ടാലന്റ് അക്വിസിഷൻ ടീമിൽ നിന്ന് 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ (Twitter). എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങളോ പറഞ്ഞുവിട്ട ജീവനക്കാരുടെ എണ്ണമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പിരിച്ചുവിട്ട ജീവനക്കാർക്ക് വേർപിരിയൽ പാക്കേജ് (severance packages) ആയി നിശ്ചിത തുക ലഭിക്കും. ശേഷിക്കുന്ന ജീവനക്കാരുടെ റോളുകളിലും കമ്പനി ചില മാറ്റങ്ങൾ വരുത്തും.
പല സ്ഥലങ്ങളിലും ട്വിറ്റർ പുതിയ നിയമനങ്ങൾ നിർത്തി വെച്ചിരുന്നു. സുപ്രധാനമായ ബിസിനസ് റോളുകളിലേക്കു മാത്രമാണ് പുതിയ ആളുകളെ തിരഞ്ഞെടുത്തിട്ടുള്ളത്. കൺസ്യൂമർ പ്രൊഡക്ട് വിഭാഗം മേധാവി കെയ്‌വോൺ ബെയ്‌ക്‌പൂരിനെയും റവന്യൂ പ്രൊഡക്ട് വിഭാഗം മേധാവി ബ്രൂസ് ഫാൽക്കിനെയും ഇക്കഴിഞ്ഞ മെയിൽ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ പുറത്താക്കിയിരുന്നു. നിയമനം മരവിപ്പിച്ചു വെച്ചിരിക്കുകയാണെന്നും ചെലവ് കുറക്കാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
''കമ്പനിയിലുടനീളം പിരിച്ചുവിടലുകൾ നടത്താൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല. എന്നാൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ട്വിറ്ററിൽ വിവിധ മാറ്റങ്ങൾ വരുത്തുന്നത് തുടരും'', പരാഗ് അഗർവാൾ ജീവനക്കാർക്ക് അയച്ച മെമ്മോയിൽ പറഞ്ഞു.
"മസ്ക് ട്വിറ്റർ ഏറ്റെടുക്കുകയാണെങ്കിൽ ഇപ്പോഴത്തെ സിഇഒ ഈ മാറ്റങ്ങളൊക്കെ വരുത്തുന്നത് എന്തുകൊണ്ടാണെന്ന് ചിലർ ചോദിക്കുന്നുണ്ട്. കരാർ നടപ്പിൽ വരില്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എങ്കിലും എല്ലാ സാഹചര്യങ്ങളും മുന്നിൽ കണ്ട് ഞങ്ങൾ തയ്യാറായിരിക്കണം, എപ്പോഴും കമ്പനിക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ ചെയ്യണം," അഗർവാൾ പറഞ്ഞു.
ഈ വർഷം ഏപ്രിലിൽ, 44 ബില്യൺ ഡോളറിന് കമ്പനി വാങ്ങാൻ ഇലോൺ മസ്‌ക് ട്വിറ്ററുമായി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ഈ കരാറിന്റെ കാലാവധി അവസാനിച്ചിട്ടില്ല. ഇതിനിടെ, പറഞ്ഞതിലും കുറഞ്ഞ വിലയ്ക്ക് ട്വിറ്റർ ഏറ്റെടുക്കാനുള്ള ചർച്ച നടത്താനോ അല്ലെങ്കിൽ പൂർണമായും കരാർ ഉപേക്ഷിക്കാനോ മസ്ക് ആലോചിക്കുന്നു എന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ട്വിറ്റർ ഏറ്റെടുത്താൽ, ചെലവു ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന സൂചനയും ഇലോൺ മസ്ക് അടുത്തിടെ നൽകിയിരുന്നു. ട്വിറ്ററിന് സാമ്പത്തിക ഭദ്രത കൈവരിക്കേണ്ടതുണ്ടെന്നും ഇപ്പോഴത്തെ ചെലവുകള്‍ വരുമാനത്തേക്കാള്‍ കൂടുതലാണെന്നും ആണ് ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് മസ്ക് പറഞ്ഞത്. ആദ്യമായി ട്വിറ്റര്‍ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴായിരുന്നു മസ്കിന്റെ വെളിപ്പെടുത്തൽ. ഭാവിയില്‍ പിരിച്ചുവിടലുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന ജീവനക്കാരുടെ ചോദ്യത്തിന് അത് സാഹചര്യങ്ങള്‍ അനുസരിച്ചിരിക്കും എന്നായിരുന്നു മസ്കിന്റെ ഉത്തരം. മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം തുടരാമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനേക്കാൾ, ഓഫീസിലിരുന്നു ചെയ്യുന്നതിനോടാണ് വ്യക്തിപരമായി താൻ താത്പര്യപ്പെടുന്നതെന്നും മസ്ക് കൂട്ടിച്ചേർത്തു.
ലയനക്കരാര്‍ അവസാനിപ്പിക്കുന്നതിനുമുള്ള അവകാശം ഇലോണ്‍ മസ്‌കിനുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞിട്ടുണ്ടെങ്കിലും ഏകപക്ഷീയമായി മസ്കിന് കരാർ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് വിദഗ്ധർ പറയുന്നു. കരാർ ഉപേക്ഷിക്കുകയാണെങ്കിൽ 1 ബില്യൺ ഡോളർ ബ്രേക്കപ്പ് ഫീസായി നൽകേണ്ടി വരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.