ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഡിസംബർ ഒന്നു മുതൽ മൊബൈൽ സേവന ദാതാക്കളായ വോഡഫോൺ ഐഡിയയും എയർടെല്ലും നിരക്ക് ഉയർത്തും. “ലോകോത്തര ഡിജിറ്റൽ അനുഭവങ്ങൾ തങ്ങളുടെ ഉപയോക്താക്കൾ തുടർന്നും ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, വോഡഫോൺ ഐഡിയ 2019 ഡിസംബർ 1 മുതൽ താരിഫുകളുടെ നിരക്ക് ഉചിതമായി വർധിപ്പിക്കും,” -വോഡഫോൺ ഐഡിയ പ്രസ്താവനയിൽ പറഞ്ഞു. എന്നിരുന്നാലും, നിർദ്ദിഷ്ട താരിഫ് വർധനയുടെ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
സുപ്രീംകോടതി ഉത്തരവ് വഴി ഉണ്ടാകുന്ന ബാധ്യത കണക്കിലെടുത്ത് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ 50,921 കോടി രൂപയുടെ ഏകീകൃത നഷ്ടമാണ് വൊഡഫോൺ -ഐഡിയക്ക് സംഭവിച്ചത്. നവംബറിൽ അവസാനിച്ച പാദവാർഷികത്തിൽ 23,045 കോടി രൂപയുടെ നഷ്ടമാണ് എയർടെൽ രേഖപ്പെടുത്തിയത്.
Also Read- വൊഡഫോൺ- ഐഡിയ ഉപഭോക്താക്കളെ; ഡിസംബർ ഒന്നു മുതൽ നിരക്ക് വർധിക്കും
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മേഖല എന്ന നിലയിൽ വളരെയധികം മൂലധനവും തുടർച്ചയായ നിക്ഷേപവും ആവശ്യമാണ്, അതിനാൽ ഡിജിറ്റൽ ഇന്ത്യയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാൻ ഈ മേഖല പ്രാപ്തിയാർജിക്കേണ്ടത് അത്യാവശ്യമാണ്. “ഇതനുസരിച്ച് ഡിസംബറിൽ എയർടെൽ നിരക്കുകൾ ഉചിതമായി വർധിപ്പിക്കും,” -പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ മൊബൈൽ മേഖലയിലെ നിരക്കുകളിൽ യുക്തിബോധം കൊണ്ടുവരുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി- ട്രായ് മുൻകൈയെടുക്കുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ടെലികോം വകുപ്പിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് കുടിശ്ശിക അടയ്ക്കാൻ സുപ്രീം കോടതി കഴിഞ്ഞ മാസം വോഡഫോൺ ഐഡിയ ഉൾപ്പെടെയുള്ള ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
സർക്കാരിന്റെ ഭാഗത്ത് നിന്ന് ആശ്വാസമേകുന്ന നടപടിയുണ്ടാകുമോ എന്നതിനെ ആശ്രയിച്ചാകും ഈ രംഗത്ത് തുടരാനാകുമോ എന്നകാര്യം നിശ്ചയിക്കുന്നതെന്നും വൊഡഫോൺ ഐഡിയ പറയുന്നു.
ടെലികോം മേഖലയിലെ കടുത്ത സാമ്പത്തിക ഞെരുക്കം എല്ലാ കമ്പനികളും അംഗീകരിച്ചിട്ടുണ്ടെന്നും ഉചിതമായ ആശ്വാസം നൽകുന്നതിനായി ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സെക്രട്ടറിമാരുടെ സമിതി ശ്രമിക്കുന്നുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു. വൊഡഫോൺ ഐഡിയയിൽ ഏകദേശം 300 ദശലക്ഷം മൊബൈൽ വരിക്കാരാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.