ജീവനായി പിടയുമ്പോഴും യാത്രക്കാർക്ക് സുരക്ഷ ഒരുക്കിയ ഡ്രൈവർ സാജുവിന് നാടിന്റെ അന്ത്യാഞ്ജലി
Last Updated:
തിടനാട് തട്ടാംപറമ്പില്‍ സാജുവിന്റെ സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9.30ന് മണിയംകുളം സെന്റ് ജോസഫ് പള്ളിയില്‍
ഈരാറ്റുപേട്ട: ജീവന്‍വെടിയുന്ന അവസരത്തിലും യാത്രക്കാരുടെ ജീവന് സുരക്ഷ ഒരുക്കി ബസ് നിർത്തിയ ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോ ഡ്രൈവര്‍ സാജു മാത്യുവിന് പൊതുസമൂഹത്തിന്റെ അന്ത്യാഞ്ജലി. ഈരാറ്റുപേട്ട ഡിപ്പോയില്‍ സാജു മാത്യുവിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.ഞായറാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാമധ്യേ കോട്ടയത്ത് വെച്ച് സാജുവിന് ഹൃദയാഘാതമുണ്ടായത്. നെഞ്ചുവേദന കൊണ്ട് പുളയമ്പോഴും ബസ് റോഡരികില്‍ ഒതുക്കിയശേഷമാണ് സാജു തളര്‍ന്നുവീണത്. ബസിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവര്‍ വാഹനം ആശുപത്രിയിലെത്തിച്ചെങ്കിലും സാജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് സാജുവിന്റെ മൃതദേഹം ഡിപ്പോയിലെത്തിച്ചത്. ഡിപ്പോയിലുണ്ടായിരുന്ന യാത്രക്കാരും സഹപ്രവര്‍ത്തകരും സാജുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. സാജു മാത്യുവിന്റെ മരണത്തില്‍ പി സി ജോര്‍ജ് എം എല്‍ എ അനുശോചനം രേഖപെടുത്തി. തന്റെ ജീവന്‍ പോലും വകവയ്ക്കാതെ മറ്റുള്ളവരുടെ ജീവന് വില കൽപിച്ച സാജു മാത്യുവിന്റെ സേവനം സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആദരവ് രേഖപ്പെടുത്തുന്നതായും അദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായും അദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. തിടനാട് തട്ടാംപറമ്പില്‍ സാജുവിന്റെ സംസ്‌കാരം നാളെ രാവിലെ ഒന്‍പതരയ്ക്ക് മണിയംകുളം സെന്റ് ജോസഫ് പള്ളിയില്‍ നടക്കും.
advertisement
Location :
First Published :
February 25, 2019 7:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ജീവനായി പിടയുമ്പോഴും യാത്രക്കാർക്ക് സുരക്ഷ ഒരുക്കിയ ഡ്രൈവർ സാജുവിന് നാടിന്റെ അന്ത്യാഞ്ജലി


