കോവിഡ് പ്രതിസന്ധി: ചിറകൊടിഞ്ഞ് വ്യോമയാന വ്യവസായം; നഷ്ടം 201 ബില്യണ്‍ ഡോളര്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
ആഗോള വ്യോമയാന വ്യവസായത്തിന് 2020 - 2022 കാലഘട്ടത്തില്‍ 201 ബില്യണ്‍ യു എസ് ഡോളര്‍ നഷ്ടമുണ്ടാകുമെന്ന് അയാട്ട (I A T A).
കോവിഡ് -19 പ്രതിസന്ധി മൂലം ആഗോള വ്യോമയാന വ്യവസായത്തിന് 2020 - 2022 കാലഘട്ടത്തില്‍ 201 ബില്യണ്‍ യു എസ് ഡോളര്‍ നഷ്ടമുണ്ടാകുമെന്ന് അയാട്ട (I A T A). ''പ്രതിസന്ധിയുടെ ഏറ്റവും ആഴമേറിയ ഘട്ടം നമ്മള്‍ മറികടന്നിരിക്കുന്നു. ഗുരുതരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും, വീണ്ടെടുക്കലിന്റെ പാത തുറന്നുവരുന്നുണ്ട്', തിങ്കളാഴ്ച നടന്ന ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (I A T A) 77-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെ ഡയറക്ടര്‍ ജനറല്‍ വില്ലി വാള്‍ഷ് പറഞ്ഞു.
കോവിഡ് -19 പ്രതിസന്ധി ആരംഭിച്ച് ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിവിധ സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന അതിർത്തി നിയന്ത്രണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. സാമ്പത്തിക രംഗത്ത് പുരോഗതി ദൃശ്യമാണെന്നും അദ്ദേഹം പറയുന്നു. ''2020-ലെ 138 ബില്യണ്‍ ഡോളറായിരുന്നു വ്യോമയാന വ്യവസായ മേഖല നേരിട്ട നഷ്ടമെങ്കിൽ, 2021-ൽ അത് ഏകദേശം 52 ബില്യണ്‍ ഡോളറായി കുറയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 2022-ല്‍ ഏകദേശം 12 ബില്യണ്‍ ഡോളറായി നഷ്ടം കുറയുമെന്ന് കരുതപ്പെടുന്നു. കോവിഡ് -19 പ്രതിസന്ധിയെ തരണം ചെയ്ത് 2023-ല്‍ നമ്മള്‍ ലാഭത്തിലേക്ക് കടക്കുമെങ്കിലും അതിനുമുമ്പ് വ്യോമയാന മേഖലയ്ക്ക് ആകെ 201 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ഉണ്ടാവുക.'', വാള്‍ഷ് വ്യക്തമാക്കി.
advertisement
കോവിഡിന് മുമ്പുണ്ടായിരുന്ന ആഭ്യന്തര വിമാനങ്ങളില്‍ ഏതാണ്ട് 70 ശതമാനവും ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളിൽ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ഏവിയേഷൻ ഇൻഡസ്ട്രി വൃത്തങ്ങൾ അറിയിക്കുന്നതനുസരിച്ച്, കോവിഡിന് മുമ്പുള്ള രാജ്യാന്തര വിമാനങ്ങളില്‍ 20 ശതമാനവും ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണ് സര്‍വീസ് നടത്തുന്നത്. കൊറോണ വൈറസ് മഹാമാരി മൂലം 2020 മാര്‍ച്ച് 23 മുതല്‍ ഷെഡ്യൂള്‍ഡ് അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ സർവീസ് ഇന്ത്യയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാൽ, 28 രാജ്യങ്ങളുമായി ഇന്ത്യ രൂപീകരിച്ച ''എയര്‍ ബബിള്‍'' ക്രമീകരണങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
advertisement
വിവിധ രാജ്യങ്ങളിലെ വിമാനസര്‍വീസുകൾ ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയാണ് അയാട്ട (International Air Transport Association). 1919-ല്‍ സ്ഥാപിതമായ സംഘടനയുടെ പ്രവര്‍ത്തനം അഞ്ചു ഭൂഖണ്ഡങ്ങളിലും വ്യാപിച്ചു കിടക്കുന്നു. നിലവില്‍ 250-ല്‍പ്പരം രാജ്യങ്ങളിലെ വിമാനസര്‍വീസുകള്‍ ഈ ലോകസംഘടനയിലെ അംഗങ്ങളാണ്. വിമാനയാത്ര നടത്താന്‍ അനുയോജ്യമായ സമയത്തെയും സാഹചര്യങ്ങളെയും സംബന്ധിച്ച ശരിയായ വിവരങ്ങൾ ഈ സംഘടന നല്‍കുന്നു. കൂടാതെ വിവിധ രാജ്യങ്ങളിലെ വിമാന സര്‍വീസുകളുടെ സംയുക്തമായ പ്രയത്‌നത്തെ ഏകോപിപ്പിക്കാനും ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യോമഗതാഗതം സാധ്യമാക്കാനും സംഘടന പരിശ്രമിക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2021 7:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
കോവിഡ് പ്രതിസന്ധി: ചിറകൊടിഞ്ഞ് വ്യോമയാന വ്യവസായം; നഷ്ടം 201 ബില്യണ്‍ ഡോളര്‍