ദീപാവലിയ്ക്ക്(Diwali) മുന്നോടിയായി 'മേക്കിങ് ഓഫ് ജിയോഫോൺ നെക്സ്റ്റ്' (Making of JioPhone Next) എന്ന വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് റിലയൻസ് ജിയോ (Reliance Jio). കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ജിയോഫോൺ നെക്സ്റ്റ് (Jiophone Next) വലിയ പ്രതീക്ഷയോടെ ഉപഭോക്താക്കൾ കാത്തിരിക്കുന്ന 4ജി ഫോണുകളിൽ ഒന്നാണ്. തങ്ങളുടെ മറ്റു സർവീസുകൾ പോലെ തന്നെ ജിയോഫോൺ നെക്സ്റ്റും "ഇന്ത്യയിൽ, ഇന്ത്യയ്ക്ക് വേണ്ടി, ഇന്ത്യയ്ക്കാർ നിർമ്മിച്ചതാണെന്ന്" വീഡിയോയിൽ ജിയോ ആവർത്തിച്ചു വ്യക്തമാക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ (Digital Technology) എല്ലാ ഇന്ത്യയ്ക്കാർക്കും ഒരുപോലെ പ്രാപ്തമാക്കുക എന്നതാണ് ജിയോഫോൺ നെക്സ്റ്റ് വിപണിയിൽ എത്തിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്നും ജിയോ പറയുന്നു.
വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ട്ഫോണിന്റെ ടീസറിൽ 13 മെഗാപിക്സലിന്റെ ക്യാമറ വ്യക്തമായി കാണാം. സെപ്റ്റംബറിൽ നടന്ന റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ജിയോഫോൺ നെക്സ്റ്റ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുക എന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു.
ആൻഡ്രോയ്ഡിന്റെ പ്രഗതി ഓ എസിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുകയെന്ന് വീഡിയോയിൽ നിന്നും വ്യക്തമാകുന്നു. ഫോണിൽ ഒരു ക്വാൽകം മൊബൈൽ പ്രൊസസർ ആണ് ഉണ്ടാവുക എന്ന് റിലയൻസ് ജിയോ മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഏത് ചിപ്സെറ്റ് ആണ് ഉപയോഗിച്ചിട്ടുള്ളത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഫോണിന്റെ ആകെ പ്രകടനവും ഓഡിയോയും ബാറ്ററിയും ഒപ്റ്റിമൈസ് ചെയ്യുന്നതാകും പ്രൊസസർ.
ഇതിനിടയിൽ ജിയോഫോൺ നെക്സ്റ്റിന്റെ ശ്രദ്ധേയമായ ചില സവിശേഷതകളെക്കുറിച്ച് കമ്പനി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഫോൺ ഉപയോഗിക്കാനും (ആപ്പുകൾ തുറക്കുക, സെറ്റിങ്‌സ് കൈകാര്യം ചെയ്യുക മുതലായവ) തങ്ങൾക്ക് പരിചിതമായ ഭാഷയിൽ ഇന്റർനെറ്റിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാനും ഉപയോതാക്കളെ സഹായിക്കുന്ന വോയ്‌സ് അസിസ്റ്റന്റ് ജിയോഫോൺ നെക്സ്റ്റിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ഫോണിന്റെ സ്ക്രീനിലെ ഉള്ളടക്കങ്ങൾ ഉപഭോക്താക്കൾക്ക് വായിച്ചു കൊടുക്കുന്ന 'റീഡ് എലൗഡ്' സൗകര്യവും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് പരിചിതമായ ഭാഷയിലേക്ക് സ്ക്രീനിലെ ഉള്ളടക്കങ്ങൾ വിവർത്തനം ചെയ്യുന്ന 'ട്രാൻസ്ലേറ്റ്' എന്ന സംവിധാനവും ഫോണിൽ ലഭ്യമായിരിക്കും.
പോർട്രെയിറ്റ് മോഡ്, നൈറ്റ് മോഡ് തുടങ്ങി വിവിധങ്ങളായ ഫോട്ടോഗ്രാഫിക് മോഡുകളിൽ ചിത്രങ്ങളെടുക്കാൻ സഹായിക്കുന്ന ശക്തമായ ക്യാമറയായിരിക്കും ജിയോഫോണിൽ ഉണ്ടാവുക. ഫോണിന്റെ ഉപയോക്താക്കൾക്ക് ചിത്രങ്ങളെ കൂടുതൽ ഭംഗിയുള്ളതാക്കാനും പ്രത്യേക വികാരങ്ങളുമായും ആഘോഷങ്ങളുമായും അവയെ ബന്ധപ്പെടുത്താനും സഹായിക്കുന്ന കസ്റ്റം ഇന്ത്യൻ ഓഗ്മെന്റഡ് റിയാലിറ്റി ഫിൽറ്ററുകളും ജിയോഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. മുൻകൂട്ടി തന്നെ ഇൻസ്റ്റാൾ ചെയ്ത ഗൂഗിൾ ആപ്പുകൾ, പ്രഗതി ഓ എസിന്റെ സഹായത്തോടെ മെച്ചപ്പെട്ട ബാറ്ററി ലൈഫ്, ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ എന്നിവയും ജിയോഫോൺ നെക്സ്റ്റിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് ആസ്വദിക്കാം. ഫോണിന്റെ വിലയും ലഭ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.