ഒരേ സമയം രണ്ട് കമ്പനികളിൽ ജോലി ചെയ്യുന്നുണ്ടോ? തലച്ചോറിനെയും ഹൃദയത്തെയും ഗുരുതര രോഗങ്ങൾ ബാധിക്കാം
- Published by:user_57
- news18-malayalam
Last Updated:
പുതിയ തലമുറയിലെ പ്രൊഫഷണലുകൾക്കിടയിൽ വളരുന്ന പ്രതിഭാസമായ മൂൺലൈറ്റിംഗ് അവരുടെ ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയതായാണ് പൊതു ഘടകങ്ങൾ സൂചിപ്പിക്കുന്നത്
കോവിഡിന് ശേഷം നമുക്ക് സുപരിചിതമായതും വാർത്തകളിൽ ഏറെ ഇടംപിടിച്ചതുമായ ഒരു വാക്കായിരുന്നു ‘മൂൺലൈറ്റിംഗ്’. ഒരു സ്ഥിര ജോലിയിലിരിക്കെ അധിക വരുമാനത്തിനായിആളുകൾ മറ്റ് സൈഡ് ജോലികൾ ചെയ്യുന്നതിനെയാണ് ‘മൂൺലൈറ്റിംഗ്’ എന്ന് പറയുന്നത്. ഇത് നിങ്ങളുടെ യഥാർത്ഥ ജോലിയെ ബാധിക്കും എന്നതായിരുന്നു മുൻപ് കണ്ടെത്തിയപ്രധാന പ്രശ്നം. എന്നാൽ ഇപ്പോൾ ഇത് ജോലിയെ മാത്രമല്ല നിങ്ങളുടെ തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തെ കൂടി ബാധിക്കുമെന്നാണ് കണ്ടെത്തൽ. ‘മൂൺലൈറ്റിംഗ്’ മൂലമുണ്ടാകുന്ന അമിത ജോലിഭാരവും സമ്മർദ്ദവും മസ്തിഷ്കാഘാതത്തിനോ ഹൃദയാഘാതത്തിനോ ചിലപ്പോൾ കാരണമായേക്കാം. രാജ്യത്തെ പ്രധാന ഐടി മേഖലകൾ പ്രവർത്തിക്കുന്ന ഹൈദരാബാദിലെ ഒരു കൂട്ടം വിദഗ്ധ ഡോക്ടർമാരാണ് ഒരേസമയം ഒന്നിലധികം ജോലിയിൽ ചെയ്യുന്ന ആളുകൾക്ക് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കോവിഡിന് ശേഷം മൂൺലൈറ്റിംഗ് ചെയ്യുന്നത് വഴിയുള്ള പാർശ്വഫലങ്ങളാൽ അസുഖബാധിതരായി നിരവധി രോഗികൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. സ്ഥിര ജോലിക്ക് പുറമെ ആളുകൾ രണ്ടാമതൊരു ജോലി കൂടി ചെയ്യുന്ന മൂൺലൈറ്റിംഗ് എന്ന ആശയം കോവിഡിന് ശേഷമാണ് ഏറെ ശ്രദ്ധയാകർഷിച്ചത്. കാരണം വർക്ക് ഫ്രം ഹോം സംവിധാനം വരികയും തൊഴിൽ സുരക്ഷിതത്വം കുറയുകയും ചെയ്തതോടെ ആളുകളിൽ ‘മൂൺലൈറ്റിംഗ്’ ആശയത്തിന്റെ പ്രാധാന്യം വർധിച്ചു.
advertisement
നിലവിൽ പല ബഹുരാഷ്ട്ര കമ്പനികളും ഈ വിഷയത്തിൽ നയപരമായ ഉത്തരവുകൾ പാസാക്കിയിട്ടുണ്ട്. കൂടാതെ കുറച്ച് ആളുകൾക്ക് ഇതുമൂലം ജോലി നഷ്ടപ്പെട്ടേക്കാം എന്നും മുന്നറിയിപ്പുണ്ട്. എന്നാൽ ഇതിലുപരി മാനസികാരോഗ്യത്തെ വരെ ഇത് തകർത്തേക്കാമെന്നും ഡോക്ടർമാർ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. ഐടി പ്രൊഫഷണലുകൾക്ക് ആണ് പ്രധാനമായും ഈ മുന്നറിയിപ്പ് ബാധകമാവുക.
കാരണം ചികിത്സയ്ക്ക് വന്ന എല്ലാ രോഗികളിലും ഏറ്റവും സാധാരണമായി കണ്ട ഘടകം അവരെല്ലാം ഐടി പ്രൊഫഷണലുകൾ ആയിരുന്നു എന്നതാണെന്നും എല്ലാവരും ഒന്നിലധികം ജോലികൾ ചെയ്യുന്നവരും ആഴ്ചയിൽ 60 മണിക്കൂറിൽ അധികം ജോലി ചെയ്യുന്നവരാണെന്നും ഉച്ച്വാസ് ട്രാൻസിഷണൽകെയറിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഡയറക്ടറും ചീഫുമായ വിജയ് ബത്തിന വ്യക്തമാക്കി. പലരും രാത്രിയിൽ വൈകി ജോലി ചെയ്യുന്നവരാണെന്നും അദ്ദേഹം കൂടിച്ചേർത്തു.
advertisement
പുതിയ തലമുറയിലെ പ്രൊഫഷണലുകൾക്കിടയിൽ വളരുന്ന പ്രതിഭാസമായ മൂൺലൈറ്റിംഗ് അവരുടെ ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയതായാണ് ഈ പൊതു ഘടകങ്ങൾ സൂചിപ്പിക്കുന്നത്. ആഴ്ചയിൽ 60 മണിക്കൂറിലധികം ഒരു വ്യക്തി ജോലി ചെയ്യുന്നത് അയാളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജോലിയുടെ ഗുണനിലവാരം കുറയ്ക്കുമെന്നും ബത്തിന ചൂണ്ടികാട്ടി.
അതേസമയം ഓരോ വ്യക്തിയുടെയും ശാരീരിക ശേഷിയിൽ പരിമിതികളുണ്ടെന്ന വസ്തുത പ്രൊഫഷണലുകൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കൂടുതൽ സമയം ജോലി ചെയ്യുന്നത് ഉറക്കക്കുറവിന് കാരണമാകുകയും ഇത് മാനസിക സമ്മർദം വർദ്ധിപ്പിക്കുകയും മാനസികാരോഗ്യ സങ്കീർണതകൾ സൃഷ്ടിക്കുകയും ചെയ്യും. കൂടാതെ ശരീരം പെട്ടെന്ന് ക്ഷീണിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കാമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. അഥവാ ഒന്നിലധികം ജോലികൾ ചെയ്യുന്നുണ്ടെങ്കിൽ തന്നെ മതിയായ ഇടവേളകൾ എടുക്കൽ, ശരിയായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കാനും ഇത്തരം ആളുകളോട് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 09, 2023 10:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഒരേ സമയം രണ്ട് കമ്പനികളിൽ ജോലി ചെയ്യുന്നുണ്ടോ? തലച്ചോറിനെയും ഹൃദയത്തെയും ഗുരുതര രോഗങ്ങൾ ബാധിക്കാം