ഇന്റർഫേസ് /വാർത്ത /Life / Women's Day 2020 | സാര്‍വദേശീയ സ്ത്രീകളെ, സംഘടിക്കുവിന്‍; ഈ ദിനം നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ളതാണ്

Women's Day 2020 | സാര്‍വദേശീയ സ്ത്രീകളെ, സംഘടിക്കുവിന്‍; ഈ ദിനം നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ളതാണ്

Happy-International-Womens-Day (News18 Creative)

Happy-International-Womens-Day (News18 Creative)

1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കിലെ തുണിമില്ലുകളില്‍ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ മുതലാളിത്തത്തിനെതിരെ സമരം ചെയ്തു. വോട്ട് ചെയ്യാനുള്ള അവകാശത്തിന് വേണ്ടിയും ജോലി സമയം കുറക്കാനും കുറഞ്ഞ വേതനത്തിനുമെതിരായിരുന്നു പ്രക്ഷോഭം.

  • News18
  • 2-MIN READ
  • Last Updated :
  • Share this:

ഒരേ ഡ്രസ് കോഡുമായി തൊഴിലിടങ്ങളിലെത്തി ആഘോഷ പരിപാടികള്‍ നടത്തുന്നതാണ് പുതിയ തലമുറയ്ക്ക് പരിചയമുള്ള വുമണ്‍സ് ഡേ. 'ഹാപ്പി വുമണ്‍സ് ഡേ' മെസേജുകള്‍ വാട്‌സ്ആപ്പിലൂടെ ഫോര്‍വേഡ് ചെയ്യുന്നതിനപ്പുറം എന്താണ് അന്താരാഷ്ട്ര വനിതാ ദിനം. ക്രിസ്്മസും ന്യൂ ഇയറും ഓണവും ബക്രീദും പോലെ വര്‍ഷാവര്‍ഷം മാര്‍ച്ച് എട്ടിന് കൊണ്ടാടുന്ന സ്ത്രീകളുടെ ഈ ഉത്സവദിനത്തിന്റെ ചരിത്ര പശ്ചാത്തലം എത്ര പേര്‍ക്കറിയാം.

നിറത്തിനുമുണ്ട് കഥ പറയാന്‍

അന്താരാഷ്ട്ര തലത്തില്‍ പര്‍പ്പിള്‍ ആണ് സ്ത്രീകളെ പ്രതിനിധീകരിക്കുന്ന നിറം. ഇതിനു പിന്നിലൊരു കഥയുണ്ട്, 1903 ല്‍ ഇംഗ്ലണ്ടില്‍ സ്ത്രീകള്‍ക്ക് വേണ്ടി രൂപീകൃതമായ വുമണ്‍സ് സോഷ്യല്‍ ആന്റ് പൊളിട്ടിക്കല്‍ യൂണിയന്‍((WSPU) തങ്ങളുടെ ഔദ്യോഗിക നിറങ്ങളായി തെരഞ്ഞെടുത്തത് പര്‍പ്പിള്‍, പച്ച, വെള്ള എന്നിവയായിരുന്നു(1908 ല്‍). പര്‍പ്പിള്‍ നീതിയേയും അന്തസിനേയും പ്രതിനിധീകരിക്കുന്നു. പ്രതീക്ഷയുടെ നിറമായാണ് പച്ചയെ കാണുന്നത്. വിശുദ്ധിയുടെ നിറമായി വെള്ളയേയും തിരഞ്ഞെടുത്തു. 'വിശുദ്ധി'യുടെ അര്‍ത്ഥതലങ്ങള്‍ പിന്നീട് വിവാദമായതോടെ അത് ഒഴിവാക്കി.

അല്‍പ്പം ചരിത്രം- മാര്‍ച്ച് 8 എന്ന ഐതിഹാസിക സമര ദിനം

മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി കൊണ്ടാടുന്നതിന് പിന്നില്‍ ന്യൂയോര്‍ക്കിലെ സ്ത്രീകളുടെ ഐതിഹാസിക പ്രക്ഷോഭത്തിന്റെ ചരിത്രമുണ്ട്. ഈ പ്രക്ഷോഭത്തോടെയാണ് വനിതാ ദിനത്തിന് തുടക്കമാകുന്നത്. 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കിലെ തുണിമില്ലുകളില്‍ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ മുതലാളിത്തത്തിനെതിരെ സമരം ചെയ്തു. വോട്ട് ചെയ്യാനുള്ള അവകാശത്തിന് വേണ്ടിയും ജോലി സമയം കുറക്കാനും കുറഞ്ഞ വേതനത്തിനുമെതിരായിരുന്നു പ്രക്ഷോഭം. ആദ്യമായിട്ടായിരുന്നു സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംഘടിതമായി പ്രക്ഷോഭത്തിനിറങ്ങുന്നത്. ഇതിന്റെ ചുവടുപിടിച്ച് ലോകമെമ്പാടും പിന്നീടങ്ങോട്ട് പ്രക്ഷോഭങ്ങള്‍ അരങ്ങേറി.

സ്ത്രീകളുടെ അവകാശ സമരങ്ങളുടെ സ്മരണാര്‍ത്ഥം 1909 ഫെബ്രുവരി 28 ന് അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ആദ്യമായി വനിതാ ദിനം ആചരിച്ചത്. 1913 വരെ അമേരിക്കയിലെ സ്ത്രീകള്‍ ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച്ച ദേശീയ വനിതാ ദിനമായി കൊണ്ടാടി.

പിന്നീട് 1910 ല്‍ ജര്‍മനിയിലെ കോപ്പന്‍ഹാമില്‍ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വനിതാ വിഭാഗം നേതാവും പിന്നീട് മാര്‍ക്‌സിസ്റ്റ് തത്വചിന്തകയുമായ ക്ലാര സെട്കിന്റെ മുന്‍കൈയ്യില്‍ അന്താരാഷ്ട്ര വനിതാ ദിനം എന്ന ആവശ്യമുയരുകയും ഏകകണ്‌ഠേന അംഗീകരിക്കപ്പെടുകയും ചെയ്തു. 17 രാജ്യങ്ങളില്‍ നിന്നായി നൂറിലധികം വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലായിരുന്നു ഈ ചരിത്ര തീരുമാനം.

തുടര്‍ന്ന് അടുത്ത വര്‍ഷം മാര്‍ച്ച് 19 ന് ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങള്‍ ആദ്യമായി വനിതാ ദിനം ആചരിച്ചു. സ്ത്രീകളും പുരുഷന്മാരുമടക്കം ഒരു കോടിയിലേറെ പേരാണ് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ആ ദിവസം തെരുവിലിറങ്ങിയത്. ഈ സംഭവം കഴിഞ്ഞ് ഒരാഴ്ച്ചക്കുള്ളിലാണ് യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ട്രയാങ്കിള്‍ ഷര്‍ട്ട് വെയ്സ്റ്റ് ഫാക്ടറിയിലെ അഗ്നബാധയുണ്ടാകുന്നത്. 123 സ്ത്രീകളും 23 പുരുഷന്മാരുമടക്കം 146 പേരാണ് ഈ ദുരന്തത്തില്‍ വെന്തുമരിച്ചത്. വ്യാവസായിക മേഖലയിലെ സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് വിരല്‍ ചൂണ്ടുന്നതായിരുന്നു ദുരന്തം.

സ്ത്രീകളുടെ നേതൃത്വത്തില്‍ നിരവധി ചരിത്ര സമരങ്ങള്‍ക്കാണ് പിന്നീടങ്ങോട്ട് ലോകം സാക്ഷിയായത്. ലോക മഹായുദ്ധത്തിന്റെ ഇരകളില്‍ വലിയൊരു വിഭാഗം സ്ത്രീകളും കുട്ടികളുമായിരുന്നു. സമാധാന മുദ്രാവാക്യവുമായി 1913 ല്‍ റഷ്യയിലെ സ്ത്രീകള്‍ ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച്ച തങ്ങളുടെ ആദ്യ വനിതാ ദിനമാക്കി തെരുവിലിറങ്ങി. തൊട്ടടുത്ത വര്‍ഷം യൂറോപ്പിലും യുദ്ധത്തിനെതിരായി സ്ത്രീകള്‍ ഒന്നിച്ചിറങ്ങി.

1917 ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച്ചയാണ് റഷ്യയില്‍ സ്ത്രീകള്‍ വിഖ്യാതമായ 'bread and peace' സമരവുമായി മുന്നോട്ടുവരുന്നത്. ഒന്നാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട രണ്ട് മില്യണോളം വരുന്ന റഷ്യന്‍ പട്ടാളക്കാര്‍ക്ക് വേണ്ടിയായിരുന്നു സ്ത്രീകളുടെ സമരം.

പിന്നീട് ഓരോ വര്‍ഷവും ലോക രാജ്യങ്ങളിലെ സ്ത്രീകള്‍ വനിതാ ദിനങ്ങള്‍ കൊണ്ടാടിപ്പോന്നു. 1975 ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. ആദ്യകാലങ്ങളില്‍ സോഷ്യലിസ്റ്റുകളുടെ പരിപാടിയായി മാത്രം കണ്ടിരുന്ന വനിതാ ദിനം കാലക്രമേണ ആഗോള തലത്തില്‍ സ്ത്രീകളുടെ ദിനമായി ആചരിക്കുകയായിരുന്നു. ഓരോ വര്‍ഷവും ഐക്യരാഷ്ട്ര സഭ വനിതാ ദിനവുമായി ബന്ധപ്പെട്ട് മുദ്രാവാക്യങ്ങള്‍ പ്രഖ്യാപിക്കാറുണ്ട്. തുല്യ അവകാശം, തുല്യ അവസരം, എല്ലാവര്‍ക്കും വികസനം എന്നതായിരുന്നു 2010 ലെ മുദ്രാവാക്യം. തുല്യതയ്ക്കായി ഒന്നിച്ച് നില്‍ക്കാം (EachforEqual) എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം.

കാലത്തിന്റെ ക്രൂര തമാശയെന്തെന്നാല്‍ 150 വര്‍ഷങ്ങള്‍ക്കിപ്പുറവും സ്ത്രീകള്‍ തുല്യ വേതനത്തിനും ഇരിക്കാനും തൊഴില്‍ സമയം കുറക്കാനുമായി പോരാട്ട ഭൂമിയില്‍ തന്നെയാണെന്നത് തന്നെ.

BEST PERFORMING STORIES:''എന്നെ കേൾക്കാത്തവർ എന്നെ ആഘോഷിക്കേണ്ട'; പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ച് ലിസിപ്രിയ [NEWS]'Coronavirus Outbreak LIVE Updates: കേരളത്തില്‍ വീണ്ടും കൊറോണ; സ്ഥിരീകരിച്ചത് പത്തനംതിട്ടയിലെ 5 പേരിൽ [NEWS]എൻ.വിജയൻ പിള്ള: ഈ നിയമസഭാ കാലയളവിൽ മരിക്കുന്ന അഞ്ചാമത്തെ അംഗം [PHOTO]

First published:

Tags: Happy Women's Day, International women's day, Women's day