12 മാസം, പൊലീസിന്‍റെ 12 വീഴ്ചകൾ

Last Updated:
പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടാകുമ്പോൾ 'ഒറ്റപ്പെട്ട വീഴ്ച' എന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. എന്നാൽ ഈ വീഴ്ചകൾ ഒറ്റപ്പെട്ടതോ?
കഴിഞ്ഞ 12 മാസത്തിനിടെ കേരള പൊലീസിനുണ്ടായ പ്രധാനപ്പെട്ട 12 വീഴ്ചകൾ.
ജൂൺ 5, 2018 എടത്തല( പൊലീസ് സ്റ്റേഷൻ), എറണാകുളം
മഫ്തിയില്‍ സഞ്ചരിച്ച പൊലീസുകാരുടെ കാറില്‍ ബൈക്ക് തട്ടിയതിനെച്ചൊല്ലി ഉസ്മാൻ എന്ന യുവാവിനെ തല്ലിച്ചതച്ചു. കുഞ്ചാട്ടുകര ഗവണ്‍മെന്റ് സ്‌കൂളിന് സമീപമായിരുന്നു സംഭവം. പൊലീസുകാര്‍ ഉസ്മാനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചതായി നാട്ടുകാര്‍ പറയുന്നു. മുഖത്തും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ഉസ്മാൻ തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പൊലീസുകാർക്കെതിരെ കേസെടുത്തു.
advertisement
ജൂൺ 4, 2018, ചങ്ങരംകുളം, മലപ്പുറം
എടപ്പാൾ തിയേറ്ററിനുള്ളിൽ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ തിയേറ്റർ ഉടമ ഇ സി സതീഷിനെ അറസ്റ്റ് ചെയ്തത് വിവാദമായി. സംഭവം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്ന കുറ്റം ചുമത്തിയായിരുന്നു സതീശിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ഡിസിആർബി ഡി വൈ എസ് പി ഷാജു വർഗീസിനെ സ്ഥലംമാറ്റി. തിയേറ്റർ ഉടമയുടെ അറസ്റ്റിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതിനെത്തുടർന്ന് ഐ ജി, എസ് പി എന്നിവരെ ഡിജിപി വിമർശിക്കുകയും ചെയ്തു.
advertisement
മെയ് 28, 2018, ഗാന്ധിനഗർ, കോട്ടയം
മാന്നാനം സ്വദേശിയായ കെവിൻ പി ജോസഫിന്‍റെ മൃതദേഹം തെന്മലയിൽനിന്ന് കണ്ടെത്തിയതോടെ പ്രതിക്കൂട്ടിയാലയത് ഗാന്ധിനഗർ പൊലീസ്. കെവിനെ കാണാനില്ലെന്ന ഭാര്യ നീനുവിന്‍റെ പരാതി മുഖവിലയ്ക്കെടുക്കാൻ ഗാന്ധിനഗർ എസ് ഐ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുണ്ടെന്ന് പറഞ്ഞാണ് എസ് ഐ ഷിബു, നീനുവിനെ മടക്കിയത്. എന്നാൽ കെവിനെ തട്ടിക്കൊണ്ടുപോകുന്നതിൽ പൊലീസിന് വീഴ്ചയുണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. പെട്രോളിങ് സംഘം പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ചെന്നും വ്യക്തമായി. ഒടുവിൽ ഗാന്ധിനഗർ ഗ്രേഡ് എസ് ഐ ഷിബു, എഎസ്ഐ സണ്ണിമോൻ എന്നിവരെ സസ്പെൻഡ് ചെയ്യുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു. കോട്ടയം എസ് പിയെ സ്ഥലംമാറ്റുകയും ചെയ്തു.
advertisement
ഏപ്രിൽ 25, 2018, ചങ്ങരംകുളം, മലപ്പുറം
എടപ്പാളിലെ തിയേറ്ററിനുള്ളിൽവെച്ച് പത്തുവയസുകാരി അമ്മയുടെ സാന്നിധ്യത്തിൽ പീഡനത്തിന് ഇരയായതിനെക്കുറിച്ച് പരാതി ലഭിച്ചിട്ടും കേസെടുക്കാൻ ആദ്യം പൊലീസ് തയ്യാറായില്ല. തിയേറ്റർ അധികൃതരിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയാണ് ചൈൽഡ് ലൈൻ പ്രവർത്തകർ പരാതി നൽകിയത്. പിന്നീട് ചാനൽ വാർത്തയായതോടെയാണ് പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറായത്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ ചങ്ങരകുളം എസ് ഐ കെ.ജി. ബേബി പിന്നീട് അറസ്റ്റിലായി. അറസ്റ്റ് ചെയ്ത ശേഷം എസ് ഐയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
advertisement
ഏപ്രിൽ 6, 2018, വരാപ്പുഴ,  എറണാകുളം
ഒരു വീടാക്രമണ കേസുമായി ബന്ധപ്പെട്ട് ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് പൊലീസിന്‍റെ ക്രൂരമർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടു. ഏപ്രിൽ ഒമ്പതിനാണ് ശ്രീജിത്ത് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ റൂറൽ എസ് പിയായിരുന്ന എ വി ജോർജിനെ സ്ഥലംമാറ്റുകയും കേസിൽ ചോദ്യം ചെയ്യുകയും ചെയ്തു. വരാപ്പുഴ എസ് ഐ ദീപക്, പറവൂർ സി ഐ ക്രിസ്റ്റിൻ സാം എന്നിവരുൾപ്പടെ പൊലീസുകാർ കേസിൽ പ്രതിയായി. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത റൂറൽ ടൈഗർ ഫോഴ്സും(ആർടിഎഫ്) ഏറെ പഴി കേട്ടിരുന്നു. എ വി ജോർജ് മുൻകൈ എടുത്ത് രൂപീകരിച്ച ആർടിഎഫിനെ പിന്നീട് പിരിച്ചുവിട്ടു.
advertisement
മാർച്ച് 24, 2018, കോട്ടക്കൽ, മലപ്പുറം
കോട്ടക്കലില്‍ ഗവര്‍ണര്‍ക്ക് വഴിയൊരുക്കുന്നതിനിടെ കാര്‍ യാത്രക്കാരനായ മധ്യവയസ്കന്‍റെ മൂക്കിനിടിച്ചതും വിവാദമായിരുന്നു. റിട്ട. റെയില്‍വേ സ്റ്റേഷന്‍മാസ്റ്റര്‍ കോളത്തൂപ്പറമ്പ് സ്വദേശി 69കാരനായ ജനാര്‍ദനനാണ് എഎസ്ഐയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കോട്ടയ്ക്കല്‍ സ്റ്റേഷനിലെ എഎസ്ഐ ബെന്നി വര്‍ഗീസാണ് പ്രതി. മലപ്പുറത്തുനിന്ന് പൊന്നാനിയിലേക്ക് ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴാണ് സംഭവം. സംഭവത്തെക്കുറിച്ച് നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ ബെന്നി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതോടെ നല്ലനടപ്പിനുള്ള നിര്‍ബന്ധിത പരിശീലനത്തിനായി ബെന്നിയെ തിരുവനന്തപുരം സ്പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനിലേക്ക് സ്ഥലംമാറ്റി. മൂന്നുമാസം അവധിയില്ലാതെ പരിശീലനം പൂര്‍ത്തിയാക്കണം.
advertisement
മാർച്ച് 16, 2018, ഈരാറ്റുപേട്ട, കോട്ടയം
തെറിവിളിയുടെ കാര്യത്തില്‍ പൊലീസ് ഒട്ടും പിന്നിലല്ല. എന്നാല്‍ കേട്ടാല്‍ അറയ്ക്കുന്ന തെറിയഭിഷേകം നടത്തി ഈരാറ്റുപേട്ട എസ് ഐ മഞ്ജുനാഥ് കുപ്രസിദ്ധനായി. ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന്‍റെ പേരില്‍ യുവാക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയായിരുന്നു ഏമാന്‍റെ പരാക്രമം. മൊബൈലില്‍ പകര്‍ത്തിയ എസ് ഐയുടെ തെറിവിളി സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈരാറ്റുപേട്ടയിലെ ജനമൈത്രി പൊലീസിന്‍റെ മാന്യമായ പെരുമാറ്റം എന്ന പേരിലാണ് ഈ വീഡിയോ പ്രചരിച്ചത്. കോട്ടയം പൊലീസ് മേധാവി നടത്തിയ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്ന് എസ് ഐയെ സസ്പെന്‍ഡ് ചെയ്തു.
മാർച്ച് 11, 2018, കുത്തിയതോട്,  ആലപ്പുഴ
മാരാരിക്കുളത്ത് ഹൈവേ പൊലീസ് പിന്തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കഞ്ഞിക്കുഴി കുത്തക്കര വീട്ടില്‍ ഷേബു, ഭാര്യ സുമിയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ബൈക്കില്‍ പോകവെ പൊലീസ് കൈകാട്ടി. നിര്‍ത്താതെ പോയപ്പോള്‍  വാഹനം പിന്തുടര്‍ന്നു കുറുകെനിര്‍ത്തി. ഈ സമയം മറ്റൊരു ബൈക്ക് ഇവരുടെ ബൈക്കുമായി കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരനായ പാതിരപ്പള്ളി വെളിയില്‍ ബിച്ചു തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുമി ആശുപത്രിയില്‍ മരിച്ചു. ഷേബു മക്കളായ ഹര്‍ഷ, ശ്രീലക്ഷ്മി എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് വാഹനം കുറുകെയിട്ടതുമൂലമുണ്ടായ അപകടത്തില്‍  കേസെടുത്തിരിക്കുന്നത് ഷേബുവിനെതിരെ.  ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കുത്തിയതോട് എസ് ഐ സോമനെ സസ്പെന്‍ഡ് ചെയ്തു.  സംഘത്തിലുണ്ടായിരുന്ന ഡി സുരേഷ് ബാബു, ടി എസ് രതീഷ് എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്തിരുന്നു.
ഫെബ്രുവരി 26, 2018, മലയിൻകീഴ്, തിരുവനന്തപുരം
മലയിന്‍കീഴില്‍ വാഹന പരിശോധനയ്ക്കിടെ നിതിന്‍ എന്ന യുവാവിന് ബൈക്കപകടത്തില്‍ സാരമായി പരിക്കേറ്റു. വാഹന പരിശോധനയ്ക്കിടെ അതിക്രമം പാടില്ലെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് പൊലീസ് സംഘം നിതിന്‍റെ ബൈക്ക് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചത്. ബൈക്കില്‍നിന്ന് തെറിച്ചുവീണ നിതിന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സ തേടേണ്ടിവന്നു. സിഐയുടെ വാഹനത്തില്‍തന്നെയാണ് നിതിനെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന പൊലീസിന്‍റെ കള്ളക്കഥ പൊളിയുകയും ചെയ്തു. പിന്നാലെയെത്തിയ നിതിന്‍റെ സുഹൃത്തുക്കള്‍ പൊലീസ് അതിക്രമം മൊബൈലില്‍ പകര്‍ത്തിയതോടെയാണ് കള്ളക്കഥ പൊളിഞ്ഞത്.
ജനുവരി 16, 2018, മാരാരിക്കുളം , ആലപ്പുഴ
16 വയസുകാരിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പ്രൊബേഷൻ എസ് ഐ കെ.ജി ലൈജു, സീനിയർ സിപിഐ നെൽസൻ തോമസ് എന്നിവർ അറസ്റ്റിലായി. പതിനാറുവയസുകാരിയെ ഉപദ്രവിച്ചതിനാണ് നെൽസനെ അറസ്റ്റ് ചെയ്തത്. എന്നാൽ ഈ പെൺകുട്ടിയുടെ മുന്നിൽവെച്ച് മറ്റൊരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനാണ് ലൈജുവിനെ അറസ്റ്റ് ചെയ്തത്.
ജനുവരി 10, 2018, മട്ടന്നൂർ, കണ്ണൂർ
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ മകനോട് പൊലീസ് സ്റ്റേഷനുള്ളിൽവെച്ച് അപമര്യാദയായി പെരുമാറിയതിന് എ എസ് ഐ കെ.എം മനോജിനെ സസ്പെൻഡ് ചെയ്തു. പി ജയരാജന്‍റെ മകനൊപ്പം വന്ന പെൺകുട്ടികൾക്ക് ശുചിമുറി സൌകര്യം ചോദിച്ചതിന് കെ.എം മനോജ് അസഭ്യം പറഞ്ഞതാണ് വിവാദമായത്.
ജൂൺ 14, 2018, കായംകുളം, ആലപ്പുഴ
പൂവാലവേട്ടയ്ക്ക് ഇറങ്ങിയ പൊലീസ് സംഘം പ്ലസ് വൺ വിദ്യാർഥിയെ തല്ലിച്ചതച്ചു. വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽവെച്ചായിരുന്നു പൊലീസ് മർദ്ദനം. സംഭവത്തിൽ പൊലീസുകാർ കുറ്റക്കാരാണെന്ന് വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായിരുന്നു. പ്രിൻസിപ്പൽ എസ് ഐ എം.എം മഞ്ജുദാസ്, പ്രൊബേഷൻ എസ് ഐ എസ്.എൽ സുധീഷ് എന്നിവരെ പിന്നീട് സസ്പെൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
12 മാസം, പൊലീസിന്‍റെ 12 വീഴ്ചകൾ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement