ചെന്നൈ ആസ്ഥാനമായ മോട്ടോര്സൈക്കിള് നിര്മ്മാതാക്കളായ റോയല് എന്ഫീല്ഡ് തങ്ങളുടെ പുതിയ ഇരുചക്ര ഭീമനെ നിരത്തിലിറക്കാന് ഒരുങ്ങുന്നു. ഇറ്റലിയിലെ മിലാന് മോട്ടോര്സൈക്കിള് ഷോ എന്നറിയപ്പെടുന്ന ഇഐസിഎംഎ-2021ല് കമ്പനി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോയല് എന്ഫീല്ഡ് 650 സിസി ക്രൂയിസര് അവതരിപ്പിക്കും. നവംബര് 25 നും 28 നും ഇടയിലായിരിക്കും ഈ വര്ഷത്തെ മിലാന് മോട്ടോര്സൈക്കിള് ഷോ നടക്കുക.
ഇറ്റലിയിലെ ഷോയില് അനാവരണം ചെയ്തതിന് ശേഷം, ക്രൂയിസര് 2022 പകുതിയോടെ ഇന്ത്യന് വിപണിയില് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ലോഞ്ച് ചെയ്തുകഴിഞ്ഞാല്, റോയല് എന്ഫീല്ഡ് കോണ്ടിനെന്റല് 650GT, ഇന്റര്സെപ്റ്റര് 650 എന്നിവയ്ക്ക് മുകളില്, റോയല് എന്ഫീല്ഡിന്റെ പ്രൊഡക്ഷന് ലൈനിലെ ഏറ്റവും വിലയേറിയ മോട്ടോര്സൈക്കിളായിരിക്കും ഈ പ്രീമിയം ക്രൂയിസര്.
അമ്പതുകളില് അമേരിക്കന് വിപണികള്ക്കായി റോയല് എന്ഫീല്ഡ് ഉപയോഗിച്ചിരുന്ന അപരനാമങ്ങളുടെ ശേഖരത്തില് നിന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ പുതിയ വാഹനത്തിനും ക്രൂസര് എന്ന പേര് നല്കിയത്. 650 സിസി റോയല് എന്ഫീല്ഡ് ക്രൂയിസറിന് 'സൂപ്പര് മിറ്റിയര്' എന്ന് നാമകരണം ചെയ്യുമെന്ന് ബൈക്ക്വാലേ (Bikewale) റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
വാഹനത്തിന്റെ പവറിനെക്കുറിച്ച് പറയുകയാണെങ്കില്, സൂപ്പര് മിറ്റിയര് ക്രൂയിസറിന്റെ 648 സിസി, പാരലല്-ട്വിന്, ഓയില്, എയര് കൂള്ഡ് എഞ്ചിനാണ്. അത് 47 ബിഎച്ച്പിയുടെ പീക്ക് പവറും പരമാവധി 52 എന്എം ടോര്ക്കും നല്കുന്നു. സ്ലിപ്പര് ക്ലച്ചിന്റെ സഹായത്തോടെ ആറ് സ്പീഡ് ഗിയര്ബോക്സുകളാണുള്ളത്. മോട്ടോര്സൈക്കിളിന്റെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളും ഉണ്ടാകും. ബള്ക്കി ട്യൂബ്ലെസ് ടയറുകളില് പൊതിഞ്ഞ ആകര്ഷണീയമായ അലോയ്കളും ബൈക്കിന്റെ പ്രത്യേകതയാണ്.
സൂപ്പര് മിറ്റിയര് പവറിന്റെ കാര്യത്തില് മാത്രമല്ല, മോട്ടോര്സൈക്കിളുകളില് ആധിപത്യം സൃഷ്ടിക്കാനുതകുന്ന തരത്തിലുള്ള രൂപമാണ് നിര്മ്മാതക്കള് ഡിസൈന് ചെയ്തിരിക്കുന്നത്. ഹാന്ഡില് ബാറും ഫോര്വേഡ് സെറ്റ് ഫുട്പെഗുകളും സുഖപ്രദമായ റൈഡിംഗ് അനുഭവം ഉറപ്പാക്കുന്നു. വളഞ്ഞ ഹാന്ഡില് ബാര്, ക്രോം എല്ഇഡി ഹെഡ്ലാമ്പ്, ടിയര് ഡ്രോപ്പ് ഫ്യൂവല് ടാങ്ക് എന്നിവയും വാഹനത്തിന്റെ പ്രത്യേകതയാണ്. ഇരട്ട എക്സ്ഹോസ്റ്റ് പൈപ്പുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
കാഴ്ചയിലും പ്രകടനത്തിലും മാത്രമല്ല, റൈഡറുടെ സുരക്ഷയിലും സുഖസൗകര്യങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. നിലവില് റോയല് എന്ഫീല്ഡ് ഹിമാലയന്, മെറ്റിയര് 350 എന്നിവയില് പ്രചാരത്തിലുള്ള ആര്.ഇ ട്രിപ്പര് നാവിഗേഷന് സംവിധാനത്തോടെയാണ് ക്രൂയിസറും വരുന്നത്.
ക്രൂസറിനെ പുറമെ, സ്ക്രാം 411 എന്നറിയപ്പെടുന്ന ഹിമാലയന് പുറത്തിക്കാനും റോയല് എന്ഫീല്ഡ് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോര്ട്ടുകള്. അടുത്ത വര്ഷത്തിനുള്ളില് ഹണ്ടര് 350 വില്പ്പനയ്ക്കെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇന്റര്സെപ്റ്റര് 650, കോണ്ടിനെന്റല് ജിടി 650, ഹിമാലയന്, മെറ്റിയര് 350 എന്നിവയ്ക്ക് ആഗോള തലത്തിലും മികച്ച സ്വീകാര്യത ലഭിച്ചതിനാല് റോയല് എന്ഫീല്ഡ് അന്താരാഷ്ട്ര വിപണികളിലും മികച്ച നീക്കങ്ങള് നടത്താനുള്ള ശ്രമത്തിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.