിൽക്കുന്ന ലോക്‌സഭാ മന്ദിരത്തിന്റെ ഗെയിറ്റിലേക്കു ദാസപ്പനും ജമാലുദ്ദീനും യാചകപ്പടയും കുതിച്ചുചെല്ലുകയാണ്. അവർ അകത്തേക്കു തള്ളിക്കയറാൻ ശ്രമിച്ചു. യാചകർ അവിടെ താമസിക്കാൻ ഇടിച്ചുകയറുകയാണ്. പൊലീസ് വെടിവച്ചു. ദാസപ്പന്റെ തലയുടെ ഉള്ളിലൂടെ ഒരു വെടിയുണ്ട കടന്നുപോയി. ജമാലുദ്ദീന്റെ വയറിനു താഴെ വെടിയേറ്റപ്പോൾ ഇച്ചിമ്മണി തെറിച്ചുപോയി. ദളിതന്റെ തലപിളർന്നും ന്യൂനപക്ഷക്കാരന്റെ പ്രത്യുത്പാനദനശേഷി ഇല്ലാതാക്കിയും പൊലീസ് വെടിവയ്ക്കുമ്പോൾ സിനിമാ കൊട്ടകയിൽ കാണികൾ വായിൽ വിരൽ കടത്തി വിസിലടിക്കുന്നുണ്ട്. ദൽഹി ഗാഥകൾ ആ ചുളമടിയിൽ അവസാനിക്കുകയാണ്. എം മുകുന്ദൻ എന്ന എഴുത്തുകാരന്റെ രാഷ്ട്രീയ ശരികളും ധാർമികതയും ധൈര്യവും കൊടിപാറിക്കുന്ന അവസാനം.
  Published by:Naveen
  First published: