ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ടതിനു പിന്നാലെ ഇന്ത്യ വിട്ട ആൾദൈവം നിത്യാനന്ദ പരമശിവം വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. തന്റെ സ്വയം പ്രഖ്യാപിത രാഷ്ട്രമായ ‘കൈലാസ’ത്തിന്റെ പ്രതിനിധി ഐക്യരാഷ്ട്രസഭയുടെ ചർച്ചയിൽ പങ്കെടുത്തതിനു പിന്നാലെയാണ് നിത്യാനന്ദയും, ഇയാൾ സ്ഥാപിച്ചതെന്ന് അവകാശപ്പെടുന്ന കൈലാസ രാജ്യവും വീണ്ടും ചർച്ചയാകുന്നത്. 2019 ൽ നാടുവിട്ട നിത്യാനന്ദ ഒരു വർഷത്തിന് ശേഷമാണ് അനുയായികൾക്കൊപ്പം താൻ സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് അവകാശപ്പെട്ട് രംഗത്തു വന്നത്.
എന്താണ് കൈലാസ
‘ഹിന്ദുക്കളുടെ ആദ്യത്തെ പരമാധികാര രാഷ്ട്രം’ എന്നാണ് ഫെബ്രുവരി 24 ന് യുഎൻ കമ്മിറ്റി ഓഫ് ഇക്കണോമിക്, സോഷ്യൽ, കൾച്ചറൽ റൈറ്റ്‌സിൽ (CESCR) ഇവരുടെ പ്രതിനിധിയായി പങ്കെടുത്ത വിജയപ്രിയ നിത്യാനന്ദ കൈലാസത്തെ വിശേഷിപ്പിച്ചത്. നിത്യാനന്ദയാണ് ഈ സാങ്കൽപിക രാജ്യം സ്ഥാപിച്ചത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന ഹിന്ദുക്കളാണ് രാജ്യം നോക്കിനടത്തുന്നതെന്നും ഇവർ പറയുന്നു. ന്യൂനപക്ഷ സമുദായമായ ഹിന്ദു ആദി ശൈവ അംഗങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്. ഹിന്ദുമതാചാരങ്ങൾ പിന്തുടരുന്നവർക്കും ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കൾക്കും ഒരു അഭയസ്ഥാനമാണ് തങ്ങളെന്ന് ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ വെബ്സൈറ്റിൽ പറയുന്നു.
കൈലാസ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ഇക്വഡോറിനടുത്തുള്ള ഒരു ദ്വീപിലാണ് നിത്യാനന്ദ ഈ രാജ്യം രൂപീകരിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൈലാസയുടെ കൃത്യമായ സ്ഥാനം എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും മധ്യ അമേരിക്കയിലെ പസഫിക് തീരത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെ ദൃശ്യങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ജനസംഖ്യയും ഭാഷയും
കൈലാസയുടെ വെബ്സൈറ്റിൽ പറയുന്ന വിവരങ്ങൾ അനുസരിച്ച്, 100 ദശലക്ഷം ആദി ശൈവ ഹിന്ദുക്കളും 2 ബില്യൺ ഹിന്ദുക്കളും ഈ രാജ്യത്തിലെ അംഗങ്ങളാണ്. ഇംഗ്ലീഷ്, സംസ്കൃതം, തമിഴ് എന്നിവയാണ് ഈ രാജ്യത്ത് സംസാരിക്കുന്ന ഭാഷകൾ. സനാതന ഹിന്ദു ധർമമാണ് ഇവർ പിന്തുടരുന്നത്.
ലക്ഷ്യം ഹൈന്ദവ നവോത്ഥാനം
വർഷങ്ങളുടെ അടിച്ചമർത്തലിനും കീഴടക്കലിനും ശേഷം ഒരു തനതായ ഹിന്ദു സംസ്കാരത്തിന്റെയും നാഗരികതയുടെയും പുനഃസ്ഥാപനത്തിനായി രാജ്യം സമർപ്പിക്കപ്പെട്ടിരിക്കുന്നു എന്നും വേദ നാഗരികത, 10,000 വർഷത്തിലേറെയായി നിലനിന്നിരുന്നുവെങ്കിലും നൂറ്റാണ്ടുകൾ നീണ്ട അധിനിവേശവും കൊള്ളയും വംശഹത്യയും കൊളോണിയൽ അടിച്ചമർത്തലും മൂലം അത് ഇല്ലാതായെന്നും വെബ്സൈറ്റിൽ പറയുന്നു. നിലവിൽ ഈ ഭൂമിയിൽ പ്രഖ്യാപിത ഹിന്ദു രാഷ്ട്രം ഇല്ലെന്നും അത്തരത്തിലൊന്നാകാനാണ് കൈലാസ ശ്രമിക്കുന്നതെന്നും ഇവർ പറയുന്നു.
ദേശീയ പതാക, ചിഹ്നം
താമരയാണ് കൈലാസ രാജ്യത്തിന്റേ ദേശീയ പുഷ്പം. ദേശീയ പുഷ്പവും ഋഷഭ ധ്വജവും ചേർന്നതാണ് രാജ്യത്തിന്റെ പതാക. ശരബമാണ് ഇവിടുത്തെ ദേശീയ പക്ഷി
ഇതൊരു അംഗീകൃത രാഷ്ട്രമാണോ?
യുണൈറ്റ‍് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്ന രാജ്യത്തെ ഐക്യരാഷ്ട്രസഭയോ മറ്റേതെങ്കിലും രാജ്യമോ ഇതുവരെ അംഗീകരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സിനെ സൃഷ്ടിച്ചും യുഎന്നിലേക്ക് ഒരു പ്രതിനിധിയെ അയച്ചുമെല്ലാം നിത്യാനന്ദ തന്റെ സ്വയംപ്രഖ്യാപിത രാജ്യത്തിന് നിയമസാധുത നൽകാൻ ശ്രമിക്കുകയാണ്.
ഈ രാജ്യത്ത് ആർക്കും പൗരത്വം നേടാൻ കഴിയുമോ?
ഡിജിറ്റലായി നേടാൻ കഴിയുന്ന ‘ഇ-പൗരത്വം’ എന്ന ഒരു ഓപ്ഷൻ ഇവർ അവതരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.