'ബന്ധുവിന്റെ വായ്പ അടക്കണമെന്ന് ഭീഷണി'; എച്ച്ഡിഎഫ്സി ബാങ്കിനെതിരെ പരാതിയുമായി യുവാവ്
- Published by:Vishnupriya S
- news18-malayalam
Last Updated:
ബന്ധു 3,500 രൂപ ഇഎംഐ അടയ്‌ക്കാനുണ്ടെന്നു പറഞ്ഞാണ് ഭീഷണിയെന്ന് പരാതിക്കാരൻ
ബന്ധുവിന്റെ വായ്പ അടക്കണമെന്നു പറഞ്ഞ് എച്ച്‌ഡിഎഫ്‌സി ബാങ്ക് ലോൺ റിക്കവറി ഏജന്റുമാരിൽ നിന്ന് തനിക്ക് ഭീഷണി കോളുകൾ വരുന്നുവെന്ന പരാതിയുമായി മുംബൈ സ്വദേശി. ഇയാളുടെ ബന്ധു 3,500 രൂപ ഇഎംഐ അടയ്‌ക്കാനുണ്ടെന്നു പറഞ്ഞാണ് ഭീഷണിയെന്നും വിളിക്കുന്നയാൾ നേഹ എന്ന് സ്വയം പരിചയപ്പെടുത്തി ആൾ തന്റെ പിതാവിനെയും മുത്തച്ഛനെയും വരെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും അപകീർത്തിപരമായ രീതിയിൽ സംസാരിച്ചതായും പരാതിക്കാരൻ പറയുന്നു. എന്നാൽ തനിക്ക് ഇങ്ങനൊരു ബന്ധുവിനെ അറിയുക പോലുമില്ലെന്നും മുംബൈ സ്വദേശിയായ യാഷ് മേത്ത പറയുന്നു. ഏണസ്റ്റ് ആൻഡ് യങ്ങ് കമ്പനിയിലെ ബിസിനസ് കൺസൾട്ടന്റാണ് യാഷ്. സമൂഹമാധ്യമമായ എക്സിലും യാഷ് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.
"വായ്പ എടുത്തെന്ന് അവർ പറയുന്ന വ്യക്തിയുമായി ഒരു തരത്തിലും എനിക്ക് ബന്ധമില്ല. എന്റെ അച്ഛനെയും മുത്തച്ഛനെയും പോലും വിളിച്ച് ഏജന്റ് ഭീഷണിപ്പെടുത്തി. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തിൻറെയും എന്നെക്കുറിച്ചുള്ള മറ്റ് എല്ലാ വിശദാംശങ്ങളും ആ ഏജന്റിന്റെ പക്കലുണ്ട്. ആ വ്യക്തിയുമായി എനിക്ക് ബന്ധം പോലും ഇല്ല. എൻറെ സ്വകാര്യത ലംഘിക്കാൻ ആരാണ് എച്ച്ഡിഎഫ്‌സി ബാങ്കിന് അവകാശം നൽകിയത്?", യാഷ് മേത്ത കുറിച്ചു.
തനിക്ക് പത്തിലധികം നമ്പറുകളിൽ നിന്ന് കോളുകൾ വന്നെന്നും ലോൺ റിക്കവറി ഏജന്റ് തന്നോടും അച്ഛനോടും മുത്തച്ഛനോടും മോശമായി സംസാരിച്ചെന്നും യാഷ് മേത്ത പറയുന്നു. തുടർന്ന് ഇയാൾ എച്ച്‌ഡിഎഫ്‌സി ബാങ്കിന് പരാതി നൽകുകയായിരുന്നു. ജനുവരി 16-നകം വിഷയം പരിശോധിച്ച് നടപടി എടുക്കിമെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ബാങ്ക് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, ലോൺ റിക്കവറി ഏജന്റുമാർ തന്നോടും കുടുംബത്തോടും എത്രമാത്രം മോശമായാണ് സംസാരിച്ചത് എന്നു തെളിയിക്കുന്ന കോൾ റെക്കോർഡിംഗുകളുമായി മുംബൈ പോലീസിനെയും ആർബിഐയെയും സമീപിക്കുമെന്നും യാഷ് മേത്ത കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
January 02, 2024 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
'ബന്ധുവിന്റെ വായ്പ അടക്കണമെന്ന് ഭീഷണി'; എച്ച്ഡിഎഫ്സി ബാങ്കിനെതിരെ പരാതിയുമായി യുവാവ്