• HOME
  • »
  • NEWS
  • »
  • life
  • »
  • ഇന്ത്യ കാണാനിറങ്ങിയിട്ട് 5 മാസം;അടുത്ത യാത്ര റോഡ് മാർഗം തായ്ലാൻഡിലേക്ക്; തലശേരിക്കാരൻ ഫഹിം മെഹ്റൂഫിന്റെ യാത്രകൾ

ഇന്ത്യ കാണാനിറങ്ങിയിട്ട് 5 മാസം;അടുത്ത യാത്ര റോഡ് മാർഗം തായ്ലാൻഡിലേക്ക്; തലശേരിക്കാരൻ ഫഹിം മെഹ്റൂഫിന്റെ യാത്രകൾ

ഫഹിം ഒരു പത്തൊമ്പതുകാരനാണ്. സാക്ഷാൽ തലശേരിക്കാരൻ. അഞ്ച് മാസമായി നാടുകണ്ടിട്ട്. ഒറ്റയ്ക്ക് ഊരുകൾ താണ്ടുകയാണ്. ഇന്ത്യ കണ്ടുകഴിഞ്ഞു. ഇനി ലക്ഷ്യം ഏഷ്യയിലെ മറ്റ് രാജ്യങ്ങളാണ്. അതിന്റെ ആദ്യപടിയായി തായ്ലൻഡിലേക്ക് റോഡ് മാർഗം പോകും. മ്യാൻമാർ കടന്ന് ലാവോസ് അവിടെ നിന്നാണ് തായ്ലൻഡിലേക്ക് യാത്ര. പിന്നെ കംബോഡിയയും വിയറ്റ്നാമും വരെ റോഡ് മാർഗം.

ഫഫിം മെഹ്റൂഫ്

ഫഫിം മെഹ്റൂഫ്

  • Share this:
'പടച്ചോനേ..ഒരു രക്ഷേം ഇല്ല.. എന്താ രസന്നറിയോ.. എനക്ക് ദ്ദ് പറഞ്ഞറീക്കാനും പറ്റണില്ലല്ലോ'... ഹിമാചൽപ്രദേശിലെ ടൂറിസ്റ്റുകളിൽ അധികമാരും കയറാൻ ഇടയില്ലാത്ത മഞ്ഞ് മലക്ക് മുകളിൽ നിന്ന് ഫഹിം മെഹ്റൂഫ് പറയുകയാണ്. ഫഹിം ഒരു പത്തൊമ്പതുകാരനാണ്. സാക്ഷാൽ തലശേരിക്കാരൻ. അഞ്ച് മാസമായി നാടുകണ്ടിട്ട്. ഒറ്റയ്ക്ക് ഊരുകൾ താണ്ടുകയാണ്. ഇന്ത്യ കണ്ടുകഴിഞ്ഞു. ഇനി ലക്ഷ്യം ഏഷ്യയിലെ മറ്റ് രാജ്യങ്ങളാണ്. അതിന്റെ ആദ്യപടിയായി തായ്ലൻഡിലേക്ക് റോഡ് മാർഗം പോകും. മ്യാൻമാർ കടന്ന് ലാവോസ് അവിടെ നിന്നാണ് തായ്ലൻഡിലേക്ക് യാത്ര. പിന്നെ കംബോഡിയയും വിയറ്റ്നാമും വരെ റോഡ് മാർഗം. വിയറ്റ്നാമിൽ നിന്ന് വിമാനത്തിൽ ബാലിയിലേക്ക്. അവിടെ നിന്ന് നാട്ടിലെത്തണം. പിന്നെ മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക്. മേഘാലയയിലെ ഒരു ഗ്രാമത്തിലിരുന്നാണ് ഫഹിം ന്യൂസ് 18നോട് തുടർ യാത്രാ വിവരങ്ങൾ പങ്കുവച്ചത്.യാത്ര തുടങ്ങാൻ കാരണമിങ്ങനെ

ഫഹിമിലെ യാത്രികനെ രൂപപ്പെടുത്തിയത് സ്കൂൾ കാലമാണ്. തലശേരിയിലെ സിബിഎസ്ഇ സ്കൂളിൽ പഠിക്കുമ്പോൾ ഉൾവലിഞ്ഞ പ്രകൃതമായിരുന്നു. തന്റെ സ്വഭാവം മാറ്റിയെടുക്കണമെന്ന തോന്നലിലാണ് യാത്രയെ കുറിച്ച് ആലോചിക്കുന്നത്. കുറേ പുസ്തകങ്ങൾ വായിച്ചു. യാത്രാവിവരണങ്ങളായിരുന്നു അധികവും. ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് പതിനാറാം വയസിലാണ്. ഉമ്മയോട് കള്ളം പറഞ്ഞ് കൊച്ചിയിലേക്കാണ് പോയത്. കൊച്ചിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ വീണ്ടും യാത്ര ചെയ്യാനുള്ള ഉൾപ്രേരണയുണ്ടായി. അവിടെ നിന്ന് കൊടൈക്കനാലിൽ പോയി. പിന്നെ മുംബൈയിലേക്ക് വണ്ടി കയറി. വെറും ആയിരത്തിയഞ്ഞൂറുരൂപ കയ്യിൽ കരുതിയായിരുന്നു മുംബൈ യാത്ര. നാല് കൊല്ലമായി യാത്ര ചെയ്യുന്നുണ്ട്. ഇന്ത്യ കണ്ടു തീർത്തു. ഇപ്പോഴും യാത്ര തുടരുകയാണ്. വീട്ടിലെത്തിയിട്ട് അഞ്ച് മാസമായി. ഇടയ്ക്ക് ഉമ്മ വിളിക്കും, കാണണമെന്ന് പറയും. വീഡിയോ കോൾ ചെയ്തും താമസിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുത്തും ഉമ്മയെ സന്തോഷിപ്പിക്കും.

എന്തുകൊണ്ട് സോളോ യാത്ര

സോളോ യാത്ര തെരഞ്ഞെടുക്കാനുള്ള കാരണം ആരോടും ഉത്തരവാദിത്തം വേണ്ട എന്നതിനാലാണ്. തീരുമാനങ്ങളെടുക്കുന്നത് ഒറ്റയ്ക്ക്. പ്രതിസന്ധികളെ നേരിടുന്നതും ഒറ്റയ്ക്കാണ്. ആർക്കൊപ്പവും യാത്ര ചെയ്യാം. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. തെരുവിലോ ബസ് സ്റ്റാൻഡിലോ ചുരുണ്ടുകൂടി കിടന്നുറങ്ങാം. ഉത്തരവാദിത്തം നമ്മളിൽ മാത്രമായി ചുരുങ്ങും. ആർക്കും ബാധ്യതയാകില്ല, ഒരു ബാധ്യതയും നമുക്കുമില്ല. അതാണ് സോളോ യാത്രയുടെ സുഖമെന്ന് ഫഹിം.

ട്രിപ്പ് ട്രയാംഗിൾ എന്ന പത്തൊമ്പതുകാരൻ്റെ കമ്പനി

ഈ പ്രായത്തിനിടയിൽ ഒരു ടൂറിസം കമ്പനിയും ഫഹിം തുടങ്ങിയിട്ടുണ്ട്. പതിനേഴാം വയസിലാണ് ട്രിപ്പ് ട്രയാങ്കിൾ എന്ന് പേരിട്ട കമ്പനി തുടങ്ങിയത്. ഒരു മനാലി യാത്രയാണ് ഇത്തരമൊരു കമ്പനി തുടങ്ങാനുള്ള പ്രേരണയായത്. മണാലിയിൽ പോകാൻ പലരും ചിലവഴിക്കുന്നത് പതിനായിരവും ഇരുപതിനായിരവുമൊക്കെയാണ്. തന്റെ ആദ്യ മണാലി യാത്ര വെറും മൂവായിരം രൂപയ്ക്കായിരുന്നുവെന്ന് ഫഹിം പറയുന്നു. ചുരുങ്ങിയ ചിലവിൽ ഹിമാലയ യാത്രക്കുള്ള അവസരമൊരുക്കാൻ എന്തുകൊണ്ട് കഴിയില്ലെന്നായി ചിന്ത. ഇത്തരമൊരു കൂട്ടായ്മ തുടങ്ങാൻ പലരോടും ചർച്ച നടത്തി. എന്നാൽ പ്രായത്തിന്റെ പക്വതയില്ലായ്മയെന്ന് പറഞ്ഞ് പലരും പരിഹസിച്ചു. അത്തരം പരിഹാസങ്ങൾ തന്നെയാണ് ഊർജ്ജമായത്. കമ്പനി തുടങ്ങിയ ശേഷം നിരവധി ഇവന്റുകൾ ട്രിപ്പ് ട്രയാങ്കിളിന് കീഴിൽ നടത്തി. കേദാർകാന്തയടക്കമുള്ള ഹിമാലയൻ മലനിരകളിലേക്ക് അനവധി യാത്രാപ്രേമികളെ ചുരുങ്ങിയ ചിലവിൽ കൊണ്ടുപോയി. ചെറിയ രീതിയിലുള്ള ലാഭം മാത്രമെടുത്താണ് ട്രിപ്പ് ട്രയാങ്കിൾ ദൗത്യം തുടരുന്നത്.

ചുരുങ്ങിയ ചിലവിൽ യാത്ര എങ്ങനെ

ഇന്ത്യയിൽ യാത്ര ചെയ്യാൻ ചുരുങ്ങിയ ചിലവിൽ സാധ്യമാകുമെന്നതിന്റെ തെളിവാണ് തന്റെ യാത്രകളെന്ന് ഫഹിം. പരമാവധി പൊതു ഗതാഗതമാണ് ഉപയോഗിക്കുക. പ്രാദേശികമായ ഭക്ഷണം കഴിക്കുക. ഈ ദിവസം മുന്നൂറുരൂപ മാത്രമേ ചെലവഴിക്കൂ എന്ന് തീരുമാനിച്ചാൽ അതിനപ്പുറം പോകാതിരിക്കാനുള്ള ജാഗ്രതയുണ്ടാകാറുണ്ട്. ഒരു പക്ഷെ അതിനപ്പുറം ചെലവ് വന്നാൽ അടുത്ത ദിവസം ഒരു നേരം ഭക്ഷണം ഒഴിവാക്കിയോ ഡോർമെറ്ററിയിലെ താമസം വേണ്ടെന്ന് വച്ച് പൊതു ഇടങ്ങളിൽ ഉറങ്ങിയോ ആ ചെലവിനെ മറികടക്കാന് കഴിയും. ഹിമാലയൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴെല്ലാം ആളുകൾ ലിഫ്റ്റ് തരാറുണ്ട്. ചരക്ക് ലോറിയിലും ബൈക്കുകളിലും കാറുകളിലുമെല്ലാം ലിഫ്റ്റ് അടിച്ച് പോയിട്ടുണ്ട്.

കൗച്ച് സർഫിംഗ് ആപ്പ് ഉപയോഗിച്ച് പല മനുഷ്യരുടെയും വീട്ടിൽ അതിഥിയായി കൂടിയിട്ടുണ്ട്. യാത്രികരെ പ്രത്യേകിച്ച് സോളോ യാത്രികരെ മലമുകളിലൊക്കെയുള്ള മനുഷ്യർ ഹൃദയംകൊണ്ടാണ് സ്വീകരിക്കുകയെന്നതിന് നിരവധി അനുഭവങ്ങളുണ്ടായിട്ടുണ്ട്. പലരും വീടുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഭക്ഷണവും താമസവും തന്നിട്ടുണ്ട്. ഒടുവിൽ നേപ്പാളിൽ പോയപ്പോഴുണ്ടായ ഒരനുഭവം പങ്കുവയ്ക്കാം.കാഠ്മണ്ഡുവിൽ വച്ച് മൂന്ന് പെൺകുട്ടികളെ പരിചയപ്പെട്ടു. അവരുടെ ഭാഷ എനിക്കോ എന്റെ ഭാഷ അവർക്കോ അറിയില്ല. എന്നിട്ടും അവർ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. അവരുടെ മാതാപിതാക്കൾ എന്നെ ഒരു മകനെ പോലെ നോക്കി. എനിക്ക് ഭക്ഷണവും താമസവും തന്നു. തിരിച്ചുപോരുമ്പോൾ സഹോദരിമാരെ നഷ്ടപ്പെട്ട സങ്കടം എനിക്കുണ്ടായിരുന്നു. അത്രമാത്രം ഞാൻ അവരെ മിസ് ചെയ്യുന്നുണ്ട്. വീണ്ടും നേപ്പാളിൽ പോകുമ്പോൾ അവരെയെല്ലാം വീണ്ടും കാണണമെന്നാണ് ആഗ്രഹം. യാത്ര തരുന്ന സുഖവും സ്വസ്ഥതയും മറ്റെവിടെ നിന്നും കിട്ടില്ല. എത്രയെത്ര മനുഷ്യരെയാണ് അറിയാൻ കഴിയുന്നത്. എത്രമാത്രം രുചി വൈവിധ്യങ്ങളാണ് നാവിൽ നിറയുന്നത്. എത്രമാത്രം അനുഭവങ്ങളാണ് ഉള്ളിൽ തട്ടുന്നത്. ഫഹിം പറയുന്നു...

Also Read- നിങ്ങളുടെ ചർമ്മത്തിന് പ്രായ കൂടുതൽ തോന്നുന്നുണ്ടോ? എങ്കിൽ ഈ 5 കാര്യങ്ങൾ കഴിക്കാംയൂട്യൂബിലുണ്ട് ഫഹിം മെഹ്റൂഫ്

യൂട്യൂബ് ചാനലിന്റെ പേര് ഫഹിം മെഹ്റൂഫ് എന്നാണ്. ഇന്‍സ്റ്റാഗ്രാമാണ് യൂടൂബ് ചാനലിലേക്കുള്ള വഴി തുറന്നത്. യാത്രാ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പലരുടെയും കമന്റുകളാണ് യൂടൂബ് ചാനൽ തുടങ്ങാൻ പ്രേരകമായത്. ദൃശ്യങ്ങൾ പകർത്തി മറ്റുള്ളവരെ കാണിക്കണമെന്നും അവർക്ക് യാത്ര ചെയ്യാൻ പ്രചോദനമാകുമെന്നും എന്നൊക്കെ ആളുകൾ പറഞ്ഞു. ഇതോടെയാണ് യൂടൂബിംഗ് തുടങ്ങിയത്.പതിനയ്യായിരത്തിൽ താഴെ സബ്സ്ക്രൈബർമാർ മാത്രമാണ് ചാനലിനുള്ളത്. ഇപ്പോൾ കാഴ്ചക്കാർ ഏറി വരുന്നുണ്ട്. കാഴ്ചകൾ ആസ്വദിക്കാനാണ് യാത്രയിൽ സമയം കണ്ടെത്തുന്നത്. അതിന് ശേഷം മാത്രമേ ദൃശ്യങ്ങൾ എടുക്കൂ. ദൃശ്യങ്ങള്‍ എടുക്കുന്നതിന് പ്രാധാന്യം നൽകിയാൽ പല കാഴ്ചകളും നഷ്ടപ്പെടുമെന്നാണ് ഫഹീമിന്റെ പക്ഷം. യൂട്യൂബിലൂടെ പരമാവധി പറയാൻ ശ്രമിക്കുന്നത് ഹിഡൻ ആയ സ്ഥലങ്ങളെ കുറിച്ചും ചിലവുകുറഞ്ഞ രീതിയിൽ ഉള്ള യാത്രയെ കുറിച്ചുമാണ്.

Also Read- Weight Loss | ശരീര ഭാരം കൂടും, രാവിലെ എഴുന്നേറ്റ് ഈ 5 കാര്യങ്ങൾ ചെയ്താൽയാത്ര ചെയ്യാനുള്ള പണം എങ്ങനെ

യാത്രക്കായുള്ള പണം കണ്ടെത്തുന്നത് ട്രിപ്പ് ട്രയാങ്കളിൽ നിന്നുള്ള വരുമാനം വച്ചാണ്. യൂടൂബിൽ നിന്ന് ചെറിയ രീതിയിലുള്ള വരുമാനവുമുണ്ട്. സുഹൃത്തുക്കൾ സഹായിക്കും. അങ്ങിനെയാണ് യാത്രകൾ. കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ഇടങ്ങൾ ഗുൽമാർഗ്, നോർത്ത് സിക്കിം,ജൽസയ്മീർ ഹിമാചലിലെ താച്ചിവാലി, നേപ്പാളിലെ അന്നപൂർണ്ണ എന്നിവയൊക്കെയാണ്.ഈ വർഷം വടക്കൻ യൂറോപ്പിലെ ബാൾട്ടിക് രാജ്യങ്ങളി‍ൽ ഉൾപ്പെടുന്ന ലാത്വിയയിലേക്ക് പഠനത്തിനായി പോകും. ട്രാവൽ ആൻഡ് ടൂറിസമാണ് പഠിക്കുന്നത്. ഇഷ്ട വിഷയം പഠിക്കുന്നതിനൊപ്പം യാത്രകൾ തുടരും. ഏഷ്യൻ യാത്രക്ക് ശേഷം ഭൂഖണ്ഡങ്ങളൊന്നൊന്നായി കണ്ടറിയണമെന്നാണ് ഫഹിമിന്റെ ആഗ്രഹം.തലശേരിയിലെ ആറാം മൈലിലെ വീട്ടിൽ ഉപ്പ മെഹ്റൂഫും ഉമ്മ നുസ്രത്തും അനുജത്തി മെഹ്ദിയയും കാത്തിരിപ്പുണ്ട്. എല്ലാ യാത്രയുടെയും രസം കാത്തിരിക്കാൻ ആളുകളുണ്ട് എന്നുള്ളത് തന്നെയാണല്ലോയെന്ന് പറഞ്ഞ് ഫഹിം അടുത്ത ഇടത്തേക്കായി ബാക്ക് പാക്കും സ്ലീപ്പിംഗ് ബാഗും തയാറാക്കുകയാണ്...
Published by:Rajesh V
First published: