മുമ്പ് കാഡ്ബറി ഇന്ത്യ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന മൊണ്ടെലെസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡും നീരജ് ഫുഡ് പ്രോഡക്ട്സും തമ്മിലുള്ള ട്രേഡ്മാര്‍ക്ക് ലംഘന തര്‍ക്കവുമായി ബന്ധപ്പെട്ട ദീര്‍ഘകാലമായി നിലനിന്നിരുന്ന കേസില്‍ ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച വിധി പ്രസ്താവിച്ചു.
മൊണ്ടെലെസിന് അനുകൂലമായിട്ടാണ് കോടതി വിധി പ്രസ്താവിച്ചത്. കാഡ്ബറിയുടെ ട്രേഡ്മാര്‍ക്കായ 'ജെംസിന്റെ പകര്‍പ്പവകാശം ലംഘിച്ചതിന് നീരജ് ഫുഡ് പ്രോഡക്ട്സിനോട് ഏകദേശം 16 ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
2005ല്‍ മൊണ്ടെലെസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡാണ് നിയമ ലംഘന കേസ് ഫയല്‍ ചെയ്തത്. നീരജ് ഫുഡ് പ്രൊഡക്റ്റ് തങ്ങളുടെ ഏറെ ജനപ്രിയ ഉല്‍പ്പന്നമായ 'കാഡ്ബറി ജെംസിനോട്' സാമ്യമുള്ള 'ജെയിംസ് ബോണ്ട്' എന്ന ഉല്‍പ്പന്നം പുറത്തിറക്കി എന്നാണ് പരാതിയില്‍ മൊണ്ടെലെസ് വ്യക്തമാക്കിയത്.
ഇതിന് പുറമെ, ഉല്‍പ്പന്നത്തിന്റെ വിപണനത്തില്‍ ജെയിംസ് ബോണ്ട് എന്ന ഉല്‍പ്പന്നം അതിന്റെ പകര്‍പ്പവകാശവും 'ജെയിംസ് ബോണ്ട്' എന്ന കഥാപാത്രത്തിന്റെ ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനും ലംഘിച്ചിരുന്നതായി ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, ജെയിംസ് ബോണ്ട് ഉല്‍പ്പന്നത്തിന്റെ പാക്കേജിംഗ് യഥാര്‍ത്ഥത്തില്‍ ജെംസിനോട് സാമ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പ്രതിഭ എം സിംഗാണ് വിധി പുറപ്പെടുവിച്ചത്. നീരജ് ഫുഡ് പ്രോഡക്ട്സിന്റെ ഉല്‍പ്പന്നത്തിന്റെ പാക്കേജിംഗില്‍ ജെംസിന് സമാനമായി അതേ നീല/പര്‍പ്പിള്‍ ബേസും വര്‍ണ്ണാഭമായ ബട്ടണ്‍ ചോക്ലേറ്റുകളും ഉപയോഗിച്ച് 'ജെയിംസ് ബോണ്ട്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജസ്റ്റിസ് സിംഗ് പറഞ്ഞു.
പരാതിക്കാരന്റെ (കാഡ്ബറി) ഉല്‍പ്പന്നത്തിലും അതുപോലെ തന്നെ പ്രതിയുടെ ഉല്‍പ്പന്നങ്ങളിലും തവിട്ട് പശ്ചാത്തലത്തിലാണ് 'ജെംസ്' എന്ന അടയാളം ചിത്രീകരിച്ചിരിക്കുന്നതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഭാഗത്തിന്റെ ഉല്‍പ്പന്നത്തിന്റെ നിറം ഒരേപോലെയാണെന്നും 'ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലും വഞ്ചനാപരമാണെന്നും കോടതി നിരീക്ഷിച്ചു.
കൂടാതെ, 'ജെയിംസ് ബോണ്ട്' എന്ന ഉല്‍പ്പന്നം കാഡ്ബറി വികസിപ്പിച്ചെടുത്ത 'ജെംസ്' എന്ന ഉല്‍പ്പന്നത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നും കോടതി പരാമര്‍ശിച്ചു. നീരജ് ഫുഡ് പ്രോഡക്ട്സ് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നം 'ജെംസ്' എന്നതിന്റെ പകര്‍പ്പാണെന്ന് പറഞ്ഞ കോടതി കാഡ്ബറിക്ക് 15,86,928 രൂപ നല്‍കാനും കമ്പനിയോട് ഉത്തരവിട്ടു.
എന്നാല്‍ ചോക്ലേറ്റിനുള്ളില്‍ പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപഭോക്താവ് കാഡ്ബറിയോട് ഭീമമായ തുക നഷ്ടപരിഹാരം ചോദിച്ചത്മുമ്പ് വലിയ വാര്‍ത്തയായിരുന്നു. ബംഗളൂരുവിലാണ് സംഭവം നടന്നത്. ചോക്ലേറ്റ് നിര്‍മാതാക്കള്‍ തനിക്ക് നഷ്ടപരിഹാരമായി 20 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ നല്‍കണം എന്നാണ് ഉപഭോക്താവ്ആവശ്യപ്പെട്ടത്. 89 രൂപയ്ക്ക് വാങ്ങിയ ചോക്ലേറ്റ് ബാറുകളില്‍ ഒന്നിലാണ് പുഴുക്കളെ കണ്ടെത്തിയത്.
എന്നാല്‍, 89 രൂപ വില വരുന്ന ചോക്ലേറ്റ് ബാറിന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ട തുക വളരെ കൂടുതലായതിനാല്‍ സംസ്ഥാന ഉപഭോക്തൃ കോടതിയെ സമീപിക്കാനാണ് ബെംഗളൂരു കോടതി പരാതിക്കാരനോട് നിര്‍ദ്ദേശിച്ചത്.
2016 ഒക്ടോബര്‍ 8നാണ് എച്ച്എസ്ആര്‍ ലേഔട്ടില്‍ താമസിക്കുന്ന മുകേഷ് കുമാര്‍ കേദിയ അതേ പ്രദേശത്തുള്ള എംകെ റീട്ടെയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും കാഡ്ബറിയുടെ രണ്ട് ഫ്രൂട്സ് & നട്സ് ചോക്ലേറ്റ് ബാറുകള്‍ വാങ്ങുന്നത്. 89 രൂപ വില വരുന്ന ചോക്ലേറ്റാണ് വാങ്ങിയത്. അദ്ദേഹം പിന്നീട് ഈ ചോക്ലേറ്റ് ബാറുകള്‍ തന്റെ മരുമകള്‍ക്ക് കൊടുത്തു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുശേഷം ആണ് അറിയുന്നത് ഈ ചോക്ലേറ്റ് ബാറുകളില്‍ ഒന്നില്‍ പുഴുക്കള്‍ ഉണ്ടായിരുന്നു എന്ന്.
ഇതേതുടര്‍ന്ന് കമ്പനിയെ അറിയിച്ചെങ്കിലും കമ്പനിയുടെ ഭാഗത്തു നിന്നും പിന്നീട് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കേദിയ 2016 ഒക്ടോബര്‍ 26-ന് ശാന്തിനഗറിലെ ബാംഗ്ലൂര്‍ അര്‍ബന്‍ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.