Education Loan| വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കണോ? വായ്പ എടുക്കുന്നതിനെക്കുറിച്ചും തിരിച്ചടവ് പ്രക്രിയയെക്കുറിച്ചും
- Published by:Rajesh V
Last Updated:
എങ്ങനെയാണ് വിദ്യാഭ്യാസ വായ്പ്പകള്‍ പ്രവര്‍ത്തിക്കുന്നത്, എന്താണ് വിദ്യാഭ്യാസ വായ്പ്പകള്‍ എടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, എന്താണ് ഇവ കൊണ്ടുള്ള മറ്റ് ഉപയോഗങ്ങള്‍, ഇവയുടെ തിരിച്ചടവിന്റെ ഘടന എങ്ങനെയാണ് തുടങ്ങിയ പൊതുവായ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായി തുടര്‍ന്നു വായിക്കുക.
മികച്ച തൊഴില്‍ ലഭിക്കുന്നതിനായി ഉപരി പഠനത്തിന് പ്രൊഫഷണല്‍ കോഴ്‌സുകളാണ് ഇപ്പോഴത്തെ യുവാക്കള്‍ കൂടുതലായും തിരഞ്ഞെടുക്കാറുള്ളത്. സര്‍ക്കാര്‍ അനുവദിക്കുന്ന ഫീസ് ഇളവുകള്‍ ഇവയ്ക്ക് ലഭിക്കാറുമുണ്ട്. എന്നാല്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിയ്ക്കുന്നവര്‍ക്ക് ഈ സഹായങ്ങള്‍ പരിമിതമായി മാത്രമേ ലഭിക്കാറുള്ളു. അതിനാല്‍ മിക്കവരും സ്വകാര്യ-പൊതുമേഖലാ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസ വായ്പ്പ എടുത്താണ് പഠനം പൂര്‍ത്തീകരിക്കുന്നത്.
എങ്ങനെയാണ് വിദ്യാഭ്യാസ വായ്പ്പകള്‍ പ്രവര്‍ത്തിക്കുന്നത്, എന്താണ് വിദ്യാഭ്യാസ വായ്പ്പകള്‍ എടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, എന്താണ് ഇവ കൊണ്ടുള്ള മറ്റ് ഉപയോഗങ്ങള്‍, ഇവയുടെ തിരിച്ചടവിന്റെ ഘടന എങ്ങനെയാണ് തുടങ്ങിയ പൊതുവായ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായി തുടര്‍ന്നു വായിക്കുക.
എങ്ങനെയാണ് വിദ്യാഭ്യാസ വായ്പ്പകള്‍ പ്രവര്‍ത്തിക്കുന്നത്?
ഇന്ത്യയിലെ മുന്‍നിര ബാങ്കുകളില്‍ നിന്നെല്ലാം വിദ്യാഭ്യാസ വായ്പ്പകള്‍ നേടാവുന്നതാണ്. ഉപരി പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെ ലക്ഷ്യം വെച്ചാണ് ഈ വായ്പ്പാ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ 6.75 ശതമാനം പലിശയാണ് സ്വാഭാവികമായി വിദ്യാഭ്യാസ വായ്പ്പകള്‍ക്ക് അടയ്‌ക്കേണ്ടി വരിക. 15 വര്‍ഷം വരെ കാലാവധിയില്‍ വിദ്യാഭ്യാസ വായ്പ്പകള്‍ എടുക്കാന്‍ സാധിക്കും.
advertisement
മുഴുവന്‍ സമയ പാഠ്യ പദ്ധതികള്‍ക്കായാണ് വിദ്യാഭ്യാസ വായ്പ്പകള്‍ ലഭിക്കുക എന്ന ധാരണ സമൂഹത്തില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനും പാര്‍ട്ട്-ടൈം കോഴ്‌സുകള്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും വിദ്യാഭ്യാസ വായ്പ്പകള്‍ ലഭ്യമാണ്.
വിദ്യാഭ്യാസ വായ്പ്പ എടുക്കാന്‍ ആവശ്യമായ യോഗ്യതകള്‍:
ദേശീയത: ഇന്ത്യയില്‍ വിദ്യാഭ്യാസ വായ്പ്പ ലഭിക്കണമെങ്കില്‍ എടുക്കുന്ന വ്യക്തി ഇന്ത്യന്‍ പൗരനായിരിക്കണം. എന്നാല്‍, വിദേശത്ത് ജീവിയ്ക്കുന്ന ഇന്ത്യക്കാര്‍ക്കും (NRI), കുടിയേറ്റത്തിലൂടെ ഇന്ത്യന്‍ പൗരത്വം നേടിയവര്‍ക്കും (OCI), ഇന്ത്യന്‍ വംശജര്‍ക്കും (PIO), വിദേശത്ത് ജീവിയ്ക്കുന്ന ഇന്ത്യന്‍ ദമ്പതികളുടെ മക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ ഉപരി പഠനം നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവരും വിദ്യാഭ്യാസ വായ്പ്പ എടുക്കാന്‍ യോഗ്യരാണ്.
advertisement
പാഠ്യ കോഴ്‌സുകള്‍: ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍, പിഎച്ച്ഡി കോഴ്‌സുകള്‍, ആറു മാസമോ അതില്‍ കൂടുതലോ സമയദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍, സാങ്കേതിക/ഡിപ്ലോമ/ പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയ്‌ക്ക് വിദ്യാഭ്യാസ വായ്പ്പകള്‍ ലഭിക്കുന്നതാണ്.
വായ്പ്പകള്‍ക്ക് യോഗ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവണ്‍മെന്റ് കോളേജുകളും, സര്‍ക്കാര്‍ സഹായമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര തലത്തിലുള്ള കോളേജുകളും സര്‍വ്വകലാശാലകളും.
advertisement
മറ്റ് വായ്പ്പകളെ പോലെ തന്നെ വിദ്യാഭ്യാസ വായ്പ്പകള്‍ക്കും ഈട് നല്‍കേണ്ട ധനകാര്യ സ്ഥാപനങ്ങള്‍ ഇന്നുണ്ട്. അതേസമയം, രാജ്യത്തെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 7.5 ലക്ഷം രൂപ വരെയുള്ള വായ്പ്പകള്‍ ഈടില്ലാതെ ലഭിക്കും. അതുപോലെ തന്നെ, ചില ധനകാര്യ സ്ഥാപനങ്ങള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കായി 40 ലക്ഷം രൂപ വരെ ഈടില്ലാതെ ലഭിക്കുകയും ചെയ്യും. ഈടു നല്‍കി വായ്പ്പ എടുക്കുന്ന സംവിധാനത്തില്‍ വിദ്യാഭ്യാസ വായ്പ്പായിനത്തില്‍ ഒരു കോടി രൂപ വരെ ലഭിക്കും. വീട്, അല്ലങ്കില്‍ വാണിജ്യമൂല്യമുള്ള സ്വത്ത് വക, സ്ഥലം, ഫിക്‌സഡ് ഡിപ്പോസിറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവയാണ് ഈടായി സ്വീകരിക്കുക.
advertisement
വിദ്യാഭ്യാസ വായ്പ്പയുടെ പരിധിയില്‍ വരുന്ന ചെലവുകള്‍:
വിദ്യാഭ്യാസ വായ്പ്പയില്‍ പാഠ്യ വിഷയത്തിന്റെ ട്യൂഷന്‍ ഫീസ് മാത്രമല്ല അടങ്ങിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുന്നു എങ്കില്‍ ഹോസ്റ്റല്‍ ഫീസ്, വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള യാത്രാ ചെലവ്, ഇന്‍ഷ്വറന്‍സ് പ്രീമിയം, പുസ്തകങ്ങള്‍/വിദ്യാഭ്യാസത്തിനാവശ്യമായ ഉപകരണങ്ങള്‍/യുണീഫോം തുടങ്ങിയ ചെലവുകള്‍, കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ കംപ്യൂട്ടര്‍ അഥവാ ലാപ്‌ടോപ്പ് വാങ്ങാനുള്ള തുക, വിദ്യാഭ്യാസ സ്ഥാപനത്തില്‍ അടയ്ക്കാന്‍ ആവശ്യമായ കോഷന്‍ ഡിപ്പോസിറ്റ്, ബില്‍ഡിങ്ങ് ഫണ്ട്/സ്ഥാപനത്തിന്റെ പിന്തുണയോട് കൂടി തിരികെ ലഭിക്കുന്ന ഡിപ്പോസിറ്റ് തുക/രസീതുകള്‍ തുടങ്ങിയവയുടെ ചെലവ്, പഠന സംബന്ധിയായ യാത്ര, പ്രബന്ധ രചന, പ്രോജക്ട് തുടങ്ങിയവയ്ക്കാവശ്യമാകുന്ന തുക തുടങ്ങിയ എല്ലാ ചെലവുകളും വിദ്യാഭ്യാസ വായ്പ്പയില്‍ വകയിരുത്തുന്നതാണ്.
advertisement
വിദ്യാഭ്യാസ വായ്പ്പയുടെ ഗുണങ്ങളും സവിശേഷതകളും
- ഒരു കോടി രൂപ വരെയുള്ള വായ്പ്പാ ലഭ്യത.
- 15 വര്‍ഷം വരെയുള്ള വായ്പ്പാ കാലാവധി
- ഇന്ത്യയില്‍ മാത്രമല്ല വിദേശത്ത് പോയി പഠിക്കാനും വിദ്യാഭ്യാസ വായ്പ്പകള്‍ അനുവദിക്കുന്നു.
- വിദേശത്ത് പഠിക്കുന്നതിന് വിസയ്ക്ക് അപേക്ഷിക്കുന്നതിനായും വായ്പ്പ അനുവദിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുണ്ട്.
- വീട്ടില്‍ എത്തി വായ്പ്പയ്ക്ക് ആവശ്യമായ രേഖകള്‍ ശേഖരിക്കുന്ന സംവിധാനം.
- ബാങ്ക് ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് പല ധനകാര്യ സ്ഥാപനങ്ങളിലും വായ്പ്പകളില്‍ ഇളവ് ലഭിക്കും.
- വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രത്യേക ഇളവുകളും മിക്ക ബാങ്കുകളും അനുവദിക്കുന്നു.
- പഠനത്തിന് ശേഷം ഒരു വര്‍ഷം വരെ പലിശാ തിരിച്ചടവില്‍ നിയമപരമായ അവധി ലഭിക്കുന്നതാണ്. ഈ കാലാവധിയില്‍ നിങ്ങള്‍ വായ്പ്പയില്‍ തിരിച്ചടവ് നടത്തേണ്ടതില്ല.
- എട്ട് വര്‍ഷം വരെയുള്ള കാലാവധിയില്‍ പലിശാ അടവിന്മേല്‍ നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.
advertisement
വിദ്യാഭ്യാസ വായ്പ്പയ്ക്ക് അപേക്ഷിക്കുന്നതിനാവശ്യമായ രേഖകള്‍:
മറ്റെല്ലാ വായ്പ്പാ സംവിധാനങ്ങളിലെന്ന പോലെ വിദ്യാഭ്യാസ വായ്പ്പകള്‍ക്കായി അപേക്ഷിക്കുമ്പോഴും നിര്‍ദ്ദിഷ്ട ധനകാര്യ സ്ഥാപനങ്ങള്‍ ചില രേഖകള്‍ ആവശ്യപ്പെടാറുണ്ട്. വായ്പ്പയായി നല്‍കുന്ന തുക ശരിയായ രീതിയിലാണ് വിനിയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണിത്. ഒപ്പം വായ്പ്പാ തുക തിരികെ അടയ്ക്കാനുള്ള ശേഷി അളക്കുന്നതിനും ഈ രേഖകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന അഡ്മിഷന്‍ ലെറ്റര്‍, മാര്‍ക്ഷീറ്റുകള്‍ (സ്‌കൂള്‍, കോളേജ്), പ്രായം തെളിയിക്കുന്ന രേഖ, വ്യക്തിത്വം തെളിയിക്കുന്ന രേഖ, മേല്‍വിലാസം തെളിയിക്കുന്ന രേഖ, കയ്യൊപ്പ്, ശമ്പള സ്ലിപ്പുകള്‍, ഏറ്റവും പുതിയ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍, വരുമാനം കണക്കാക്കാന്‍ സഹായിക്കുന്ന ഐടിആര്‍ (ITR) രേഖകള്‍, ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ്, വരുമാനം സ്ഥിരീകരിക്കുന്ന രേഖകള്‍ (സേവന നികുതി അടച്ചതിന്റെയോ/സെയില്‍സിന്റെയോ രേഖകള്‍), കയ്യൊപ്പോട് കൂടിയ പൂര്‍ത്തിയാക്കിയ അപേക്ഷാ ഫോം, അടുത്തിടെ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ്, വിദേശത്ത് പഠിയ്ക്കാനുള്ള കൃത്യമായ വിസ.
എങ്ങനെയാണ് വിദ്യാഭ്യാസ വായ്പ്പയ്ക്കായി അപേക്ഷ നല്‍കുക:
വിദ്യാഭ്യാസ വായ്പ്പകള്‍ക്കായി അപേക്ഷിക്കുന്നതിന് ഇപ്പോള്‍ ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ രണ്ടു തരത്തിലാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. ആദ്യത്തെ വിധത്തില്‍ വായ്പ്പ ലഭിയ്‌ക്കേണ്ടതിന് ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കി, നിര്‍ദ്ദിഷ്ട രേഖകളും സ്‌കാന്‍ ചെയ്ത് നല്‍കി ഓണ്‍ലൈനായി തന്നെ അപേക്ഷ സമര്‍പ്പിക്കുക. രണ്ടാമത്തെ വിധത്തില്‍, ആവശ്യമായ എല്ലാ വിവരങ്ങളും നിങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുക. തുടര്‍ന്ന് വായ്പ്പ അനുവദിയ്ക്കുന്ന ഉദ്യോഗസ്ഥന്‍ നിങ്ങളെ ബന്ധപ്പെട്ട്, വായ്പ്പ എടുക്കും മുന്‍പ് ആവശ്യമായ കാര്യങ്ങളും നിബന്ധനകളും മനസ്സിലാക്കി തുടര്‍ നടപടികളിലേക്ക് കടക്കുന്ന രീതിയാണത്.
ഓഫ്ലൈൻ മാർഗ്ഗത്തിലൂടെ നിങ്ങൾക്ക് നേരിട്ട് ബാങ്കിൽ എത്തി, ആവശ്യമായ വിവരങ്ങൾ നൽകി, നേരിട്ട് സംസാരിച്ച് വായ്പ്പ എടുക്കാൻ സാധിക്കും. ഇത് കൂടാതെ വായ്പ്പയെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനായി വിർച്യൽ അസിസ്റ്റൻസ് സൗകര്യവും ലഭ്യമാണ്.
ധനകാര്യ സ്ഥാപനങ്ങളും വായ്പ്പാ പരിധികളും
എസ്ബിഐ വിദ്യാഭ്യാസ വായ്പ്പാ നിരക്ക്
രാജ്യത്തെ മുന്‍നിര ധനകാര്യ സ്ഥാപനമായ എസ്ബിഐയില്‍ 1.5 കോടി രൂപ വരെയാണ് വായ്പ്പായിനത്തില്‍ ലഭിക്കുക. വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ഇളവും ലഭിയ്ക്കും. 6.85 മുതല്‍ 8.65 ശതമാനം വരെയാണ് പലിശാ നിരക്ക്. വായ്പ്പയുടെ പ്രൊസസിങ്ങ് ഫീ ഇനത്തില്‍ 10000 രൂപയും നികുതിയും അടയ്ക്കണം. കോഴ്‌സ് അവസാനിച്ചതിന് ശേഷം 12 മാസം വരെ മൊറട്ടോറിയം ലഭിക്കും.
ഫെഡറല്‍ ബാങ്ക് വായ്പ്പാ നിരക്ക്
10.05 ശതമാനമാണ് പലിശാ നിരക്ക്. ഇന്ത്യയിലെ വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെയും വിദേശത്തെ വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപ വരെയും വായ്പ്പായിനത്തില്‍ ലഭിക്കും.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
8.80 മുതല്‍ 10.05 ശതമാനം വരെയാണ് പലിശാനിരക്ക്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊസസിങ്ങ് ഫീ ഇല്ല. എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ സംഖ്യയുടെ 0.5 ശതമാനവും ജിഎസ്ടിയും പ്രൊസസിങ്ങ് ഫീ ഇനത്തില്‍ അടയ്ക്കണം.
ബാങ്ക് ഓഫ് ഇന്ത്യ
6.85 മുതല്‍ 9.35 ശതമാനം വരെയാണ് പലിശാ നിരക്ക്. ഇന്ത്യയിലെ കോഴ്‌സുകള്‍ക്ക് 10 ലക്ഷം രൂപ വരെയും വിദേശത്ത് പഠിയ്ക്കാന്‍ 20 ലക്ഷം രൂപ വരെയുമാണ് ലഭിക്കുക.
എച്ച്ഡിഎഫ്‌സി ബാങ്ക്
9.45 മുതല്‍ 1.34 ശതമാനം വരെയാണ് പലിശാ നിരക്ക്. വായ്പ്പയുടെ 1.5 ശതമാനവും നികുതിയും പ്രൊസസിങ്ങ് ഫീ ഇനത്തില്‍ അടയ്‌ക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ വായ്പ്പകളുടെ തിരിച്ചടയ്ക്കൽ പ്രക്രിയ
പഠന വായ്പ്പകളുടെ തിരിച്ചടവ് ആരംഭിക്കുന്നത് പഠനം അവസാനിച്ച് ആറു മാസം മതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ജോലി ലഭിയ്ക്കുമ്പോള്‍ മുതല്‍. ഇതിലേതാണോ ആദ്യം വരുന്നത് അപ്പോള്‍ മുതലാണ് വായ്പ്പയുടെ തിരിച്ചടവ് ആരംഭിക്കുന്നത്. വായ്പ്പാദാതാക്കളെ അനുസരിച്ച് മൊറട്ടോറിയത്തിന്റെ സമയവും മാറും. പലിശ അടക്കമുള്ള മാസ ഇഎംഐ ആയിട്ടാണ് വായ്പ്പ തിരിച്ചടയ്‌ക്കേണ്ടി വരിക.
വായ്പ്പയുടെ തിരിച്ചടവ് സംബന്ധിച്ച് ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. വായ്പ്പാദാതാവിന്റെ വെബ്‌സൈറ്റ് മുഖേനെയോ മൊബൈല്‍ ആപ്പ് മുഖേനെയോ തിരികെ അടയ്ക്കുന്ന ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനമാണ് ഒരു രീതി. ഇത് കൂടാതെ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ മാറിയെടുക്കാന്‍ സാധിക്കുന്ന ചെക്കോ, ഡിമാന്‍ഡ് ഡ്രാഫ്‌റ്റോ നല്‍കാന്‍ സാധിക്കും. ഇഎംഐ അടയ്ക്കാന്‍ പാകത്തിലുള്ള ഡയറക്ട് ഡെബിറ്റ് സംവിധാനവും വായ്പ്പ എടുക്കുന്നയാള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.
വായ്പ്പ എടുക്കുന്ന ബാങ്കിന് അനുസരിച്ചാണ് ഈ രീതികള്‍ നിലകൊള്ളുന്നത്. അതിനാല്‍ വായ്പ്പയുടെ തിരിച്ചടവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസ്തുത ബാങ്കിനെ സമീപിക്കേണ്ടതാണ്. വായ്പ്പാ തിരിച്ചടവ് സംബന്ധിച്ച് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തെല്ലാമാണന്ന് നോക്കാം.
മൊറട്ടോറിയം കാലം: വിദ്യാഭ്യാസ വായ്പ്പകളുടെ കാര്യത്തില്‍, ഗുണഭോക്താക്കള്‍ക്ക് വിദ്യാഭ്യാസ കാലാവധി പൂര്‍ത്തിയായതിന് ശേഷമോ അല്ലങ്കില്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷമോ വായ്പ്പാ തിരിച്ചടവ് ആരംഭിക്കാന്‍ സാധിക്കും. ഇതിനാണ് മൊറട്ടോറിയം ഘട്ടം എന്ന് പറയുന്നത്.
വിദ്യാഭ്യാസ വായ്പകളുടെ ഭാഗികമായ അടയ്ക്കൽ: വിദ്യാഭ്യാസ വായ്പയുടെ ഗുണഭോക്താക്കൾക്ക് അവരുടെ വായ്പകൾ ഭാഗികമായി അടയ്ക്കാനുള്ള അനുമതി ലഭിയ്ക്കുന്നതാണ്. ഒരു അപേക്ഷകൻ എന്ന നിലയിൽ, വായ്പയുടെ ഭാഗിക തിരിച്ചടവ് നടത്തുന്നതിനായി വായ്പ്പ എടുത്ത ധനകാര്യ സ്ഥാപനത്തിലേക്ക് നിങ്ങൾക്ക് ഒരു തുകയായി പണം തിരികെ നൽകാൻ സാധിയ്ക്കും.
വിദ്യാഭ്യാസ വായ്പയുടെ മുൻകൂർ അടയ്ക്കൽ: ഒരു അപേക്ഷകന് ലോൺ തുകയുടെ മുൻകൂർ അടവിലേക്കുള്ള പണം സമാഹരിയ്ക്കാൻ കഴിയുമെങ്കിൽ, അയാൾക്ക് അല്ലെങ്കിൽ അവൾക്ക് അങ്ങനെ ചെയ്യാനുള്ള ഓപ്ഷനും ബാങ്കുകളിലുണ്ട്. എന്നിരുന്നാലും, ഇത് ഒരു പ്രോസസ്സിംഗ് ഫീസ് നൽകേണ്ടുന്നതിന് കാരണമാകുമെന്നും ഓർമ്മിക്കേണ്ടതാണ്.
വിദ്യാഭാസം തുടരുന്നതിന് പണമാണ് വില്ലൻ എന്നിരിക്കെ ഉള്ള സാഹചര്യങ്ങളിൽ വ്യത്യസ്ത തരം വായ്പ്പകൾ നിങ്ങളെ സഹായിക്കുന്നതാണ്. ഇതിൽ ഈട് നൽകേണ്ടതില്ലാത്ത വിദ്യാഭ്യാസ വായ്പ്പകളും ഉൾക്കൊള്ളുന്നതിനാൽ പഠനത്തിന് ശേഷം നിങ്ങൾക്ക് വായ്പ്പാ തുക സമാധാനമായി തന്നെ അടച്ച് തീർക്കാവുന്നതാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 07, 2022 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Education Loan| വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കണോ? വായ്പ എടുക്കുന്നതിനെക്കുറിച്ചും തിരിച്ചടവ് പ്രക്രിയയെക്കുറിച്ചും


