തിരുവനന്തപുരം: അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്ക്ക് കെഎസ്എഫ്ഇ ശാഖകള്വഴി നേരിട്ട് പ്രവാസി ചിട്ടിയില് ചേരാം. ചിട്ടിയുടെ വിശദാംശങ്ങള് നല്കുന്നതിനും ചിട്ടിയില് ഓണ്ലൈനായി ചേരുന്നതിന് സൗകര്യമൊരുക്കുന്നതിനുമായി 'പ്രവാസി ഗ്രാന്ഡ് ഡേ' എന്ന പേരില് 40 ദിവസം നീളുന്ന പരിപാടിയാണ് കെഎസ്എഫ്ഇ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 31 വരെ കെഎസ്എഫ്ഇയുടെ 577 ശാഖകളിലും ഈ സൗകര്യമുണ്ടാകും.
പ്രവാസി ചിട്ടിയില് ചേരാന് ശാഖകളിലെത്തുന്നവര് വിസ, പാസ്പോര്ട്ട്, ഫോട്ടോ, ജോലി ചെയ്യുന്ന രാജ്യത്തെ ഏതെങ്കിലും തിരിച്ചറിയല് രേഖ എന്നിവയോ മൊബൈലില് എടുത്ത അവയുടെ വ്യക്തമായ ചിത്രമോ കൈവശം കരുതണം. ഒടിപി സ്വീകരിക്കാനായി മൊബൈല് ഫോണും വേണം. ഇത്രയുമുണ്ടെങ്കില് ശാഖയില്നിന്നുതന്നെ എല്ലാ നടപടിക്രമങ്ങളും പൂര്ത്തിയാക്കി ഓണ്ലൈനായി പണമടച്ച് പ്രവാസി ചിട്ടിയില് ചേരാം. തുടര്ന്നുള്ള ഗഡുക്കള് ചിട്ടി അംഗങ്ങള് ഓണ്ലൈനായി അടച്ചാല് മതിയാകും.
പ്രവാസികളും കെഎസ്എഫ്ഇയും തമ്മിലുള്ള ബന്ധം കൂടുതല് ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി ഗ്രാന്ഡ് ഡേ സംഘടിപ്പിക്കുന്നതെന്ന് ചെയര്മാന് അഡ്വ. പീലിപ്പോസ് തോമസ് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.