• HOME
 • »
 • NEWS
 • »
 • money
 • »
 • AUTO OVER 14000 UNITS MG HECTOR SUV SOLD IN INDIA RECALLED DUE TO EMISSION RELATED ISSUES NAV

സാങ്കേതിക തകരാർ; ഇന്ത്യയിൽ വിറ്റ 14,000 MG ഹെക്ടര്‍ SUV യൂണിറ്റുകള്‍ കമ്പനി തിരിച്ചുവിളിച്ചു

മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് വാഹനങ്ങള്‍ തിരിച്ചുവിളിച്ചത്.

MG_Hector

MG_Hector

 • Share this:
  എംജി മോട്ടോര്‍ ഇന്ത്യ ബിഎസ് 6 ഹെക്ടര്‍ പെട്രോള്‍ ഡിസിടിയുടെ 14,000 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചു. മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് വാഹനങ്ങള്‍ തിരിച്ചുവിളിച്ചത്. ഹരിയാനയിലെ മനേസറില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി (ഐസിഎടി) നടത്തിയ കണ്‍ഫോര്‍മിറ്റി ഓഫ് പ്രൊഡക്ഷന്‍ (CoP) പരിശോധനയില്‍ എംജി മോട്ടോഴ്‌സിന്റെ വാഹനങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്.

  ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് പരിശോധനയ്ക്കായുള്ള സാമ്പിള്‍ മോഡലുകള്‍ ഗുജറാത്തിലെ ഹാലോലിലുള്ള എംജിയുടെ നിര്‍മ്മാണ ശാലയില്‍ നിന്നാണ് വന്നത് എന്നാണ്. ഈ വാഹനങ്ങള്‍ എസ് യു വിയുടെ ഡിസിടി പെട്രോള്‍ വേരിയന്റിനായുള്ള സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് നടത്തിയ സിഒപി പരിശോധനയില്‍ കാറുകള്‍ പരാജയപ്പെടുകയായിരുന്നു.

  കമ്പനിയില്‍ നിന്ന് ലഭിച്ച ഹെക്ടര്‍ ഡിസിടി ബിഎസ് 6ന്റെ സാമ്പിള്‍ മോഡലുകള്‍ പരിശോധിക്കുമ്പോള്‍ ഹൈഡ്രോകാര്‍ബണിലും എന്‍ഒഎക്‌സ് എമിഷനിലും വ്യത്യാസമുണ്ടെന്ന് തെളിഞ്ഞു. എന്നിരുന്നാലും, വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയുടെ ആവശ്യമില്ലാതെ ഒരു അപ്ഡേറ്റ് ഉപയോഗിച്ച് എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒരു സോഫ്റ്റ്വെയര്‍ തകരാറാണ് ഈ പ്രശ്നത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

  സമീപഭാവിയില്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വാഹനത്തിനുള്ള ക്ലിയറന്‍സ് അനുമതി ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പ്രശ്‌നം സംഭവിച്ച മോഡല്‍ വാഹനങ്ങള്‍ വാങ്ങിയ ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ ഡീലര്‍ഷിപ്പുകള്‍ക്ക് കമ്പനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പ്രശ്‌നം ബാധിച്ച എല്ലാ മോഡലുകള്‍ക്കും വേണ്ട പരിഹാരങ്ങളൊരുക്കാനാണ് എംജി പദ്ധതിയിടുന്നത്.

  ചൈനീസ് ഉടമസ്ഥയിലുള്ള വാഹന നിര്‍മാതാക്കളാണെങ്കിലും എംജിയുടെ ബ്രിട്ടീഷ് പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന മികവാണ് കമ്പനിക്ക് ഇന്ത്യന്‍ വിപണിയിലും കരുത്തായത്. 2019 ജൂലൈയില്‍ ഇടത്തരം എസ് യു വി ഹെക്ടര്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു എംജി ഇന്ത്യന്‍ വിപണിയില്‍ സ്വന്തമായി ഇടം നേടിയത്. പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ കമ്പനി ഹെക്ടറിന്റെ 60,000 യൂണിറ്റുകളാണ് വിറ്റത്.

  എഞ്ചിനുകളെ സംബന്ധിച്ചിടത്തോളം, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ വേരിയന്റാണ് ഹെക്ടറിന് നല്‍കുന്നത്. 142 ബിഎച്ച്പി കരുത്തും 250 എന്‍എം പീക്ക് ടോര്‍ക്കുമുണ്ടെങ്കില്‍ പരമാവധി പവര്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. കൂടാതെ, എസ്യുവിക്ക് 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനും പരമാവധി 170 ബിപി, 350 എന്‍എം ടോര്‍ക്കും ലഭിക്കുന്നുണ്ട്.

  കഴിഞ്ഞ വര്‍ഷമായിരുന്നു എംജി ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എസ് യു വി ഗ്ലോസ്റ്റര്‍ അവതരിപ്പിച്ചത്. എംജി ഇസഡ് എസ് ഇവി അവതരിപ്പിച്ചുകൊണ്ട് കമ്പനി ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഇവി വിഭാഗത്തിലും പ്രവേശിച്ചു. ഇന്ത്യയില്‍ 5-സീറ്റര്‍ ഇവി 21 ലക്ഷം രൂപ (ഷോറൂം) പ്രാരംഭ വിലയിലാണ് വരുന്നത്.

  അടുത്തിടെ ടെലികോം ഓപ്പറേഷന്‍ കമ്പനി റിലയന്‍സ് ജിയോയുമായി പ്രഖ്യാപിച്ച പങ്കാളിത്തവും എംജി-യെ ശ്രദ്ധേയരാക്കിയിരുന്നു. ജിയോയുടെ 4ജി നെറ്റ്വര്‍ക്കിലൂടെ അതിവേഗ ഇന്‍-കാര്‍ കണക്റ്റിവിറ്റി എംജിയുടെ എസ് യു വിക്കായി നല്‍കുന്നുവെന്നതായിരുന്നു അത്. കൂടാതെ ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോ ലൈവ് ഇന്‍ഫോടെയ്ന്‍മെന്റ്, ടെലിമാറ്റിക്‌സ് എന്നിവ ലഭിക്കുന്ന ഇ-സിം, ഐഒടി ടെക് എന്നിവയും നല്‍കും.

  ജിയോയുടെ 4ജി നെറ്റ്വര്‍ക്ക് ഇന്ത്യയിലെ വിദൂര പ്രദേശങ്ങളില്‍ പോലും വരാനിരിക്കുന്ന എംജി എസ് യു വിയുടെ ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്‍-കാര്‍ കണക്റ്റിവിറ്റിയാണ് ഇതിലൂടെ കമ്പനി ഉറപ്പ് നല്‍കുന്നത്.
  Published by:Naveen
  First published:
  )}