#അനുരാധ സെന്‍ഗുപ്ത ശബരിമലയില്‍ യുവതീ പ്രവേശന വിലക്ക് മാറ്റിയ സുപ്രീം കോടതി വിധിയെ അനുകൂലിച്ച് നടി പാര്‍വതി. വിധിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നടി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ ശാക്തീകരിക്കുന്ന ഇത്തരമൊരു കോടതി വിധിക്കെതിരെ സ്ത്രീകള്‍ തന്നെ പ്രതിഷേധിക്കുന്നത് എന്തിനാണെന്നും പാര്‍വതി മനസ് തുറക്കുന്നു.
പാരമ്പര്യമായി മാതൃദായ ക്രമം പിന്തുടരുന്ന സമൂഹമാണ് മലയാളികൾ.. ഉയർന്ന സാക്ഷരത, കുടുംബത്തെ പോറ്റാൻ അധ്വനിക്കുന്ന സ്ത്രീകൾ.. മലയാളി സ്ത്രീകൾ എത്ര കണ്ട് ശാക്തീകരിക്കപ്പെട്ടിരിക്കുന്നു? പ്രതിച്ഛായയും യാഥാർത്ഥ്യവും തമ്മിൽ വ്യത്യാസമുണ്ടോ ?നമ്മളെ കുറിച്ച് രൂപപ്പെടുത്തിയെടുത്തിയ പ്രതിച്ഛായയും പൊതുബോധവും തമ്മില്‍ വലിയ അന്തരമുണ്ട്. ഇവിടെ നിങ്ങള്‍ രണ്ടാം ലിംഗമോ, മൂന്നാം ലിംഗമോ,നാലാം ലിംഗമോ ഒക്കെയാണ്. ലിംഗത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മെ അടയാളപ്പെടുത്തുന്നത്. സ്ത്രീകള്‍ അവരെത്തന്നെ മനുഷ്യരായി കാണുന്നില്ല. അത്തരത്തില്‍ ഒരു ചിന്താഗതി നമ്മളില്‍ ദൃഢമാക്കപ്പെട്ടിരിക്കുകയാണ്. ലിംഗമാണ് പ്രധാനം. നമ്മള്‍ മനുഷ്യരാണോ അല്ലയോ എന്നതൊക്കെ അതിനു ശേഷം മാത്രം. എന്ത് വസ്ത്രം ധരിക്കണം, മാതാപിതാക്കളോട് എങ്ങനെ സംസാരിക്കണം, സഹോദരനോട് എങ്ങനെ സംസാരിക്കണം പുരുഷന്‍മാരോട് എങ്ങനെ സംസാരിക്കണം തുടങ്ങി എന്റെ കാര്യത്തിലും ഇങ്ങനെയൊക്കെ തന്നെയായിരുന്നു.
17-ാം വയസ്സില്‍ സിനിമയിലേക്ക് കടന്നുവന്ന കാലത്ത് തന്നെ യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അവര്‍ ഒരു വ്യക്തിയോടല്ല പെണ്ണിനോടാണ് സംസാരിക്കുന്നതെന്ന് നമ്മളോട് സംസാരിക്കുമ്പോള്‍ ഉള്ള ആണ്‍ നോട്ടത്തില്‍ നിന്ന് തന്നെ ഞാന്‍ മനസിലാക്കി.ഒന്നോ രണ്ടോ പുരുഷന്‍മാര്‍ മാത്രമാണ് എന്നെ ഒരു വ്യക്തിയായി കണ്ട് സംസാരിച്ചത്. അതും അംഗീകരിക്കാവുന്ന രീതിയിലായിരുന്നില്ല. എന്റെ അമ്മയും അമ്മായിമാരും പോലും തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരാണെങ്കിലും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഇങ്ങനെയുള്ള കാര്യങ്ങള്‍ അംഗീകരിച്ചു പോകണമെന്ന് സ്ത്രീകള്‍ക്കുള്ളില്‍ തന്നെ ഒരു ധാരണയുണ്ടെന്ന് തന്നെയാണ്.
അപ്പോള്‍ നിങ്ങള്‍ ചട്ടക്കൂടിന് പുറത്തേക്ക് സ്വതന്ത്രയാണ്. ആ സ്വാതന്ത്ര്യം തന്നെ പുറത്തു നിന്ന് അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നതാണ്.. ശരിയല്ലേ ?പുരുഷന് സൗകര്യം ഉള്ള നിലവരെയാണ് സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീശാക്തീകരണവും എത്തിനില്‍ക്കുന്നത്.
കേരളത്തിൽ വളരെയധികം സ്ത്രീകൾ ശബരിമല വിധിയിൽ പ്രതികരിക്കുന്നുണ്ട്.. എന്തുകൊണ്ടാണ് അവർ വിധിയെ എതിർക്കുന്നത് ?ശബരിമല വിധിയെ കുറിച്ച് ഞാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ആര്‍ത്തവത്തെ കുറിച്ചും അശുദ്ധിയെ കുറിച്ചും ജീവത്തിലുടനീളം എനിക്ക് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ എതിര്‍ക്കുന്നയാളാണ് ഞാന്‍. നിരന്തരം ഇതിനെ കുറിച്ച് ചോദ്യം ചെയ്യേണ്ടിവന്നിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ പോകുന്നതും ഞാന്‍ നിര്‍ത്തി. അതിനെ കുറിച്ചൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. എന്റെ കാര്യങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ശ്രമിക്കാറില്ല. ആര്‍ത്തവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ക്ഷേത്രത്തില്‍ എനിക്ക് പോകാന്‍ തോന്നിയാല്‍ പോകും.
ഇതൊക്കെ തുറന്നു പറഞ്ഞാല്‍ നേരിടാന്‍ പോകുന്നതെന്താണെന്നതിനെ കുറിച്ച് നല്ല ധാരണയുണ്ട്. വിധിയെ ഞാന്‍ പൂര്‍ണമായി പിന്തുണക്കുന്നു. പക്ഷേ, വിധിയെ എതിര്‍ക്കുന്ന സ്ത്രീകളുമായി യുക്തിപരമായ സംവാദം നടക്കണമെങ്കില്‍ ആദ്യം പുരുഷമേധാവിത്വം ഉറച്ചു നില്‍ക്കുന്ന അവരുടെ വിശ്വാസത്തില്‍ ഇറങ്ങിച്ചെന്ന് നിരവധി പാളികള്‍ അടര്‍ത്തിമാറ്റേണ്ടതായുണ്ട്. പുരുഷ•ാരെ നേരിടുന്നതിനേക്കാള്‍ ശ്രമകരമാണ് അതേ ആശയങ്ങള്‍ പിന്തുടരുന്ന സ്ത്രീകളെ നേരിടുന്നതെന്നാണ് സിനിമാ മേഖലയിലെ അനുഭവം കൊണ്ട് മനസ്സിലായത്. മുന്‍കാലങ്ങളില്‍ മോശം അനുഭവം നേരിടേണ്ടി വന്ന മുതിര്‍ന്ന നടിമാര്‍ പോലും 'എന്തിനാണ് നിങ്ങള്‍ കുഴപ്പമുണ്ടാക്കുന്നത്' എന്ന തരത്തിലാണ് പെരുമാറുന്നത്. വര്‍ഷങ്ങളായി ഈ മേഖലയിലുള്ള, അപമാനങ്ങളിലൂടെ കടന്നു പോയ നടിമാരില്‍ നിന്നാണ് ഇത് കേള്‍ക്കേണ്ടി വരുന്നത് എന്നത് എനിക്ക് വിശ്വസിക്കാന്‍ കൂടി കഴിയുന്നില്ല. വായ്മൂടിക്കെട്ടിയ നിലയിലാണെങ്കിലും എന്തിന് നിശബ്ദരായിരിക്കുന്നു എന്നുപോലും ഇവര്‍ക്ക് മനസ്സിലാകുന്നില്ല. അതൊരു നല്ല ഇടമല്ലെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഇതൊന്നും പ്രശ്നമായി തോന്നാത്തവരും പ്രശ്നങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലാത്തവരുമാണ് ഇങ്ങനെ മിണ്ടാതിരിക്കുന്നത്. പ്രശ്നങ്ങളില്ലാത്ത സ്വസ്ഥമായ ജീവിതമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ആര്‍ത്തവ സമയത്ത് അശുദ്ധരാണെന്ന് സ്വയം വിശ്വസിക്കുന്നവരാണിവര്‍. 'നിങ്ങള്‍ ഒരു ശരീരം മാത്രമാണ്, നമ്മുടെ വിശുദ്ധി കന്യകാത്വവുമായി ബന്ധപ്പെട്ടാണ്'. എന്നാണ് ഞാനടക്കമുള്ള സ്ത്രീകള്‍ ജനനം മുതല്‍ കേട്ടു വളരുന്നത്. ഈ ബോധമാണ് മാറേണ്ടത്. ഇതിന് എത്രകാലം, എത്ര തലമുറ കഴിയേണ്ടി വരുമെന്ന് എനിക്കറിയില്ല, പക്ഷേ, ഞങ്ങളുടെ ശബ്ദം ഉയര്‍ന്നു തന്നെയിരിക്കും. മിണ്ടാതിരുന്നാല്‍ വായ്മൂടപ്പെട്ടേക്കാം എന്നും ഞാന്‍ പേടിക്കുന്നു.
കഴിഞ്ഞ കുറച്ച് നാളായി കാര്യങ്ങള്‍ ക്ലേശകരമാണ്. പ്രത്യേകിച്ച് ഇക്കഴിഞ്ഞ വര്‍ഷം സ്ത്രീകൾ എന്ന നിലയിൽ എല്ലാവർക്കും ക്ലേശകരമായിരുന്നു അല്ലേ ?ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ അതിനേക്കാള്‍ ക്ലേശകരമായിരുന്നു അതുണ്ടാക്കിയ തിരിച്ചറിവ്. കാര്യമെന്താണെന്ന് വെച്ചാല്‍, ഇതൊക്കെ പുറത്തു പറയാതെ എല്ലാം ഉള്ളിലൊതുക്കിവെച്ച് നമുക്ക് ശീലമായി. മിണ്ടാതിരിക്കുന്നതിലൂടെ നിങ്ങള്‍ സമാധാനം കണ്ടെത്തി. എന്നാല്‍ ഉള്ളില്‍ കുന്നുകൂടിയ കാര്യങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുന്നതാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു പ്രശ്നമാണെന്ന് പോലും മനസ്സിലാക്കാതിരുന്ന കാര്യങ്ങള്‍ പോലും പുറത്തറിയുമ്പോള്‍ വലിയ സംഭവങ്ങളാകുന്നു.
പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന തുറന്നു പറച്ചില്‍ ഇപ്പോഴാണ് നടത്തിയത്. ഈ സാഹചര്യം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയപ്പോഴെല്ലാം ഞാനും ഒരു പെണ്ണ് മാത്രമായിരുന്നു.. തന്റെ ശരീരവും താന്‍ പൂര്‍ണ്ണമായും സ്നേഹിക്കുന്ന പുരുഷന് മാത്രമാണുള്ളതെന്ന ചിന്ത ശരിയാണെന്ന് കരുതിയ പെണ്ണ്. അതുകൊണ്ടാണ് കസബ എന്ന ചിത്രത്തെക്കുറിച്ചും ഞാന്‍ തുറന്ന് സംസാരിച്ചത്. സ്ത്രീയെ തരംതാഴ്ത്തുന്നതിനെ മഹത്വവത്കരിച്ചു കൊണ്ടുള്ള ചിത്രങ്ങളുടെ ഉള്ളടക്കത്തിനെതിരെയാണ് ഞാന്‍ സംസാരിച്ചത്. ഇപ്പോഴും അതിന് മാറ്റമൊന്നുമില്ല.
ഒരു പുരുഷന്‍ നിങ്ങളെ അധിക്ഷേപിക്കുമ്പോള്‍- അയാള്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നാണ് മനസിലാക്കുന്നത്. അധിക്ഷേപിക്കുന്ന ആള്‍ നിങ്ങളെ സ്നേഹിക്കുന്ന പരുക്കനായ ഒരു യഥാര്‍ത്ഥ പുരുഷനാണ് അങ്ങനെ ഒരു സിദ്ധാന്തമാണ് നമുക്കുള്ളത്. അയാളെ നമ്മളാണ് നേരയാക്കേണ്ടത്. സ്നേഹത്തിലായിരിക്കുമ്പോള്‍ ആ പുരുഷനെ ശ്രദ്ധിക്കുക എന്നത് സ്ത്രീയുടെ ഒരു കടമയായിരിക്കുകയാണ്. സ്നേഹം കൈകാര്യം ചെയ്യാന്‍ പുരുഷന് ആകില്ല, ലോല ഹൃദയന്‍ ആകാനും സാധിക്കില്ല. ഈ അബദ്ധ ധാരണ പുരുഷന്‍മാര്‍ക്കുമുണ്ട്. അതുകൊണ്ടാണ് സിനിമകളില്‍ ഇപ്പോള്‍ കാണിക്കുന്ന തരത്തിലുള്ള മഹത്വവത്കരണവും,സ്ത്രീ ലൈംഗികതയുടെ പ്രാതിനിധ്യവും ഉണ്ടാകരുതെന്ന കാര്യത്തെക്കുറിച്ച് ഞാന്‍ തുറന്നു സംസാരിക്കുന്നത്.
എന്റെ ശരീരത്തെക്കുറിച്ച് എനിക്ക് മറ്റൊരു സ്ത്രീയോട് സംസാരിക്കണം. അങ്ങനെ പല സംഭാഷണങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ ചെറുപ്രായത്തില്‍ അതായത് 17 വയസിന് മുന്‍പ് ഞാന്‍ മറ്റൊരു പാര്‍വതി ആയിരുന്നു. എന്നാല്‍ 17 വയസിനു ശേഷം ഒരു വ്യക്തി എന്ന നിലയില്‍ ആത്മാഭിമാനം എന്താണെന്നുള്ളതിനെ കുറിച്ച് തുടര്‍ച്ചയായ ഒരു പുനര്‍ചിന്തനമാണ് നടത്തിയത്. കാരണം ഞാന്‍ ഒരു സ്ത്രീയാണ് മറ്റു സ്ത്രീകള്‍ എന്താണ് ചിന്തിക്കുന്നതെന്ന് അറിയുന്ന ഒരു സ്ത്രീ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.