ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതുന്ന റിലയന്‍സ് ജിയോയുടെ ജിയോഫോണ്‍ നെക്സ്റ്റിന്റെ (JioPhone Next) 'മേക്കിംഗ് ഓഫ് ജിയോഫോണ്‍ നെക്സ്റ്റ്' (Making of JioPhone Next) ഫിലിം പുറത്തിറക്കി. ഈ വര്‍ഷത്തെ ദീപാവലി (Diwali) സീസണോട് അനുബന്ധിച്ച് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന, രാജ്യത്ത് തദ്ദേശീയമായി നിര്‍മ്മിച്ച ജിയോഫോണിന്റെ ലോഞ്ചിംഗിന് പിന്നിലെ ചില കാര്യങ്ങളെ സംബന്ധിച്ചാണ് ഈ ഹ്രസ്വ വീഡിയോയില്‍ വെളിപ്പെടുത്തുന്നത്. ഫോണിലെ ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ പ്രഗതി ഓ എസിലൂടെ (Pragati OS) ഓരോ ഇന്ത്യക്കാരനും തുല്യ അവസരവും സാങ്കേതികവിദ്യയിലേക്ക് തുല്യ പ്രവേശനവും ലഭിക്കുന്നുണ്ടെന്ന് ജിയോഫോണ്‍ നെക്സ്റ്റ് ഉറപ്പാക്കുമെന്ന് രാജ്യത്തെ മുന്‍നിര ടെലികോം ദാതാക്കള്‍ കൂടിയായ നിര്‍മ്മാതാക്കള്‍ (Reliance Jio) അവകാശപ്പെട്ടു.
ക്വാല്‍കോം പ്രോസസറുമായാണ് (Qualcomm processor) ജിയോഫോണ്‍ നെക്സ്റ്റ് എത്തുകയെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. ജിയോഫോണ്‍ നെക്സ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ക്വാല്‍കോം പ്രോസസർ ഡിവൈസിന്റെ പ്രകടനം, ഓഡിയോ, ബാറ്ററി എന്നിവയുടെ ഒപ്റ്റിമൈസേഷനുകള്‍ക്കൊപ്പം ഒപ്റ്റിമൈസ് ചെയ്ത കണക്റ്റിവിറ്റിയും ലൊക്കേഷന്‍ സാങ്കേതികവിദ്യകളും നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പത്രക്കുറിപ്പില്‍ ജിയോ വെളിപ്പെടുത്തി. 'ജിയോഫോണ്‍ നെക്സ്റ്റിന്റെ സമ്പന്നമായ ഫീച്ചറുകള്‍ സാങ്കേതികവിദ്യയുമായുള്ള ഇടപെടലുകളെ നൂതനമാക്കി മാറ്റും' എന്നും കമ്പനി പറയുന്നു.
ജിയോഫോണ്‍ നെക്സ്റ്റ് ലോഞ്ചിന് മുന്നോടിയായി പുറത്തിറക്കിയ വീഡിയോയില്‍, വരാനിരിക്കുന്ന ഈ സ്മാര്‍ട്ട്ഫോണിന്റെ ചില സവിശേഷതകളും കമ്പനി പരാമര്‍ശിക്കുന്നുണ്ട്. വോയ്സ് അസിസ്റ്റന്റ്, റീഡ് എലൗഡ് ഫീച്ചര്‍, ട്രാൻസ്ലേറ്റ് ഫീച്ചര്‍, 'ഈസി ആന്‍ഡ് സ്മാര്‍ട്ട്' ക്യാമറ, എന്നിവയുള്‍പ്പടെയുള്ള പല ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സെക്യൂരിറ്റി അപ്ഡേറ്റുകള്‍ക്കൊപ്പം ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളും നല്‍കും. പുതുതായി രൂപകല്‍പ്പന ചെയ്ത പ്രഗതി ഓ എസിന്റെയും ക്വാല്‍കം പ്രൊസസറിന്റെയും സഹായത്തോടെ 'ഇന്ത്യയില്‍, ഇന്ത്യക്ക് വേണ്ടി , ഇന്ത്യക്കാര്‍ നിര്‍മ്മിച്ച' ജിയോഫോണ്‍ നെക്സ്റ്റ് മികച്ച ബാറ്ററി ലൈഫ് നല്‍കുമെന്ന് റിലയന്‍സ് ജിയോ സൂചിപ്പിച്ചു.
റിലയന്‍സ് ജിയോ, ജിയോഫോണ്‍ നെക്സ്റ്റ് വികസിപ്പിച്ചിരിക്കുന്നത് ടെക്ക് ഭീമന്‍ ഗൂഗിളുമായി സഹകരിച്ചാണ്. ഈ വര്‍ഷം ജൂണില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കും കടക്കുകയാണെന്ന് പ്രഖ്യാപിച്ചത്. സെപ്റ്റംബറില്‍, ജിയോയും ഗൂഗിളും നല്‍കിയ സംയുക്ത പത്രക്കുറിപ്പില്‍, കമ്പനികള്‍ പരിമിതമായ ഉപഭോക്താക്കളില്‍ ജിയോഫോണ്‍ നെക്സ്റ്റ് പരീക്ഷിച്ചുതുടങ്ങിയതായും ദീപാവലി സമയത്ത് ഇത് വ്യാപകമായി വിപണിയില്‍ ലഭ്യമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അറിയിച്ചിരുന്നു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോയുടെ ആദ്യ സ്മാര്‍ട്ട്ഫോണായി ജിയോഫോണ്‍ നെക്സ്റ്റ് എത്തുന്നതോടെ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വമ്പന്‍ മത്സരത്തിന് കളം ഒരുങ്ങുമെന്നാണ് കരുതുന്നത്.
ലോകത്തിലെ തന്ന ഏറ്റവും വിലകുറഞ്ഞ ഡിവൈസ് ആയിരിക്കും ജിയോഫോണ്‍ നെക്സ്റ്റ് എന്നാണ് സൂചനകള്‍. രാജ്യം ഉറ്റുനോക്കുന്ന 4-ജി സ്മാര്‍ട്ട്ഫോണിന്റെ വില 3500-5000 രൂപയോട് അടുത്തായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സമാന ഫീച്ചറുകളുള്ള മറ്റ് കമ്പനികളുടെ ഫോണുകളുടെ വില 8000-12000 രൂപയാണ്. ജിയോഫോണ്‍ നെക്സ്റ്റ് വാങ്ങുന്നവര്‍ ആദ്യം, വിലയുടെ 10 ശതമാനം മാത്രം നല്‍കിയാല്‍ മതിയാകുമെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. രാജ്യത്തെ റീട്ടെയിലര്‍മാരുമായി ഫോണിന്റെ വില്‍പന സംബന്ധിച്ച ചര്‍ച്ചകള്‍ ജിയോ നടത്തുന്നുണ്ടെന്നും അതിനാല്‍ സ്മാര്‍ട്ട്ഫോണിന്റെ വില്‍പ്പന ഓഫ് ലൈന്‍ സ്റ്റോറുകള്‍ വഴിയും നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ രാജ്യത്തെ 2ജി ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്‌വർക്കിലേക്കും ഡിവൈസിലേക്കും എത്തിക്കാനാകുമെന്നും ജിയോ പ്രതീക്ഷിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.