• HOME
  • »
  • NEWS
  • »
  • money
  • »
  • ബുക്ക് ചെയ്ത വാഹനം സ്വന്തമാക്കാൻ എത്ര നാൾ? ഏറ്റവും കൂടുതൽ കാലം കാത്തിരിക്കേണ്ട മികച്ച 10 SUVകൾ

ബുക്ക് ചെയ്ത വാഹനം സ്വന്തമാക്കാൻ എത്ര നാൾ? ഏറ്റവും കൂടുതൽ കാലം കാത്തിരിക്കേണ്ട മികച്ച 10 SUVകൾ

പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ സമയം കാത്തിരിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് താഴെ പറയുന്ന 10 മികച്ച എസ്‌യുവികളിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം.

മഹീന്ദ്ര ഥാർ, പ്രതീകാത്മക ചിത്രം

മഹീന്ദ്ര ഥാർ, പ്രതീകാത്മക ചിത്രം

  • Share this:
    എസ്‌യുവികൾക്ക് ആരാധകർ നിരവധിയാണ്. കരുത്തുറ്റ ചേസിസ്, പരുക്കൻ രൂപം, മികച്ച പ്രകടനം എന്നിവയാണ് ഇന്ത്യൻ മാർക്കറ്റുകളിൽ വാഹന പ്രേമികളെ എസ്‍യുവികൾ (SUV) സ്വന്തമാക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ കോവിഡ് മഹാമാരി കാരണം, എസ്‌യുവികളുടെ വിൽപ്പന ഇടിഞ്ഞു. എന്നിരുന്നാലും, കേസുകളുടെ എണ്ണം കുറഞ്ഞതിനാൽ ഇപ്പോൾ വാഹനത്തിന്റെ ആവശ്യകതയും കുത്തനെ ഉയ‍ർന്നിട്ടുണ്ട്. ഈ കുതിച്ചുചാട്ടം വാഹന നിർമ്മാതാക്കളെയും അതിശയിപ്പിക്കുന്നു.

    പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ സമയം കാത്തിരിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് താഴെ പറയുന്ന 10 മികച്ച എസ്‌യുവികളിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം.

    മഹീന്ദ്ര ഥാർ (Mahindra Thar)
    പുതിയ മഹീന്ദ്ര ഥാർ വിപണിയിലെത്തി, ഓഫ്-റോഡർമാർക്ക് ഏറ്റവും പ്രിയപ്പെട്ട വാഹനമാണ് മഹീന്ദ്ര ഥാ‍ർ. പരിഷ്കരിച്ച പ്രകടനവും രൂപവും ന്യായമായ വിലയുമെല്ലാം ഥാറിനെ ആകർഷകമാക്കുന്നു. അതുകൊണ്ട് തന്നെ മഹീന്ദ്ര ഥാർ പുതിയ വേരിയന്റുകൾക്കായി 12 മാസം വരെ കാത്തിരിപ്പ് കാലയളവാണ് പറഞ്ഞിരിക്കുന്നത്. അതായത് അടുത്ത വർഷം ഈ സമയം കാർ കൈയിൽ കിട്ടണമെങ്കിൽ നിങ്ങൾ ഈ വർഷം തന്നെ ബുക്കിംഗ് നടത്തിയിരിക്കണം. മഹീന്ദ്ര ഥാറിന് ലഭിച്ച ബുക്കിങ്ങുകളിൽ പകുതിയോളം ഓട്ടോമാറ്റിക് വേരിയന്റിനാണെന്ന് കമ്പനി അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2020 ഒക്ടോബർ മുതൽ ലഭിച്ച 55,000 ബുക്കിങ്ങുകളിൽ 47 ശതമാനം ഉപഭോക്താക്കളും തിരഞ്ഞെടുത്തത് ഓട്ടോമാറ്റിക് വേരിയന്റായിരുന്നു. മഹീന്ദ്ര ഥാറിന്റെ പ്രധാന ഉപഭോക്താക്കൾ ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവരാണ്. അതേസമയം അ‍ഞ്ച് ഡോറുകൾ ഉള്ള മഹീന്ദ്ര ഥാറിനായി അക്ഷമരായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ എസ്‌യുവി പ്രേമികൾ. 2023നും 2026നും ഇടയ്ക്ക് അഞ്ച് ഡോറുകളുള്ള മോഡൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിരുന്നു.

    ഹ്യുണ്ടായ് ക്രെറ്റ (Hyundai Creta)
    രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇടത്തരം എസ്‌യുവികളിൽ ഒന്നാണിത്. അടുത്തിടെ ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഹ്യുണ്ടായ് പുറത്തിറക്കിയിരുന്നു. ഗാഡിവാദി റിപ്പോർട്ട് അനുസരിച്ച്, ക്രെറ്റയുടെ ആവശ്യകത ഉൽപാദന നിരക്കിന്റെ മൂന്നിരട്ടിയാണെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തി. സാധാരണയായി, ഒരു ഹ്യുണ്ടായ് ക്രെറ്റ സ്വന്തമാക്കാൻ ഉപഭോക്താക്കൾ ഒരു മാസം മുതൽ നാല് മാസം വരെയാണ് കാത്തിരിക്കേണ്ടത്. അടിസ്ഥാന വേരിയന്റിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. ഒമ്പത് മാസം വരെയാണ് ഇതിന്റെ കാത്തിരിപ്പ് കാലയളവ്.

    നിസ്സാൻ മാഗ്നൈറ്റ് (Nissan Magnite)
    ഇന്ത്യൻ വിപണികൾക്കായി വാഹന നിർമ്മാണ ഭീമനായ നിസ്സാൻ നിർമ്മിച്ച ഏറ്റവും മികച്ച വിൽപ്പനയുള്ള മോഡലാണ് നിസ്സാൻ മാഗ്നൈറ്റ്. ഇന്ത്യയിൽ, ഈ കാർ പുറത്തിറങ്ങിയിട്ട് ഒരു വർഷം മാത്രമേ ആയിട്ടുള്ളൂവെങ്കിലും വാഹനത്തിൽ സംതൃപ്തരായ ഉപഭോക്താക്കളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. നിസ്സാൻ മാഗ്നൈറ്റിനായുള്ള കാത്തിരിപ്പ് കാലാവധി ചില നഗരങ്ങളിൽ, എട്ട് മാസം വരെയാണ്.

    കിയ സെൽറ്റോസ് (Kia Seltos)
    ഈ മോഡലുമായി കൊറിയൻ ഓട്ടോ മേജർ ഇന്ത്യൻ വിപണികളിൽ പ്രവേശിക്കുകയും ഏകദേശം 89,000 യൂണിറ്റുകൾ ഇതുവരെ വിൽക്കുകയും ചെയ്തു. കിയ അവരുടെ ആദ്യത്തെ നിർമ്മാണ പ്ലാന്റ് ഇന്ത്യയിൽ സ്ഥാപിച്ചു. ഇപ്പോൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന സെൽറ്റോസ് ആണ് രാജ്യത്ത് വിൽക്കുന്നത്. ഈ വാഹനം കൈയിൽ കിട്ടാൻ ഏകദേശം അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരും.

    കിയ സോണറ്റ് (Kia Sonet)
    സെൽറ്റോസിന്റെ സഹോദരനായ കിയ സോണറ്റിനും ഇന്ത്യയിൽ മികച്ച വർഷമാണ് കടന്നു പോയത്. കോം‌പാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ക്രമേണ ആധിപത്യം പുലർത്തുന്ന കിയ സോണറ്റിന് അഞ്ച് മാസം വരെ കാത്തിരിപ്പ് കാലാവധിയാണുള്ളത്.

    ടാറ്റ നെക്സോൺ (Tata Nexon)
    ഗംഭീരമായ രൂപവും അതിശയകരമായ ഗ്രൗണ്ട് ക്ലിയറൻസും ഉള്ള ടാറ്റ നെക്‌സോൺ ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ ഒരു മികച്ച തിരഞ്ഞെടുപ്പാണ്. അടുത്തിടെ, വാഹനത്തിന്റെ ഡീസൽ, പെട്രോൾ വേരിയന്റിന് ശേഷം ഇവി വേരിയന്റ് പുറത്തിറക്കിയിരുന്നു. നെക്സോൺ ഇവിക്ക് രണ്ട് മാസത്തെ കാത്തിരിപ്പ് കാലാവധിയാണുള്ളത്. ഇന്ധന വേരിയന്റുകൾക്ക് അഞ്ച് മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ട്.

    റെനോ കിഗർ (Renault Kiger)
    ഫ്രഞ്ച് വാഹന കമ്പനിയായ റെനോ കിഗറും എസ്‌യുവി വിഭാഗത്തിലെ മികച്ച മത്സരാർത്ഥിയാണ്. ഇന്ത്യക്കാർക്കിടയിൽ കിഗറിന് ആവശ്യക്കാരേറെയാണ്. വാഹനം വാങ്ങുന്ന നഗരത്തെയും കാറിന്റെ വകഭേദത്തെയും ആശ്രയിച്ച്, കാത്തിരിപ്പ് കാലയളവ് നാല് മാസം വരെ ഉയരും.

    ഹ്യുണ്ടായ് വെന്യൂ (Hyundai Venue)
    സോണറ്റ്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയ എതിരാളികൾക്കൊപ്പം ഇന്ത്യയിൽ താങ്ങാവുന്ന വിലയ്ക്ക് വ്യത്യസ്തമായ വേരിയന്റുകളുള്ള വാഹനമാണ് ഹ്യുണ്ടായ് വെന്യൂ. കാറിന് നിരവധി ആരാധകരുമുണ്ട്. മോഡലിനെ ആശ്രയിച്ച്, വാങ്ങുന്നയാൾക്ക് ഷോറൂം സന്ദർശിച്ച് കാർ വാങ്ങാം. ഏകദേശം മൂന്ന് മാസത്തോളം കാത്തിരിക്കേണ്ടി വരും.

    എംജി ഹെക്ടർ (MG Hector)
    യുകെ ആസ്ഥാനമായുള്ള നിർമ്മാതാവായ മോറിസ് ഗാരേജസ് എസ്‌യുവി വിഭാഗത്തിൽ പ്രാവീണ്യമുള്ള നിർമ്മാതാക്കളാണ്. അവരുടെ എം.ജി.ഹെക്ടർ എസ്‌യുവി പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു ഹൈടെക് വാഹനമായതിനാൽ, കാറിനുള്ള ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത് കാത്തിരിപ്പ് കാലയളവ് മൂന്ന് മാസം വരെ ഉയരും.

    ടാറ്റ സഫാരി (Tata Safari)
    ടാറ്റ സഫാരിയ്ക്ക് അടുത്തിടെ വലിയ ഒരു മേക്കോവർ വരുത്തിയിരുന്നു. മുമ്പത്തേക്കാൾ ആകർഷകമായ രൂപമാണ് വാഹനത്തിനുള്ളത്. 2008ൽ റേഞ്ച് റോവറും ജാഗ്വാറും ഏറ്റെടുത്തതു മുതൽ ടാറ്റ കാറിന്റെ രൂപഭാവത്തിൽ ഗംഭീരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യൻ നിർമ്മിത വാഹനമായ ടാറ്റാ സഫാരി സ്വന്തമാക്കാൻ ബുക്ക് ചെയ്ത് ഒന്ന് മുതൽ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വരും.
    Published by:Naveen
    First published: