നിങ്ങൾ ഒരു മനോഹരമായ കെട്ടിടം പണിയുന്നു എന്ന് സങ്കൽപ്പിക്കുക, എന്നാൽ അതിന് ആ പ്രദേശത്തെ ഏതെങ്കിലും റോഡുകളുമായോ മറ്റ് അടിസ്ഥാന സൗകര്യങ്ങളുമായോ യാതൊരു ബന്ധവുമില്ലെങ്കിൽ എങ്ങനെയിരിക്കും? സോഫ്റ്റ് വെയർ(software) ഡെവലപ് ചെയ്യുമ്പോഴുള്ള അവസ്ഥയും സമാനമാണ്. ഏതൊരു വികസിപ്പിച്ച സോഫ്റ്റ് വെയറും അതിന്റെ സാധ്യത വർദ്ധിപ്പിക്കുന്നതിനും സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും അനുയോജ്യമായ മറ്റ് ചില സോഫ്റ്റ് വെയറുമായി സംയോജിപ്പിച്ച് പ്ലഗ് ഇൻ ചെയ്യേണ്ടതുണ്ട്.
ക്ലൗഡ് സെർവറുകളിൽ സോഫ്റ്റ് വെയർ പ്ലഗ് ഇൻ ചെയ്യുന്നതിനോ സംയോജിപ്പിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ആവശ്യമായ കഴിവുകളെ API, DevOps എന്നാണ് വിളിക്കുന്നത്. പുതിയ സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് ഏറ്റവും അടിസ്ഥാനപരമായി വേണ്ട കഴിവ് ഇതാണ്.
എന്താണ് DevOps?
ഏതൊരു സ്ഥാപനത്തിൻെറയും ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ഐടി ഓപ്പറേഷൻസ് ടീമിന്റെ ടാസ്ക്കുകൾ കൂട്ടായ്മയോടെയും ഒത്തൊരുമയേടെയും നിർവഹിക്കുന്നതിനെയാണ് DevOps എന്ന് പറയുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്ഥാപനത്തിലെ വിവിധ ഗ്രൂപ്പുകൾക്കിടയിലെ ആശയവിനിമയം, സഹകരണം, സംയോജനം, ഓട്ടോമേഷൻ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗമാണ് DevOps.
DevOps പ്രവർത്തനങ്ങളുടെ അടിസ്ഥാനപരമായ ലക്ഷ്യം കൃത്യമായ ജോലികൾ നൽകിക്കൊണ്ട് സോഫ്റ്റ് വെയറിൻെറ വേഗതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്നതാണ്. കാര്യക്ഷമവും സുതാര്യവും സുരക്ഷിതവുമായ പ്രവർത്തനമാണ് ഇത് ഉറപ്പാക്കുന്നത്. പ്രൊഡക്ഷൻ ഇൻഫ്രാസ്ട്രക്ചറിന്റെ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും ഉൽപ്പാദന അന്തരീക്ഷം മനസ്സിലാക്കുന്നതിനും ഡെവലപ്പർമാരെ പ്രാപ്തരാക്കുന്നതിലും DevOps ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
എന്താണ് എപിഐ?
ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസിൻെറ ചുരുക്കപ്പേരാണ് എപിഐ (API) എന്നത്. രണ്ട് ആപ്ലിക്കേഷനുകളെ പരസ്പരം ആശയവിനിമയം നടത്താൻ അനുവദിക്കുകയും രണ്ട് സോഫ്റ്റ്വെയർ ഉൽപ്പന്നങ്ങൾക്കിടയിൽ ഡാറ്റാ ട്രാൻസ്മിഷൻ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു കൂട്ടം പ്രോഗ്രാമിംഗ് കോഡ് അല്ലെങ്കിൽ ഒരു സോഫ്റ്റ്‌വെയർ ഇടനിലക്കാരനാണ് API. നിങ്ങളുടെ ഇഷ്ടത്തിനും താൽപ്പര്യത്തിനും അനുസരിച്ച് എന്തും ഓർഡർ ചെയ്യാൻ സാധിക്കുന്ന ഒരു റെസ്റ്റോറന്റിലെ മെനുവുമായി എപിഐയെ താരതമ്യപ്പെടുത്താവുന്നതാണ്. മെനുവിലുള്ള ഭക്ഷണപദാർഥങ്ങളാണ് ഡാറ്റ. ഭക്ഷണം പാകം ചെയ്യുന്ന അടുക്കള ഓർഡറുകൾ സ്വീകരിക്കുന്ന സിസ്റ്റത്തിലെ ഒരു ഘടകവുമാണ്. മെനുവിൽ നിന്നുള്ള ഓർഡർ സ്വീകരിച്ച് മെസഞ്ചറും അടുക്കളയും തമ്മിൽ ഒരു ലിങ്ക് സൃഷ്ടിച്ച്, അടുക്കളയോട് ഭക്ഷണം തയ്യാറാക്കൻ പറയുന്ന ഇടനിലക്കാരനായിട്ടാണ് എപിഐ പ്രവർത്തിക്കുകയെന്ന് പറയാം. അടുക്കളയിൽ എങ്ങനെയാണ് ഓർഡർ എത്തുന്നതെന്ന് നിങ്ങൾ അറിയേണ്ട ആവശ്യമില്ല. അവിടെ ജോലി നടക്കുകയും നിങ്ങൾ ഓർഡർ ചെയ്ത വിഭവം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.
ഡെവലപ്പർമാർക്ക് കൃത്യമായ ധാരണ ഇല്ലെങ്കിൽ പോലും ഉപയോഗിക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങളുടെയും വിവരണങ്ങളുടെയും ഒരു ലിസ്റ്റ് API-ൽ അടങ്ങിയിരിക്കുന്നുണ്ട്. ആവശ്യമായ കാര്യം നിർവഹിക്കുന്നതിന് വേണ്ടി ഒരു ഡെവലപ്പർക്ക് അവരുടെ ഡാറ്റയും APIക്ക് നൽകാൻ സാധിക്കും.
ലോകത്തിലെ പ്രമുഖ കമ്പനികളുടെ വരുമാനത്തിൽ എപിഐക്ക് വലിയ പങ്കുണ്ട്. ഗൂഗിൾ, ആമസോൺ, തുടങ്ങിയ കമ്പനികൾ അവർക്കായി ഒരു API സൃഷ്ടിക്കുകയും പിന്നീട് അത് മറ്റുള്ളവർക്ക് ഉപയോഗിക്കുന്നതിന് വിൽക്കുകയും ചെയ്ത് അതിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നുണ്ട്.
DevOpsൽ എപിഐയുടെ പ്രാധാന്യം എന്താണ്?
കോർപ്പറേറ്റ് ലോകത്തെ ആവശ്യകതകൾ പൂർണമായും കൈകാര്യം ചെയ്യാൻ DevOpsന് മാത്രം സാധിക്കില്ല. DevOps ചെയ്യുന്ന കാര്യങ്ങളിൽ API പ്രധാന പങ്ക് വഹിക്കുന്നുണ്ട്. API മാനേജ്മെന്റ് ഒപ്റ്റിമൈസ് ചെയ്യാൻ DevOps സഹായിക്കുന്നുണ്ട്. API-കൾ ഓട്ടോമേഷൻ പ്രവർത്തനക്ഷമമാക്കുന്നതോടൊപ്പം സ്ഥിരത കൊണ്ടുവരികയും ചെലവ് ലാഭിക്കുകയും ചെയ്യുന്നു. മനുഷ്യസഹമായ തെറ്റുകൾ തിരുത്താനും ഇതിന് സാധിക്കുന്നു. ഒരു API ഏത് ജോലിയും ഓരോ തവണ ചെയ്യുമ്പോഴും ഒരേ സ്ഥിരതയോടെ ചെയ്യാൻ സഹായിക്കുന്നു. അങ്ങനെ പ്രവർത്തനത്തിലുള്ള വിശ്വാസ്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നു. ഒരു പ്രോസസ് അധിഷ്‌ഠിത സമീപനത്തിൽ നിന്ന് ഒരു ഓട്ടോമേഷൻ-ഡ്രൈവ് സമീപനത്തിലേക്ക് മാറാൻ API-അധിഷ്‌ഠിത സംവിധാനങ്ങൾക്ക് പെട്ടെന്ന് സാധിക്കും.
ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്ന ഡാറ്റ പ്രോസസ്സ് ചെയ്യാനും തത്സമയ റിപ്പോർട്ടുകൾ തയ്യാറാക്കാനും കമ്പനികൾക്ക് എപിഐ ഉപയോഗപ്പെടുത്താവുന്നതാണ്.
API, DevOps എഞ്ചിനീയറുടെ ജോലി? ലഭിക്കുന്ന ശമ്പളം എത്ര?
ഒരു DevOps എഞ്ചിനീയർ പ്രാഥമികമായി സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മേഖലയിൽ ആവശ്യമായ പ്രോസസ്സുകൾ, ടൂളുകൾ, രീതികൾ എന്നിവ ഏകോപിപ്പിക്കുകയും കോഡിംഗ് മുതൽ മെയിന്റനൻസ് വരെ സന്തുലിതമായി കൊണ്ട് പോവുകയും വേണം. ഒരു ആപ്ലിക്കേഷൻ വേഗത്തിൽ മാറ്റുന്നതിനുള്ള പ്രവർത്തനവും, അത് വിശ്വസനീയമായി നിലനിർത്താൻ ആവശ്യമായ ജോലികളും തമ്മിലുള്ള വിടവ് നികത്തി ഈ പ്രക്രിയ അവർ ലളിതമാക്കുന്നു. ഐടി ഓപ്പറേഷൻ ടീമുകൾക്കും ഡെവലപ്‌മെന്റ് ടീമുകൾക്കും വൈവിധ്യമാർന്ന ലക്ഷ്യങ്ങളും നിരവധി ജോലികളും ഉള്ളതിനാൽ, പ്രവർത്തനങ്ങൾ ലളിതമാക്കുന്നത് വളരെ പ്രധാനമാണ്.
ഉദാഹരണത്തിന്, ഒരു ആപ്ലിക്കേഷനിലേക്ക് പുതിയ സവിശേഷതകൾ ചേർക്കാൻ ഡെവലപ്പർമാർക്ക് പദ്ധതിയുണ്ടാവും. അതേസമയം ആപ്ലിക്കേഷൻ ലൈവ് ആയാൽ അതിന്റെ സ്ഥിരത ഉറപ്പാക്കാനായിരിക്കും ഓപ്പറേഷൻസ് ടീം ആഗ്രഹിക്കുക. ഒരു DevOps എഞ്ചിനീയർ ഈ രണ്ട് ടീമുകൾക്കിടയിലുള്ള പ്രധാന ലിങ്കായി മാറുകയും മൊത്തത്തിലുള്ള പ്രക്രിയകൾ സുഗമമാക്കുകയും ചെയ്യുന്നു.
ഗ്ലാസ്ഡോർ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 2 വർഷത്തെിലധികം പ്രവൃത്തി പരിചയമുള്ള ഒരു DevOps എഞ്ചിനീയർക്ക് ശരാശരി പ്രതിവർഷം 7 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. ഇത് 40 മുതൽ 50 ലക്ഷം വരെയായി ഉയരുകയും ചെയ്യാം. വ്യക്തിയുടെ കഴിവുകൾ, അറിവ്, വൈദഗ്ദ്ധ്യം, സ്ഥലങ്ങൾ എന്നിവയെ ആശ്രയിച്ചാണ് ശമ്പളം ഉയരുക.
എല്ലാ ഡെവലപ്പർമാർക്കും വേണ്ട യോഗ്യതകളും ചില അടിസ്ഥാന DevOps കഴിവുകളും താഴെ പറയുന്നവയാണ്:
മിക്ക എൻട്രി-ലെവൽ DevOps റോളുകൾക്കും കോഡിംഗ്, ക്യുഎ ടെസ്റ്റിംഗ്, ഐടി ഇൻഫ്രാസ്ട്രക്ചർ മോഡലുകൾ എന്നിവയുടെ പഠനം ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ മറ്റ് അനുബന്ധ മേഖലകളിൽ ബിരുദം വേണം. സിസ്റ്റം ആർക്കിടെക്ചറിലും സോഫ്റ്റ്വെയർ ഡിസൈനിലും ബിരുദം നേടിയാലേ ഈ മേഖലയിൽ ഉയർന്ന പൊസിഷനുകളിൽ എത്താൻ സാധിക്കുകയുള്ളൂ. അനുദിനം വളരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ സാങ്കേതികവിദ്യയായതിനാൽ, ഈ മേഖലയിലുള്ള ആളുകൾ എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാനും അവരുടെ അറിവ് വികസിപ്പിക്കാനും ശ്രമിക്കണം.
ഓരോ DevOps എഞ്ചിനീയർക്കും വേണ്ട മറ്റ് ചില അടിസ്ഥാന കഴിവുകൾ താഴെ പറയുന്നു:
- വിവിധ DevOps ടൂളുകളെയും സാങ്കേതികവിദ്യകളെയും കുറിച്ചുള്ള അറിവ്.
- DevOpsമായി ബന്ധപ്പെട്ട പ്രധാന ആശയങ്ങൾ മനസ്സിലാക്കൽ
- കോഡിംഗും സ്ക്രിപ്റ്റിംഗും
- സംയോജനത്തെയും തുടർച്ചയായ ഡെലിവറിയെയും കുറിച്ചുള്ള അറിവ്
- ക്ലൗഡ് സെർവറുകളെ കുറിച്ചുള്ള ധാരണ
- ഓട്ടോമേഷൻ, സെക്യൂരിറ്റി എന്നിവയെ കുറിച്ചുള്ള അറിവ്
- ആശയവിനിമയവും സഹകരണവും
- ഉപഭോക്തൃ കേന്ദ്രീകൃത ചിന്താഗതി
- വിശകലന മനോഭാവം
- ടെസ്റ്റിംഗ് കഴിവുകൾ
- അടിസ്ഥാനപരമായ സോഫ്റ്റ് സ്കിൽസ്
ടെക്നോളജി കൈകാര്യം ചെയ്യുന്ന എല്ലാ ഓർഗനൈസേഷനുകൾക്കും DevOps വളരെ പ്രാധാന്യമുള്ള ഘടകമാണ്. പുതിയ കാലത്ത് എല്ലാ ഓർഗനൈസേഷനുകളും API, DevOps സാങ്കേതികവിദ്യകൾ സ്വീകരിക്കുകയും അത് ഉൾക്കൊണ്ട് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. അതിനാൽ ഈ മേഖല ഭാവിയിലും വലിയ കുതിച്ചുചാട്ടം നടത്താനുള്ള സാധ്യതയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.