'ബിരിയാണിയിൽ മുറിവുകെട്ടിയ തുണി'; പരാതി വ്യാപകമായിട്ടും ടെക്നോപാർക്ക്- കഴക്കൂട്ടം മേഖലകളിലെ ഭക്ഷണശാലകളിൽ പരിശോധന നടത്താതെ അധികൃതർ

news18
Updated: June 11, 2019, 5:04 PM IST
'ബിരിയാണിയിൽ മുറിവുകെട്ടിയ തുണി'; പരാതി വ്യാപകമായിട്ടും ടെക്നോപാർക്ക്- കഴക്കൂട്ടം മേഖലകളിലെ ഭക്ഷണശാലകളിൽ പരിശോധന നടത്താതെ അധികൃതർ
food
  • News18
  • Last Updated: June 11, 2019, 5:04 PM IST
  • Share this:
‌‌തിരുവനന്തപുരം: ടെക്നോപാർക്കിലെയും കഴക്കൂട്ടം മേഖലയിലെയും ഭക്ഷണ വിൽപനശാലകൾക്കെതിരെ വ്യാപക പരാതി ഉയർന്നിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. ടെക്നോപാർക്കിന് സമീപത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നൂറിലേറെ ഐ ടി ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റത്. ഈ ഹോട്ടലിൽ മാത്രം പരിശോധന നടത്തിയ ഉദ്യോഗസ്ഥർ നടപടി അവസാനിപ്പിച്ചു. ഹോട്ടലിലെ വെള്ളത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തിന്റെ സാംപിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഒരു ഹോട്ടലിൽ മാത്രം പരിശോധന നടത്തിയതുകൊണ്ടുകാര്യമില്ലെന്നും ടെക്നോപാർക്കിനകത്തും പുറത്തും പ്രവർത്തിക്കുന്ന മുഴുവൻ ഹോട്ടലുകളിലും പരിശോധന നടത്തണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.

ഏറ്റവും ഒടുവില്‍ ടെക്നോപാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഉച്ചയ്ക്ക് ഇവിടെ നിന്ന് ലഭിച്ച ബിരിയാണിയിൽ നിന്ന് മുറിവിൽ കെട്ടിയിരുന്ന തുണിക്കെട്ടാണ് കിട്ടിയത്. ടെക്നോപാർക്കിലെ ഒരു പ്രമുഖ കമ്പനിയിലെ ഉദ്യോഗസ്ഥയായ അഞ്ജന ഗോപിനാഥ് ആണ് ഇക്കാര്യം അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഭക്ഷണത്തിന്റെ ചിത്രം ഉൾപ്പെടെയാണ് അ‍ഞ്ജന പോസ്റ്റ് ചെയ്തത്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ടെക്നോപാർക്കിനുള്ളിൽ ഭക്ഷണവിൽപന ശാലകൾക്ക് യാതൊരു കുറവുമില്ല. പക്ഷേ, വൃത്തിയുള്ള ഭക്ഷണമാണ് ലഭിക്കുന്നതെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ? ആരാണ് ഇതിന് കടിഞ്ഞാൺ ഇടുക. ടെക്നോപാർക്കിലെ നിള ബിൽഡിങ്ങിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന രംഗോലി റസ്റ്റോറന്റ് 'വിജയകരമായി' പുഴുവരിക്കുന്നതും കരിഞ്ഞതും എന്നുവേണ്ട നട്ടും ബോൾട്ടും വരെ വിളമ്പുന്നു. ആരാണ് ഇവർക്ക് കടിഞ്ഞാൺ ഇടുക.
ഉച്ചഭക്ഷണത്തിൽ ഒരാൾക്ക് ലഭിച്ചത് ഒരു തുണികഷ്ണമാണ്. അണുബാധയുള്ള തള്ളവിരലിൽ കെട്ടിയിരുന്നതാകാം. തള്ളവിരലിലെ മുറിവിൽ കെട്ടിയിരുന്ന തുണിക്കഷ്ണമാണ്. സന്തോഷത്തോടെ ഉച്ചഭക്ഷണത്തിനായി ഇരുന്ന ആളിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചുനോക്കൂ. ആർക്കെങ്കിലും ഈ പാവം ടെക്കികളെ സഹായിക്കാനാകുമോ? ഇവർക്കെതിരെ നടപടി എടുക്കാനാകുമോ? ഭക്ഷ്യവിതരണശൃംഖലകളായ ഊബർ ഈറ്റ്സിനും, സ്വിഗ്ഗിയ്ക്കും ടെക്നോപാർക്കിന്റെ അകത്തേക്കു പ്രവേശനം ഇല്ലാത്തതും ഇത്തരം റസ്റ്റോറന്റുകളുടെ സമ്മർദ്ദം കൊണ്ടായിരിക്കണമെന്നു വിശ്വസിക്കുന്നു. അല്ലെങ്കിൽ ഊബർ ടാക്സികൾ അകത്തു പ്രവേശിക്കുന്നിടത്ത് എന്തുകൊണ്ട് ഊബർ ഈറ്റ്സിനു പ്രവേശനമില്ല.

വൃത്തിഹീനമായ അന്തരീക്ഷം, ലൈസൻസ് ഇല്ലാതെ പ്രവർത്തനം, പഴകിയ ഭക്ഷണം എന്നിവ ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികളാണ് ഈ മേഖലയിലെ ഹോട്ടലുകൾക്കെതിരെ ഉയരുന്നത്. നേരത്തെ ടെക്നോപാർക്കിലെ ഫുഡ് സേഫ്റ്റി കമ്മിറ്റി ശുപാർശ ചെയ്ത പ്രത്യേക സമിതി ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു. കമ്മിറ്റിയുടെ ആവശ്യപ്രകാരം എറണാകുളത്തെ ഏജൻസിയാണ് വർഷം തോറും പരിശോധനയ്ക്ക് എത്തിയിരുന്നു. 2017 സെപ്തംബറിലായിരുന്നു ഏറ്റവും അവസാനമായി പരിശോധന നടന്നത്.

ആറ്റിപ്ര മേഖലയിൽ മാത്രം കോർപറേഷന്റെ അനുമതിയില്ലാതെ 16 ഹോട്ടലുകൾ പ്രവർത്തിക്കുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു. ഹോട്ടലുകൾക്ക് പുറമെ ഒരുഡസൻ മൊബൈൽ തട്ടുകടകളും ഇവിടെ പ്രവർത്തിക്കുന്നു. നിരവധി പരാതികൾ ഉയർന്നിട്ടും ഈ വർഷം 24 ഹോട്ടലുകളിൽ മാത്രമേ പരിശോധന നടന്നിട്ടുള്ളൂ. അതേസമയം, രേഖാമൂലം പരാതി നൽകാതെ പരിശോധന നടത്തില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

First published: June 11, 2019, 4:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading