Education Loan Eligibility| വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെ?
- Published by:Rajesh V
- news18-malayalam
Last Updated:
വിദ്യാഭ്യാസ വായ്പ എടുക്കാനുള്ള യോഗ്യതകൾ ഓരോ ബാങ്കിനും വ്യത്യസ്തമായിരിക്കും. എങ്കിലും പൊതുവായി വേണ്ട യോഗ്യതകൾ താഴെപറയുന്നവയാണ്
നിങ്ങൾ ഒരു വിദ്യാഭ്യാസ വായ്പയ്ക്ക് യോഗ്യനാണോ? നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിൽ ആ നിലയിൽ നല്ല മാർക്ക് ഉൾപ്പടെയുള്ള പഠന പശ്ചാത്തലമുണ്ടെങ്കിൽ പ്രാഥമികമായി നിങ്ങൾ വായ്പയ്ക്ക് അർഹനാണ്. നിങ്ങളുടെ മാർക്കുകളോ അക്കാദമിക് പ്രകടനമോ മികച്ചതാണോ എന്നതാണ് ബാങ്ക് ഏറ്റവും വ്യക്തമായി പരിശോധിക്കുക. പിന്നീട് ബാങ്ക് പരിശോധിക്കുന്നത് വായ്പ എടുത്ത് പഠിക്കാൻ നിങ്ങൾ അപേക്ഷിച്ച കോഴ്‌സാണ്. നിങ്ങൾക്ക് ആ കോഴ്‌സ് പഠിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടോ? ആ കോഴ്‌സ് ഒരു നല്ല കരിയർ ലഭിക്കുമോ? എന്നു തുടങ്ങി പ്ലേസ്‌മെന്റ്, തൊഴിൽ സാധ്യതകൾ വരെ വായ്പ നൽകുന്നതിന് ബാങ്കുകൾ പരിഗണിക്കും.
കോഴ്‌സിന്റെ മൊത്തത്തിലുള്ള മൂല്യം പരിശോധിക്കുന്നതിനൊപ്പം പഠിക്കാൻ ആഗ്രഹിക്കുന്ന കോളേജിന്റെയോ യൂണിവേഴ്‌സിറ്റിയുടെയോ അക്രഡിറ്റേഷൻ സ്റ്റാറ്റസും ബാങ്കുകൾ പരിശോധിക്കും. കൂടാതെ നിങ്ങൾക്ക് വായ്പ തിരിച്ചടയ്ക്കാനും ഈടായി നൽകാൻ വസ്തുക്കളുണ്ടോയെന്ന് കൂടി ചില ബാങ്കുകൾ പരിശോധിക്കും. ചിലപ്പോൾ നിങ്ങളുടെ മാതാപിതാക്കളോ രക്ഷിതാക്കളെയോ സഹ-വായ്പ അപേക്ഷനായി അല്ലെങ്കിൽ വായ്പയ്ക്ക് ജാമ്യക്കാരനായി നിർത്തേണ്ടിയും വരും. ഈ സാധാരണ ബാങ്ക് നടപടികൾക്കൊപ്പം വിദ്യാഭ്യാസ വായ്പ എടുക്കാനുള്ള മറ്റു ചില യോഗ്യതകൾ കൂടി വേണം. വിദ്യാഭ്യാസ വായ്പ എടുക്കാനുള്ള യോഗ്യതകൾ ഓരോ ബാങ്കിനും വ്യത്യസ്തമായിരിക്കും. എങ്കിലും പൊതുവായി വേണ്ട യോഗ്യതകൾ താഴെപറയുന്നവയാണ് -
advertisement
ദേശീയത:
- താഴെ പറയുന്നവർക്ക് ഇന്ത്യയിൽ വിദ്യാഭ്യാസ വായ്പകൾക്ക് അർഹതയുണ്ട്.
- ഇന്ത്യൻ പൗരന്മാർ
- നോൺ-ഇന്ത്യൻ റെസിഡന്റ്‌സ് (NRI)
- ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (OCI)
- ഇന്ത്യൻ വംശജരായ വ്യക്തികൾ (PIO)
- ഇന്ത്യയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശത്തുള്ള ഇന്ത്യൻ മാതാപിതാക്കൾക്ക് ജനിച്ച വിദ്യാർത്ഥികൾ
advertisement
വിദ്യാഭ്യാസ വായ്പയ്ക്ക് ആവശ്യമുള്ള പൊതുവായ രേഖകൾ:
- വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ഔദ്യോഗിക പ്രവേശന കത്ത്
- മുൻ വിദ്യാഭ്യാസ സ്ഥാപനത്തിലെ (സ്‌കൂൾ / കോളേജ്) സർട്ടിഫിക്കറ്റുകളും മാർക്ക്ഷീറ്റും
- പ്രായം തെളിക്കുന്നതിനുള്ള രേഖ
- തിരിച്ചറിയൽ രേഖ
- മേൽവിലാസ രേഖ
- ഒപ്പ് രേഖ
- സമീപകാല അക്കൗണ്ട് ഇടപാടുകൾ (മാതാപിതാക്കൾ/ രക്ഷിതാക്കൾ)
- മാതാപിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റ്
- പാസ്പോർട്ട് സൈസ് ഫോട്ടോ
- ശരിയായി പൂരിപ്പിച്ച അപേക്ഷാ ഫോം
advertisement
വിദേശ വിദ്യാഭ്യാസ വായ്പയ്ക്ക് ആവശ്യമുള്ള പൊതുവായ രേഖകൾ:
- പൂർണമായി പൂരിപ്പിച്ച അപേക്ഷാ ഫോം
- പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ
- തിരിച്ചറിയൽ രേഖ, മേൽവിലാസ രേഖ, വയസ് തെളിയിക്കൽ രേഖ എന്നിവ ഉൾപ്പെടുന്ന കെവൈസി രേഖകൾ
- മുൻവിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്
- സർവകലാശാലയിലേക്കും കോഴ്‌സിലേക്കും അഡ്മിഷൻ ലഭിച്ചതിന്റെ രേഖകൾ
- കോഴ്‌സ് ചെലവുകളുടെ ഷെഡ്യൂൾ
- സ്‌കോളർഷിപ്പ് ലഭിച്ചിട്ടുണ്ടെങ്കിൽ സ്‌കോളർഷിപ്പ് ലെറ്ററിന്റെ പകർപ്പ്
- വിദേശ വിനിമയ അനുമതിയുടെ പകർപ്പ്
- വായ്പയെടുക്കുന്നയാളുടെയോ രക്ഷിതാവിന്റെയോ അവസാന ആറ് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്.
- വായ്പയെടുക്കുന്നയാൾ /മാതാപിതാക്കൾ/രക്ഷിതാവ് എന്നിവരുടെ കഴിഞ്ഞ 2 വർഷത്തെ ആദായനികുതി റിട്ടേണുകൾ
- വിസ ഉൾപ്പടെയുള്ള രേഖകൾ
advertisement
വിദ്യാഭ്യാസവായ്പയ്ക്കായി ഓൺലൈനിലും ഓഫ്ലൈനിലും അപേക്ഷിക്കാം. താൽപര്യമുള്ള ബാങ്കിന്റെ വെബ്സൈറ്റിലുള്ള വിദ്യാഭ്യാസ വായ്പ ഫോം ഓൺലൈനിൽ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ചുചെയ്ത് ഫോം സമർപ്പിക്കാം. തുടർ നടപടികൾക്ക് ബാങ്ക് പ്രതിനിധികൾ നേരിട്ട് ബന്ധപ്പെടും. ഓഫ്ലൈനായി സമീപത്തുള്ള ഒരു ബാങ്കിന്റെ ബാഞ്ച് സന്ദർശിച്ച് ആവശ്യമായ രേഖകളോടെ ഫോം പൂരിപ്പിച്ച് വായ്പയ്ക്ക് അപേക്ഷിക്കാം. തുടർ നടപടികൾ ബാങ്ക് ജീവനക്കാർ നേരിട്ട് തന്നെ അറിയിക്കും.
മാതാപിതാക്കളുടെ/ രക്ഷിതാക്കളുടെ സ്ഥിരതാമസസ്ഥലത്തിന്റെയോ അല്ലെങ്കിൽ പഠനം നടത്തുന്ന സ്ഥാപനത്തിന്റെയോ ഏറ്റവും അടുത്തുള്ള ബാങ്ക് ശാഖയിലാണ് വായ്പ അപേക്ഷ നൽകേണ്ടത്. വിദ്യാഭ്യാസ സ്ഥാപനത്തിനടുത്തെ ശാഖയിൽ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്താൽ, ആ പഠനം പൂർത്തിയായിക്കഴിയുമ്പോൾ രക്ഷിതാക്കളുടെ സ്ഥിരതാമസസ്ഥലത്തെ ശാഖയിലേക്ക് അതിന്റെ ഇടപാടുകൾ മാറ്റേണ്ടതായിട്ടുണ്ട്.
advertisement
സാധാരണ ഇന്ത്യയിലെ പഠനത്തിന് പരമാവധി 10 ലക്ഷം രൂപ വരെയും, വിദേശപഠനത്തിന് 20 ലക്ഷം രൂപ വരെയുമാണ് വായ്പ ലഭിക്കുക. വായ്പയായി അപേക്ഷിക്കുന്ന തുകയുടെ നിശ്ചിത ശതമാനം തുക മാർജിനായി വിദ്യാർഥികൾ അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടി വരും. 4 ലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്പകൾക്ക് മാർജിൻ തുക ആവശ്യമില്ല. അതിനുമുകളിൽ, ഇന്ത്യയിലെ പഠനത്തിന് വായ്പാതുകയുടെ 5 ശതമാനവും വിദേശപഠനത്തിന് 15 ശതമാനം വരെയും മാർജിൻ മണിയായി വിദ്യാർഥിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടി വരും.
advertisement
വിദ്യാഭ്യാസ വായ്പയ്ക്ക് അർഹമായ കോഴ്‌സുകൾ:
- ബിരുദ പഠനങ്ങൾ
- ബിരുദാനന്തര പഠനങ്ങൾ
- ഡോക്ടറൽ കോഴ്‌സുകളും പിഎച്ച്ഡികളും
- 6 മാസമോ അതിൽ കൂടുതലോ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾ
- തൊഴിലധിഷ്ഠിത കോഴ്‌സുകൾ
- ടെക്‌നിക്കൽ / ഡിപ്ലോമ / പ്രൊഫഷണൽ കോഴ്‌സുകൾ
- വിദ്യാഭ്യാസ വായ്പയ്ക്ക് അർഹമായ ഇൻസ്റ്റിറ്റ്യൂട്ടുകൾ:
- അംഗീകൃത സ്ഥാപനങ്ങളും സർക്കാർ കോളേജുകളും
- സർക്കാർ സഹായത്തോടെയുള്ള സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകൾ
- പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ
- അന്താരാഷ്ട്ര കോളേജുകളും സർവ്വകലാശാലകളും
മൂന്നുതരത്തിലാണ് ബാങ്കുകൾ വിദ്യാഭ്യാസവായ്പകൾ നൽകി വരുന്നത്. ഒന്ന്, ഇന്ത്യയിൽ തന്നെയുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിന്; രണ്ട്, ഇന്ത്യയിലെത്തന്നെ വിദേശ കോളേജുകളിലെ/ സ്ഥാപനത്തിലെ പഠനത്തിന്; മൂന്ന്, ഇന്ത്യയ്ക്ക് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിന്. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്കും ബാങ്കുകൾ നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി പഠന വായ്പ ലഭിക്കും.
ഏതൊക്കെ സർവകലാശാലകളും കോഴ്‌സുകളും വായ്പയ്ക്ക് യോഗ്യമാണ്?
ഇന്ത്യയിൽ യുജിസി, സർക്കാർ, എഐസിടിഇ, എഐബിഎംഎസ്, ഐഎംസിആർ എന്നിവ അംഗീകരിക്കുന്ന സർവകലാശാലകളിലോ കോളേജുകളിലോ പഠനം നടത്താൻ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പയ്ക്കാൻ അപേക്ഷിക്കാൻ അർഹതയുണ്ട്. അംഗീകൃത പോളിടെക്‌നിക് സ്ഥാപനങ്ങൾ, ഇന്ത്യയിലെ പ്രശസ്തമായ വിദേശ സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. നിങ്ങൾ പഠിക്കാൻ വിദേശത്തേക്ക് പോവുകയാണെങ്കിൽ, ബാങ്ക് ആ സ്ഥാപനത്തിന്റെ നിലവാരവും അംഗീകാരവും പ്രശസ്തിയും പരിശോധിച്ച് നിങ്ങൾക്ക് അവിടെ പഠിക്കാൻ വായ്പ ലഭിക്കുമോ എന്ന് വിലയിരുത്തും. അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ ഏത് കോഴ്‌സും വായ്പാ സഹായത്തോടെ പഠിക്കാൻ കഴിയും.
വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും കൂട്ടുത്തരവാദിത്വത്തിലാണ് സാധാരണ വായ്പ ലഭിക്കുക. 4 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് സാധാരണയായി ജാമ്യം നൽകേണ്ടി വരാറില്ല. നാല് ലക്ഷത്തിനും ഏഴര ലക്ഷത്തിന് ഇടയിലുള്ള വായ്പകൾക്ക് ഒരാളുടെ ജാമ്യം വേണം. ഏഴര ലക്ഷത്തിന് മുകളിലും വിദേശ പഠനത്തിനുമുള്ള വായ്പകൾക്ക് അതിന് തുല്യമായ ഈട് നൽകേണ്ടി വരും.
വിദ്യാഭ്യാസ വായ്പയിൽ ഉൾപ്പെടുന്ന പൊതുവായ പഠന ചെലവുകൾ:
- ട്യൂഷൻ ഫീസ്
- ഹോസ്റ്റൽ ഫീസ്
- വിദേശ പഠനത്തിനാണെങ്കിൽ യാത്രാ ചെലവുകൾ
- ഇൻഷുറൻസ് പ്രീമിയം
- യൂണിഫോം, പുസ്തകങ്ങൾ, പഠന ഉപകരണങ്ങൾ
- പരീക്ഷ, ലബോറട്ടറി, ലൈബ്രറി തുടങ്ങിയ ഫീസ്
- ആവശ്യമെങ്കിൽ കമ്പ്യൂട്ടർ/ ലാപ്പ്‌ടോപ്പ് ചിലവ്
- ഇന്റേൺഷിപ്പ്, പ്രോജക്റ്റ് വർക്ക്, സ്റ്റഡി ടൂർ തുടങ്ങിയവ
- പഠനം പൂർത്തിയാക്കാൻ ആവശ്യമായ മറ്റ് ഏത് ചെലവുകളും
വിദ്യാഭ്യാസ വായ്പ തിരിച്ചടവ്:
പഠനം പൂർത്തിയാക്കിയാൽ ഒരു വർഷത്തിനകം തിരിച്ചടവ് ആരംഭിക്കും. എടുത്ത വായ്പ തുക അനുസരിച്ച് 7 വർഷം മുതൽ 15 വർഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കും. അതുപോലെ തന്നെ ഓരോ ബാങ്കിന്റെയും വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കും. ചില ബാങ്കുകൾ പെൺകുട്ടികൾക്കും പലിശ കൃത്യമായി അടയ്ക്കുന്നവർക്കും ഇളവുകൾ നൽകാറുണ്ട്. വിദ്യാഭ്യാസ വായ്പയ്ക്ക് അടച്ച പലിശയ്ക്ക് നികുതി ആനുകൂല്യങ്ങളും നേടാൻ കഴിയും. ആദായ നികുതി വകുപ്പിന്റെ നിയമം അനുസരിച്ച് ഉന്നതവിദ്യാഭ്യാസത്തിനായി എടുത്ത വ്യക്തിഗത വായ്പക്കാർക്ക് മാത്രമാണ് നികുതി ആനുകൂല്യം ലഭിക്കുക. വിദ്യാഭ്യാസ വായ്പയുടെ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, ബാങ്കിൽ നിന്ന് ഇഎംഐകളുടെയും പലിശകളുടെയും ഒരു സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. വിദ്യാഭ്യാസ വായ്പയ്ക്കുള്ള നികുതി കിഴിവ് 8 വർഷത്തേക്ക് മാത്രമേ ലഭിക്കൂ. 8 വർഷത്തിനപ്പുറമുള്ള വായ്പകൾക്ക് ആദായ വകുപ്പിന്റെ നികുതി കിഴിവുകൾക്കായി ക്ലെയിം ചെയ്യാൻ കഴിയില്ല.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2021 10:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Education Loan Eligibility| വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെ?