കേരളത്തിൽ ചന്ദന കൃഷി പ്രോത്സാഹിപ്പിക്കും; ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്ന് ധനമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
ചന്ദനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. ഇതിനായി ചന്ദനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായി മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
''സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കും. ചന്ദനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സഹായിക്കും. ഇതിനായി ചന്ദനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തും. സ്വകാര്യ ഭൂമിയില്‍ നിന്ന് മുറിക്കുന്ന ചന്ദനം ശേഖരിക്കുന്നതിനായി സംസ്ഥാനത്തുടനീളം കൂടുതല്‍ വനം ഡിപ്പോകളെ ചന്ദനത്തിന്റെ ശേഖരണ കേന്ദ്രങ്ങളാക്കുക, ചന്ദനത്തടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ണയിച്ച മൂല്യത്തിന്റെ 50 ശതമാനമെങ്കിലും മുന്‍കൂറായി ഉടമസ്ഥര്‍ക്ക് നല്‍കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്യുന്നു.' -ധനമന്ത്രി പറഞ്ഞു.
വീടുകളിൽ ചന്ദര മരം നടുന്നതിന് നിയമ തടസമില്ലെങ്കിലും മുറിക്കുന്നതിന് സർക്കാരിന്റെ അനുവാദം ആവശ്യമാണ്. കൃഷി ആരംഭിക്കുന്നതിനും വനംവകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനുമതി ആവശ്യമാണ്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ചന്ദന മരം മുറിച്ചു കടത്തുന്നത് അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് കണക്കാക്കുന്നത്. വരുമാനത്തിന്റെ ഒരുഭാഗം സര്‍ക്കാരിനു പോയിരുന്നതാണ് കള്ളക്കടത്തിനു വഴിവച്ചിരുന്ന പ്രധാന കാരണം.
advertisement
എന്നാൽ എല്ലാ നിയമ വശങ്ങളും പാലിച്ച് കൃഷി ചെയ്താലും നല്ല വരുമാന മാർഗമാണ് ചന്ദന കൃഷി. ചന്ദനം കൃഷി ചെയ്യുന്ന സ്ഥലം സ്വന്തം പേരില്‍ ഉള്ളതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. സര്‍ക്കാരില്‍നിന്നു ഭൂപതിവ് ചട്ടപ്രകാരം പതിച്ചു കിട്ടിയ ഭൂമിയാണെങ്കില്‍ ഉടമയ്ക്ക് മരത്തിന്റെ മുഴുവന്‍ വിലയും ലഭിക്കില്ല. വിളവെടുപ്പു സമയത്ത് തഹസില്‍ദാര്‍ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുകയും വേണമെന്നാണ് നിലവിലെ ചട്ടം.
ചന്ദനം സ്വകാര്യമായി വാങ്ങുന്നതും വില്‍ക്കുന്നതും 2017ലാണ് സര്‍ക്കാര്‍ നിരോധിച്ചത്. ഇതുപ്രകാരം സ്വകാര്യ വ്യക്തികള്‍ക്ക് ചന്ദനം നട്ടുവളര്‍ത്താമെങ്കിലും അവ വില്‍ക്കേണ്ടത് സര്‍ക്കാരിന് മാത്രമായിരിക്കണം എന്നാണ് നിബന്ധന. സര്‍ക്കാര്‍ ഇത് ഡിപ്പോകളില്‍ ലേലം ചെയ്ത് വില്‍ക്കും. ഇതിന്റെ വരുമാനം പൂര്‍ണമായി കര്‍ഷകര്‍ക്ക് തന്നെയാണ് ലഭിക്കുക.
advertisement
1986ലെ കേരള മര സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ പെടുന്നതാണ് ചന്ദനം. ആവശ്യകതയും ഇറക്കുമതിയും വര്‍ധിച്ചതോടെയാണ് ചന്ദന കൃഷി നിയമവിധേയമാക്കിയത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 05, 2024 2:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കേരളത്തിൽ ചന്ദന കൃഷി പ്രോത്സാഹിപ്പിക്കും; ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്ന് ധനമന്ത്രി