• HOME
  • »
  • NEWS
  • »
  • money
  • »
  • Maruti Suzuki Jimny | നിരത്തിലിറങ്ങാൻ ഒരുങ്ങി ജിംനി? പുതിയ കാറിന്റെ ടീസർ പുറത്തുവിട്ട് മാരുതി സുസുക്കി

Maruti Suzuki Jimny | നിരത്തിലിറങ്ങാൻ ഒരുങ്ങി ജിംനി? പുതിയ കാറിന്റെ ടീസർ പുറത്തുവിട്ട് മാരുതി സുസുക്കി

വാഹനപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിംനി കോംപാക്റ്റ് എസ് യു വിയെക്കുറിച്ചുള്ളതാണ് ഈ ടീസറെന്ന് കരുതപ്പെടുന്നു

  • Share this:
    വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിംനി എസ് യു വിയെക്കുറിച്ചെന്ന് തോന്നിപ്പിക്കുന്ന ടീസർ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. സുസുക്കിയുടെ പ്രീമിയം ബ്രാൻഡായ 'നെക്സ'യുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് പുറത്തിറങ്ങാനിരിക്കുന്ന ഒരു കാറിന്റെ ടീസർ സുസുക്കി പുറത്തുവിട്ടത്. വാഹനപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിംനി കോംപാക്റ്റ് എസ് യു വിയെക്കുറിച്ചുള്ളതാണ് ഈ ടീസറെന്ന് കരുതപ്പെടുന്നു.

    'ഇവിടെ ഉണ്ടായിരുന്നത് ആരാണെന്ന് ഊഹിക്കുക' എന്ന് ആലേഖനം ചെയ്ത, ടയറിന്റെ അടയാളം പതിഞ്ഞ ഓഫ് റോഡിന്റെ ദൃശ്യമാണ് ജിംനി എസ് യു വിയെ ഉദ്ദേശിച്ചുള്ളതാണ് ടീസർ എന്ന പ്രതീതി സൃഷ്ടിക്കുന്നത്. "വ്യത്യസ്തമായ ഭൂപ്രകൃതികളിലൂടെ കടന്നുപോകുന്ന സാഹസികമായ ഒരു സവാരി! ചോദ്യം ഇതാണ്, ഏതാണ് ഈ കാർ?" എന്ന അടിക്കുറിപ്പോടു കൂടിയാണ് നെക്സയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മാരുതി സുസുക്കി ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വരാനിരിക്കുന്ന കാറിനെക്കുറിച്ച് കാണികൾക്കിടയിൽ ജിജ്ഞാസ ഉണർത്തുന്ന വിധത്തിലാണ് വീഡിയോ നിർമിച്ചിരിക്കുന്നത്.

    ജിംനി എസ് യു വിയുടെ മൂന്ന് ഡോറുകളുള്ള മോഡൽ നിലവിൽ സുസുക്കി ഹരിയാനയിലെ മനേസറിലുള്ള തങ്ങളുടെ നിർമാണ പ്ലാന്റിൽ നിർമിക്കുകയും അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാൽ, ജിംനിയുടെ അഞ്ച് ഡോറുകളുള്ള മോഡലിനായി ഇന്ത്യയിലെ വാഹനപ്രേമികൾ കാത്തിരിക്കുകയാണ്. ഈ മോഡൽ 2022 ഓടെ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

    അന്താരാഷ്ട്ര വിപണിയിൽ 1.4 ലിറ്ററിന്റെ മൈൽഡ് ഹൈബ്രിഡ് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായാണ് ജിംനി എത്തുന്നത്. എന്നാൽ, അതിന്റെ ഇന്ത്യൻ പതിപ്പിന് 1.5 ലിറ്ററിന്റെ 4 സിലിണ്ടർ കെ സീരീസ് പെട്രോൾ എഞ്ചിനാണ് ഉണ്ടാവുക എന്ന് കരുതപ്പെടുന്നു. വിറ്റാര ബ്രെസ്സ, സിയാസ്, എർട്ടിഗ, എക്സ് എൽ 6 എന്നീ കാറുകളുടെ എഞ്ചിൻ യൂണിറ്റ് തന്നെയാണ് ഇത്. 6,000 ആർ പി എമ്മിൽ 101 ബി എച്ച് പി പവർ ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിനുകളാണ് ഇവ. 4,000 ആർ പി എമ്മിൽ 130 എൻ എം ടോർക്ക് ഉത്പാദിപ്പിക്കാനും ഈ എഞ്ചിന് കഴിയും. അഞ്ച് ഗിയറുകളുള്ള മാനുവൽ ഗിയർ ബോക്‌സിനോടൊപ്പം നാല് ഗിയറിന്റെ ഓട്ടോമാറ്റിക് ഓപ്‌ഷനും ജിംനിയിലുണ്ടാകും.

    അഞ്ച് ഡോറുകളുള്ള ജിംനിയ്ക്ക് 3,850 മില്ലീമീറ്റർ നീളവും 1,645 മില്ലീമീറ്റർ വീതിയും 1,730 മില്ലിമീറ്റർ ഉയരവുമാണ് ഉണ്ടാവുക. കൂടാതെ, 2,250 മില്ലീമീറ്ററിന്റെ വീൽബെയ്സും ഈ മോഡലിൽ പ്രതീക്ഷിക്കപ്പെടുന്നു. വിപണിയിൽ എത്തുന്നതോടെ നിലവിലെ പ്രമുഖ എസ് യു വി മോഡലുകളായ മഹീന്ദ്ര താറിനും ഫോഴ്സ് ഗുർഖയ്ക്കും കരുത്തനായ ഒരു എതിരാളിയായി ജിംനി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
    Published by:Karthika M
    First published: