സുരക്ഷാ ഭീഷണി; ഉപഭോക്താക്കളെ കാർ വിൽക്കുന്നതിൽ നിന്ന് വിലക്കി ടൊയോട്ട ലാൻഡ് ക്രൂയിസർ
- Published by:Naveen
- news18-malayalam
Last Updated:
ആഗോള സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള ചില പ്രശ്‌നങ്ങളും വിദേശനാണ്യ നിയമ ലംഘനങ്ങളുടെ അപകടസാധ്യതകളും ചൂണ്ടിക്കാട്ടിയാണ് കമ്പനി കാർ വിൽക്കുന്നതിൽ നിന്നും ഉപഭോക്താക്കളെ വിലക്കിയിരിക്കുന്നത്.
വിൽപ്പന കുറഞ്ഞതിനാൽ യുഎസ് വിപണിയിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങുകയാണെങ്കിലും ടൊയോട്ട ലാൻഡ് ക്രൂയിസർ ലോകത്തെ പല ഭാഗങ്ങളിലും ഇപ്പോഴും ജനപ്രിയ വാഹനമാണ്. അടുത്തിടെ ഈ എസ്‌യുവി ദുബായ് പോലീസ് വാഹനമായും തിരഞ്ഞെടുത്തിരുന്നു. ജപ്പാനിൽ മാത്രം 22,000 പ്രീ-ഓർഡറുകൾ ലഭിച്ച ഏറ്റവും പുതിയ ലാൻഡ് ക്രൂയിസർ 300 മോഡൽ അടുത്തിടെ ഇന്ത്യയിലും പുറത്തിറക്കിയിരുന്നു. എന്നാൽ ജാപ്പനീസ് കാർ റിവ്യൂ ബ്ലോഗ് ക്രിയേറ്റീവ് 311 റിപ്പോർട്ട് പ്രകാരം ടൊയോട്ട തങ്ങളുടെ ഉപഭോക്താക്കളെ വാഹനം വീണ്ടും വിൽക്കുന്നത് വിലക്കിയിരിക്കുകയാണ്.
കാർ പ്രേമിയും യൂട്യൂബറുമായ ഷിമ ബേസ് പോസ്റ്റുചെയ്‌ത കരാറിന്റെ ഫോട്ടോയും വെബ്‌സൈറ്റ് പങ്കിട്ടു. ഓർഡർ ചെയ്ത വാഹനം കയറ്റുമതി ചെയ്യുകയോ വിൽക്കുകയോ ചെയ്യില്ലെന്നുള്ള സമ്മതപത്രമാണ് കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. കരാറിലെ നിബന്ധനകൾ പാലിക്കാതിരുന്നാൽ ടൊയോട്ടയുടെ വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് ഉപഭോക്താക്കളെ വിലക്കും.
ആഗോള സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള ചില പ്രശ്‌നങ്ങളും വിദേശനാണ്യ നിയമ ലംഘനങ്ങളുടെ അപകടസാധ്യതകളും ചൂണ്ടിക്കാട്ടിയാണ് കമ്പനി നിബന്ധനകൾ വിശദീകരിച്ചിരിക്കുന്നത്. തീവ്രവാദികളുടെ ടൊയോട്ട വാഹന ഉപയോഗം കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കഠിനമായ ഭൂപ്രദേശങ്ങളിലും സഞ്ചരിക്കാനാകുമെന്നതിനാൽ തീവ്രവാദികളും മറ്റും ധാരാളമായി ഉപയോഗിക്കുന്ന വാഹനമാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ.
advertisement
തീവ്രവാദ ഗ്രൂപ്പുകൾ ഇത്രയധികം ടൊയോട്ട വാഹനങ്ങൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടെന്ന് അമേരിക്കൻ സർക്കാർ ജാപ്പനീസ് വാഹന നിർമാതാക്കളോട് ചോദിച്ചതിന് ശേഷമാണ് ഈ നീക്കം. ഇതിന് കമ്പനി അറിയില്ലെന്ന മറുപടിയാണ് നൽകിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ സമീപകാല പ്രചാരണ വീഡിയോകളിലും ടൊയോട്ട വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് കാണാം.
പുതിയ ലാൻഡ് ക്രൂയിസർ സമാനമായ കുപ്രസിദ്ധി നേടുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ടൊയോട്ട പുതിയ കരാർ നയവുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമം ലംഘിച്ചാൽ കമ്പനി ഡീലർമാർക്കും ഉപഭോക്താക്കൾക്കും പിഴ നൽകേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
ടൊയോട്ടയുടെ ഏറ്റവും പുതിയ വാഹന മോഡലാണ് ലാൻഡ് ക്രൂയിസർ 300. ലാൻഡ് ക്രൂയിസർ സീരീസ് ഉൽപാദനത്തിൽ ഏറ്റവും കൂടുതൽ കാലം നിലനിൽക്കുന്ന രണ്ടാമത്തെ എസ്‌യുവി കൂടിയാണ്.
Also read- ഏറ്റവും പുതിയ ഗാഡ്ജറ്റുകള്‍ മുതല്‍ ഫാഷന്‍ ആവശ്യകതകള്‍ വരെ, Amazon Prime Day-യില്‍ നിങ്ങള്‍ക്ക് വേണ്ടതെല്ലാമുണ്ട്
ദുബായ് പൊലീസ് സേനയ്ക്കായി പുതിയ മോഡൽ 2022 ടൊയോട്ട ലാൻഡ് ക്രൂയിസർ LC300 അടുത്തിടെ തിരഞ്ഞെടുത്തിരുന്നു. ദുബായ് പൊലീസ് ഇപ്പോൾ ഉപയോഗിക്കുന്ന ഇതിന്റെ മുൻഗാമിയായ LC200 നേക്കാൾ ഭാരം കുറവും കൂടുതൽ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു എന്നതാണ് പുതിയ മോഡലിന്റെ പ്രത്യേകത. രണ്ട് എസ്‌യുവികളുടെയും വലിപ്പത്തിൽ മാറ്റമൊന്നും ഇല്ലെങ്കിലും പുതിയ തലമുറയിൽപ്പെട്ട വാഹനം പുതിയ ജിഎ-എഫ് ബോഡി-ഓൺ-ഫ്രെയിം ചേസിസിലാണ് നിർമ്മിച്ചിരിക്കുന്നത്. ഡിസൈനിലും ഘടനയിലും മാറ്റം വരുത്തി കരുത്ത് വർധിപ്പിച്ചെങ്കിലും ഇതിന്റെ ഭാരം 200 കിലോഗ്രാം കുറച്ചിട്ടുണ്ട്. ലാൻഡ് ക്രൂയിസർ എൽസി 300ന്റെ ഇന്റീരിയർ കൂടുതൽ ലക്ഷ്വറി ഭാവം നൽകും വിധം പരിഷ്‌ക്കരിച്ചിട്ടുമുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 26, 2021 3:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
സുരക്ഷാ ഭീഷണി; ഉപഭോക്താക്കളെ കാർ വിൽക്കുന്നതിൽ നിന്ന് വിലക്കി ടൊയോട്ട ലാൻഡ് ക്രൂയിസർ